Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുകെ മലയാളികളുടെ 'അനിയത്തി പ്രാവ്' പ്രിയാ ലാൽ പറക്കാൻ ഒരുങ്ങുന്നത് തെലുങ്കരുടെ മനസ്സിലേക്കും; ഗുവ്വ ഗോരിങ്ക പാട്ടുകൾ പുറത്തു വന്നപ്പോൾ ആരാധകർക്ക് ആവേശം; ചിത്രം ആമസോണിൽ ക്രിസ്മസ് റിലീസിന്; മലയാളികളോട് സ്‌നേഹം പങ്കിട്ട് പ്രിയതാരം

മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുകെ മലയാളികളുടെ 'അനിയത്തി പ്രാവ്' പ്രിയാ ലാൽ പറക്കാൻ ഒരുങ്ങുന്നത് തെലുങ്കരുടെ മനസ്സിലേക്കും; ഗുവ്വ ഗോരിങ്ക പാട്ടുകൾ പുറത്തു വന്നപ്പോൾ ആരാധകർക്ക് ആവേശം; ചിത്രം ആമസോണിൽ ക്രിസ്മസ് റിലീസിന്; മലയാളികളോട് സ്‌നേഹം പങ്കിട്ട് പ്രിയതാരം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മൂന്ന് വർഷത്തെ അപ്രതീക്ഷിത കാത്തിരിപ്പ് . മൂന്നു വര്ഷം മുൻപ് ടീസർ വാലന്റൈൻ ദിനത്തിൽ പുറത്തു വിട്ട തെലുങ്ക് പ്രണയ ചിത്രം ഗുവ്വ ഗോരിങ്ക ഒടുവിൽ തടസങ്ങളെല്ലാം മാറ്റി റിലീസിന് തയ്യാറായി . പ്രാവിന്റെ കുറുകൽ എന്നർത്ഥം വരുന്ന ഈ തെലുങ്ക് ചിത്രം യുകെ യിലെ മലയാളി സമൂഹത്തിനു സ്വന്തം വീട്ടുകാര്യം കൂടിയാണ് . കാരണം ലിവർപൂൾ മലയാളിയായ പ്രിയാ ലാൽ വീണ്ടും നായികാ ആയി എത്തുന്ന ചിത്രം എന്നതാണ് ഈ താല്പര്യത്തിനു കാരണം .

മികച്ച പ്രതികരണം പാട്ടുകളുടെ റ്റീസർ റിലീസിന് ലഭിച്ചതോടെ ചിത്രവും പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കും എന്നാണ് പ്രിയ ആഗ്രഹിക്കുന്നത് . തന്റെ എല്ലാ സിനിമ വിശേഷങ്ങളും യുകെ മലയാളികളോട് പങ്കിടാൻ ബ്രിട്ടീഷ് മലയാളിയിൽ ഓടിയെത്തുന്ന പ്രിയാ ലാൽ ഇത്തവണയും ആ പതിവ് തെറ്റിക്കുന്നില്ല . ഇത്തവണ കോവിഡ് പ്രതിസന്ധി മൂലം എല്ലാവരും വീടുകളിൽ ഒതുങ്ങിയെങ്കിലും അപ്രതീക്ഷിതമായി തന്നെ ഇഷ്ട്ടപെപ്പടുന്നവർക്കും താൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ക്രിസ്മസ് സമ്മാനമാണ് ഗുവ്വ ഗോറിങ്ക എന്നും പ്രിയ പറയുന്നു .

സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ജനകൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിനും സുരേഷ് ഗോപിക്കും ഒപ്പം അഭിനയിച്ചു തുടങ്ങിയ പ്രിയ ലാൽ സിനിമ മോഹം മൂലം പഠനം പോലും പൂർത്തിയാക്കാതെയാണ് കേരളത്തിലേക്കു കുടിയേറിയത് . അച്ഛനും അമ്മയും സഹോദരനും യുകെ യിൽ തന്നെ കഴിയുമ്പോൾ സിനിമയെന്ന ആവേശം പ്രിയയെ ഒരിക്കലും നിരാശയാക്കിയിട്ടില്ല എന്നതാണ് സത്യം . കൊച്ചിയിൽ ഫ്‌ളാറ്റിൽ കഴിയുമ്പോഴും സിനിമയ്ക്ക് പുറമെ ഐ പി എൽ മത്സരങ്ങളിൽ കമന്റേറ്റർ ആയും മറ്റും തിളങ്ങാൻ പ്രിയക്ക് സാധിച്ചിരുന്നു . മലയാളത്തിന് ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷിന്റെ ഒഴുക്കിൽ ഉള്ള കമന്ററി ആവേശത്തോടെയാണ് ഇന്റർനാഷണൽ സ്‌റേഡിയങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തതു .

എവിടെയായിരുന്നു പ്രിയ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ? സ്വാഭാവികമായും പ്രേക്ഷകർക്ക് തോന്നാവുന്ന ചോദ്യം പ്രിയയെ തേടിയെത്തിയപ്പോൾ രസകരമായ അനുഭവങ്ങളാണ് പ്രിയ പങ്കിട്ടത് . മുടങ്ങിയ പഠനം തുടരാനായി , ബ്രിട്ടനിൽ നിന്നും തന്നെ ഇന്റീരിയർ ഡിസൈൻ കോഴ്‌സ് പാസായി , ഏതാനും ചില പ്രോജക്റ്റുകൾ പൂർത്തിയാക്കാനായി , അങ്ങനെ ജീവിതം ബോറടിക്കാതെ കൂളായി മുന്നോട്ട് തുഴവെയാണ് തെലുങ്ക് ചിത്രം പുറത്തു വരുന്നതെന്നും പ്രിയ പറഞ്ഞു . അടുത്തവർഷം മാർച്ചിലേക്കു മികച്ച മറ്റൊരു മലയാള ചിത്രത്തിന്റെ വിശേഷങ്ങളും യുകെ മലയാളികളോട് പങ്കിടാൻ താൻ കൂടെയുണ്ടാകും എന്ന് പ്രിയ ഉറപ്പു പറയുമ്പോൾ നടിയുടെ കരിയറിൽ ഒരു ബ്രേക്ക് ത്രൂ ആകാൻ ഗുവ്വ ഗോരിങ്കക്കു കഴിയുമോ എന്ന ചോദ്യം പ്രസക്തമാകുകയാണ് . മൂന്ന് വര്ഷം മുൻപ് എടുത്ത പടം മാറിയ സാഹചര്യങ്ങളിൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കക്കും പ്രിയക്ക് മറുപടിയുണ്ട് . പ്രണയത്തിനു മാത്രം ഒരു കാലത്തും മാറ്റം ഇല്ലാത്തതിനാൽ ഹൃദയത്തിൽ തൊട്ട പ്രണയം എന്ന് വിശേഷിപ്പിക്കാവുന്ന ഗുവ്വ ഗോറിങ്ക പ്രേക്ഷകർ ആസ്വദിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും പ്രിയ സൂചിപ്പിക്കുന്നു .

ഇരുപതു വര്ഷം മുൻപ് ഫാസിൽ സംവിധാനം ചെയ്തു മലയാളി യൗവ്വനം നെഞ്ചിലേറ്റിയ അനിയത്തിപ്രാവിലെ ശാലിനിയെ പോലെ തെലുങ്കർക്കു ഹൃദയത്തിൽ സൂക്ഷിക്കാൻ ഉള്ള കഥാപാത്രമാകും പ്രിയയുടേത്. പ്രണയത്തിനു മുന്നിൽ ഒന്നും തടസ്സമാകാൻ ഉണ്ടാകില്ലെന്ന് ശാലിനിയും കുഞ്ചാക്കോ ബോബനും മലയാളികൾക്ക് മുന്നിൽ തെളിയിച്ചത് പോലെ തെലുങ്കർക്ക് മുന്നിലേക്ക് എത്തുന്ന പ്രണയ ജോഡികളാകും പ്രിയയും നായകനാകുന്ന സത്യദേവും . കളങ്കമില്ലാത്ത പ്രണയം എന്നും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല എന്ന സത്യത്തിനു മുന്നിൽ ഗുവ്വ ഗോരിങ്ക ഹിറ്റ് ആകുമെന്ന സൂചന സിനിമ പ്രസിദ്ധീകരണങ്ങൾ നൽകുന്നു . പ്രണയ സിനിമയെ ഹിറ്റാക്കാൻ പാട്ടുകളുടെ നിർണായക റോൾ തിരിച്ചറിഞ്ഞു അഞ്ചു സുന്ദരമായ പാട്ടുകളും ചേർത്താണ് ഗുവ്വ ഗോരിങ്ക പുറത്തിറങ്ങുക . തികച്ചും യാധൃശ്ചികം എന്നോണം അഞ്ചു പ്രണയ ഗാനങ്ങളുമായാണ് അനിയത്തിപ്രാവും മലയാളികളെ തേടി എത്തിയത് .

കണ്ണിൽ വിരിഞ്ഞ സൗന്ദര്യം

വെത്യസ്തമായ കണ്ണുള്ള സുന്ദരിയെ തേടിയുള്ള അംനൗഷണമാണ് ഗുവ്വ ഗോരിങ്കയുടെ സംവിധായകൻ മോഹൻ ദോമ്മിഡിയെ പ്രിയയുടെ അടുക്കൽ എത്തിച്ചത് . ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ പതിയും വിധമുള്ള ഇമസൗന്ദര്യം മുൻ സിനിമകളിലും പ്രിയയ്ക്ക് തുണയായി മാറിയിട്ടുണ്ട് . ഇതോടെ തെലുങ്ക് സിനിമയിൽ തന്റെ നായികാ നടിക്കു വെത്യസ്തമായ ലുക്ക് ലഭിക്കും എന്ന വിശ്വാസമാണ് ദോമിടിക്കു ലഭിച്ചിരിക്കുന്നത് . നായകന്റെ കാര്യത്തിലും ഇദ്ദേഹം പൂർണ വിശ്വാസത്തിലാണ് . തെലുങ്കിൽ വൻ ഹിറ്റായി മാറിയ ജ്യോതിലക്ഷിമിയിൽ നിന്നാണ് നായകൻ സത്യദേവ് ഗുവ്വ ഗോരിങ്കയിൽ എത്തുന്നത് . സാക്ഷാൽ റാം ഗോപാൽ വർമ്മയുടെ ശിഷ്യൻ എന്ന ലേബൽ ദോമിടിക്കും തുണയായി മാറുന്നു . ഈ സാധ്യതകളിൽ തെലുങ്ക് സിനിമ ലോകം ഗുവ്വ ഗോരിങ്കയെ പ്രണയിച്ചു തുടങ്ങുകയാണ് .

മൂന്നു നായികമാരെ പിന്തള്ളി പ്രിയ , രണ്ടു തരം സ്വഭാവക്കാരുടെ പ്രണയാനുഭവം

മലയാളത്തിലെ മൂന്നു പ്രമുഖ നടിമാരെ പരിഗണിച്ച ശേഷം ഏറ്റവും യോജ്യമായ മുഖം എന്ന നിലയ്ക്കാണ് പ്രിയ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെപ്ട്ടതെന്നു തെലുങ്ക് സിനിമ ലോകം പറയുന്നു . സത്യത്തിൽ അത് തന്നെ പ്രിയക്കുള്ള അംഗീകാരമായി മാറുന്നു . തന്നിൽ അർപ്പിച്ച വിശ്വാസത്തിനു പ്രിയയും ഇപ്പോൾ കഠിനാധ്വാനം നടത്തുകയാണ് , തെലുങ്ക് പഠനത്തിലൂടെ . കട്ടിയുള്ള വാക്കുകൾ വരെ പഠിച്ചു കഴിഞ്ഞ നിലയ്ക്ക് ഡബ്ബിങ്ങും മിക്കവാറും പിയയുടെ തന്നെ ശബ്ദത്തിലാകും എന്ന് സൂചനയുണ്ട് . തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മുതിർന്ന രണ്ടു സിനിമ സാങ്കേതിക പ്രവർത്തകർ ഒരേപോലെ പ്രിയയുടെ പേര് ചൂണ്ടിക്കാട്ടിയപ്പോൾ മോഹൻ ദോമിടിയും പ്രിയ തന്നെ എന്നുറപ്പിക്കുക ആയിരുന്നു .അതേസമയം വെത്യസ്ത സ്വഭാവക്കാരായ രണ്ടു പേരുടെ പ്രണയമാണ് ഗുവ്വ ഗോരിങ്കയുടെ പ്രമേയം . പലപ്പോഴും പ്രണയം സംഭവിക്കുക വഴക്കിൽ നിന്ന് ആണെന്ന് പറയും പോലെ രണ്ടു ഭിന്ന രുചിക്കാരായവരുടെ പ്രണയത്തിൽ ഒട്ടേറെ സാദ്ധ്യതകൾ കണ്ടെത്താൻ കഴിയും എന്നിടത്താണ് ചിത്രം ഹിറ്റ് ആയി മാറും എന്ന ധാരണ പരക്കുന്നത് .

മലയാളത്തിലെ സൂപ്പർ ഹിറ്റുകളായ അനിയത്തിപ്രാവോ നിറമോ ഒക്കെ പോലെ യുവത്വം നിറഞ്ഞു തുളുമ്പുന്ന പ്രണയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ തന്നെയാകും കുവ്വ ഗോരങ്കയിലും എന്നാണ് സൂചനകൾ . ഇതിനു സാധുത നൽകുന്നത് ചിത്രത്തിലെ അഞ്ചു പാട്ടുകളും . സുരേഷ് ബോബ്ളിയുടെ പാട്ടുകൾ ഏറെ ഹൃദയമെന്നാണ് വിലയിരുത്തലുകൾ . പ്രിയക്ക് നായകനായി എത്തുന്ന സത്യദേവ് കഞ്ചാരനായുടെ ആരാധകർ ചിത്രം വൈകിയതിൽ ഏറെ നിരാശരായിരുന്നു . ആ പരാതിയാണ് ഇപ്പോൾ മാറുന്നത് . ഓ ടി ടി പ്ലാറ്റഫോമിൽ റിലീസ് ചെയുന്ന ഇദ്ദേഹത്തിന്റെ ഈ വർഷത്തെ മൂന്നാം സിനിമയാണ് ഗുവ്വ ഗോറിങ്ക . മോഹൻ ബൊമ്മിടിയാണ് ഗുവ്വ ഗോറിങ്കയുടെ സംവിധായകൻ . ഹൈദരാബാദ് ഫിലിം സിറ്റിയടക്കമുള്ള ലൊക്കേഷനുകളാണ് ചിത്രത്തെ സുന്ദരമാക്കുന്നത് .

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ 2011 ലെ ബ്രിട്ടീഷ് മലയാളി വാർത്ത താരം തിരഞ്ഞെടുപ്പിൽ സിനിമയിൽ രംഗപ്രവേശം നടത്തി യു കെ മലയാളികളുടെ അഭിമാനമായി മാറിയ പ്രിയ ലാൽ ആണ് ജേതാവായി മാറിയത് . അവാര്ഡ് സ്വീകരനതിനായി മാത്രം അന്ന് പ്രിയ ലാൽ കേരളത്തിൽ നിന്ന് എത്തിയത് ബ്രിട്ടീഷ് മലയാളി വായനക്കാരെ അവർ എത്രമാത്രം സ്‌നേഹിക്കുക്കയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ കൂടി തെളിവായി മാറുക ആയിരുന്നു . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP