Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെലിബ്രിറ്റിയാകാൻ ഒരു ദിനം മതിയാകും; ലാലേട്ടനും മമ്മൂക്കയും വർഷങ്ങൾ കൊണ്ട് നേടിയ താരപദവി 10 വയസുകാരി സൗപർണിക നേടിയത് വെറും നാലു വർഷത്തിനുള്ളിൽ; ബ്രിട്ടീഷ് ജനത അറിയുന്ന ഏറ്റവും പ്രശസ്തയായ യുകെ മലയാളി പെൺകുട്ടി മനസ് തുറക്കുമ്പോൾ അഴിയുന്നതുകൊച്ചു കൊച്ചു രഹസ്യങ്ങൾ

സെലിബ്രിറ്റിയാകാൻ ഒരു ദിനം മതിയാകും; ലാലേട്ടനും മമ്മൂക്കയും വർഷങ്ങൾ കൊണ്ട് നേടിയ താരപദവി 10 വയസുകാരി സൗപർണിക നേടിയത് വെറും നാലു വർഷത്തിനുള്ളിൽ; ബ്രിട്ടീഷ് ജനത അറിയുന്ന ഏറ്റവും പ്രശസ്തയായ യുകെ മലയാളി പെൺകുട്ടി മനസ് തുറക്കുമ്പോൾ അഴിയുന്നതുകൊച്ചു കൊച്ചു രഹസ്യങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ചാനലും യുട്യൂബും എല്ലാം ഇളകിമറിയുന്ന കാലത്തു അൽപം ഭാഗ്യം കൂടെയുണ്ടെങ്കിൽ സെലിബ്രിറ്റിയാകാൻ ഒരൊറ്റ ദിവസം മതിയാകും. അതിനാൽ തന്നെ കാലം അതിനൊരു പേരുമിട്ടു, വൈറൽ ആകുക. ഈ പുത്തൻ പ്രതിഭാസത്തിനു പ്രത്യേകിച്ച് പ്രതിഭ ഒന്നും ആവശ്യമില്ല, എന്തു കാണിച്ചും വൈറൽ ആകാം എന്നതാണ് ഇപ്പോൾ ട്രെന്റ്. എന്നാൽ താരം എന്നൊരാളെ വിശേഷിപ്പിക്കണമെങ്കിൽ വൈറൽ ആയതു കൊണ്ട് കഴിയില്ല, അതിനു പ്രതിഭയും പ്രസിദ്ധിയും ബുദ്ധിയും മഹാഭാഗ്യവും എല്ലാം ഒത്തിണങ്ങി എത്തണം. യുകെ മലയാളികൾ ഇപ്പോൾ അത്തരം ഒരു താരോദയത്തിന്റെ സാക്ഷികളായി മാറിയിരിക്കുകയാണ്. മിനിഞ്ഞാന്ന് രാത്രി 8.20നു ജനലക്ഷങ്ങൾ കാഴ്ചക്കാരായുള്ള ഐടിവിയുടെ ബ്രിട്ടൻ ഗോട്ട് ടാലന്റ് മിനി സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ആദ്യമായി അനേകായിരം മലയാളികളും ടിവിക്കു മുന്നിലെത്തി. സൗപർണിക നായർ എന്ന വെറും പത്തു വയസുകാരിയുടെ പ്രകടനം കാണാൻ.

ഈ റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മലയാളി പ്രകടനം എന്നതും ആകാംക്ഷക്ക് കാരണമായി. ലോക്ഡൗൺ പ്രയാസം ഒക്കെ മറന്നു ബ്രിട്ടീഷ് ജനത ഇന്നലെ മലയാളി പെൺകുട്ടി സൗപർണികയുടെ പാട്ടു മതിമറന്ന് ആഘോഷിച്ചപ്പോൾ ബ്രിട്ടീഷ് മലയാളിക്കും അതിൽ ചെറിയൊരു പങ്കിന്റെ അവകാശം സന്തോഷത്തോടെ പങ്കിടാനുണ്ട്. നാലു വര്ഷം മുൻപ് ഇന്ത്യൻ സ്വതന്ത്ര്യ ദിനത്തിൽ സൗ എന്ന് ഇപ്പോൾ ബ്രിട്ടീഷുകാർ സ്‌നേഹത്തോടെ വിളിക്കുന്ന സൗപർണിക പാടിയ വന്ദേമാതരം ഗാനം ആദ്യമായി വായനക്കാരിൽ എത്തിച്ചത് ബ്രിട്ടീഷ് മലയാളിയാണ്. അന്ന് രണ്ടു ലക്ഷം കാഴ്‌ച്ചക്കാരെ സ്വന്തമാക്കിയ ആ വിഡിയോ ഇപ്പോൾ രണ്ടര മില്യൺ ആളുകളിൽ എത്തിക്കഴിഞ്ഞു.

ഇന്നലെ ബ്രിട്ടൻ ഗോട്ട് ടാലന്റ് പ്രകടനത്തിന് ശേഷം ലോകത്തിന്റെ പല ഭാഗത്തു നിന്നും അച്ഛൻ ബിനു നായരുടെയും 'അമ്മ രഞ്ജിതയുടെയും ഫോണിൽ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞു കേട്ട് നമ്പർ സംഘടിപ്പിച്ചവരും എല്ലാം നിരന്തരം വിളിച്ചു കൊണ്ടേയിരിക്കുകയാണ്, സന്തോഷം പങ്കിടാൻ. ബിജിടിയിലെ പ്രകടനത്തിന് ശേഷം സൗപർണികയുടെ വാക്കുകൾ ആദ്യമായി എത്തുന്നതും ബ്രിട്ടീഷ് മലയാളി വായനക്കാരിലേക്കാണ്. മറ്റൊരു മാധ്യമവും പ്രസിദ്ധപ്പെടുത്തും മുൻപ് സൗപർണികയെ വായനക്കാരിൽ എത്തിക്കുക എന്ന സന്തോഷമാണ് ഇന്ന് ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കിടുന്നത്. സൗപർണികയുടെ വാക്കുകളിലൂടെ:

സൗപർണികക്ക് ഇപ്പോൾ എത്രത്തോളം സന്തോഷമുണ്ട്?

(തന്റെ സന്തോഷം എത്ര വലുതാണ് എന്ന് സത്യത്തിൽ പറയാൻ സൗപർണികയ്ക്കു കഴിയുന്നില്ല, കാരണം അത്രയും വലിയ സന്തോഷമാണ് ഈ കൊച്ചുമിടുക്കിക്ക്. സാധാരണ കുട്ടികൾ പറയുന്ന ഒരു തകർപ്പൻ മറുപടിയാണ് ഈ ചോദ്യത്തിന്റെ ഉത്തരമായി കിട്ടിയത്) വൺ മില്യൺ ടൈംസ് മില്യൺ സന്തോഷം. പിന്നെയും മില്യൺ സന്തോഷം (മില്യന്റെ പല കണക്കുകൾ സൗ പറഞ്ഞുകൊണ്ടേയിരുന്നു)

കൂട്ടുകാരായ പാട്ടുകാരോടും മറ്റു മലയാളി കുട്ടികളോടും ഒക്കെ ഇപ്പോൾ എന്താണ് പറയാൻ ഉള്ളത്?

(ചോദ്യകർത്താവിന്റെ ഉത്തരം മുട്ടിച്ച മറുപടിയാണ് സൗപർണിക നൽകിയത്, തികച്ചും ദാർശനിക ഭാവത്തോടെ) കുട്ടിയായ ഞാൻ എങ്ങനെയാണു കുട്ടികളോട് മെസേജ് പറയുക. ഒരു കുട്ടി മറ്റൊരു കുട്ടിയോട് മെസേജ് പറയാൻ പാടുണ്ടോ?

മക്കന്റൈൻ ഷോയിലും ബ്രിട്ടൻ ഗോട്ട് ടാലന്റിലും പങ്കെടുത്തപ്പോൾ അച്ഛൻ എന്ത് സമ്മാനം നൽകി?

(അച്ഛനെക്കാൾ വലിയ സമ്മാനം ഇല്ലെന്ന വ്യംഗ്യാ സൂചനയോടെ ഈ ചോദ്യത്തിനും മറുപടി വന്നു) എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല, പക്ഷെ എനിക്ക് ഇപ്പോൾ തന്നെ കുറെ കളിപ്പാട്ടം ഉണ്ടല്ലോ. അതിനാൽ ഇപ്പോ വേറെ ഒന്നും വേണ്ടാ. ബിബിസിയിലെ മൈക്കൽ മക്കന്റൈയേഴ്‌സ് ബിഗ് ഷോയിൽ മലയാളി പെൺകുട്ടിയും; സൗപർണികയുടെ ശബ്ദമധുര്യത്തിന് ലോകമെമ്പാടു നിന്നും കയ്യടി; ഒൻപതു വയസുകാരിയുടെ അസാധ്യ കഴിവിനെ വാഴ്‌ത്തി വാർത്താ മാധ്യമങ്ങളും; ലണ്ടനിൽ നിന്നും മലയാളികൾക്ക് അഭിമാനിക്കാൻ ഒരു പുത്തൻ താരോദയം
ഗാന്ധിജി ആരെന്നറിയാതെ വളരുന്ന നാട്ടിൽ വന്ദേമാതരത്തിന്റെ ദേശത്തുടിയുമായി ആറു വയസുകാരി; ഒപ്പം ബ്രിട്ടീഷ് സംഗീത വിദഗ്ധനും; നാല് ദിവസത്തിനകം രണ്ടു ലക്ഷം കാണികളിലേക്ക്

എന്നാലും ഡിസ്നി ലാൻഡിലോ മറ്റോ ഒക്കെ പോയി ഒന്ന് അടിച്ചു പൊളിക്കണ്ടേ?

(ചൊടിപ്പിക്കാൻ ചോദിച്ചതിന് സൗപർണിക ഉള്ളു തുറന്നാണ് ഉത്തരം നൽകുന്നത്) ഡിസ്നി ലാൻഡിൽ പോകാൻ കുഴപ്പം ഇല്ല. പക്ഷെ എനിക്ക് അതിനേക്കാൾ ഇഷ്ടം സ്‌കോട്‌ലൻഡ് ആണ്. പിന്നെ ഇന്ത്യയിൽ പോകാനും ഇഷ്ടമാണ്. അവിടെ നല്ല രസമാണ്.

എന്താണ് സ്‌കോട്‌ലൻഡ് ഇത്ര ആവേശം കൊള്ളിക്കുന്നത്?

ഞാൻ ഇതുവരെ അഞ്ചു പ്രാവശ്യം സ്‌കോട്‌ലൻഡ് കണ്ടു കഴിഞ്ഞു. ഇനിയും ഒത്തിരി കാണാൻ ഉണ്ട്. എനിക്ക് അവിടുത്തെ കടൽ തീരവും കാടും മലയും കുന്നും ഒക്കെ ഇഷ്ടമാണ്. ഇഷ്ടം പോലെ വന ഭംഗിയും ആസ്വദിക്കാം. എപ്പോൾ പോയാലും നല്ല രസമാണ്. നല്ല നിശബ്ദതയും.

അപ്പോൾ വലുതായാൽ സ്‌കോട്‌ലൻഡിൽ ആയിരിക്കുമോ താമസം?

(ഒരു നിമിഷം വൈകാതെ മറുപടി എത്തി) അതെ സ്‌കോട്‌ലൻഡിൽ ആണ് എനിക്ക് താമസിക്കാൻ ഇഷ്ടം. അച്ഛനെയും അമ്മയെയും കൊണ്ട് അങ്ങോട്ട് പോകും.

തന്നെ ഇഷ്ടപ്പെടുന്നവരോടും പാട്ടൊക്കെ കേട്ട് ആസ്വദിക്കുന്നവരോടും ഒക്കെ നന്ദി പറഞ്ഞാണ് 'സൗ' ഫോൺ അച്ഛനു കൈമാറിയത്. കഴിഞ്ഞ നാലു വർഷമായി സൗ എന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന സൗപർണിക നടത്തുന്ന നിരന്തര സാധനയാണ് ഒടുക്കം ഈ മിടുക്കിയെ മക്കൈന്റൈൻ ബിഗ് ഷോയിലും ഇപ്പോൾ ബ്രിട്ടൻ ഗോട്ട് ടാലന്റിലും എത്തിച്ചതെന്ന് വ്യക്തം. മലയാളികൾക്കിടയിൽ സൗപർണിക അത്ര പരിചിത അല്ലെങ്കിലും പുറത്തിറങ്ങിയാൽ ഇംഗ്ലീഷുകാർ ഈ മിടുക്കിയെ കൊതിയോടും കൗതുകത്തോടുമാണ് നോക്കുക.

സ്വകാര്യത ബ്രിട്ടീഷ് ജീവിത രീതിയുടെ ഭാഗം ആയതിനാൽ ഹോട്ടലിലോ മറ്റോ കണ്ടാൽ പ്രത്യേകിച്ചും പ്രായമുള്ളവർ ചുമ്മാ നോക്കിയിരിക്കും. ചിലപ്പോൾ പയ്യെ അടുത്ത് വന്നു വളരെ സ്വകാര്യമായി ടിവിയിൽ കണ്ട പാട്ടുകാരി കുട്ടി ആണല്ലോ എന്നൊക്കെ പറഞ്ഞു പോകും. സൗപർണിക താമസിക്കുന്ന ബറിയിലെ ചന്തയിൽ സ്ഥിരം സന്ദർശകരാണ് ബിനുവും കുടുംബവും. ഇവിടെ എത്തുന്നവർക്കെല്ലാം സൗ ഇപ്പോൾ വീട്ടിലെ കുട്ടിയെ പോലെ പരിചയക്കാരിയാണ്. കടകളിലോ പെട്രോൾ സ്റ്റേഷനിലോ ഒകെ ചെന്നാലും സ്ഥിതി വ്യത്യസ്ഥമല്ല.

ടിവിയിൽ എത്തും മുൻപ് ബ്രിട്ടനിലെ ഒട്ടെറെ സംഗീത വിരുന്നുകളിൽ പാട്ടുമായി എത്തിയതോടേയാണ് നാട്ടുകാർ സൗപർണികയുടെ കൗതുകമുള്ള മുഖം മനസ്സിൽ കൊത്തിയെടുത്തത്. കിഴക്കൻ ഇംഗ്ലണ്ടിലെ പ്രധാന സംഗീത മേളയായ കോൾചെസ്റ്റർ ഫെസ്റ്റിൽ സിംഗർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വർഷമാണ്. ബ്രിട്ടനിലെ രണ്ടാമത്തെ ക്രിസ്മസ് മേളയെന്നു സംഘാടകർ അവകാശപ്പെടുന്ന ബറി ഫെയറിൽ കഴിഞ്ഞ രണ്ടു വർഷമായി ഓപ്പണിങ് സെറിമണിയിൽ അരമണിക്കൂർ എങ്കിലും സൗപർണിക പാടണം എന്നത് സംഘാടകർക്കും നാട്ടുകാർക്കും നിർബന്ധമാണ്. സൗപർണികയുടെ പാട്ടുകേൾക്കാൻ മാത്രം ഈ ഫെസ്റ്റിവലിൽ എത്തുന്നത് അനേകം പേരാണ്. ഇതോടെയാണ് സൗപർണികയ്ക്കു സെലിബ്രിറ്റിയല്ല, താരം എന്ന പദവിയാണ് കൂടുതൽ ഇണങ്ങുന്നത് എന്ന് പറയാൻ കാരണമാകുന്നതും.

ദി ഗ്രേറ്റർ ഷോ മാൻ എന്ന ചിത്രത്തിലെ ഇംഗ്ലീഷ് കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത നെവർ ഇനഫ് എന്ന ഗാനം പാടിയാണ് സൗപർണിക ബ്രിട്ടീഷ് ഹൃദയങ്ങൾ കീഴടക്കിയത്. ലോറൽ ആൾറെഡിന്റെ മനോഹര ശബ്ദത്തിൽ പിറന്ന ഈ പാട്ടു ബ്രിട്ടീഷുകാർ അത്രമേൽ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന എഡിഷൻ രംഗമാണ് ശനിയാഴ്ച വൈകിട്ട് പ്രേക്ഷകരെ തേടിയെത്തിയത്. അടുത്തത് സെമി ഫൈനലിന്റെ ലൈവ് പെർഫോർമൻസ് വേദിയാണ് സൗപർണികയെ കാത്തിരിക്കുന്നത്. എന്നാൽ ലോകം ഒട്ടാകെ കോവിഡിന്റെ പേരിൽ അനിശ്ചിതം നിലനിൽക്കുന്നതിനാൽ ബ്രിട്ടൻ ഗോട്ട് ടാലന്റിന്റെ ഈ വർഷത്തെ ഭാവിയും തുലാസിലാണ്. ഷോ മുടങ്ങിയാൽ വലിയൊരു അവസരം ആയിരിക്കും സൗപർണികക്കും അതുവഴി യുകെ മലയാളി സമൂഹത്തിനും നഷ്ടമാകുക.

കാൻസർ ഗവേഷണം അടക്കം തിരക്ക് പിടിച്ച ഡോക്ടറായ ബിനുവാണ് പാട്ടിന്റെ കാര്യത്തിൽ സൗപർണികയുടെ ആദ്യ ഗുരു എങ്കിലും ഇപ്പോൾ ആ റോൾ ഏറ്റെടുക്കുന്നത് അമ്മ രഞ്ജിതയാണ്. പാട്ടുമായി സജീവമാകുമ്പോൾ കാര്യമായൊന്നും സ്‌കൂൾ പഠന ദിനങ്ങൾ നഷ്ടമാകുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. മോളുടെ പാട്ടിന്റെ പേരിൽ തങ്ങൾക്ക് അധികമൊന്നും അലയേണ്ടി വന്നിട്ടില്ലെന്നും ഭാഗ്യവശാൽ അവസരങ്ങൾ തേടി എത്തുക ആയിരുന്നു എന്നുമാണ് ബിനു പറയുന്നത്. അത്രവലിയ അറിയപ്പെടുന്ന ഗുരുനാഥരോന്നുമല്ല സൗപർണികയെ പാട്ടു പഠിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജന്മ സിദ്ധിയാൽ സൗപർണിക ഇംഗ്ലീഷ് സംഗീതത്തെ മെരുക്കുന്നു എന്നതാകും കൂടുതൽ സത്യവും.

നല്ല തെളി മലയാളം തന്നെ പറയുന്ന സൗ തന്നെയാണ് വീട്ടിൽ മലയാളം മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതിലും മുന്നിൽ നിൽക്കുന്നത്. മലയാളം പറയുക മാത്രമല്ല, സൂപ്പർ ഫാസ്റ്റ് വേഗമായതിനാൽ ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ വീണ്ടും ചോദിക്കേണ്ടി വരും, അത്ര അനായാസമാണ് ഈ മിടുക്കിയുടെ മലയാളം. യുകെയിൽ വളർന്ന കുട്ടിയല്ലേ മലയാളം അറിയില്ലായിരിക്കും എന്ന് കരുതി സൗപർണികയെ കണ്ടാൽ ഇംഗ്ലീഷിൽ ചോദിക്കാൻ നിൽക്കേണ്ടാ, ധൈര്യമായി ചോദിക്കാം, മോളെ സുഖമല്ലേ എന്ന്. പിന്നെ വിശേഷങ്ങളുടെ സുവർണ വിരിയിട്ട ജാലകം തന്നെയാകും ഈ പാട്ടുകാരി നിങ്ങൾക്കായി തുറന്നിടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP