Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ച രക്ഷകൻ; ഇറാനേയും അമേരിക്കയും ചർച്ചയ്ക്ക് പ്രേരിപ്പിച്ച നയതന്ത്രജ്ഞൻ; ഹിന്ദുക്കൾക്കും സിഖുകാർക്കും വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവാദം നൽകിയ സുൽത്താൻ; വത്തിക്കാന്റേയും കത്തോലിക്കാ സഭയുടേയും പ്രിയങ്കരൻ; പൂണയിലെ പഠനം ഇന്ത്യയോടും താൽപ്പര്യം കൂട്ടി; ഫാ ടോം ഉഴുന്നാലിനെ രക്ഷിച്ച മലയാളികളുടെ 'ദൈവ പുത്രൻ': ഓർമ്മയാകുന്ന ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദ് സമാധാനത്തിന്റെ കാവൽ ഭടൻ

ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ച രക്ഷകൻ; ഇറാനേയും അമേരിക്കയും ചർച്ചയ്ക്ക് പ്രേരിപ്പിച്ച നയതന്ത്രജ്ഞൻ; ഹിന്ദുക്കൾക്കും സിഖുകാർക്കും വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവാദം നൽകിയ സുൽത്താൻ; വത്തിക്കാന്റേയും കത്തോലിക്കാ സഭയുടേയും പ്രിയങ്കരൻ; പൂണയിലെ പഠനം ഇന്ത്യയോടും താൽപ്പര്യം കൂട്ടി; ഫാ ടോം ഉഴുന്നാലിനെ രക്ഷിച്ച മലയാളികളുടെ 'ദൈവ പുത്രൻ': ഓർമ്മയാകുന്ന ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദ് സമാധാനത്തിന്റെ കാവൽ ഭടൻ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: യെമനിൽ നീണ്ട 550 ദിവസങ്ങളായി ഭീകരരുടെ കസ്റ്റഡിയിൽ കഴിഞ്ഞ ഫാദർ ടോം ഉഴുവനാലിനെ രക്ഷിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചത് ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദായിരുന്നു. വത്തിക്കാന്റെയും കത്തോലിക്കാ സഭയുടെയും പ്രിയങ്കരനായിരുന്നു സുൽത്താൻ.

ടോം ഉഴുന്നാലിനെ മോചിപ്പക്കാൻ നിർണായ പങ്കുവഹിച്ചത് ഒമാൻ സുൽത്താനായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് വൈദികന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ സുൽത്താൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെ കാര്യങ്ങൾക്കു ചൂടുപിടിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കർദിനാൾമാർക്ക് ഉറപ്പു നൽകിയിരുന്നു. ഒമാൻ സുൽത്താനോട് ഇന്ത്യൻ സർക്കാറും സഹായം അഭ്യർത്ഥിക്കുകയുണ്ടായി.

യമെന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുൽത്താന്റെ അഭ്യർത്ഥനപ്രകാരം ഒമാൻ അധികൃതർ യെമെനി പാർട്ടികളുമായി ചേർന്ന് നടത്തിയ പ്രവർത്തനമാണ് മോചനത്തിനിടയാക്കിയതെന്നായിരുന്നു വാർത്താക്കുറിപ്പ്. വൈകാതെ അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഒമാന്റെ പരമ്പരാഗതവസ്ത്രം ധരിച്ച് സുൽത്താൻ ഖാബൂസിന്റെ ചിത്രത്തിനുമുന്നിൽ നിൽക്കുന്ന ഉഴുന്നാലിലിന്റെ ചിത്രമാണ് ഒമാൻ ആദ്യം പുറത്തുവിട്ടത്. ആരോഗ്യവാനായാണ് അദ്ദേഹം ഇതിൽ കാണപ്പെട്ടത്. അദ്ദേഹം മസ്‌കറ്റിലെത്തുന്ന ദൃശ്യങ്ങൾ പിന്നീട് ഒമാൻ ടി.വി. പുറത്തുവിട്ടു. ഇതോടെയാണ് കേരളം ഫാദർ ടോം ഉഴുവനാലിന്റെ മോചനത്തിൽ ആഘോഷം തുടങ്ങിയത്.

പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തിൽ പുറംലോകം കാണാതെ തടവിൽ കഴിയുമ്പോഴും പ്രാർത്ഥനയിൽ ദൈവത്തെ മുറുകെപ്പിടിച്ചു. കേന്ദ്ര സർക്കാരും മറ്റുള്ളവരും നിരന്തരം ഇടപെട്ടിട്ടു. വത്തിക്കാനും വേണ്ടത് ചെയ്തു. നാട്ടുകാരും വീട്ടുകാരും എല്ലാം പ്രാർത്ഥനയിലായി. ഇതിനിടെയിൽ ദൈവപുരുഷനായി ഒമാൻ സുൽത്താൻ മാറി. അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി ഫാദർ മോചിതനായി. 2016 മാർച്ച് നാലിനു തെക്കൻ യെമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിൽ നിന്നാണു ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.

തിരികെയെത്തിയ ഫാ. ടോം ഉഴുന്നാലിന്റെ നാവിൽ നിറയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനോടും വത്തിക്കാൻ അധികൃതരോടുമുള്ള നന്ദി വാക്കുകൾ മാത്രമായിരുന്നു. യെമനുമായി ബന്ധപ്പെട്ടാണ് ഒമാൻ അധികൃതർ മോചന വഴി തേടിയത്. ടോമിനെ കണ്ടെത്തുന്നതിനുള്ള നടപടികൾക്കുശേഷം തീവ്രവാദികളുടെ കേന്ദ്രത്തിൽനിന്നു സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാൻ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയായിരുന്നു. അതിവേഗത്തിൽ തിരിച്ചെത്തിക്കുന്നതിനുള്ള സുൽത്താന്റെ നിർദ്ദേശവും ഫാദർ ടോമിന്റെ മോചനം എളുപ്പമാക്കി. യെമനുമായി മികച്ച ബന്ധം ഒമാൻ പുലർത്തുന്നതും ടോമിന്റെ കാര്യത്തിൽ നീക്കങ്ങൾ എളുപ്പമാക്കി.

ഫാദറിനെ തട്ടിക്കൊണ്ട് പോയത് പ്രാർത്ഥനയ്ക്കിടെ

യെമനിലേക്കു സ്വന്തം ഇഷ്ടപ്രകാരമാണ് ടോം ഉഴുന്നാലിൽ പോയത്. മറ്റു വൈദികർ ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. മടങ്ങിയെത്താൻ സഭയും ആവശ്യപ്പെട്ടിരുന്നു. മുൻപു നാലുവർഷം യെമനിൽ കർമനിരതനായിരുന്നതിന്റെ അനുഭവത്തിലാണ് ടോം വീണ്ടും യാത്ര തിരിച്ചത്.

80 പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. ആശുപത്രിയിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോഴാണ് ഭീകരർ വയോധികസദനത്തിലേക്ക് ഇരച്ചുകയറിയതെന്നു സിസ്റ്റർ സാലി ഓർത്തെടുത്തു. രണ്ടു സുരക്ഷാ ജീവനക്കാരെ കൊന്ന ശേഷമാണ് അവർ അകത്തു കടന്നത്. ആ സമയം ഫാ. ടോം ഉഴുന്നാലിൽ ചാപ്പലിൽ പ്രാർത്ഥിക്കുകയായിരുന്നു.

ഭീകരരെ കണ്ട സിസ്റ്റർ സാലി, ഫാ. ടോമിനെ വിവരം അറിയിക്കാൻ ഫോൺ ഡയൽ ചെയ്തു. അപ്പോഴേക്കും ഭീകരർ സിസ്റ്ററുടെ മുറിയിലേക്ക് ഓടിയെത്തി. സ്റ്റോർ മുറിയോടുചേർന്നുള്ള വാതിലിന്റെ മറവിൽ ഒളിച്ചുനിന്നു. ശബ്ദം ഇല്ലാത്ത തോക്കുപയോഗിച്ചായിരുന്നു ഭീകരരുടെ വെടിവയ്പ്. വയോധികസദനത്തിലെ അന്തേവാസികളോടു ചോദിച്ച് അവിടെ എത്ര പേരുണ്ട് എന്നു മനസ്സിലാക്കിയ ഭീകരർ മൂന്നുതവണ കൂടി മുറിയിൽ കടന്നുവന്നെങ്കിലും ഭാഗ്യത്തിനു സിസ്റ്ററെ കണ്ടെത്താനായില്ല.

ഭീകരർ എത്തിയ വിവരം അറിഞ്ഞ ഫാ. ടോം ആദ്യം ചെയ്തതു സക്രാരിയിലുള്ള തിരുഓസ്തി സ്വയം കഴിക്കുകയായിരുന്നു. ആക്രമിക്കാനെത്തിയവർ അതു നശിപ്പിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്. ഫാ. ടോമിനെ തുണികൊണ്ടു കൈകളും കണ്ണും കെട്ടി പിടിച്ചുകൊണ്ടുപോകുന്നതു വയോധികസദനത്തിൽ ചികിൽസയിലായിരുന്ന ആളുടെ ബന്ധുവായ ബാലനാണു നേരിട്ടു കണ്ടത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്.

ഒമാനിലെ സമാധാന സുൽത്താൻ

ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ചായിരുന്നു ഒമാൻ സുൽത്താനിലെ സമാധാന വ്യക്തിത്വം ആദ്യം ശ്രദ്ധ നേടിയിരുന്നത്. പിന്നീട് കനേഡിയൻ ഡോക്ടറെയും ജർമൻകാരനെയും ഓസ്ട്രേലിയൻ പൗരനെയും മോചിപ്പിച്ചും സുൽത്താന്റെ ഇടപെടലാണ് ഉഴുവലാനിലനും തുണയായത്. ഇന്ത്യയോട് ഏറെ ഇഷ്ടം പുലർത്തുന്ന ആളാണ് ഖബൂസ്. പൂനയിൽ പഠിക്കാനെത്തിയപ്പോഴാണ് ഈ ഇഷ്ടം തുടങ്ങിയത്. ചുരുക്കിപ്പറഞ്ഞാൽ സമാധാന സമ്മാനത്തിന് പോലും പരിഗണിക്കേണ്ട അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്നു് സുൽത്താൻ. ഉഴുവനാലിനെ മോചിപ്പിക്കാൻ യെമനും ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയത്തിനുമിടയിൽ നടന്ന ചർച്ചകൾക്കിടയിൽ മധ്യവർത്തിയായി നിന്നിരുന്നത് സുൽത്താനായിരുന്നു. ചാരവൃത്തി ആരോപിച്ച് ഇറാനിലെ ജയിലിലായ മൂന്ന് അമേരിക്കൻ ഹൈക്കർമാരെയായിരുന്നു സുൽത്താൻ ഇത്തരത്തിൽ ആദ്യമായി മോചിപ്പിച്ചിരുന്നത്.

ഇറാനിൽ ജയിലിലായ കനേഡിയൻ ഡോക്ടറായ ഹോമ ഹൂഡ്ഫാറിനെയായിരുന്നു സുൽത്താന്റെ ശ്രമത്തിൽ ആദ്യം മോചിപ്പിക്കപ്പെട്ടിരുന്നത്. യെമനിലെ റിബലുകൾ തട്ടിക്കൊണ്ട് പോയ ജർമൻകാരനെയും ഓസ്ട്രേലിയക്കാരനെയും മോചിപ്പിക്കാനും മുന്നിട്ടിറങ്ങിയത് ഖബൂസ് ബിൻ തന്നെയായിരുന്നു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയ പരമായും ഏറെ വെല്ലുവിളികൾ നിലനിൽക്കുന്ന പ്രദേശത്ത് അപൂർവ വ്യക്തിത്വത്തിന് ഉടമയായ ഭരണാധികാരിയായി സുൽത്താനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തിയത് ഇതെല്ലാമായിരുന്നു. സമാധാനത്തിനുള്ള ഏത് ശ്രമത്തിനും മുന്നിട്ടിറങ്ങിയ പഴയ സൈനികൻ.

ചിരവൈരികളായ ഇറാനെയും യുഎസിനെയും ഒരു മേശക്ക് ചുറ്റും ഇരുത്തിയ നയചാതുര്യം

ദീർഘകാലം പരസ്പര വൈരികളായി നിലകൊണ്ടിരുന്ന ഇറാനെയും യുഎസിനെയും ചർച്ചകൾക്കായി ഒരു മേശയ്ക്ക് സമീപം കൊണ്ടു വരുന്നതിലും സുൽത്താൻ നിർണായകമായ പങ്ക് വഹിച്ചിരുന്നു. ഈ ചർച്ചകളുടെ പുരോഗതിയുടെ മൂർധന്യാവസ്ഥയിലായിരുന്നു 2015ൽ നിർണായകമായ ഇറാൻ-യുഎസ് ന്യൂക്ലിയർ ഡീലിലേക്ക് നയിച്ചത്. കുറച്ച് കാലം പൂനയിൽ പഠിച്ചത് മുതൽ സുൽത്താന് ഇന്ത്യയുമായി അടുത്ത ബന്ധം ആരംഭിച്ചിരുന്നു. അത് ഇന്നും അദ്ദേഹം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഉഴുവനാലിനെ മോചിപ്പിക്കുന്നതിന് പ്രത്യേക താൽപര്യമെടുക്കാൻ അതും അദ്ദേഹത്തിന് പ്രേരകമായി വർത്തിച്ചിരുന്നു.

ഇതിന് പുറമെ സുൽത്താൻ ഖബൂസ് ബിന്നിന്റെ പ്രധാനപ്പെട്ട ഉപദേശകരിൽ പലരും ഇന്ത്യൻ വംശജരായിരുന്നു. ഒമാനിലെ പ്രമുഖ വ്യവസായിയായ ഖിംജി രാംദാംസ് ഗുജറാത്തി വംശജനാണ്. ഇദ്ദേഹം സുൽത്താനുമായി അടുത്ത ബന്ധമാണ് പുലർത്തിയത്. പൂണെയിലെ പഠനകാലത്ത് ശങ്കർ ദയാൽ ശർമ ഇദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പിന്നീട് ശർമ ഇന്ത്യൻ രാഷ്ട്രപതിയായി ഒമാൻ സന്ദർശിച്ച വേളയിൽ സുൽത്താൻ ഒരു നിഴൽ പോലെ കൂടെത്തന്നെയുണ്ടായിരുന്നു. ജോലി ചെയ്യാൻ ഏറ്റവും അനുകൂലമായ സാഹചര്യമുള്ള രാജ്യമാണ് ഒമാനെന്ന് നിരവധി ഇന്ത്യൻ പ്രവാസികളും തിരിച്ചറിഞ്ഞിരുന്നു.

ഹിന്ദുക്കൾക്കും സിഖുകാർക്കും വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവാദം നൽകിയ സുൽത്താൻ

ഹിന്ദുക്കൾക്കും സിഖുകാർക്കും തങ്ങളുടെ വിശ്വാസം അനുസരിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സുൽത്താൻ അനുവാദം നൽകിയിരുന്നു. 2014ൽ കാൻസർ ചികിത്സക്ക് വിധേയനായിരുന്ന സുൽത്താന്റെ രോഗവിമുക്തിക്കായി കർണാടകയിലെ വേദപണ്ഡിതർ പ്രത്യേക യജ്ഞം പോലും നടത്തിയത് പ്രവാസി ഇന്ത്യാക്കാർക്ക് സുൽത്താനോടുള്ള താൽപ്പര്യത്തിന് തെളിവാണ്. 1970ൽ തന്റെ പിതാവിന് അധികാരം നഷ്പ്പെട്ട ശേഷമായിരുന്നു ഖബൂസ് അധികാരമേറ്റെടുത്തത്. അൽ ബു സയിദി രാജവംശത്തിലെ 14ാം തലമുറയിൽ പെട്ട സുൽത്താനായിരുന്നു ഇദ്ദേഹം. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന അറബ് നേതാവെന്ന റെക്കോർഡും സുൽത്താന് സ്വന്തം.

1940 നവംബർ 18നായിരുന്നു ദോഫറിലെ സലാലയിരുന്നു സുൽത്താൻ ജനിച്ചത്.സുൽത്താൻ സയിദ് ബിൻ തൈമൂറിന്റെ ഏക മകനായിട്ടായിരുന്നു ജനനം. ഷെയ്ഖ മസൂൻ അൽ മഷാനി എന്നാണ് ഇദ്ദേഹത്തിന്റെ മാതാവിന്റെ പേര്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP