Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട്ടേക്ക് ആണെങ്കിൽ കിലോയ്ക്ക് 16 ദിർഹം... തിരുവനന്തപുരത്തേക്ക് 18 ദിർഹം... മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തൂക്കി വിലയിടുന്ന ശൈലിക്കെതിരെ ഷാഹിദാ കമാൽ; മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കേരള സർക്കാർ ഏറ്റെടുത്ത് കേന്ദ്രത്തിന് മാതൃകയാകാൻ പിണറായിയോട് അഭ്യർത്ഥിച്ച് നേതാവ്

കോഴിക്കോട്ടേക്ക് ആണെങ്കിൽ കിലോയ്ക്ക് 16 ദിർഹം... തിരുവനന്തപുരത്തേക്ക് 18 ദിർഹം... മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തൂക്കി വിലയിടുന്ന ശൈലിക്കെതിരെ ഷാഹിദാ കമാൽ; മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കേരള സർക്കാർ ഏറ്റെടുത്ത് കേന്ദ്രത്തിന് മാതൃകയാകാൻ പിണറായിയോട് അഭ്യർത്ഥിച്ച് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തു വച്ച് മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുക എന്നത് തീർത്തും ശ്രമകരമായ ഒരു ജോലിയാണ്. നിരവധി നൂലാമാലകൾ ഇതിന് അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതാണ് ഇതിൽ പ്രധാന പ്രശ്‌നം. മലയാളികളുടെ നേതൃത്വത്തിലുള്ള സംഘടനകളാണ് പലപ്പോഴും ഇത്തരം സേവനങ്ങളുമായി രംഗത്തുവരുന്നത്. എന്നാൽ, മരിച്ചു കഴിയുമ്പോൾ ആ മനുഷ്യന്റെ മൃതദേഹത്തിന് വെറും ആടുമാടിന്റെ വില നിശ്ചയിക്കുന്ന അവസ്ഥ വന്നാലോ? ഗൾഫ് നാടുകളിൾ വച്ച് മരിക്കുന്ന പ്രവാസികളുടെയെല്ലാം അവസ്ഥ ഇതാണ്.

മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ വിമാനത്തിൽ കൊണ്ടുവരുന്നതിന് തൂക്കി വിലനിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഈ ദാരുണ സംഭവത്തെ കുറുച്ചാണ് സിപിഎമ്മിൽ എത്തിയ മുൻ കോൺഗ്രസ് നേതാവ് ഷാഹിദ കമാൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കേന്ദ്രസർക്കാറാണ് ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടതെങ്കിലും കേന്ദ്രം ഈ വിഷയത്തിൽ വലിയതായി ഇടപെടലൊന്നും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ടി കേരള സർക്കാർ ഇടപെടണമെന്നും അതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നുമാണ് ഷാഹിദ അഭിപ്രായപ്പെടുന്നത്.

യുഎഇ സന്ദർശിക്കുന്ന ഷാഹിദ കമാൽ ഫേസ്‌ബുക്കിലൂടെയാണ് തന്റെ അഭ്യർത്ഥന മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത്. ഡെഡ്‌ബോഡി എംബാം ചെയ്യുന്ന സ്ഥലം സന്ദർശിച്ച ശേഷമാണ് ഷാഹിദ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പ്രവാസികൾക്ക് വേണ്ടിയുള്ള ഷാഹിദയുടെ ഈ ഇടപെടൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഷാഹിദയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനൊണ്:

ആദരണീയ മുഖ്യ മന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾക്ക്,
മയ്യിത്ത് (ഡെഡ് ബോഡി) തൂക്കി വില ഇടുന്നതു
ഒഴിവാക്കി തരൂ, പ്ലീസ് കേരളം കേന്ദ്ര സർക്കാരിന് മാതൃകയാകൂ

വളരെ ഹൃദയ വേദനയോടെ ദുബായിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നത്.പ്രവാസി പുരസ്‌കാര ജേതാവ് ശ്രീ.അഷ്‌റഫ് താമരശ്ശേരി ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ ദിവസം സോനാപൂരിൽ മയ്യിത് (ഡെഡ് ബോഡി) എംപാം ചെയ്യുന്ന സ്ഥലം സന്ദർശിക്കാൻ പോയിരുന്നു.പോകാൻ ഒരു കാരണം കൂടി ഉണ്ട്.എന്റെ ഭർത്താവു മർഹൂം കമൽ 4 വര്ഷം മുമ്പ് ദുബായിൽ വച്ചാണ് മരണപ്പെട്ടത്.അദ്ദേഹത്തിന്റെ മയ്യിത് എംപാം ചെയ്തത് ഇവിടെയാണ്.അവിടേക്കു കയറി ചെന്നതും എന്റെ നെഞ്ച് പൊട്ടുന്ന വേദനയാണ് ഞാൻ അനുഭവിച്ചത്.

ദുബായിൽ കൊല്ലപ്പെട്ട ഒരു സഹോദരന്റെ മയ്യത്തു നാട്ടിലേക്ക് വിടാൻ വേണ്ടിയാണു ശ്രീ. അഷ്‌റഫ് താമരശ്ശേരി അവിടെ ഉണ്ടായിരുന്നത്.കാസര്‌ഗോഡുകാരനായ മറ്റൊരു സഹോദരന്റെ മയ്യിത്തും അവിടെ ഉണ്ടായിരുന്നു.അതും നാട്ടിലേക്ക് വിടാനുള്ള ശ്രമത്തിലാണ് ശ്രീ. അഷ്‌റഫ്.

ഇനി ഞാൻ എഴുതുന്നത് എന്റെ സ്വന്തം അനുഭവം ആണ്.എന്നെ പോലെ ആയിരകണക്കിന് പ്രവാസികൾക്ക് വേണ്ടിയാണു ഞാൻ ഇത് എഴുതുന്നത്.നമ്മുടെ നാടിന്റെ സമ്പത്തു വളർച്ചയുടെ നല്ല പങ്കു വഹിക്കുന്നത് പ്രവാസികളാണ്.എന്നാൽ അവരുടെ പ്രശനങ്ങൾക് പരിഹാരം കാണാൻ കാല കാലങ്ങളിൽ വന്ന കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

മരണം അനിവാര്യമാണ്.പക്ഷെ അത് എവിടെ,എപ്പോൾ എന്ന് ആർക്കും നിചയമില്ല.അതിജീവനത്തിനായുള്ള പോരാട്ടത്തിൽ പ്രവാസലോകത്തു വച്ച് മരണം വരിക്കുന്ന ഇന്ത്യക്കാരുടെ മയ്യത്തു നാട്ടിൽ എത്തിക്കാൻ മാത്രമാണ് മയ്യത്തു തൂക്കി വില ഇടുന്നതു. എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മയ്യത്തിന് ( ഡെഡ് ബോഡി) ബഹുമാനിക്കാൻ ആണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്.പല അവികസിത രാജ്യങ്ങൾ പോലും അവരുടെ നാട്ടിലെ പൗരൻ മരണപ്പെട്ടാൽ സർക്കാർ ചെലവിൽ ബോഡി വീട്ടിൽ എത്തിക്കും. പക്ഷേ ലോകം ചുറ്റുന്ന ആദരണീയനായ പ്രധാനമന്ത്രി ഇതൊന്നും അറിയുന്നേ ഇല്ല, എന്നത് ഏറെ വേദനാ ജനകമാണ്.മരണപ്പെട്ട വ്യക്തിയെ തൂക്കി നോക്കി കിലോക്ക് മാർക്കറ്റിലെ പോലെ വില ഇടുകയാണ്.

കോഴിക്കോടിന് എങ്കിൽ കിലോക്ക്16 ദിർഹം ,കൊച്ചിക്ക്17 , തിരുവനതപുരം 18 എന്നിങ്ങനെയാണ് നിരക്ക്.ഇതിനു കഴിയാത്ത ഒരു ബംഗാളി സഹോദരന്റെ ഡെഡ്‌ബോഡി മൂന്നു മാസമായി ഇവിടെ സൂക്ഷിച്ചിരിക്കുന്നതും നിസ്സഹായായി ഞാൻ നോക്കി കണ്ടു.
നാട്ടിൽ നിന്ന് ഒരു കിലോ ഫ്രൂട്‌സ് ഇവിടെ എത്തിക്കാൻ വെറും മൂന്ന് ദിർഹം ഉള്ളപ്പോഴാണ് നിശ്ചലമായ മനുഷ്യ ശരീരത്തിന് അതിലും കൂടുതൽ ചാർജ് ഈടാക്കുന്നത്.ഈ ചാർജ് കൊടുക്കേണ്ടി വന്ന ഹതഭാഗ്യയായ വിധവയാണ് ഞാൻ.

പാവങ്ങളുടെ പടത്തലവനായ പിണറായി സഖാവിനോട് ഒരു അപേക്ഷ.ഇനി മുതൽ കേരളക്കാരുടെ ഡെഡ്‌ബോഡി നാട്ടിൽ എത്തിക്കാനുള്ള ചെലവ് കേരള സർക്കാർ ഏറ്റെടുത്തുകൊണ്ട്, രാജ്യത്തിന് മാതൃകുക കാട്ടികൊടുക്കാൻ ഏറ്റവും നല്ല മനുഷ്യ സ്‌നേഹിയായ അങ്ങേക്ക് കഴിയും.പ്രവാസ ലോകത്തെ പാവങ്ങൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സഹായവും പുണ്യവും അതായിരിക്കും.അങ്ങേക്ക് ഏല്ലാ നാമകളും നേരുന്നു
അഭിവാദ്യങ്ങളോടെ
ഷാഹിദ കമാൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP