Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക ക്ലേശം ഒഴിവാക്കാൻ പ്രവാസികളെ പിഴിഞ്ഞ് സൗദി സർക്കാർ; ജൂലൈ ഒന്നുമുതൽ സൗദിയിൽ താമസിക്കുന്ന വിദേശികൾ ഓരോ ആശ്രിതർക്കും പ്രതിമാസം 100 റിയാൽ വീതം നൽകണം; മൂന്നുകുട്ടികൾ ഉള്ള ഒരു കുടുംബം മാസം നൽകേണ്ടത് 400 റിയാൽ; കുടുംബാഗങ്ങളെ നാട്ടിലേക്കയച്ച് അനേകം മലയാളികൾ

സാമ്പത്തിക ക്ലേശം ഒഴിവാക്കാൻ പ്രവാസികളെ പിഴിഞ്ഞ് സൗദി സർക്കാർ; ജൂലൈ ഒന്നുമുതൽ സൗദിയിൽ താമസിക്കുന്ന വിദേശികൾ ഓരോ ആശ്രിതർക്കും പ്രതിമാസം 100 റിയാൽ വീതം നൽകണം; മൂന്നുകുട്ടികൾ ഉള്ള ഒരു കുടുംബം മാസം നൽകേണ്ടത് 400 റിയാൽ; കുടുംബാഗങ്ങളെ നാട്ടിലേക്കയച്ച് അനേകം മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവും വർധിച്ച പ്രതിരോധച്ചെലവും സൗദി അറേബ്യയെ വലയ്ക്കുന്ന കാലമാണിപ്പോൾ. സാമ്പത്തിക രംഗത്തുണ്ടായ ഈ മന്ദിപ്പ് വിദേശികളായ പ്രവാസികളിൽനിന്ന് ഈടാക്കാനുള്ള തീരുമാനത്തിലാണ് സൗദി സർക്കാർ. വിദേശികൾക്ക് കുടുംബനികുതി ഏർപ്പെടുത്താനുള്ള സൗദദി സർക്കാരിന്റെ തീരുമാനം ഏറ്റവുമധികം തിരിച്ചടിയാവുക ഇന്ത്യക്കാരെയാണ്. 41 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരാണ് സൗദിയിലെ ഏറ്റവും വലിയ വിദേശിവിഭാഗം.

സൗദിയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവർ, കുടുംബത്തിലെ ഓരോ അംഗത്തിനും 100 റിയാൽ വീതം നൽകണമെന്നതാണ് കുടുംബ നികുതി. ആശ്രിതരായ എല്ലാവർക്കും ഇത് ബാധകമാണ്. മൂന്ന് കുട്ടികളുള്ള ഒരു വീട്ടിൽ മാസം 400 റിയാൽ കുടുംബനികുതിയായി കെട്ടേണ്ടിവരും. മലയാളികളുൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇത് കനത്ത തിരിച്ചടിയാകും. അവരുടെ കുടുംബബജറ്റിനെത്തന്നെ താളം തെറ്റിക്കുന്ന തരത്തിലാണ് നികുതി തീരുമാനം അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ജൂലൈ ഒന്നുമുതൽ കുടുംബ നികുതി വരുമെന്നതിനാൽ, കുടുംബത്തെ നാട്ടിലേക്ക് മടക്കിയയച്ച് ഇതിൽനിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ് മലയാളികളടക്കമുള്ളവർ. സൗദിയിൽ തൊഴിലെടുക്കുന്നവർ മാത്രമാക്കി പ്രവാസികളെ ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഭീം റെഡ്ഡി മന്ഥ പറഞ്ഞു. പുരുഷന്മാർ വീണ്ടും നിർബന്ധിത ബാച്ചിലർ ജീവിതം ജീവിക്കേണ്ട അവസ്ഥയാകും.

5000 റിയാലിനുമുകളിൽ (86,000 രൂപ) ശമ്പളമുള്ളവർക്കാണ് സൗദി ഫാമിലി വിസ അനുവദിക്കുന്നത്. ഇങ്ങനെ താമസിക്കുന്ന അച്ഛനും അമ്മയും രണ്ടുകുട്ടികളും ഉൾപ്പെടുന്ന കുടുംബം, ജൂലൈ മുതൽ മാസം 300 റിയാൽ (5100 രൂപ) നികുതി നൽകണം. മാത്രമല്ല, 2020 വരെ ഓരോ വർഷവും ഓരോ കുടുംബാംഗതത്തിനും വർഷം 1000 റിയാൽവെച്ച് വർധിക്കുകയും ചെയ്യും.

ഇതുപ്രകാരം, 2020 ആകുമ്പോഴേക്കും ഒരു കുടുംബാഗത്തിന് 400 റിയാലാകും (6900 രൂപ) നികുതി. നികുതി മുൻകൂറായി അടയ്ക്കണമെന്ന വ്യവസ്ഥയുമുണ്ട്. റെസിഡൻസ് പെർമിറ്റായ ഇക്കാമ പുതുക്കുന്ന ഘട്ടത്തിൽ ഇതടയ്‌ക്കേണ്ടിവരും. അപ്പോൾ, ഭാര്യയും രണ്ടുമക്കളുമുള്ള ഒരാൾ, കുടുംബാംഗങ്ങളുടെ ഇക്കാമ പുതുക്കുന്നതിന് 3,600 റിയാലോളം (62,000 രൂപ) മുൻകൂറായി കെട്ടിവെക്കണം. ഇത് താങ്ങാവുന്നതിലും അധികമാണെന്ന നിലപാടിലാണ് പ്രവാസികൾ.

കുടുംബസമേതം കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളിൽ ഓരോരുത്തർക്കും പ്രതിമാസം 100 റിയാൽ നൽകണം. 2019ഓടെ ഇത് 300 റിയാലാകും. ഒന്നിലധികം കുടുംബാംഗങ്ങളുള്ള പ്രവാസികൾക്ക് ഇത് കനത്ത ബാധ്യതയുണ്ടാക്കും. 2018ൽ ഇതുവഴി 100 കോടി അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ സ്വകാര്യ സ്‌പോൺസർമാർക്ക് കീഴിൽ ജോലിചെയ്യുന്ന പ്രവാസികൾ ഒരു വർഷം ഇഖാമ തുകയും ലെവിയുമുൾപ്പെടെ 3,100 റിയാലാണ് നൽകേണ്ടത്. ഓരോ കുടുംബാംഗത്തിനും വർഷത്തിൽ 1,200 റിയാൽകൂടി അധികം നൽകേണ്ടിവരും. ഈ തുക എന്നു മുതൽ നൽകണമെന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ തന്നെ ഇക്കാര്യത്തിൽ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും വിദേശ തൊഴിലാളികളെ ബോധവൽക്കരിച്ചു തുടങ്ങിയിരുന്നു. തുക വേതനത്തിൽനിന്ന് കിഴിവ് ചെയ്യുമെന്ന് പല കമ്പനികളും ഇതിനകം അറിയിച്ചിട്ടുണ്ട്. സ്വദേശിവൽകരണം പ്രോത്സാഹിപ്പിക്കുകയും എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ മറ്റു വരുമാന സ്രോതസ്സുകൾ കണ്ടെത്തുകയുമാണു സൗദിയുടെ ലക്ഷ്യം. കുടുംബാംഗങ്ങൾക്കു ലെവി ബാധകമായാൽ ജീവിതച്ചെലവ് വർധിക്കുമെന്നതാണു പ്രവാസികളുടെ ആശങ്ക.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഭദ്രമായ സാമ്പത്തികാടിത്തറയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. അവശ്യ സേവനങ്ങളുടെ വില അഞ്ചു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി വർധിപ്പിക്കും. പഞ്ചസാരയുടെയും പാനീയങ്ങളുടെയും സബ്‌സിഡി എടുത്തുകളയാനുള്ള തീരുമാനം തുടരും. സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന കമ്പനികൾ ഓരോ ജീവനക്കാരനും 400 റിയാൽ പ്രതിമാസം അധികം നൽകണം. സ്വദേശികളെക്കാൾ കുറവാണ് വിദേശികളെങ്കിൽ 300 റിയാലാണ് നൽകേണ്ടത്. വിദേശികളെക്കാൾ കുറവാണ് സ്വദേശികളെങ്കിൽ 300 റിയാലാണ് നികുതി. ഇത് 800 റിയാൽ വരെ നൽകേണ്ട കമ്പനികളുണ്ട്.

നേരത്തെ വിസ നിരക്കുകൾ വർധിപ്പിച്ച കൂട്ടത്തിൽ സന്ദർശക വിസയുടെ നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇത്് മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP