Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌ക്കാരങ്ങൾ നേടി രണ്ട് പ്രവാസി മലയാളികൾ; ബിഇഎം അവാർഡ് നേടി ന്യൂഹാമിലെ അജിത സജീവും എം.ബി.ഇ അവാർഡ് നേടി ജേക്കബ് തുണ്ടിലും; തെരുവിൽ കഴിയുന്നവർക്കൊപ്പം പ്രവർത്തിച്ച് അജിതയും നാളികേര വ്യാപാര മികവ് ജേക്കബ്ബിനെയും നേട്ടങ്ങൾക്ക് അർഹരാക്കുമ്പോൾ

ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌ക്കാരങ്ങൾ നേടി രണ്ട് പ്രവാസി മലയാളികൾ; ബിഇഎം അവാർഡ് നേടി ന്യൂഹാമിലെ അജിത സജീവും എം.ബി.ഇ അവാർഡ് നേടി ജേക്കബ് തുണ്ടിലും; തെരുവിൽ കഴിയുന്നവർക്കൊപ്പം പ്രവർത്തിച്ച് അജിതയും നാളികേര വ്യാപാര മികവ് ജേക്കബ്ബിനെയും നേട്ടങ്ങൾക്ക് അർഹരാക്കുമ്പോൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: മൂന്നു വർഷം മുൻപ് ബ്രിട്ടീഷ് രാജ്ഞിയുടെ പരമോന്നത ബഹുമതികൾ സമ്മാനിക്കുമ്പോൾ യുകെ മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടു മുഖങ്ങൾ അതിലുണ്ടായിരുന്നു. സ്വിണ്ടനിലെ റോയ് സ്റ്റീഫനും ക്രോയ്ഡോണിലെ പ്രതിഭാ സിംഗും. രണ്ടുപേരും അവരവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ ഏറെ കഴിവ് കാട്ടിയവർ. മലയാളി സമൂഹത്തിനും പ്രിയപ്പെട്ടവർ. ഇപ്പോഴിതാ ഇവർക്കിടയിലേക്കു രണ്ടു പേർ കൂടി എത്തുന്നു. 

കഴിഞ്ഞ ദിവസം രാജ്ഞിയുടെ ബിഇഎം അവാർഡ് നേടിയ ന്യൂഹാമിലെ അജിത സജീവും എം.ബി.ഇ അവാർഡ് നേടിയ ജേക്കബ് തുണ്ടിലും. പ്രതിഭയെയും റോയിയേയും പോലെ അജിതയും പ്രാദേശിക കൗൺസിൽ ജീവനക്കാരി ആണെന്നതാണ് മറ്റൊരു പ്രത്യേകത. നാളികേരത്തിന്റെ വ്യാപാര സാധ്യതകൾ തേടിപ്പിടിച്ചു നേട്ടങ്ങൾ സ്വന്തമാക്കിയതാണ് ജേക്കബിനെ അവാർഡിന് അർഹനാക്കിയത്. ജേക്കബും ന്യുഹാം മലയാളികളുടെ സുഹൃത്ത് കൂടിയായ അജിതയും പ്രതിഭയേയും റോയിയേയും പോലെ തങ്ങളുടെ പ്രവർത്തനം മലയാളി സമൂഹത്തിൽ ഒതുക്കാതെ പ്രാദേശിക ഇംഗ്ലീഷ് സമൂഹത്തിൽ എത്തിച്ചതോടെയാണ് രാജ്യത്തിന്റെ ശ്രദ്ധയിൽ എത്തിയതെന്നതും ശ്രദ്ധേയം. ബക്കിങാം കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ബ്രിട്ടീഷ് രാജ്ഞിയോ രാജകുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ആണ് ബഹുമതി സമ്മാനിക്കുക.

വർഷങ്ങളായി കൗൺസിൽ പ്രവർത്തനത്തിൽ സജീവമായ അജിത തെരുവിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാൻ സഹായകമായ സ്ട്രീറ്റ് പോപ്പുലേഷൻ മാനേജർ പദവിയിലാണ് ഏറെക്കാലമായി ജോലി ചെയ്യുന്നതും. അജിതയെ തേടി ഈ നേട്ടം എത്തിയത് വേൾഡ് ഹോംലെസ്സ് ഡേയിൽ ആണെന്നത് മറ്റൊരു പ്രത്യേകതയായി മാറുന്നു.

വർഷങ്ങൾക്കു മുൻപ് കുടിയേറിയ രാജ്യത്തെ അശരണരായവർക്ക് വേണ്ടി പ്രവർത്തിച്ചതിനു രാജ്യം നൽകിയ സ്നേഹത്തിനു കൂപ്പുകൈകളോടെ നന്ദി പറയുകയാണ് അജിതയിപ്പോൾ. അജിതയെ തേടി എത്തിയ അംഗീകാരം മലയാളികളെപ്പോലെ ഇംഗ്ലീഷ് സമൂഹത്തെയും ഏറെ സന്തോഷിപ്പിക്കുകയാണ്. ഇതിന്റെ തെളിവായി ഇന്നലെ പുറത്തുവന്ന ന്യൂഹാമിലെ പ്രാദേശിക പത്രങ്ങൾ എല്ലാം തന്നെ വലിയ വാർത്ത പ്രാധാന്യമാണ് അജിതയുടെ നേട്ടത്തിന് നൽകിയിരിക്കുന്നതും.

വീടില്ലാത്തവരുടെ അത്താണി

ലണ്ടൻ നഗരത്തിലെ ഏറ്റവും നിർധന പ്രദേശം എന്നറിയപ്പെടുന്ന ന്യൂഹാമിലെ തെരുവുകളിൽ അന്തിയുറങ്ങാൻ എത്തുന്ന വീടില്ലാത്ത നൂറുകണക്കിനാളുകളുടെ പുനരധിവാസമാണ് തന്റെ ജോലിയുടെ ഭാഗമായി അജിത ഏറ്റെടുത്തിരുന്നത്. ന്യുഹാം കൗൺസിൽ സ്ട്രീറ്റ് പോപ്പുലേഷൻ മാനേജരായി ജോലി ചെയ്ത അജിതക്ക് സമൂഹം തള്ളിക്കളഞ്ഞവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നത് തുടക്കത്തിലേ കനത്ത വെല്ലുവിളിയും കൂടിയായിരുന്നു. കാരണം മിക്കവാറും തെരുവിന്റെ സന്തതികൾക്കു സുരക്ഷിത പാർപ്പിട മേഖലയിലേക്ക് മാറുക എന്നത് പോലും അത്ര വേഗത്തിൽ ഉൾക്കൊള്ളാനാവുന്ന ഒന്നല്ല.

ഇത്തരക്കാരെ പറഞ്ഞു മനസിലാക്കി സ്ഥിരം സുരക്ഷിത ഭവനങ്ങളിൽ എത്തിക്കുക എന്ന വെല്ലിവിളിയാണ് അജിത സധൈര്യം നേരിട്ടത്. മിക്കവാറും മയക്കുമരുന്നിനും മദ്യത്തിനും പുകവലിക്കും ഒക്കെ അടിമകളായ ഇക്കൂട്ടർ പണം നൽകാനല്ലാതെ ക്ഷേമം അന്വേഷിക്കാൻ എത്തുന്നവരോട് സംസാരിക്കാൻ പോലും തയ്യാറാവില്ല എന്നതാണ് യാഥാർഥ്യം. ഈ വെല്ലുവിളികൾക്കു മുന്നിൽ നിന്നാണ് വർഷങ്ങളോളം അജിത പ്രവർത്തിച്ചത്. ആ ധീരത സമൂഹത്തിന്റെ ശ്രദ്ധയിൽ എന്നുമുണ്ടായിരുന്നു എന്നുകൂടിയാണ് ഇപ്പോൾ ലഭിച്ച രാജ്ഞിയുടെ അംഗീകാരം വഴി പൊതുസമൂഹത്തിനു ഒരിക്കൽ കൂടി ബോധ്യപ്പെടുന്നതും.

സിംഗപ്പൂരിൽ നിന്നും ഏഴു വയസിൽ ബ്രിട്ടനിലെത്തി, രാജ്യത്തിന്റെ അഭിമാനമായി

രണ്ടാം ലോക യുദ്ധകാലത്തു ബ്രിട്ടന് വേണ്ടി പോരാടിയ അനേകം മലയാളി സൈനികർ പിന്നീട് ബ്രിട്ടീഷ് കോളനിയായ സിംഗപ്പൂരിൽ ഏറെക്കാലം സേവനം ചെയ്തിരുന്നു. ഇവരിൽ ഒട്ടേറെപ്പേർ പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറി. അത്തരത്തിൽ മാതാപിതാക്കൾക്ക് ഒപ്പം എത്തിയതാണ് അജിതയും. ഇപ്പോൾ 52 കാരിയായ അജിത കഴിഞ്ഞ മുപ്പതു വർഷമായി കൗൺസിലിൽ ജോലി ചെയ്യുകയാണ്. ഈസ്റ്റ് ഹാമിൽ സ്ഥിരതാമസമാക്കിയ അജിത അമ്മയുടെ ഉപദേശ പ്രകാരമാണ് കൗൺസിലിൽ ജോലി ചെയ്യാൻ എത്തിയത്.

വെറും 22 വയസിൽ കൗൺസിൽ ജീവനക്കാരിയായ അജിത നീണ്ട കാലം ജോലിയുടെ ഭാഗമായി ചെയ്ത സാമൂഹ്യ സേവനം ഇപ്പോൾ അവരെ രാജ്യത്തിന്റെ ബഹുമതിക്ക് കൂടി അർഹയാക്കിയിരിക്കുകയാണ്. തുടക്കത്തിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാത്ത ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്കിടയിൽ തർജ്ജമകാരിയുടെ റോൾ ആയിരുന്നു അജിതക്ക്. പിന്നീടാണ് സ്ട്രീറ്റിൽ കഴിയുന്നവരുടെ ക്ഷേമത്തിനായി അജിത നിയോഗിക്കപ്പെടുന്നത്. തന്റെ നേട്ടങ്ങൾക്കു പ്രധാന കാരണം തന്നെ പിന്തുണയ്ക്കാൻ കൗൺസിലിൽ ഒരു മികച്ച ടീം ഉണ്ടായതു കൊണ്ട് കൂടിയാണെന്നും അജിത വ്യക്തമാകുന്നു.

ലോക്ഡൗണിൽ അഭയം നൽകിയത് നൂറുകണക്കിനാളുകൾക്ക്

കോവിഡ് ഭയത്തിൽ സർവരും വീടുകളുടെ സുരക്ഷിതത്വം തേടി ഉൾവലിഞ്ഞപ്പോൾ അജിത അടക്കമുള്ള ടീം ന്യുഹാം തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന അനേകം മനുഷ്യർക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിന്റെ ശ്രമത്തിലായിരുന്നു. ഇതിനായി ആരാധനാലയങ്ങൾ, ചാരിറ്റി സെന്ററുകൾ, സോഷ്യൽ ഗ്രൂപ്പുകൾ എന്നിവരെയൊക്കെ കോഡിനേറ്റ് ചെയ്യുക എന്ന ചുമതലയും അധികഭാരമായി എത്തി. എന്നാൽ നിറഞ്ഞ മനസോടെ തുറന്ന കൈകളുമായി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിന്തുണ വന്നതോടെ അനേകം മനുഷ്യരെയാണ് സുരക്ഷിതമായി പാർപ്പിക്കാനായത്.

ഇതുവച്ച് ഇവരിൽ നല്ല പങ്കിനെയും കോവിഡിൽ നിന്നും സംരക്ഷിക്കാനും സാധിച്ചു. കോവിഡ് മരണ താണ്ഡവമാടിയ കൗൺസിൽ പ്രദേശത്തു തന്നെ ഇങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കാനായി എന്നത് അവിശ്വസനീയതയോടെയാണ് അജിതയും ടീമും ഇപ്പോൾ വീക്ഷിക്കുന്നത്. തങ്ങളുടെ ശ്രമങ്ങൾ ആരുടെയൊക്കെയോ കണ്ണുകളിൽ എത്തി എന്നതാണ് ഇപ്പോൾ അജിതയെ അത്ഭുതപ്പെടുത്തുന്നതും. ഒരംഗീകാരവും പ്രതീക്ഷിച്ചല്ല ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തതെന്നും അവർ മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ വ്യക്തമാക്കുകയും ചെയ്തു.

നിശബ്ദ കുടിയൊഴിപ്പിക്കൽ നടന്നത് പുത്തൻ കൂരകളിലേക്ക്

കോവിഡ് രൂക്ഷത പ്രകടിപ്പിക്കും മുൻപ് തന്നെ അജിതയും സംഘവും ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിരുന്നു. മേയറുടെ നിർദ്ദേശത്തിൽ പ്രവർത്തിച്ച ടാസ്‌ക് ഫോഴ്സ് മേയേഴ്സ് റഫ് സ്ലീപ്പിങ് ടാസ്‌ക് ഫോഴ്സ് എന്നാണ് അറിയപ്പെട്ടത് തന്നെ. തെരുവുകളിലും ടെന്റുകളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി അവരുടെ പുനരധിവാസം ഉറപ്പാക്കുക ആയിരുന്നു ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ചുമതല.

പൊതുജനങ്ങൾക്ക് കോവിഡ് രൂക്ഷതയിൽ പ്രവേശനം നിക്ഷേധിക്കപ്പെട്ട സ്ട്രാറ്റ്ഫോഡ് മാൾ കേന്ദ്രമാക്കി താവളമടിച്ചിരുന്ന അനേകം പേർക്ക് തല ചായ്ക്കാൻ ഇടമൊരുക്കുക ആയിരുന്നു അജിതയുടെയും സംഘത്തിന്റെയും ശ്രമം. ഇപ്പോൾ ആ മാളിനും പരിസരത്തും ഒരാൾ പോലും തെരുവിൽ അന്തിയുറങ്ങുന്നില്ല എന്നതാണ് ഈ ടാസ്‌ക് ഫോഴ്സ് കൈവരിച്ച ഏറ്റവും വലിയ വിജയം.

ഇപ്പോൾ ആ മനുഷ്യരെല്ലാം സമാധാനത്തോടെ ഉറങ്ങുന്നുണ്ടാകും എന്നതാണ് തന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് എന്നും അജിത കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ 30 വർഷമായി കൗൺസിലിന് സേവനം ചെയ്യുന്ന അജിത രാജ്യത്തിന് മുന്നിൽ ബഹുമാനിത ആയതു തങ്ങൾക്കെല്ലാം സന്തോഷം നൽകുന്നുവെന്നും ഇത് ന്യുഹാം കൗൺസിലിനുള്ള ആദരവായാണ് തങ്ങൾ കാണുന്നതെന്നും കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് ആൾത്തിയ ലോഡറിക് അനുമോദന സന്ദേശത്തിൽ വ്യക്തമാക്കി.

ജേക്കബ് തുണ്ടിലിനും ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി

ജൈവ ഭക്ഷ്യ ബ്രാൻഡായ കൊക്കൊഫീനയുടെ സ്ഥാപകനും മലയാളിയുമായ ജേക്കബ് തുണ്ടിലും ബ്രിട്ടീഷ് രാജ്ഞിയുടെ 'മെമ്പർ ഓഫ് ദി ഓഡർ ഓഫ് ദ് ബ്രിട്ടീഷ് എംപയർ' (എം.ബി.ഇ.) ബഹുമതിക്ക് അർഹനായിരിക്കുകയാണ്. അന്താരാഷ്ട്ര വ്യാപാര, കയറ്റുമതി രംഗത്തെ സംഭാവന കണക്കിലെടുത്താണ് ആദരം. കൊല്ലം സ്വദേശിയായ ജേക്കബ് 2005 മുതലാണ് കൊക്കൊഫീന എന്ന ബ്രാൻഡിൽ ബ്രിട്ടനിൽ നാളികേര ഉത്പന്ന നിർമ്മാണവും വ്യാപാരവും നടത്തുന്നത്. നാളികേരത്തിൽനിന്ന് കൊക്കൊഫീന ഉത്പാദിപ്പിക്കുന്ന 32 മൂല്യവർധിത ഉത്പന്നങ്ങൾക്ക് 28 രാജ്യങ്ങളിൽ ഉപഭോക്താക്കളുണ്ട്.

സംരംഭകർക്കുള്ള ബി.ബി.സി.യുടെ റിയാലിറ്റി ഷോയായ ഡ്രാഗൺസ് ഡെന്നിൽ പങ്കെടുത്തു വിജയിച്ച ആദ്യ മലയാളിയാണ് ജേക്കബ്. തനി മലയാളിയായ ജേക്കബ് തുണ്ടിൽ ബിരുദം വരെ പഠിച്ചത് കേരളത്തിൽ തന്നെ ആയിരുന്നു. കോട്ടയത്തെ പള്ളിക്കൂടം, കൊല്ലത്തെ ഇൻഫന്റ് ജീസസ് സ്‌കൂൾ, ടികെഎം എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. അതിന് ശേഷം ബ്രിട്ടനിൽ നിന്ന് എംബിഎ ബിരുദവും നേടി.

ബ്രിട്ടീഷ് ടെലികോം, എച്ച്.എസ്.ബി.സി. അക്‌സെഞ്ചർ തുടങ്ങിയ പല ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് കൊക്കൊഫീന എന്ന പുതിയ സംരഭംത്തിന് അദ്ദേഹം തുടക്കമിടുന്നത്. അതിലൂടെ ആണ് ഇപ്പോൾ പ്രശസ്തിയുടെ കൊടുമുടികൾ കീഴടക്കുന്നതും. കടൽപ്പായലിൽനിന്ന് സോസുണ്ടാക്കുന്ന സോസ്യീ ഉൾപ്പെടെ രണ്ടു സംരംഭങ്ങൾക്കുകൂടി ജേക്കബ് തുടക്കം കുറിച്ചിട്ടുണ്ട്.

നാളികേരവും ബ്രസീലും ജേക്കബും

നാളികേരത്തിന്റെ നാട്ടിൽ നിന്ന് പോയ ആളാണെങ്കിലും, ജേക്കബ് തുണ്ടിലിന് കൊക്കൊഫിനയുടെ ആശയം കിട്ടുന്നത് ബ്രസീലിൽ വച്ചായിരുന്നത്രെ. 2004ൽ റിയോ ഡി ജനീറോയിലെ ബീച്ചിൽ കരിക്ക് കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് കരിക്കിൻ വെള്ളം ബോട്ടിലിൽ ആക്കിയാൽ എങ്ങനെയിരിക്കും എന്ന ചിന്ത ആദ്യം കടന്നുകൂടിയത്. അങ്ങനെയാണ് കൊക്കൊഫിന തുടങ്ങിയതും.

ഇപ്പോൾ 28 രാജ്യങ്ങളിൽ കൊക്കൊഫിനയുടെ ഉത്പന്നങ്ങൾ വിൽപനയ്ക്കുണ്ട്. യുകെയിൽ മാത്രം മൂവായിരം ഔട്ട്‌ലെറ്റുകളിൽ വിൽപന നടക്കുന്നു. കോക്കനട്ട് ബട്ടർ ഉൾപ്പെടെ 32 നാളികേര ഉത്പന്നങ്ങളാണ് ഇവർ വിപണിയിൽ എത്തിക്കുന്നത്. എം.ബി.ഇ. ബഹുമതി ആദരമാണെന്നും ബ്രിട്ടീഷ് ഭക്ഷ്യവ്യവസായത്തിന്റെ ഭാഗമാകാനും രാജ്യത്തിന്റെ കയറ്റുമതി വർധനയിൽ സഹായിക്കാൻ കഴിഞ്ഞതിലും അഭിമാനമുണ്ടെന്നും ജേക്കബ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP