Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബോളിവുഡ് റീമെയ്‌ക്കിൽ തരംഗമായി മുംബൈയിൽ നിന്നും ലണ്ടനിൽ എത്തിയ നിഷ ജോർജ്; ചോരിയും മെഹബൂബും സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച ആവേശത്തിൽ കൈ നിറയെ അവസരം; പാട്ടും നൃത്തവും നിർമ്മാണവും കയ്യിലൊതുക്കിയ മലയാളി പെൺകുട്ടി കണ്ണ് വെയ്ക്കുന്നത് ബിഗ് സ്‌ക്രീനിലേക്ക്

ബോളിവുഡ് റീമെയ്‌ക്കിൽ തരംഗമായി മുംബൈയിൽ നിന്നും ലണ്ടനിൽ എത്തിയ നിഷ ജോർജ്; ചോരിയും മെഹബൂബും സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച ആവേശത്തിൽ കൈ നിറയെ അവസരം; പാട്ടും നൃത്തവും നിർമ്മാണവും കയ്യിലൊതുക്കിയ മലയാളി പെൺകുട്ടി കണ്ണ് വെയ്ക്കുന്നത് ബിഗ് സ്‌ക്രീനിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ബോളിവുഡിന്റെ രണ്ടാം വീടാണ് ലണ്ടൻ എന്നത് പരക്കെ അംഗീകാരം നേടിയ സത്യമാണ്. ഇടയ്ക്കു ബോറടി തോന്നുമ്പോൾ സ്വകാര്യത ആസ്വദിക്കാനും ഷോപ്പിങ്ങിനും ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും ഒക്കെ എത്തുന്ന നാട്ടിൽ ബോളിവുഡിനെ പ്രണയിക്കുന്ന ഒരു മുംബൈക്കാരി പെൺകുട്ടി തന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയില്ലെങ്കിൽ മാത്രമേ അതിശയിക്കേണ്ടൂ. മകൾ പാട്ടിന്റെയും നൃത്തത്തിന്റെയും വഴിയേ പോകുന്നത് മുംബൈ മലയാളികളായ അച്ഛനും അമ്മയും തുടക്കത്തിലേ എതിർത്തെങ്കിലും വിവാഹ ശേഷം ലണ്ടനിൽ എത്തിയ മകൾ നിഷ ജോർജ് തന്റെ സ്വപ്ന സാമ്രാജ്യത്തിനു നിറം ലഭിക്കുന്നത് കണ്ടു ആനന്ദിക്കുകയാണ് ഇപ്പോൾ.

നിഷയാകട്ടെ തന്റെ കുഞ്ഞിനെ പരിചരിക്കാൻ ഉള്ള സമയം കൂടി കണക്കിലെടുത്തു മാത്രം പാട്ടും നൃത്തവും ഒക്കെ കൂടെ നിർത്തുന്ന ഡബിൾ റോളിലും തിളങ്ങുകയാണ്. പാട്ടും നൃത്തവും സംഗീതവും ഗാനരചനയും അത്യാവശ്യം നിർമ്മാണവും ഒക്കെ കൈവശമുള്ള നിഷ ജോർജ് രണ്ടു പ്രമുഖ ചിത്രങ്ങളിലെ ഗാനരംഗങ്ങൾ റീമേക്കിലൂടെ പുനഃസൃഷ്ടിച്ചു യുട്യൂബിലും ലണ്ടനിലെ മാധ്യമങ്ങളുടെ എന്റർടൈന്മെന്റ് പേജിലും ഒക്കെ താരമാവുകയാണ്.

നവി മുംബൈയിൽ നിന്നും ലണ്ടനിലെ പ്രധാന ബോളിവുഡ് ലൊക്കേഷൻ കൂടിയായ ഹെയ്സിൽ എത്തിയ നിഷ ഏറെക്കാലത്തെ അഭിനയ മോഹം വീട്ടമ്മയുടെയും ഏക മകന്റെയും ഒപ്പം ചെലവിട്ട ശേഷമാണു ഹീത്രൂ എയർ പോർട്ടിലെ ജോലിത്തിരക്കിൽ നിന്നും ക്യാമറയുടെ മുൻപിൽ അഭിനേത്രിയായും പിൻപിൽ ഗാനരചയിതാവിന്റെയും പ്രൊഡ്യൂസറുടെയും ഒക്കെ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതും.

മുംബൈയിലെ സ്‌കൂൾ ജീവിതകാലം മുതൽ മനസ്സിൽ താലോലിച്ച സ്വപ്നങ്ങൾക്കാണ് നിഷ ലണ്ടനിൽ ജീവൻ നൽകുന്നത്. ഏതാനും വർഷം മുൻപ് ലണ്ടനിലെ ബോളിവുഡ് നൃത്ത സദസ്സുകളിൽ ആകസ്മികമായി പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതാണ് നിഷയുടെ ജീവിതത്തിൽ ഇപ്പോൾ വഴിത്തിരിവായി മാറിയിരിക്കുന്നത്. അനേകമാളുകൾ വന്നു പോകുന്ന വിഡിയോ ഗാനചിത്രീകരണ രംഗത്ത് വേറിട്ട വഴികൾ തേടുകയാണ് നിഷയുടെ ദൗത്യം.

പാട്ടും നൃത്തവും ഒക്കെ ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഏറെ സ്വാഭാവികത തോന്നും വിധമാണ് ഈ കലാകാരി തന്റെ രചനകൾ ഒരുക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചോരി എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയാണ് നിഷയെ ഈ രംഗത്ത് വീണ്ടും മികവ് കാട്ടാൻ പ്രേരിപ്പിച്ചത്. സ്വന്തം വരികൾക്ക് സംഗീതം നൽകിയാണ് ചോരി പ്രേക്ഷകർക്ക് സമർപ്പിച്ചതെങ്കിൽ ബോളിവുഡ് ഹിറ്റായ ഫിസയിലെ മെഹബൂബ് എന്ന ഗാനം വരികളിലും സംഗീതത്തിലും ചെറിയ മാറ്റങ്ങൾ വരുത്തി കോപ്പി റൈറ്റ് നിയമത്തിന്റെ ലംഘനം അല്ലെന്നു ഉറപ്പാക്കിയാണ് ചിത്രീകരണം നടത്തിയത്. ഈ ഗാനവും ഏറെ ശ്രദ്ധ നേടി. സിനിമ രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ശ്രദ്ധയിലും ഗാനമെത്തിക്കഴിഞ്ഞു. ഇതേ തുടർന്നു ദത്തെടുക്കൽ പ്രമേയമായി രൂപം കൊള്ളുന്ന ഒരു ഗൗരവമുള്ള പ്രൊജക്ടിലേക്കു നിഷ ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. ടെലിഫിലിം രൂപത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രധാന റോളിലാണ് നിഷ എത്തുന്നത്.

കോൺവാൾ കടൽ തീരമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മെഹബൂബ് ചിത്രീകരണം പൂർത്തിയാക്കിയത്. ശീതക്കാറ്റടിച്ചു ശരീരം കോച്ചിവലിയുന്ന സാഹചര്യത്തിലും ഗാനരംഗത്തിന്റെ സ്വാഭാവികതയ്ക്കായി വെല്ലുവിളി ഏറ്റെടുത്താണ് രംഗങ്ങൾ ചിത്രീകരിച്ചതെന്നു നിഷ ഓർമ്മിക്കുന്നു. ഒരു റോൾ ലഭിച്ചാൽ അതിൽ നാടൻ പെൺകുട്ടിയാണോ ഗ്ലാമർ ലോകത്തെ ചുറുചുറുക്കുള്ള വനിതയാണോ എന്നത് താൻ പരിഗണിക്കില്ലെന്നും റോളിന്റെ പൂർണതയിലാണ് ശ്രദ്ധ നൽകുകയെന്നും നിഷ നയം വ്യക്തമാക്കുന്നു. ഒരു കഥാപാത്രത്തെ സ്‌ക്രീനിൽ കാണുമ്പോൾ അവരുടെ യഥാർത്ഥ പേര് മറന്നു ആ കഥാപാത്രത്തെ മാത്രം സ്‌നേഹിക്കാൻ പ്രേക്ഷകർ തയ്യാറായാൽ സിനിമയോടുള്ള വിമുഖതയും അതൃപ്തിയും നമുക്ക് മാറ്റിയെടുക്കാമെന്നും നിഷ പറയുമ്പോൾ ഈ മേഖലയെ എത്ര ഗൗരവത്തോടെയാണ് അവർ വീക്ഷിക്കുന്നതെന്നും വ്യക്തമാകുകയാണ്.

താൻ ചെയ്യുന്ന ജോലിയിൽ പൂർണ സ്വാതന്ത്ര്യം വേണമെന്നതും നിഷയുടെ നിർബന്ധങ്ങളിൽ ഒന്നാണ്. ചോരിയും മെഹബൂബും അത്തരത്തിൽ ചെയ്ത ജോലികൾ ആണെന്നതാണ് പ്രേക്ഷക പ്രീതിക്കൊപ്പം നിഷയ്ക്ക് നൽകുന്ന സംതൃപ്തി. മെഹബൂബിൽ ഒറിജിനൽ ഗാനരംഗങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടായിരിക്കും എന്നതിനാൽ എത്തരത്തിൽ വ്യത്യസ്ഥമാക്കണം എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്നും നിഷ ഓർമ്മിക്കുന്നു. പക്ഷെ ലണ്ടനിൽ ഏറെ പ്രശസ്തമായ ഏഷ്യൻ ഡാൻസ് കമ്പനിയിൽ പ്രവർത്തിക്കുന്ന നിഷയ്ക്ക് ബോളിവുഡിന്റെ തിരനോട്ടങ്ങൾ ഒരിക്കലും അന്യമായിരുന്നില്ല എന്നതിനാൽ ഈ വെല്ലുവിളിയൊക്കെ മെഹബൂബിൽ നിഷ്പ്രയാസം തരണം ചെയ്യാനായി.

പാട്ടും നൃത്തവും മാത്രമല്ല ഫാഷനും മോഡലിംഗും ഒക്കെ നിഷയുടെ സ്വപ്നങ്ങളിലെ കൂട്ടുകാരാണ്. മിസ് ബ്രിട്ടീഷ് എമ്പയർ എന്ന ഫാഷൻ ഷോയിൽ എത്തിയ നിഷ ഉടനെ മുൻ മിസ്സിസ് യൂണിവേഴ്സ് ക്ലാസിക് ജേതാവ് പ്രിയങ്ക കവിന്റെ ഒരുക്കുന്ന മിസ് ആൻഡ് മിസിസ് പേജന്റ് മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഇതിനായി സോഷ്യൽ മീഡിയ കാമ്പയിനും ആരംഭിച്ചു കഴിഞ്ഞു. മത്സരത്തിൽ പങ്കാളികളാകുന്ന 18 പേരിൽ ഏറ്റവും കൂടുതൽ ഫോട്ടോ ലൈക്ക് കിട്ടുന്നവർക്കു പോപ്പുലാരിറ്റി ടൈറ്റിൽ സ്വന്തമാക്കാൻ കഴിയും. ഇതിനായി ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഇഷ്ടം തന്നോടൊപ്പം ഉണ്ടാകണമെന്നും നിഷ ആഗ്രഹിക്കുന്നു.

ലണ്ടനിലെ പേജെന്റ് വേദികളിൽ മുൻപും നിരവധി വട്ടം മലയാളി പെൺകുട്ടികൾ റാമ്പിന്റെ അഴകായി മാറിയിട്ടുണ്ടെങ്കിലും കുറേക്കൂടി വ്യത്യസ്തവും ഗൗരവ പൂര്ണമായതുമായ വേദിയാണ് പ്രിയങ്ക ഒരുക്കുന്നത്. പ്രമുഖ ജൂവലറികൾ ഉൾപ്പെടെയുള്ളവർ തങ്ങൾക്കായി ബ്രാമോഡലുകളെ കണ്ടെത്തുന്നതിന് പുറമെ ഡിസൈനർമാർ അടക്കമുള്ളവരുടെ സാന്നിധ്യമാണ് ഈ വേദിയിൽ പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP