Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കാലത്ത് ഒമാനിലെ കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ; സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ ജോലി നഷ്ടമായത് ആയിരക്കണക്കിന് മലയാളികൾക്ക്; ഒമാനിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഡീലർഷിപ്പ് കമ്പനിയായി സൗദ് ബഹ്‌വാൻ ഗ്രൂപ്പ് ഒറ്റയടിക്കു പിരിച്ചുവിട്ടത് 1400 പേരെ; പിരിച്ചുവിടൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർബന്ധിച്ചു രാജി എഴുതിവാങ്ങി; ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ വെറുംകയ്യോടെ നാടുകളിലേക്ക് മടങ്ങി തൊഴിലാളികൾ; ആരോഗ്യമേഖലയിൽ നിരവധി മലയാളികൾക്കും പിരിച്ചുവിടൽ നോട്ടീസ്

കോവിഡ് കാലത്ത് ഒമാനിലെ കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ; സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ ജോലി നഷ്ടമായത് ആയിരക്കണക്കിന് മലയാളികൾക്ക്; ഒമാനിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഡീലർഷിപ്പ് കമ്പനിയായി സൗദ് ബഹ്‌വാൻ ഗ്രൂപ്പ് ഒറ്റയടിക്കു പിരിച്ചുവിട്ടത് 1400 പേരെ; പിരിച്ചുവിടൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർബന്ധിച്ചു രാജി എഴുതിവാങ്ങി; ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ വെറുംകയ്യോടെ നാടുകളിലേക്ക് മടങ്ങി തൊഴിലാളികൾ; ആരോഗ്യമേഖലയിൽ നിരവധി മലയാളികൾക്കും പിരിച്ചുവിടൽ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: കോവിഡ് കാലം മലയാളികളുടെ ഗൾഫ് സ്വപ്‌നങ്ങളെ പാടെ തകർക്കുകയാണ്. തൊഴിൽനഷ്ടം വന്ന് പതിനായിരക്കണക്കിന് ആളുകളാണ് വെറുംകൈയോടെ നാടുകളിലേക്ക് മടങ്ങേണ്ടി വന്നത്. വ്യോമഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാതെ വന്നതോടെ എന്തുചെയ്യണമെന്ന് ദാരിദ്ര്യത്തിലും കഴിയുകയാണ് ഇവർ. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഒമാനിലും കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ചില കമ്പനികൾ പിരിച്ചുവിടൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർദാക്ഷണ്യത്തോടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്.

ഒമാനിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഡീലർഷിപ്പ് കമ്പനിയായ സൗദ ബഹ്വാൻ ഗ്രൂപ്പിലെ കൂട്ടപ്പിരിച്ചുവിടൽ തൊഴിലാളികളെയെല്ലാം അമ്പരപ്പിച്ചിരിക്കയാണ്. കോവിഡ് പശ്ചാത്തലത്തിൽ കമ്പനി അടഞ്ഞു കിടന്നതോടെയാണ് കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങിയത്. ഒമാനിൽ ഏറ്റവും കൂടതൽ മലയാളികൾ ജോലി ചെയ്യുന്ന കമ്പനി കൂടിയാണ് സൗദ് ബഹ്‌വാൻ. 1400 ജീവനക്കാരെയാണ് നിർബന്ധിച്ച് രാജി എഴുതിവാങ്ങി സൗദ് ബഹ്‌വാൻ കമ്പനി പിരിച്ചു വിട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ നിരവധി മലയാളികളുമുണ്ട്. ജോലി പോയവരെ കമ്പനി ചാർട്ടഡ് വിമാനത്തിൽ നാട്ടിലേക്ക് പറഞ്ഞയച്ചു. സമാന പ്രതിസന്ധി മറ്റ് കമ്പനികളിലേക്കും വ്യാപിക്കുമെന്ന കടുത്ത ആശങ്കയിലാണ് ഒമാനിലെ പ്രവാസി മലയാളികൾ.

കോവിഡ് കാലത്ത് പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഓരോ ഘട്ടങ്ങളിൽ ജീവനക്കാരെ പിരിച്ചുവിട്ടത്. ഒമാനിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഡീലർഷിപ്പ് കമ്പനി ബിസിനസ് കുറഞ്ഞു എന്നു പറഞ്ഞാണ് പിരിച്ചുവിടൽ നടപടികളിലേക്ക് കടന്നത്. ടൊയോട്ട, ലക്‌സസ്, കിയ, ഫോർഡ്, തുടങ്ങിയ കമ്പനികളുട വാഹനങ്ങൽ സെയിൽ ചെയ്യുകുകയും പാർട്‌സ് ഘടിപ്പിക്കുകയും സർവീസ് ചെയ്യുകയും ചെയ്യുന്നതണ് സൗദ് ബഹ്വാൻ കമ്പനി. ഇവിടെ എത്തിക്കുന്ന വാഹനങ്ങൾ മോദിഫൈ ചെയ്ത് മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. പതിനായിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഈ വലിയ കമ്പനിയിൽ ഒറ്റയടിക്ക് 1400 പേരെ പിരിച്ചുവിടുകയായിരുന്നു.

തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ പാലിക്കേണ്ട ഒമാൻ സർക്കാറിന്റെ നിബന്ധനകൾ കാറ്റിൽപ്പറത്തിയാണ് പിരിച്ചുവിടൽ ഉണ്ടായിരിക്കുന്നതെന്നാണ് തിരികെ നാട്ടിലെത്തിയ തൊഴിലാളികൾ പറയുന്നത്. പലർക്കും ഒരുമാസത്തെ ശമ്പളം കിട്ടാനുണ്ട്. മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ മാസം പകുതി ആയപ്പോഴാണ് കമ്പനി പൂർണമായും അടച്ചിടേണ്ട അവസ്ഥ ഉണ്ടായത്. ഇതോടെ കമ്പനിയുടെ ബിസിനസ് നടന്നില്ല. ഇവിടെ, ഏപ്രിൽ മാസ സാലറി മുഴുവൻ സാലറിയും നൽകി മെയ് 11ന് ഒറ്റയടിക്കാണ് 1400 തൊഴിലാളികളെ പിരിച്ചുവിട്ടത്. നഷ്ടത്തിന്റെ കണക്കു പറഞ്ഞാണ് നിർബന്ധിച്ച് രാജി എഴുതി വാങ്ങിയത്.

കമ്പനി മുൻകൈയെടുത്താണ് ആദ്യത്തെ ചാർട്ടഡ് വിമാനം കൊച്ചിയിലേക്ക് പറത്തിയത്. നാട്ടിൽ എത്തിയ മൂന്നൂറോളം വരുന്നവർക്ക് രാജിക്കത്തിൽ പറഞ്ഞതു പോലെ സാലറി കിട്ടിയിരുന്നില്ല. കൂടാതെ പിരിച്ചുവിട്ടവർക്ക് എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകിയെങ്കിലും മറ്റ് സ്റ്റേറ്റ്‌മെന്റുകളൊന്നും ലഭിച്ചില്ല. ഭക്ഷണവും താമസവും കമ്പനി തന്നെയാണ് ഒരുക്കിയിരുന്നത്. ഭക്ഷണത്തിനായി മുപ്പതു റിയാൽ മസം തോറും നൽകുകയായിരുന്നു ഇവിടുത്തെ പതിവ്. എന്നാൽ, ജൂൺ മാസ ഭക്ഷണ അലവൻസ് ഇപ്പോൾ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ലഭിച്ചിട്ടില്ല. മറ്റുള്ളവരിൽ നിന്നും കടംവാങ്ങി കഴിയേണ്ട അവസ്ഥയിലാണ് അവിടെ അവശേഷിക്കുന്ന ജോലിക്കാർ.

മെയ് മാസത്തെ ശമ്പളവും കിട്ടാത്ത നിരവധി ജീവനക്കാരുണ്ട്. തൊഴിലാളികളെ പിരിച്ചു വിടുമ്പോൾ ചൈയ്യേണ്ട മാനദണ്ഡം ഒന്നും കമ്പനി അധികൃതർ കാണിക്കാതെ കടുത്ത തൊഴിൽ ലംഘനമാണ് നടന്നു കൊണ്ടിരിക്കുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസിയും കേന്ദ്രസർക്കാറും ഒന്നും ഇടപെട്ടിട്ടില്ല. ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടും ഇതുവരെ അതുണ്ടായിട്ടില്ല. കോവിഡ് കാലത്ത് സ്വദേശവൽക്കരണം ശക്തമാകുന്നതിന്റെ ഭാഗമായുള്ള പിരിച്ചുവിടൽ ആയതിനാൽ മിക്ക കമ്പനികളും യാതൊരു തൊഴിൽമാദണ്ഡവും പാലിക്കുന്നില്ല. ഒറ്റയടിക്ക് കൂട്ടത്തോടെയുള്ള പിരിച്ചവിടൽ മലയാളികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയിലെ പ്രവാസികൾക്കും പിരിച്ചുവിടൽ നോട്ടീസ്

ഒമാൻ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. നഴ്‌സ്, അസി.ഫാർമസിസ്റ്റ്, ഫാർമസിസ്റ്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് മന്ത്രാലയം നോട്ടീസ് നൽകിയിരിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ളവർക്ക് സെപ്റ്റംബർ വരെയാണ് തൊഴിൽ കാലാവധി അനുവദിച്ചിരിക്കുന്നത്. മസ്‌കത്ത്, സുഹാർ, ബുറൈമി, നിസ്വ തുടങ്ങി വിവിധ ഭാഗങ്ങളിൽ ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും മറ്റുമായി തൊഴിലെടുക്കുന്നവർക്ക് കഴിഞ്ഞ ആഴ്ചകളിലാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടെ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം കൂടി വരുന്നതോടെ മലയാളികൾ ഉൾപ്പടെ ആരോഗ്യ മേഖലയിലെ വിദേശികൾക്ക് വലിയ തിരിച്ചടിയാകും.

സർക്കാർ മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ നിർദ്ദേശിച്ച് ധനകാര്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി ദിവസങ്ങൾക്കിടെയാണ് ആരോഗ്യ മേഖലയിലെ പിരിച്ചുവിടൽ നടപടി. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികളാണ് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ രാജ്യത്ത് ജോലി ചെയ്യുന്നത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷവും ആരോഗ്യ മേഖലയിൽ വലിയ തോതിൽ വിദേശികളെ പിരിച്ചുവിട്ടിരുന്നു.

ഫാർമസിസ്റ്റ് തസ്തികയിൽ പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം 2018ൽ അറിയിച്ചിരുന്നു. അവശേഷിക്കുന്നവർക്കും സമീപ ഭാവിയിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിക്കാനിടയുണ്ടെന്നാണ് സൂചന. നേരത്തെ ആരോഗ്യ മന്ത്രാലയത്തിലായിരുന്നു ഏറ്റവും കൂടുതൽ വിദേശി തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. ഡോക്ടർ, നഴ്സ്, അസി. ഫാർമസിസ്റ്റ്, ദന്തരോഗ വിഭാഗം, എക്‌സ്‌റേ തുടങ്ങിയ വിഭാഗങ്ങളിലും സ്വദേശിവത്കരണം ശക്തിപ്പെടുത്തിയതിനെ തുടർന്ന് നിരവധി പ്രവാസികൾക്ക് ഇതിനോടകം തൊഴിൽ നഷ്ടപ്പെട്ടു.

ആരോഗ്യ മന്ത്രാലയത്തിൽ 90 ശതമാനം സ്വദേശിവത്കരണം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം സ്വദേശിവത്കരണ നടപടി ഫോളോഅപ്പ് കമ്മിറ്റി ചെയർമാൻ ഖാലിദ് ബിൻ അബ്ദുല്ല അൻ മൻതരി പറഞ്ഞു. ചില സ്പെഷ്യാലിറ്റികളിൽ ഇതിനകം തന്നെ പൂർണ സ്വദേശിവത്കരണം നടന്നു. കൺസൾട്ടന്റ് ഫിസിഷ്യന്മാരുടെ ഭാഗത്തിൽ 72 ശതമാനവും മെഡിക്കൽ ഡോക്ടർമാരുടെ വിഭാഗത്തിൽ 39 ശതമാനവും നഴ്സിങ് - മെഡിക്കൽ ലബോറട്ടറി ജോലികളിൽ 65 ശതമാനവും വീതമാണ് സ്വദേശിവത്കരണം. ഫാർമസി വിഭാഗത്തിൽ 94 ശതമാനം സ്വദേശികളെ നിയമിച്ചു. അനുബന്ധ ജോലികളിൽ 74 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. ഫസ്റ്റ് എയ്ഡ്, സ്റ്റെറിലൈസേഷൻ വിഭാഗങ്ങളിൽ നൂറ് ശതമാനം സ്വദേശിവത്കരണം പൂർത്തിയായതായും ഖാലിദ് ബിൻ അബ്ദുല്ല അൻ മൻതരി പറഞ്ഞു.

50.79 ലക്ഷം ജനസംഖ്യയുള്ള ഒമാനിൽ 40 ശതമാനവും വിദേശികളാണ്. നാമമാത്ര തൊഴിലാളികളായ ബംഗ്ലാദേശികൾ പ്രവാസിസംഖ്യയിൽ ഒന്നാമതാണെങ്കിലും 6.54 ലക്ഷം ജനസംഖ്യയുമായി ഇന്ത്യ രണ്ടാമതുണ്ട്. ഇവരിൽ മലയാളികൾ 4.31 ലക്ഷമെന്നാണ് കണക്ക്. ചേരമാൻ പെരുമാൾ ഹജ്ജ് തീർത്ഥാടനത്തിനുശേഷമുള്ള മടക്കയാത്രയിൽ ഒമാനിലെ സലാലയിൽ വച്ചായിരുന്നു അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന്റെ ഖബർസ്ഥാൻ ഇന്നും മലയാളികളുടെ തീർത്ഥാടന കേന്ദ്രമാണ്. മലയാളിയും ഒമാനും തമ്മിലുള്ള ബന്ധം ചേരമാൻ പെരുമാളിനു മുമ്പുതന്നെ ഊട്ടിയുറപ്പിക്കപ്പെട്ടതെങ്കിലും ആ ഊഷ്മളബന്ധവും പഴങ്കഥയാവുന്നു. സർക്കാർ സർവീസിൽ നിന്ന് വിദേശികളെ പിരിച്ചുവിടുന്ന ഉത്തരവ് നടപ്പാകുമ്പോൾ കനത്ത ആഘാതമേൽക്കുക മലയാളികൾക്ക് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP