Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് കറക്കിക്കുത്തിൽ ബ്രിട്ടീഷ് മലയാളിക്ക് ലംബോർഗിനി കാറും 18 ലക്ഷം രൂപയും പൗണ്ടും സമ്മാനം; കൊവിഡിൽ ജോലി പോയ യുവാവിന് പിടിച്ചു കയറാൻ പിടിവള്ളിയായി; രണ്ടു വർഷത്തിനിടയിൽ യുകെ മലയാളികൾക്കിടയിൽ ഇതു രണ്ടാം ബംമ്പർ സമ്മാനം; ഷിബു പോളിന് സ്വന്തമായത് 1.8 കോടി രൂപയോളം

ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് കറക്കിക്കുത്തിൽ ബ്രിട്ടീഷ് മലയാളിക്ക് ലംബോർഗിനി കാറും 18 ലക്ഷം രൂപയും പൗണ്ടും സമ്മാനം; കൊവിഡിൽ ജോലി പോയ യുവാവിന് പിടിച്ചു കയറാൻ പിടിവള്ളിയായി; രണ്ടു വർഷത്തിനിടയിൽ യുകെ മലയാളികൾക്കിടയിൽ ഇതു രണ്ടാം ബംമ്പർ സമ്മാനം; ഷിബു പോളിന് സ്വന്തമായത് 1.8 കോടി രൂപയോളം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കോവിഡ് അനേകായിരം ആളുകൾക്ക് ദുരിതം സമ്മാനിച്ചപ്പോൾ പരോക്ഷമായെങ്കിലും ഭാഗ്യമായി മാറിയ അപൂർവ്വം ആളുകളിൽ ഒരാളാണ് കോട്ടയം വെള്ളൂർ സ്വദേശിയും നോട്ടിങാം മലയാളിയുമായ ഷിബു പോൾ. ഓൺലൈൻ ലോട്ടറിയായ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറിയിലാണ് ഷിബു ജേതാവായത്. വെറും ഒരു വർഷം മുൻപ് മാത്രമാണ് ഷിബു യുകെയിൽ എത്തിയത് എന്നതാണ് കൂടുതൽ കൗതുകം. കോവിഡ് ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഈ യുവാവ് നോട്ടിങാമിൽ താമസത്തിന് എത്തുന്നത്. ഇക്കാരണത്താൽ തന്നെ പ്രദേശവാസികളായ മലയാളികളിൽ ആരുമായും അധികം ചങ്ങാത്തം ഉണ്ടാക്കുവാനും കഴിഞ്ഞിട്ടില്ല.

രണ്ടു വർഷം മുൻപ് കവൻട്രിയിൽ ജേക്കബ് സ്റ്റീഫൻ എന്ന മലയാളിക്കും സമാനമായ ലോട്ടറി ലഭിച്ചിരുന്നു. അന്ന് 75000 പൗണ്ട് വിലയുള്ള റേഞ്ച് റോവർ കാറും വട്ടചെലവിനെന്ന പേരിൽ അറിയപ്പെടുന്ന പോക്കറ്റ് മണിയുമായ 20000(18 ലക്ഷം രൂപ) പൗണ്ടുമാണ് ലഭിച്ചത്. ഇപ്പോൾ ഷിബുവിന് ലഭിക്കുന്നതാകട്ടെ ഇതിന്റെ ഇരട്ടി തുകയും. ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പ്ലേയ് കാറിനു നൽകുന്ന വില ഒരു ലക്ഷത്തിൽ അറുപത്തിരണ്ടായിരം പൗണ്ടാണ്. എന്നാൽ ഈ കാറിനു 1.95 ലക്ഷം വരെ വിലയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജേക്കബിന് ലഭിച്ചത് പോലെ ഷിബുവിനും പോക്കറ്റ് മണിയായി 20000 പൗണ്ടും(18 ലക്ഷം രൂപ) ലഭിക്കും.

തുണയായി മാറിയത് ലോക്ക്ഡൗൺ

ഒന്നും ചെയ്യാൻ ഇല്ലാത്ത ലോക്ക്ഡൗൺ കാലമാണ് ഷിബുവിനെ ഭാഗ്യവഴിയിലേക്കു ഡ്രൈവ് ചെയ്യാൻ പ്രേരിപ്പിച്ചത്. കേംബ്രിഡ്ജിൽ താമസിക്കുമ്പോൾ ആശുപത്രിയിൽ ജോലി ചെയ്തിരുന്നെങ്കിലും നോട്ടിങാമിൽ എത്തിയപ്പോൾ പറ്റിയ ഒരു ജോലി കണ്ടെത്താനായില്ല. ഇതിനായി ഓൺലൈനിൽ ഇടയ്ക്കിടെ പരതുന്നതും ശീലം ആയിരുന്നു. ഇടയ്‌ക്കെപ്പോഴോ യു ട്യൂബിൽ കയറിയപ്പോൾ ആകസ്മികമായി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് വീഡിയോ കയറിവന്നു.

എങ്ങനെ ഈ കളിയിൽ പങ്കെടുക്കാം എന്ന പ്രൊമോഷണൽ വീഡിയോ ആണ് ഷിബു കണ്ടത്. ആദ്യ കാഴ്‌ച്ചയിൽ ഒരു കൗതുകം തോന്നി. എന്നാൽ ഒന്ന് പരീക്ഷിച്ചു കളയാം എന്ന ആഗ്രഹവും. അങ്ങനെയാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ തന്നെത്തന്നെ അത്ഭുതപ്പെടുത്തും വിധത്തിൽ ഇപ്പോൾ ലംബോർഗിനി ഉടമയായി മാറുന്നതും. കൂടെ യുകെ മലയാളികളിൽ ആദ്യ ലംബോർഗിനി ഉടമയെന്ന കീർത്തിയും.

കാർ വന്നത് രണ്ടാം കളിയിൽ, ഇന്നേവരെ ലോട്ടറിയെടുക്കാത്ത ശീലവും
ബെസ്റ്റ് ഓഫ് ദി ബെസ്റ്റിനു ചൂതാട്ട സ്വഭാവം ഉള്ളതിനാൽ ഷിബു എത്രകാലമായി ഈ ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്നു എന്നതായിരുന്നു പ്രധാന കൗതുകം. എന്നാൽ ഞെട്ടിക്കുന്ന മറുപടിയാണ് ഈ യുവാവ് നൽകുന്നത്. വെറും രണ്ടാം കളിയിലാണ് ഈ ലംബോർഗിനി മഹാഭാഗ്യമായി ഷിബുവിനെ തേടി എത്തുന്നത്. അതായതു വെറും ഏഴു പൗണ്ടിന്റെ ഒറ്റ ടിക്കറ്റിൽ. എങ്ങനെ കളിക്കണം എന്ന് പോലും നിശ്ചയം ഇല്ലാതെയാണ് ഷിബു കളിച്ചതും.

മുൻപ് ഭാഗ്യം തുണച്ച കവൻട്രിയിലെ ജേക്കബ്ബിനാകട്ടെ ഏതാനും നാൾ കളിച്ചു പഠിച്ച ശേഷമാണു ഭാഗ്യം തുണയായി മാറിയത്. ഷിബു നാട്ടിൽ വച്ച് പോലും ഒരു ലോട്ടറിയെടുത്തിട്ടില്ല എന്നതും കൗതുകമായി മാറുകയാണ്. വലിയ തുകയുടെ ലോട്ടറിക്കൊക്കെ കേരളത്തിൽ വിൽപന വിലയും കൂടുതലായതിനാൽ ആ വകയിൽ വെറുതെ പണം കളയണ്ട എന്നാണ് ലോട്ടറിയെ പറ്റി തോന്നിയിട്ടുള്ളതെന്നും ഷിബു പറയുന്നു.

പൊളിയുന്നത് നുണക്കഥ

ഇതോടെ ബെസ്റ്റ് ഓഫ് ദി ബെസ്റ്റിനെ കുറിച്ചുള്ള ഒരപവാദം കൂടി പൊളിയുകയാണ്. സാധാരണ കളിച്ചു കളിച്ചു കുറെ കാശു പൊടിക്കുന്നവരെ ഉന്നമിട്ടു വിജയിയാക്കി മാറ്റുകയാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റിന്റെ ശൈലി എന്നൊരു കഥ മലയാളികൾക്കിടയിൽ എങ്കിലും പ്രചാരത്തിൽ ഉണ്ടായിരുന്നു. ഷിബുവിന്റെ വിജയത്തോടെ ആ കഥയാണ് പൊളിയുന്നത്.

ഏതായാലും കളി നിയമം അനുസരിച്ചു വീണ്ടും കളിക്കുന്നതിൽ നിന്നും ഷിബുവിനെയും രണ്ടു വർഷത്തേക്ക് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ടീം വിലക്കിയിരിക്കുകയാണ്. കളിച്ചു ജയിച്ച ആൾ ആ പണം വീണ്ടും ലോട്ടറിയിൽ മുടക്കി തേടിയെത്തിയ നിർഭാഗ്യം നശിപ്പിക്കാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ഒരു കളിനിയമം.

ലംബോർഗിനി ഉടമ ഇനി നോക്കുന്നത് ഒരു സാധാരണ എസ്.യു.വി

ലംബോർഗിനി കയ്യിൽ വന്ന ആളല്ലേ, ഏതാകും ഇനി ഷിബുവിന്റെ മനസിലെ ഇഷ്ടകാർ? പ്രീമിയം ബ്രാൻഡുകളായ ലാൻഡ് റോവർ റേഞ്ച് റോവർ, ജാഗ്വാർ, എന്നിവയുടെ ഒക്കെ പേരാകും ഷിബുവിന്റെ മനസ്സിൽ എന്നാരും തെറ്റിദ്ധരിക്കണ്ട. ഒരു സാദാ ടൊയോട്ട എസ്.യു.വി ആണ് തന്റെ മനസിലെ ഇഷ്ടകാർ എന്നും ഷിബു വെളിപ്പെടുത്തുന്നു.

കാറിനോട് ഒട്ടും ക്രേസ് ഇല്ലാത്ത ചെറുപ്പക്കാരൻ കൂടിയാണ് ഷിബു. ഇപ്പോൾ ഉപയോഗിക്കുന്ന 2016 മോഡൽ ടൊയോട്ട യാരിസിൽ സന്തുഷ്ടരാണ് ഷിബുവും ഭാര്യ ലിനെറ്റ് ജോസഫും. വെറും ഒരു വർഷം മുൻപ് വിവാഹിതരായ നവ ദമ്പതികൾ എന്ന നിലയ്ക്ക് വലിയ ഫാമിലി കാറിനെ കുറിച്ചൊന്നും ആലോചിക്കാൻ ഉള്ള സമയം ആയിട്ടില്ലതിനാൽ തൽക്കാലം കുറച്ചു കാലം ചെറിയ കാറിൽ ചുറ്റിയടിക്കാം എന്ന ചിന്തയാണ് ഷിബു പങ്കുവയ്ക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP