Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയർലണ്ടിൽ കാറപകടത്തിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കാറോടിച്ചിരുന്ന മറ്റൊരു മലയാളി നഴ്‌സും കുഞ്ഞും അതീവ ഗുരുതരാവസ്ഥയിൽ; കോട്ടയം സ്വദേശിനിയായ ഷൈമോൾ അപകടസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു; മെയ് മോൾ വെന്റിലേറ്ററിൽ

അയർലണ്ടിൽ കാറപകടത്തിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കാറോടിച്ചിരുന്ന മറ്റൊരു മലയാളി നഴ്‌സും കുഞ്ഞും അതീവ ഗുരുതരാവസ്ഥയിൽ; കോട്ടയം സ്വദേശിനിയായ ഷൈമോൾ അപകടസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു; മെയ് മോൾ വെന്റിലേറ്ററിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റിനു സമീപം ആൻട്രിമിൽ താമസിക്കുന്ന മലയാളി നഴ്‌സ് ബാലുമണി ക്രാങ്കിൽ റോഡിൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. കോട്ടയം മാറിടം സ്വദേശിനിയായ ഷൈമോൾ തോമസാണ് ഇന്നലെ വൈകിട്ട് യുകെ സമയം ആറു മണിയോടെ അതിദാരുണമായി അപകടത്തിൽ മരിച്ചത്. ഷൈമോൾ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്ന മെയ് മോൾ അതീവ ഗുരുതരാവസ്ഥയിൽ ബെൽഫാസ്റ്റിലെ റോയൽ ബെൽഫാസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നു. മെയ് മോളുടെ നില സ്റ്റേബിൾ ആണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മെയ് മോളുടെ മകന്റെ സുഹൃത്ത് പരിക്കേറ്റ് ആശുപത്രിയിൽ ആണെങ്കിലും അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബെൽഫാസ്റ്റിലെ ആൻട്രിം മരിയ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്ന നെൽസൺ ജോണിന്റെ ഭാര്യയാണ് ഷൈമോൾ. ഇവരുടെ സുഹൃത്തായ ബിജുവിന്റെയും മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിൻബർഗിന്റെ സിൽവർ കാമ്പിന് കൊണ്ടു വിടാൻ പോയി തിരിച്ചു വരവേയാണ് അപകടം സംഭവിച്ചത്. ഇവർ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാർ ആണ് അപകടത്തിൽപ്പെട്ടത്.

എതിരെ വന്ന മറ്റൊരു കാർ ഇവരുടെ കാറിനെ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഷൈമോളുടെ മരണം സംഭവിച്ചിരുന്നു. അപകടം നടന്നയുടനെ നോർത്തേൺ അയർലന്റ് ആംബുലൻസ് സർവ്വീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും ചാരിറ്റി ഹെലികോപ്ടർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എങ്കിലും ഷൈമോളുടെ ജീവൻ രക്ഷിക്കുവാനായില്ല.

ഷൈമോളുടെ ഭർത്താവ് നെൽസൺ ജോണും മെയ് മോളുടെ ഭർത്താവ് ബിജുവും ലീവിന് നാട്ടിലേക്ക് വന്നിരിക്കവേയാണ് അപകടം സംഭവിച്ചത്. മകനെ കാമ്പിന് കൊണ്ടുവിടാൻ തനിയെ പോകേണ്ട എന്നു പറഞ്ഞ് ഷൈമോൾ ഒപ്പം പോയതായിരുന്നു. അപകട വിവരം അറിഞ്ഞ് അവധിക്ക് നാട്ടിലേക്ക് പോയ നെൽസണും ബിജുവും ഉടൻ ബെൽഫാസ്റ്റിലേക്ക് യാത്ര തിരിക്കും.

അപകടത്തെ തുടർന്ന് ആൻട്രിം-ബാലുമണി റോഡിൽ ഗതാഗത തടസം ഉണ്ടായതിനെ തുടർന്ന് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാത്രിയോടെ ബെൽഫാസ്റ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകട വിവരം അറിഞ്ഞ് എത്തിയ മലയാളികളെല്ലാം ബെൽഫാസ്റ്റ് റോയൽ ഹോസ്പിറ്റലിൽ ഉണ്ട്. ഷൈമോളുടെ മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഒരുമിച്ച് ഒരു ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്ന നെൽസണും ഷൈമോളും ബെൽഫാസ്റ്റിൽ നിന്നും 20 കിലോമീറ്റർ ദൂരെയുള്ള ആൻട്രിമിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്. മൂന്നു മക്കളാണ് ദമ്പതികൾക്കുള്ളത്. ഷൈമോൾ കോട്ടയം ജില്ലയിലെ മാറിടം കിടങ്ങൂർ സ്വദേശിയാണ്.

ഷൈമോളുടെ നിര്യാണത്തിൽ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP