Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഗൾഫിലെ പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുക വിമാനയാത്രയെ; ഖത്തർ എയർവെയ്‌സിനെ തളർത്തും; പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ ഇരട്ടി തുക നൽകേണ്ടി വരും; മലയാളി വ്യവസായികളും അങ്കലാപ്പിൽ; ലോകകപ്പ് തടസ്സപ്പെടാതിരിക്കാൻ കരുക്കൾ നീക്കി ഖത്തർ; നിലപാട് വ്യക്തമാക്കാതെ കുവൈത്തും ഒമാനും

ഗൾഫിലെ പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുക വിമാനയാത്രയെ; ഖത്തർ എയർവെയ്‌സിനെ തളർത്തും; പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ ഇരട്ടി തുക നൽകേണ്ടി വരും; മലയാളി വ്യവസായികളും അങ്കലാപ്പിൽ; ലോകകപ്പ് തടസ്സപ്പെടാതിരിക്കാൻ കരുക്കൾ നീക്കി ഖത്തർ; നിലപാട് വ്യക്തമാക്കാതെ കുവൈത്തും ഒമാനും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: സൗദിയും യു.എ.ഇ.യും ഉൾപ്പെടെ അഞ്ച് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് ഖത്തറിനെ സാമ്പത്തികമായി വലയ്ക്കും. ഇതിന്റെ ആഖാതങ്ങൾ അവിടെയുള്ള പ്രവാസികൾക്കും ഉണ്ടാകും. രാജ്യത്ത് ഏറ്റവുംകൂടുതൽ വ്യാപാര, വാണിജ്യപ്രവർത്തനങ്ങൾ നടത്തുന്നത് മലയാളി വ്യവസായികളാണ്. അതുകൊണ്ട് തന്നെ നഷ്ടവും മലയാളികൾക്ക് തന്നെ. സാമ്പത്തിക, വ്യാവസായിക ഇടപാടുകളടക്കം അയൽ രാജ്യങ്ങൾ മരവിപ്പിച്ചിട്ടുണ്ട്. ഈജിപ്ത്, യെമൻ, ലിബിയ, മാലദ്വീപ് എന്നിവയും ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കി. ആറംഗ ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) കുവൈത്തും ഒമാനും നിലപാടു വ്യക്തമാക്കിയിട്ടില്ല. ഇവർ ഒത്തുതീർപ്പിന് ശ്രമിക്കുമെന്നാണ് സൂചന.

മുസ്‌ലിം ബ്രദർഹുഡിനെ ഖത്തർ സഹായിച്ചു എന്നതിന്റെ പേരിൽ 2014 മാർച്ചിൽ യുഎഇയും സൗദിയും ബഹ്‌റൈനും സ്ഥാനപതിമാരെ പിൻവലിച്ചിരുന്നു. കുവൈത്തിന്റെ മധ്യസ്ഥതയിൽ മാസങ്ങൾക്കകം ബന്ധം പുനഃസ്ഥാപിച്ചു. യെമൻ, ഈജിപ്ത് വിഷയങ്ങളിലെല്ലാം ഗൾഫ് രാജ്യങ്ങളുടെ (ജിസിസി) പൊതു നിലപാടിൽ നിന്നു വ്യത്യസ്തത പുലർത്തുന്ന രാജ്യമാണു ഖത്തർ. കുവൈത്തും ഒമാനുമായി സൗഹൃദത്തിലാണ്. തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറിനോട് നിസഹകരണം പ്രഖ്യാപിച്ച സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈൻ, യുഎഇ, ലിബിയ, യെമൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഫലത്തിൽ ഖത്തറിനെ ഉപരോധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പശ്ചിമേഷ്യയിൽ പേർഷ്യൻ കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു കുഞ്ഞൻ രാജ്യമാണ് ഖത്തർ. വലിപ്പത്തിൽ ചെറുതെങ്കിലും ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളൊന്നിലാണ് ഖത്തർ.

ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. ലോകപ്രശസ്തമായ ഖത്തർ എയർവെയ്‌സും, അൽ ജസീറ ചാനലും ഖത്തറിന്റേതാണ്. ഖത്തറുമായുള്ള എല്ലാം ബന്ധവും അവസാനിക്കുന്നതായി പ്രഖ്യാപിച്ച സൗദിയും യുഎഇയും ആദ്യം ചെയ്തത് അവിടേക്കുള്ള വിമാനസർവീസുകൾ അവസാനിപ്പിക്കുകയും ഖത്തർ എയർവെയ്‌സ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയുമായിരുന്നു. ഖത്തർ പൗരന്മാർക്കു രാജ്യം വിടാൻ 14 ദിവസം അനുവദിച്ച സൗദിയും യുഎഇയും ബഹ്‌റൈനും നയതന്ത്ര ഉദ്യോഗസ്ഥർ 48 മണിക്കൂറിനകം പുറത്തുപോകണമെന്നു നിർദ്ദേശിച്ചു. സ്വന്തം പൗരന്മാർ ഖത്തറിലേക്കു യാത്ര ചെയ്യുന്നത് ഈ രാജ്യങ്ങൾ വിലക്കിയിട്ടുമുണ്ട്. അതേസമയം, ഖത്തറിൽനിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കു പ്രവേശനം അനുവദിക്കുമെന്നു സൗദി വ്യക്തമാക്കി. യെമനിൽ ഹൂതി വിമതരെ നേരിടുന്ന സൗദി നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യത്തിൽനിന്നു ഖത്തർ സേനയെ ഒഴിവാക്കി. യുഎഇ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ്, എയർ അറേബ്യ, സൗദിയുടെ സൗദിയ തുടങ്ങിയവയെല്ലാം ഖത്തർ സർവീസുകൾ നിർത്തിവച്ചു. ഈ രാജ്യങ്ങളിലുള്ള ഖത്തർ പൗരന്മാർക്കു മറ്റേതെങ്കിലും രാജ്യം വഴി മടങ്ങേണ്ടിവരും.

ദിവസവും ഡസൻ കണക്കിന് സർവ്വീസ് നടത്തുന്ന ഖത്തർ എയർവെയ്‌സിനെ ഈ തീരുമാനം ഗുരുതരമായി ബാധിക്കും. ലോകമെമ്പാടും സർവീസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ഖത്തർ എയർവെയ്‌സിന് അറേബ്യേയിലേക്കോ അതിന് മുകളിലൂടേയോ ഇനി പറക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനികളിലൊന്നായ ഖത്തർ എയവെയ്‌സിന് ഇനി ദോഹയിൽ നിന്നുള്ള സർവീസുകൾ പലതിനും പുതിയ റൂട്ട് കണ്ടെത്തേണ്ടി വരും. ഇത് ഇന്ധന ചെലവും യാത്രാസമയവും കൂട്ടും. ഇത് മൂലം ഖത്തർ എയർവെയ്‌സ് പ്രതിസന്ധിയിലാവും. ദോഹ വഴി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നവർ ഇനി ദുബായിയോ റിയാദിനേയോ ആശ്രയിക്കേണ്ടി വരും. ദുബായ്-റിയാദ് എന്നീ എയർപോർട്ടുകൾ വഴി ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കും സാധിക്കില്ല.

പ്രതിസന്ധി രൂപപ്പെട്ടതോടെ നാട്ടിലേക്കുള്ള വിമാനടിക്കറ്റിനായി പ്രവാസികൾ നെട്ടോട്ടത്തിലായി. ജൂൺ 22-ന് ഖത്തറിൽ അവധിക്കാലം തുടങ്ങും. നാട്ടിൽവരുന്നതിന് മാസങ്ങൾക്കുമുമ്പേ വിമാനടിക്കറ്റെടുത്തവർ പുതിയ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ്. ദോഹയിൽനിന്ന് നേരിട്ടല്ലാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലൂടെ വിമാനടിക്കറ്റ് എടുത്തവരാണ് ബുദ്ധിമുട്ടുന്നത്. ഇതും പ്രവാസികൾക്ക് മുമ്പിലുള്ള ഏറ്റവും വലിയ ഭീഷണിയാണ്. മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാനക്കമ്പനികൾ ദോഹയിലേക്കുള്ള വിമാനസർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ടിക്കറ്റ് ബുക്കുചെയ്യുമ്പോൾ ഈടാക്കിയ മുഴുവൻ തുകയും തിരിച്ചുനൽകുമെന്നും അവരറിയിച്ചിട്ടുണ്ട്. മാസങ്ങൾമുമ്പ് ടിക്കറ്റ് ബുക്കുചെയ്യുമ്പോൾ ഈടാക്കിയ ചെറിയതുക തിരിച്ചുകിട്ടിയിട്ട് ഇപ്പോൾ കാര്യമില്ലാത്ത സ്ഥിതിയാണ്. പ്രതിസന്ധി വന്നതോടെ ടിക്കറ്റ് നിരക്ക് നാലുമടങ്ങിലേറെയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി സദർശനത്തിന് പിറകേയുണ്ടായ പ്രതിസന്ധിയെ പശ്ചിമേഷ്യയിലെ സമ്പന്നരാഷ്ട്രമായ ഖത്തർ എങ്ങനെ നേരിട്ടും എന്ന കാര്യമാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഖത്തറിലെ 27 ലക്ഷംവരുന്ന ജനസംഖ്യയിൽ ആറേമുക്കാൽ ലക്ഷത്തോളമാണ് ഇന്ത്യക്കാർ. ഇതിൽ മൂന്നുലക്ഷത്തോളം മലയാളികളാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ആശങ്കകൾ. ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചിട്ടുണ്ട്. ഖത്തറിലുള്ള പ്രവാസികൾക്ക് നാട്ടിൽ പോകാനും മറ്റും നിയന്ത്രണം പ്രശ്നമല്ല. തീരുമാനം സ്വദേശികളുടെയും പ്രവാസികളുടെയും സാധാരണജീവിതത്തെ ബാധിക്കില്ലെന്ന് ഖത്തർ സർക്കാരും ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ വരുമാനത്തെ ബാധിക്കുമെന്നത് ഉറപ്പാണ്. പുതിയ നിയന്ത്രണങ്ങൾ ഖത്തറിന്റെ വാണിജ്യ വ്യാവസായിക മേഖലകളെ തളർത്തും. തിങ്കളാഴ്ച ഓഹരിവ്യാപാരത്തിൽ വൻ ഇടിവുണ്ടായി. അടുത്തകാലത്ത് ഏറെ വിദേശനിക്ഷേപം സ്വീകരിച്ച രാജ്യമാണ് ഖത്തർ. 2022-ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്ത് വൻതോതിൽ നിർമ്മാണപ്രവർത്തനം നടക്കുന്നുണ്ട്. ഈ മേഖലയിലും ഏറെ മലയാളികൾ പ്രവർത്തിക്കുന്നുണ്ട്.

യു.എ.ഇ.യിലെയും സൗദി അറേബ്യയിലെയും ഒട്ടേറെ കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. സൗദിയിൽനിന്നാണ് ഖത്തർ വിപണിയിലേക്ക് ഏറ്റവുംകൂടുതൽ ഉത്പന്നങ്ങൾ എത്തുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യവസായത്തെയും വിലക്ക് സാരമായി ബാധിക്കും. തിങ്കളാഴ്ച ഖത്തറിലെ ഹൈപ്പർ മാർക്കറ്റുകളിൽ റംസാൻകാലത്ത് സാധാരണ ഉണ്ടാകാറുള്ളതിലധികം തിരക്കനുഭവപ്പെട്ടു. ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നേക്കുമെന്ന ആശങ്ക പരന്നതിനാലാണത്. ഖത്തറിലേക്കുള്ള പച്ചക്കറിയും പാലും മുട്ടയും ഇറച്ചിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ അധികവും വരുന്നത് സൗദിയിൽനിന്നോ സൗദിവഴിയോ ആണ്. ഇതാണ് ഈ ആശങ്കയ്ക്ക് കാരണം. യു.എ.ഇ.യിൽനിന്നാണ് ഖത്തറിലേക്ക് കൂടുതൽ വാഹനങ്ങളും വാഹന യന്ത്രസാമഗ്രികളും എത്തുന്നത്. ഇതു തടസ്സപ്പെടും. വിമാനയാത്രയാണ് ഏറ്റവും പ്രതിസന്ധിയിലാവുക. ഖത്തർ എയർവേസിന് കോഴിക്കോട്ടേക്ക് 1800 റിയാലിന് നൽകിയ ടിക്കറ്റിന് ജൂൺ 22-നുശേഷമുള്ള നിരക്ക് 3600 റിയാലിന് മുകളിലാണ്.

ആശങ്ക വേണ്ടെന്ന് ഖത്തർ കെ.എം.സി.സി. പ്രസിഡന്റ്

ഖത്തറിലെ പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് ഖത്തർ കെ.എം.സി.സി.പ്രസിഡന്റ് എസ്.എ.എം. ബഷീർ പറഞ്ഞു. ഏതുപ്രതിസന്ധിയും തരണംചെയ്യാൻ കഴിയുന്ന ശക്തരായ ഭരണാധികാരികളാണ് ഖത്തറിലുള്ളത്. ഗൾഫ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നീക്കം പരിഹരിക്കുന്നതിന് ഉന്നതതലത്തിലുള്ള ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ അത് നല്ലരീതിയിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തെറ്റായപ്രചാരണങ്ങളിൽ കുടുങ്ങാതിരിക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം ശ്രദ്ധിക്കണം. അഭയം നൽകിയ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുത്. പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP