Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രവിചന്ദ്രന്റെ യോഗങ്ങൾക്ക് ആളെത്തുന്നതിൽ കുരുപൊട്ടിയ വർഗീയ ബോധത്തിന് ചുട്ട മറുപടി നൽകി ലണ്ടൻ മലയാളികൾ; കാർഡിഫിലെ വേദിയിലെ യോഗം അവസാന നിമിഷം അട്ടിമറിക്കാൻ പാര പണിത് വിശ്വാസികളായ മലയാളികൾ; മണിക്കൂറുകൾക്കകം സംഘാടകർ മറ്റൊരു വേദി കണ്ടെത്തിയതോടെ ആവേശത്തോടെ ഒഴുകിയെത്തി പ്രവാസികൾ

രവിചന്ദ്രന്റെ യോഗങ്ങൾക്ക് ആളെത്തുന്നതിൽ കുരുപൊട്ടിയ വർഗീയ ബോധത്തിന് ചുട്ട മറുപടി നൽകി ലണ്ടൻ മലയാളികൾ; കാർഡിഫിലെ വേദിയിലെ യോഗം അവസാന നിമിഷം അട്ടിമറിക്കാൻ പാര പണിത് വിശ്വാസികളായ മലയാളികൾ; മണിക്കൂറുകൾക്കകം സംഘാടകർ മറ്റൊരു വേദി കണ്ടെത്തിയതോടെ ആവേശത്തോടെ ഒഴുകിയെത്തി പ്രവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സത്യാന്വേഷണത്തിന്റെ പാതയിലൂടെ സഞ്ചരിച്ചും യാഥാർഥ്യവുമായി പൊരുത്തമില്ലാത്ത അന്ധവിശ്വാസങ്ങളുടെ മുഖം മൂടി വലിച്ചു കീറുകയും ചെയ്ത് പ്രഭാഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് ശാസ്ത്ര പ്രചാരകൻ പ്രൊഫ. രവിചന്ദ്രൻ. ലോകമൊട്ടുക്കും ആയിരങ്ങളെ ആകർഷിച്ച പ്രഭാഷണം. ആ പഭാഷണ പരമ്പര യുകെ മലയാളികൾക്കിടയിൽ ചലനം സൃഷ്ടിക്കുകയാണിപ്പോൾ. നൂറുകണക്കിന് ആളുകളെ ആകർഷിച്ച മാഞ്ചസ്റ്റർ, ക്രോയിഡോൺ വേദികൾ സൃഷ്ടിച്ച നവീന ചിന്തയുടെ പ്രകമ്പനം കാർഡിഫിൽ നേരിട്ട് എത്തിയപ്പോൾ അതുമുടക്കാൻ ചരടുവലികളുമായി ചിലരെത്തി.

ഇവിടെ രവിചന്ദ്രന്റെ പ്രഭാഷണത്തിനായി തിരഞ്ഞെടുത്തിരുന്ന ദേവാലയത്തിന്റെ കീഴിൽ ഉള്ള ഹാൾ അവസാന നിമിഷം റദ്ദാക്കിയാണ് ദൈവ വിശ്വാസികളായ ഒരു വിഭാഗം മലയാളികൾ തന്നെ പാര പണിതത്. കാർഡിഫിൽ മലയാളികളുടെ ആരാധനയും പ്രമുഖ കരിസ്മാറ്റിക് സംഘത്തിന്റെ ധ്യാനവും നടക്കുന്ന ഹാളിൽ മത നിഷേധ പ്രസംഗം നടക്കുന്നു എന്ന് പ്രചരണം നടത്തിയാണ് പരിപാടി അട്ടിമറിക്കാൻ ശ്രമം നടന്നത്.

പ്രൊഫ. രവിചന്ദ്രന്റെ യുകെ ടൂർ പ്ലാൻ ചെയ്തപ്പോൾ ആദ്യം നിശ്ചയിച്ച വേദികളിൽ ഒന്ന് കൂടിയാണ് കാർഡിഫ്. എന്നാൽ മാഞ്ചസ്റ്ററിലും ക്രോയിഡോണിലും നൂറു കണക്കിന് മലയാളികളെ രവിചന്ദ്രന്റെ വേദിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതോടെ മതമലയാളികൾക്കിടയിൽ അസഹിഷ്ണുതയുടെ ചലം വമിക്കുന്ന കുരു പൊട്ടി തുടങ്ങി എന്ന് വ്യക്തമാക്കിയാണ് പരിപാടി മുടങ്ങണം എന്ന ഉദ്ദേശത്തോടെ ശുദ്ധ നുണ കെട്ടി ചമച്ചത്.

യുകെയിൽ എന്നല്ല, പൊതുവെ രവിചന്ദ്രന്റെ വേദികളിൽ മതത്തിനെതിരായ പരാമർശങ്ങൾ ഉണ്ടാകാറില്ല എന്ന വസ്തുത മറച്ചു വച്ച് 'ഹേറ്റ് പ്രീച്ചിങ് '' എന്ന ഓമനപ്പേരിട്ടാണ് അട്ടിമറി ശ്രമം നടത്തിയത്. എന്ത് കാരണത്താലാണ് ഹാൾ നിഷേധിക്കുന്നത് എന്ന് എസൻസ് കാർഡിഫ് ടീം ആരാഞ്ഞപ്പോഴാണ് പരാതി എത്തിയ ഉറവിടം വ്യക്തമായത്.

ഹാൾ നിഷേധിക്കും മുൻപ് പരിപാടിയുടെ വിശദാംശങ്ങൾ തിരക്കിയ അധികൃതർക്ക് പ്രൊഫ. രവിചന്ദ്രന്റെ വിശദമായ ബയോഡാറ്റയും എസൻസ് യുകെയുടെയും കേരളത്തിന്റെയും വിശദാംശങ്ങളും യുട്യൂബ് പ്രഭാഷണങ്ങളും കേരള സർക്കാർ നൽകിയ ശാസ്ത്ര പ്രചാരകനുള്ള അവാർഡ് വിവരങ്ങളും നൽകിയപ്പോഴാണ് മലയാളി സമൂഹത്തിൽ നിന്നും തന്നെയാണ് സമ്മർദ്ദം ഉണ്ടായതെന്ന സൂചന ലഭിച്ചത്. വിശദംശങ്ങൾ പരിശോധിച്ച ഹാൾ അധികൃതർ ''ഹേറ്റ് പ്രീച്ചിങ് '' എന്ന പദം പിന്നീട് ഉപയോഗിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ഒടുവിൽ ഈ പരിപാടി ബൈബിൾ ടീച്ചിങുമായി ഒത്തുപോകില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞാണ് ഹാൾ നിഷേധിക്കുന്നതായി അറിയിപ്പ് നൽകിയത്. എന്നാൽ ഹാൾ ബുക്ക് ചെയ്ത ആൾ താൻ ക്രിസ്ത്യൻ വിശ്വാസി ആണെന്നും സ്ഥിരമായി പള്ളിയിൽ എത്തുന്നതാന്നെന്നും വിശദീകരിച്ചിട്ടും ഹാൾ അധികൃതരുടെ സംശയം മാറിയില്ല എന്നത് പരിപാടി സംബന്ധിച്ച് ശുദ്ധ നുണകൾ അവരിലേക്ക് എത്തി എന്നതിന് തെളിവായി മാറി. പക്ഷേ, പരിപാടി ഉപേക്ഷിക്കാൻ സംഘാടകർ തയ്യാറായില്ല. അവർ അടുത്തുതന്നെ മറ്റൊരു വേദി കണ്ടുപിടിച്ചു. ഇതോടെ പരിപാടിക്കെതിരെ നടന്ന നീക്കങ്ങൾ കൂടി അറിഞ്ഞതോടെ പ്രതീക്ഷിച്ചതിലും കൂടുതൽപേർ പരിപാടിക്കെത്തി.

ബൈബിളിൽ മാത്രമല്ല, ലോകത്തെ സകല മതങ്ങളിലും ഉള്ള അസംബന്ധങ്ങൾ ശാസ്ത്രത്തിന്റെ അടിത്തറയിൽ നൂറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുകയാണെങ്കിലും അതൊന്നും മത വിശ്വാസികളുടെ ചെവികളിൽ എത്തുന്നതേ ഇല്ല എന്നുകൂടിയാണ് കാർഡിഫ് സംഭവം സൂചിപ്പിക്കുന്നത്. അതേ സമയം രവിചന്ദ്രന്റെ പ്രഭാഷണത്തിന് ഹാൾ നിഷേധിക്കപ്പെട്ട സംഭവം അറിഞ്ഞതോടെ ദൂരെ ദിക്കുകളിൽ നിന്ന് പോലും ഇന്ന് പ്രഭാഷണം കേൾക്കാൻ ആളുകൾ എത്തും എന്നാണ് സംഘാടകർക്ക് ലഭിക്കുന്ന വിവരം.

മുൻപ് നിശ്ചയിച്ചിരുന്ന ഹാളിൽ സൗജന്യമായി ഭക്ഷണം നൽകാൻ ആലോചിച്ചിരുന്നെങ്കിലും പുതിയ വേദി ഹോട്ടൽ ആയതിനാൽ സൗജന്യ ഭക്ഷണം നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ അറിയിച്ചു. വേദി മാറ്റം താൽക്കാലിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും മണിക്കൂറുകൾക്കകം പുതിയ വേദി കണ്ടെത്തി പൂർവ്വാധികം ഭംഗിയായി പ്രഭാഷണ പരിപാടി നടത്താൻ കഴിയും എന്ന വിശ്വാസമാണ് എസൻസ് യുകെ ടീം പ്രകടിപ്പിക്കുന്നത്.

നേരത്തെ നിശ്ചയിച്ചത് പോലെ ഇന്ന് രാത്രി എട്ടുമണിക്ക് തന്നെ പുതിയ വേദിയിൽ പരിപാടി നടക്കും. ഏതാനും വർഷം മുൻപ് മാഞ്ചസ്റ്ററിൽ ഓഐസിസി പരിപാടി നടത്തിയപ്പോൾ സ്‌കൂൾ ഹാൾ മുടക്കാൻ മറു ഗ്രൂപ് നടത്തിയ പാരയും വർഷങ്ങൾക്കു മുൻപ് ലിവർപൂളിൽ ലിമയുടെ ഓണാഘോഷം മുടക്കാൻ ബോംബ് ഭീക്ഷണി ഉണ്ടെന്ന ഇമെയിൽ സന്ദേശം നൽകിയതും കൂട്ടി വായിക്കുമ്പോൾ യുകെ മലയാളിയുടെ സ്വഭാവത്തിൽ ഏറെ വർഷങ്ങളുടെ യുകെ ജീവിതം കാര്യമായ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നും കാർഡിഫ് സംഭവം സൂചിപ്പിക്കുന്നു.

യഥാർത്ഥത്തിൽ ഇത്തരം ചിന്തകൾക്ക് കാരണമായി പ്രവർത്തിക്കുന്ന സങ്കുചിത ചിന്തകൾക്ക് പകരം മാനവിക ആശയങ്ങളുടെ വെളിച്ചം പകരാൻ വേണ്ടിയാണു എസൻസ് യുകെ ശ്രമിക്കുന്നത്. എന്നാൽ യുകെ മലയാളികളിൽ ബധിര കർണം കാത്തുസൂക്ഷിക്കുന്നർ ഏറെയാണ് എന്നും കാർഡിഫ് സംഭവം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP