Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടനിൽ നിന്നും പറന്നെത്തിയത് കിരീടാവകാശിയായ ചാൾസ് രാജകുമാരനും പ്രധാനമന്ത്രി ബോറിസ് ജോൺസണും; മിക്ക രാഷ്ട്രങ്ങളുടേയും തലവന്മാർ ഓടിയെത്തി; ഇന്ത്യയെ ഹൃദയം കൊണ്ട് സ്‌നേഹിച്ചിട്ടും പ്രസിഡന്റോ പ്രധാനന്ത്രിയോ ആഭ്യന്തര മന്ത്രിയോ അടങ്ങുന്ന പ്രമുഖന്മാർ ആരും എത്തിയില്ല; ഇന്ത്യ അയച്ചത് ഒരു സാദാ കേന്ദ്രമന്ത്രിയെ; ഒമാൻ സുൽത്താന്റെ മരണത്തിൽ അനുശോചനം അറിയിച്ച് അയച്ച ഇന്ത്യൻ സംഘത്തിന്റെ പേരിൽ അറബ് രാജ്യങ്ങൾക്ക് കടുത്ത നിരാശ

ബ്രിട്ടനിൽ നിന്നും പറന്നെത്തിയത് കിരീടാവകാശിയായ ചാൾസ് രാജകുമാരനും പ്രധാനമന്ത്രി ബോറിസ് ജോൺസണും; മിക്ക രാഷ്ട്രങ്ങളുടേയും തലവന്മാർ ഓടിയെത്തി; ഇന്ത്യയെ ഹൃദയം കൊണ്ട് സ്‌നേഹിച്ചിട്ടും പ്രസിഡന്റോ പ്രധാനന്ത്രിയോ ആഭ്യന്തര മന്ത്രിയോ അടങ്ങുന്ന പ്രമുഖന്മാർ ആരും എത്തിയില്ല; ഇന്ത്യ അയച്ചത് ഒരു സാദാ കേന്ദ്രമന്ത്രിയെ; ഒമാൻ സുൽത്താന്റെ മരണത്തിൽ അനുശോചനം അറിയിച്ച് അയച്ച ഇന്ത്യൻ സംഘത്തിന്റെ പേരിൽ അറബ് രാജ്യങ്ങൾക്ക് കടുത്ത നിരാശ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം പൂണെയിൽ ആയിരുന്നു.ഇത് ഇന്ത്യയുമായി ഖാബൂസിനെ അടുപ്പക്കാരനാക്കി. അർബുദ രോഗബാധിതനായ അദ്ദേഹം 79-ാം വയസ്സിലാണ് അന്തരിച്ചത്. സുൽത്താൻ ഖബൂസ് ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നു. 2018ൽ മോദി ഒമാൻ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുൽത്താൻ ഖാബൂസ് റോയൽ ബോക്സിൽനിന്ന് സംസാരിക്കാനുള്ള ബഹുമതി നൽകിയിരുന്നു. ഭരണാധികാരിയുടെ റോയൽ ബോക്സിൽ നിന്നുകൊണ്ടാണ് അന്ന് മോദി 25,000ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്. എന്നിട്ടും ഖാബൂസിന്റെ അന്ത്യ ചടങ്ങുകൾക്ക് ഉത്തരവാദിത്തപ്പെട്ട ആരും ഇന്ത്യയിൽ നിന്ന് പോയില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇന്ത്യയിൽ നിന്ന് ചെല്ലാത്തത് അറബ് ലോകത്തെ ആകെ വേദനിപ്പിക്കുകയാണ്.

ഖാബൂസിന് അന്ത്യമോപചാരം അർപ്പിക്കാൻ ബ്രിട്ടനിൽ നിന്നും പറന്നെത്തിയത് കിരീടാവകാശിയായ ചാൾസ് രാജകുമാരനും പ്രധാനമന്ത്രി ബോറിസ് ജോൺസണും ആണ്. മിക്ക രാഷ്ട്രങ്ങളുടേയും തലവന്മാർ ഓടിയെത്തി. ഇന്ത്യയെ ഹൃദയം കൊണ്ട് സ്‌നേഹിച്ചിട്ടും പ്രസിഡന്റോ പ്രധാനന്ത്രിയോ ആഭ്യന്തര മന്ത്രിയോ അടങ്ങുന്ന പ്രമുഖന്മാർ ആരും എത്തിയില്ല. ഫാ ടോം ഉഴുന്നാലിന്റെ മോചനത്തിന് പോലും മുമ്പിൽ നിന്ന ഖാബൂസിനോട് ഇന്ത്യ കാട്ടിയത് അനാദരവാണെന്ന അഭിപ്രായം പ്രവാസികൾക്കുമുണ്ട്. പേരിന് ഇന്ത്യ അയച്ചത് ഒരു സാദാ കേന്ദ്രമന്ത്രിയെയാണ്. ഇന്ത്യയെ സ്‌നേഹിച്ച ഒമാനിലെ ഭരണാധികാരിയോട് ഇത് പോരെന്നാണ് അവരുടെ നിലപാട്. അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ സംഘം ചൊവ്വാഴ്ച മസ്‌കത്തിൽ എത്തും. കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലാണ് കേന്ദ്ര സംഘമെത്തുക.

ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ചും മുഴുവൻ ജനങ്ങൾക്കു വേണ്ടിയും അദ്ദേഹം അനുശോചനം രേഖപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ ഭരണാധികാരി സുൽത്താൻ സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സഈദ് ഇന്ത്യൻ സംഘത്തെ സ്വീകരിക്കുമെന്നാണ് വിവരം. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി. നടക്കാനിരുന്ന ഔദ്യോഗിക വിനോദ പരിപാടികളും മാറ്റിവച്ചു. നേരത്തെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ സുൽത്താന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്തിനെയും വഴികാട്ടിയെയുമാണ് നഷ്ടമായത് എന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്.

വെള്ളിയാഴ്ച രാത്രി മസ്‌കത്തിലായിരുന്നു സുൽത്താന്റെ അന്ത്യം. പ്രധാനമന്ത്രിയും സർവസൈന്യാധിപനും ധന, പ്രതിരോധ,വിദേശകാര്യ മന്ത്രിയുമായിരുന്ന അദ്ദേഹം ദീർഘകാലമായി അർബുദ ബാധിതനായിരുന്നു. കബറടക്കം നടത്തി. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അറബ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചുരുക്കം ഭരണാധികാരികളിൽ ഒരാളാണ് സുൽത്താൻ ഖാബൂസ്. അര നൂറ്റാണ്ടിന്റെ ചരിത്ര പരമായ ദൗത്യം നിറവേറ്റിയാണ് മടക്കം. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്.

സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിട്ടറി അക്കാദമിയിൽനിന്ന് ആധുനികയുദ്ധതന്ത്രങ്ങളിൽ അദ്ദേഹം നൈപുണ്യംനേടി. തുടർന്ന് പശ്ചിമജർമനിയിലെ ഇൻഫൻട്രി ബറ്റാലിയനിൽ ഒരുവർഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം നേടി. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആൻഡ് ഒമാൻ എന്ന പേരുമാറ്റി സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.

ആധുനിക ഒമാനിന്റെ ശില്പിയും പശ്ചിമേഷ്യയിലെ സമാധാന പ്രിയനായ ഭരണാധികാരിയുമായിരുന്നു സുൽത്താൻ ഖാബൂസ്. നിഷ്പക്ഷമായ നിലപാടും നിഷ്‌കളങ്കമായ സമീപനവും നിസ്വാർത്ഥമായ ഇടപെടലുകളും നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രയാണവും അറബ് രാജ്യങ്ങളിൽ അദ്ദേഹത്തിന് ശാന്തനായ ഭരണാധികാരിയെന്ന പദവി നൽകിയിരുന്നു. അസുഖ ബാധിതനായി ചികിത്സയിൽ കഴിഞ്ഞപ്പോഴും രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിൽ ജാഗരൂഗനായിരുന്നു ഖാബൂസ്. മയാളികളടക്കമുള്ള ഇന്ത്യക്കാർക്കും മറ്റു വിദേശികൾക്കും ഒമാനിന്റെ കവാടം മലർക്കെ തുറന്നിട്ട സുൽത്താൻ ഖാബൂസ് രാജ്യത്തെ ആധുനിക വികസനത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിടവാങ്ങിയത്.

പശ്ചിമേഷ്യൻ മേഖലയിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിൽ പലപ്പോഴും മധ്യവർത്തിയുടെ റോളിലായിരുന്ന സുൽത്താൻ ഖാബൂസ് മേഖലയിൽ സമാധാനം നിലനിർത്താൻ അഹോരാത്രം യത്നിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP