Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൾഫ് വിമാനങ്ങളിൽ നിരക്ക് കുത്തനെ കൂട്ടരുതെന്ന പിണറായിയുടെ ആവശ്യത്തിന് ഉറപ്പുനൽകി കേന്ദ്രം; പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് മുന്നിൽ ശക്തമായി അവതരിപ്പിച്ച് മുഖ്യമന്ത്രി; സീസൺ സമയങ്ങളിൽ കൂടുതൽ സീറ്റ് അനുവദിക്കുന്നതുൾപ്പെടെ കേന്ദ്രം പരിഗണിക്കും

ഗൾഫ് വിമാനങ്ങളിൽ നിരക്ക് കുത്തനെ കൂട്ടരുതെന്ന പിണറായിയുടെ ആവശ്യത്തിന് ഉറപ്പുനൽകി കേന്ദ്രം; പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് മുന്നിൽ ശക്തമായി അവതരിപ്പിച്ച് മുഖ്യമന്ത്രി; സീസൺ സമയങ്ങളിൽ കൂടുതൽ സീറ്റ് അനുവദിക്കുന്നതുൾപ്പെടെ കേന്ദ്രം പരിഗണിക്കും

ന്യൂഡൽഹി: പ്രവാസി മലയാളികളുടെ യാത്രാ ആവശ്യങ്ങൾ ശക്തമായി കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് അമിതമായ നിരക്കുവർധന ഉൾപ്പെടെ ഒഴിവാക്കുന്ന കാര്യത്തിൽ അനുകൂലമായ നിലപാടെടുക്കുമെന്ന് ഉറപ്പുനൽകി കേന്ദ്രസർക്കാർ.

ഗൾഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണിൽ വിമാന നിരക്ക് കുത്തനെ വർധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം ഉൾപ്പെടെ ഉറപ്പായും പരിഗണിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. പുതുതായി തുടങ്ങുന്ന കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്കും കൂടുതൽ വിമാന സർവീസുകൾ അനുവദിക്കുക, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങിയ എന്നീ ആവശ്യങ്ങളും കേരളത്തിന്റെ വ്യോമയാന ആവശ്യങ്ങൾ സംബന്ധിച്ച് വിളിച്ചു ചേർത്ത എയർലൈൻ കമ്പനികളുടെ യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചു.

ഉത്സവ സീസണിൽ യാത്രക്കാരുടെ തിരക്ക് കൂടുമ്പോൾ നിരക്ക് വർധിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഒരുവിധ ന്യായീകരണവുമില്ല. പ്രവാസി മലയാളികൾക്ക് നിരക്കിലെ യുക്തിരഹിതമായ വർധന എന്നും തലവേദനയാണ്. യൂറോപ്പിലേക്കുള്ള നിരക്കിലും കൂടുതലാണ് ചില സീസണിൽ ഗൾഫിലേക്ക് ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ച് ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയിൽ വലിയ തോതിൽ പ്രവാസി മലയാളികളുമുണ്ട്. അതുകൊണ്ട് സിവിൽ ഏവിയേഷൻ മേഖലക്ക് ശബരിമല വിമാനത്താവളം വലിയ സാധ്യതയാണ് തുറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അമിതമായ നിരക്ക് വർധന ഒഴിവാക്കുന്നതിന് ഓണം പോലെ തിരക്കുള്ള സീസണിൽ വിദേശ വിമാനകമ്പനികൾക്ക് നിശ്ചിത ദിവസത്തേക്ക് കൂടതൽ സീറ്റ് അനുവദിക്കാൻ മന്ത്രാലയം തയാറാണെന്ന് യോഗത്തിൽ പങ്കെടുത്ത സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ.ചൗബേ പറഞ്ഞു. ഉഭയകക്ഷി കരാർ പ്രകാരമാണ് വിദേശ വിമാന കമ്പനികൾക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. മുൻകൂട്ടി സീറ്റ് വർധന തീരുമാനിക്കാൻ കഴിഞ്ഞാൽ നിരക്ക് കുത്തനെ ഉയർത്തുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് യോഗത്തിൽ പങ്കെടുത്ത എയർലൈൻ കമ്പനികൾ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ ആലോചന നടത്തി തീരുമാനമെടുക്കുമെന്ന് ചൗബേ അറിയിച്ചു. ഇതോടെ പ്രശ്‌നപരിഹാരം ഇക്കാര്യത്തിൽ ഉണ്ടാവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

യോഗത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം ജോ. സെക്രട്ടറി ഉഷാ പാഠി, ഡയരക്ടർമാരായ ഡോ. ഷെഫാലി ജുനേജ, റുബീന അലി എന്നിവരും 20 എയർലൈൻ കമ്പനികളുടെ മേധാവികളും പങ്കെടുത്തു. വ്യോമയാന മേഖലയുടെ വികസനത്തിന് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഉന്നതതല യോഗം വിളിക്കുന്നത് ആദ്യമാണെന്ന് സെക്രട്ടറി ചൗബേ പറഞ്ഞു.

കൂടുതൽ സർവീസ് നടത്തുന്നതിന് പ്രോത്സാഹനമെന്ന നിലയിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വാറ്റ് സംസ്ഥാന സർക്കാർ കുറയ്ക്കണമെന്ന ആവശ്യം യോഗത്തിൽ എയർലൈൻ കമ്പനികൾ ഉന്നയിച്ചു. ഇക്കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകൾ വർധിപ്പിക്കുന്നതോടൊപ്പം നിരക്ക് യുക്തിസഹമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 30 മിനുട്ട് പറക്കൽ സമയമുള്ള തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ചില സ്വകാര്യ കമ്പനികൾ നാലായിരം രൂപയാണ് ഈടാക്കുന്നത്. ഇത് പുനഃപരിശോധിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നുണ്ടെന്നും കേരളത്തിലെ സിവിൽ ഏവിയേഷൻ മേഖലയുടെ വികസനത്തിന് അനുയോജ്യമായ നയങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ്, ശ്രീലങ്കൻ എയർവേയ്‌സ്, ഇത്തിഹാദ്, കുവൈത്ത് എയർ, ഖത്തർ എയർവേയ്‌സ്, അലയൻസ് എയർ, എയർ ആസ്ട്ര, സൗദി എയർലൈൻ, എയർ അറേബ്യ, ഫ്‌ളൈ ദുബായ്, സ്‌പൈസ് ജെറ്റ്, വിസ്താര, എയർ ഏഷ്യ, ജെറ്റ് എയർവേയ്‌സ്, ഇൻഡിഗോ, ഗോ എയർ തുടങ്ങി 20 എയർലൈൻ കമ്പനികളുടെ പ്രധാന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.

കണ്ണൂർ എയർപോർട് ആരംഭിക്കുന്ന ദിവസം തന്നെ സർവീസ് ആരംഭിക്കാൻ മിക്കവരും സമ്മതം അറിയിച്ചു. എന്നാൽ, വിദേശ വിമാന കമ്പനികൾക്ക് ഉഭയകക്ഷി ധാരണ പ്രകാരമുള്ള സീറ്റ് വർധിപ്പിച്ചു കിട്ടണം. അക്കാര്യത്തിൽ സിവിൽ ഏവിയേഷൻ സെക്രട്ടറി അനുകൂലമായാണ് പ്രതികരിച്ചത്. വിമാനയാത്ര ചെയ്യുന്ന ജനങ്ങളുടെ തോത് കേരളത്തിൽ വളരെ കൂടുതലാണെന്നത് കണക്കിലെടുത്ത് സംസ്ഥാനത്തിന് മികച്ച എയർ കണക്ടിവിറ്റി നൽകുമെന്നും സെക്രട്ടറി ചൗബേ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP