Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആ 17കാരി ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; ഷാർജയിൽ നിന്നും അവധി ആഘോഷിക്കാൻ കേരളത്തിലെത്തിയപ്പോൾ അജ്ഞാത പ്രാണി കടിച്ച് ഇരു വൃക്കകളും തകരാറിലായ സാന്ദ്രാ ആൻ ജയ്‌സന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന്; ദിവസവും 11 മണിക്കൂറോളം ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തിയിരുന്ന പെൺകുട്ടിയുടെ മരണം സംഭവിച്ചത് ആറു വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽ

അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആ 17കാരി ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; ഷാർജയിൽ നിന്നും അവധി ആഘോഷിക്കാൻ കേരളത്തിലെത്തിയപ്പോൾ അജ്ഞാത പ്രാണി കടിച്ച് ഇരു വൃക്കകളും തകരാറിലായ സാന്ദ്രാ ആൻ ജയ്‌സന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന്; ദിവസവും 11 മണിക്കൂറോളം ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തിയിരുന്ന പെൺകുട്ടിയുടെ മരണം സംഭവിച്ചത് ആറു വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: വേദനകളും സങ്കടങ്ങളും നിറഞ്ഞ ആറു വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽ ആ 17കാരി ഈ ലോകത്തു നിന്നും യാത്രയായി. അവധി ആഘോഷിക്കാൻ നാട്ടിൽ എത്തിയപ്പോൾ അജ്ഞാത പ്രാണി കടിച്ച് അപൂർവ്വ രോഗം ബാധിച്ച് ഇരു വൃക്കകളും തകരാറിലായ ഷാർജയിലെ മലയാളി പെൺകുട്ടിയാണ് ഒടുവിൽ സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. പത്തനംതിട്ട അടൂർ സ്വദേശി ജെയ്‌സൺ തോമസിന്റെ മകൾ സാന്ദ്ര ആൻ ജെയ്‌സൺ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഷാർജയിൽ വർഷങ്ങൾ നീണ്ട ചികിത്സകൾക്കൊടുവിൽ നാട്ടിലെത്തിയ പെൺകുട്ടി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലാണ് മരിച്ചത്.

ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അപൂർവ്വ രോഗമാണ് സാന്ദ്രയെ ബാധിച്ചത്. മിടുമിടുക്കിയായി ഓടി നടന്ന താൻ ഒരു ദിവസം ശരീരം തളർന്ന് കിടപ്പിലായിട്ടും മനോധൈര്യം കൊണ്ട് അതെല്ലാം അഅതിജീവിച്ചാണ് സാന്ദ്ര വർഷങ്ങളായി തന്റെ ജീവൻ നിലനിർത്തിയത്. ഷാർജ ഇന്ത്യൻ സ്‌കൂളിൽ പഠിച്ചിരുന്ന സാന്ദ്ര ഗുരുതര വൃക്ക രോഗം ബാധിച്ച്ചികിത്സയിൽ കഴിയുന്നതിനിടയിലും പഠനത്തെ കൈവിടാതിരുന്നു. അധികൃതർ അനുവദിച്ച പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സഹായത്തോടെ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയെഴുതി 75% മാർക്ക് വാങ്ങിയിരുന്നു.

ഷാർജയിലാണ് മാസങ്ങൾക്ക് മുമ്പ് വരെ സാന്ദ്രയെ ചികിത്സിച്ചിരുന്നത്. ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്നും വൃക്ക മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകുകയുള്ളൂ എന്നും ഡോക്ടർമാർ വിധിയെഴുതിയതിനെ തുടർന്നാണ് കുടുംബം നാട്ടിലേയ്ക്ക് പോയത്. സാന്ദ്രയുടെ കഥ വാർത്തയായപ്പോൾ ചികിത്സയ്ക്കായി സമൂഹത്തിന്റെ പല ഭാഗത്തു നിന്നും സഹായങ്ങൾ ലഭിച്ചു. പഠിച്ച് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. മകളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് ജീവിതാഭിലാഷം സഫലീകരിച്ചുകൊടുക്കണമെന്ന ചിന്തയിലായിരുന്നു മാതാപിതാക്കൾ.

2014ൽ അവധിക്കാലത്ത് ഷാർജയിൽ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് സാന്ദ്രയുടെ ജീവിതം മാറ്റിമറിച്ച ഏതോ പ്രാണിയുടെ കടിയേൽക്കുന്നത്. ചിക്കൻ പോക്‌സിന്റെ രൂപത്തിൽ ആദ്യം രോഗം ബാധിച്ചു. രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശാധനകളിൽ ഹെനോക് സ്‌കോളിൻ പർപുറ എന്ന അപൂർവ രോഗമാണ് ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ തന്നോട് പറഞ്ഞതെന്നാണ് ജെയ്‌സൺ കരുതുന്നത്.

അസുഖം കുറച്ച് ഭേദമായതോടെ വീണ്ടും യുഎഇയിലെത്തി. എന്നാൽ, ദിവസങ്ങൾക്കകം പാടുകൾ വർധിക്കുകയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളിൽ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. വീണ്ടും ചികിത്സ തേടിയപ്പോൾ കുറയുകയും സ്‌കൂൾ പഠനം തുടരുകയും ചെയ്തു. പിന്നീട് നടത്തിയ കിഡ്‌നി ബയോപ്‌സിയിലൂടെ വൃക്കകൾ 70 ശതമാനം പ്രവർത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, ഒപോസിറ്റീവ് രക്തഗ്രൂപ്പുള്ളയാളുടെ വൃക്ക മാറ്റിവച്ചാലേ ഈ കൊച്ചുമിടുക്കി ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയുള്ളൂ എന്നതിനാൽ അതിന് തയാറായി ഏതെങ്കിലും മനുഷ്യസ്‌നേഹി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

ഷാർജ അൽ ഖാസിമി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. സാന്ദ്രയ്ക്ക് എണീറ്റ് നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. നിത്യേന 11 മണിക്കൂർ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചെറിയ പ്രായമായതിനാൽ ഇത്തരം ഡയാലിസിസിനെ ഡോക്ടർമാർ പിന്തുണച്ചിരുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്. മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മർദമുള്ളതിനാൽ മാറ്റിവയ്ക്കൽ സാധ്യമല്ലെന്ന് ജെയ്‌സൺ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP