Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രാഞ്ചിയേട്ടന്മാരും പുതുപ്പണക്കാരും അവാർഡ് പങ്കുവയ്ക്കുന്ന ആ സുവർണകാലം കഴിഞ്ഞോ? പ്രവാസി സമ്മാനം കിട്ടിയ അഷറഫിന്റെ ജീവിതകഥ ആരെയും അതിശയിപ്പിക്കുന്നത്‌

പ്രാഞ്ചിയേട്ടന്മാരും പുതുപ്പണക്കാരും അവാർഡ് പങ്കുവയ്ക്കുന്ന ആ സുവർണകാലം കഴിഞ്ഞോ? പ്രവാസി സമ്മാനം കിട്ടിയ അഷറഫിന്റെ ജീവിതകഥ ആരെയും അതിശയിപ്പിക്കുന്നത്‌

ദുബായ്: പ്രവാസി സമ്മാനം എന്നാൽ പ്രാഞ്ചിയേട്ടന്മാർക്കും സ്തുതിപാഠകർക്കും വീതംവയ്ക്കാനുള്ളതെന്നു ചിന്തിച്ചിരുന്ന ആ 'സുവർണകാലം' അവസാനിക്കുകയാണോ? ഇന്നേവരെ പ്രവാസികൾ കേട്ടിട്ടുപോലുമില്ലാത്ത 'വിദഗ്ദ്ധർ', പ്രാഞ്ചിയേട്ടന്മാരുടെ ബന്ധുക്കളും ഇഷ്ടക്കാരുമൊക്കെ കൈപ്പറ്റിയിരുന്ന പ്രവാസി സമ്മാനം ഇക്കുറി കൈപ്പറ്റിയവരിൽ ഭൂരിപക്ഷവും അർഹരായവർ തന്നെ. കേരളത്തിൽ നിന്ന് ഈ പുരസ്‌കാരം ലഭിച്ച ഏക വ്യക്തിയെ അംഗീകാരം തേടി എത്തിയതിനു കാരണം അർഹതയുടെ ലേബൽ മാത്രം ആയിരുന്നു. സ്വന്തം മെക്കാനിക്കൽ കട നടത്തുന്നതിനിടയിൽ ഭാഷയും ദേശവും മതവുമൊന്നും നോക്കാതെ വേദനിക്കുന്നവരെ തുണച്ചിരുന്ന അഷറഫ് താമരശേരിയുടെ കഥ എല്ലാ മലയാളികൾക്കും ആവേശം ഉണർത്തുന്നതാണ്.

കറകളഞ്ഞ മനുഷ്യ സ്‌നേഹത്തിന്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്‌റഫ്. ഇത്തവണത്തെ പ്രവാസി ഭാരതീയ പുരസ്‌കാരം അഷ്‌റഫിനെ തേടി എത്തിയപ്പോൾ സന്തോഷിക്കുന്നവരിൽ ഇന്ത്യക്കാർ മാത്രമല്ല. മണലാരണ്യത്തിൽ പണിയെടുക്കുന്ന മറ്റു രാജ്യങ്ങളിലുള്ളവരും അഷ്‌റഫിന്റെ പുരസ്‌കാര നേട്ടത്തിൽ സന്തുഷ്ടരാണ്. അഷറഫിന്റെ സേവനം ലഭിച്ചവരിൽ മറ്റു രാജ്യങ്ങളിലുള്ളവരും നിരവധിയാണ് എന്നതുതന്നെ കാരണം.

യുഎഇയിലെ മലയാളി സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫിനുൾപ്പെടെ 15 പേർക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. പ്രവാസജീവിതത്തിനിടെ മരിക്കുന്നവരെുടെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ കഷ്ടപ്പെടുമ്പോൾ അവർക്കു താങ്ങും തണലുമായി എന്നും നിലകൊണ്ടിരുന്ന വ്യക്തിയാണ് അഷറഫ്.

മരിച്ചവരുടെ ഭൗതികശരീരം നാട്ടിലെ സ്വന്തക്കാരുടെ അടുത്തേക്ക് എത്തിക്കാൻ പ്രവാസികൾ ശ്രമിക്കുമ്പോൾ അവർക്ക് എന്നും തുണയായി നിൽക്കാൻ അഷറഫ് ഉണ്ടാകാറുണ്ടായിരുന്നു. അഷ്‌റഫിന്റെ ജീവിതത്തിലെ ഓരോ ദിവസവും ഇത്തരത്തിൽ തന്നെയായിരുന്നു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനായി ചൊവ്വാഴ്ച രാത്രി പുറപ്പെടുന്നതിനു തൊട്ടുമുൻപു പോലും നാല് മൃതദേഹങ്ങളാണു സ്വദേശങ്ങളിലേക്ക് അയക്കാൻ അഷ്‌റഫ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

നാൽപ്പതോളം രാജ്യക്കാരുടെ രണ്ടായിരത്തോളം മൃതദേഹങ്ങളാണ് കഴിഞ്ഞ പതിനാല് വർഷത്തിനിടെ അഷ്‌റഫ് നാട്ടിലെത്തിച്ചത്. ഇന്ത്യക്കു പുറമേ യുഎസ്, യുകെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങി 38 രാജ്യങ്ങളിലെ പൗരന്മാർക്കാണ അഷറഫ് സഹായമെത്തിച്ചിട്ടുള്ളത്. ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്കയയ്ക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ അൽപം വിഷമകരമാണ്. അകാലത്ത് എത്തുന്ന മരണത്തിനു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും പകച്ചുനിൽക്കുമ്പോഴാണ് ഇവർക്ക് സഹായവുമായി അഷറഫ് എത്തുന്നത്. നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കുന്നതുവരെ അഷ്‌റഫിന് വിശ്രമമില്ല.

അജ്മാനിലാണ് അഷ്‌റഫ് താമസിക്കുന്നത്. ഏതുസമയത്തും അദ്ദേഹത്തെ തേടി ഒരു ഫോൺ വിളിയെത്താം. അജ്മാനിലെ സ്ഥാപനം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏൽപ്പിച്ചാണ് സേവനപാതയിൽ അഷ്‌റഫ് സജീവമായത്. സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കിവരെ അദ്ദേഹം മറ്റുള്ളവർക്കു സഹായം ചെയ്യാറുണ്ട്. ചിലർ പണം വച്ചുനീട്ടിയാലും നിരസിക്കുകയാണു പതിവ്.

ഷാർജ കുവൈത്ത് ആശുപത്രിയിൽ ചേതനയറ്റ പിതാവിന്റെ മൃതദേഹവുമായി കരഞ്ഞു തളർന്ന് എന്തു ചെയ്യണമെന്നറിയാതെ നിന്ന രണ്ടു യുവാക്കളുടെ നിസഹായാവസ്ഥയാണ് ഈ പാത തിരഞ്ഞെടുക്കാൻ അഷറഫിനെ പ്രേരിപ്പിച്ചത്. ബന്ധുവിനെ കാണാൻ എത്തിയപ്പോഴാണ് നിസഹായരായ യുവാക്കളെ അഷ്‌റഫ് കണ്ടത്. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി ക്രമങ്ങളുടെ പട്ടികയും നൂലാമാലകളും തിരിച്ചറിഞ്ഞ അഷ്‌റഫ്, തുടർന്ന് ഒട്ടേറെ നിരാലംബർക്ക് സഹായമാകുകയായിരുന്നു. മറ്റു രാജ്യങ്ങളിലുള്ളവർക്കും തുണയാകാനും അഷറഫിനായി.

പ്രവാസികളിൽ ഇരുപത് പേരെങ്കിലും പ്രതിമാസം മരിക്കുന്നു യുഎഇയിൽ മരിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഏറെയും നിർധനരായ തൊഴിലാളികൾ. വിദേശിയുടെ മൃതദേഹം സ്വന്തം രാജ്യത്തെത്തിക്കാൻ പൊലീസിൽ വിവരം അറിയിച്ച് കോടതി ക്ലിയറൻസ് ഉൾപ്പെടെ സമ്പാദിക്കേണ്ടതുണ്ട്. പത്തിലേറെ സ്ഥലങ്ങളിൽനിന്നാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. അബുദാബി (മെഡിക്കൽ സെന്റർ), അൽഐൻ (ജീമി ആശുപത്രി), റാസൽഖൈമ (സഖർ ആശുപത്രി), ദുബായ് (മുഹൈസിന രണ്ടിലെ മെഡിക്കൽ സെന്റർ) എന്നിവിടങ്ങളിലാണ് നിലവിൽ എംബാമിങ് സൗകര്യമുള്ളത്. മറ്റ് എമിറേറ്റുകളിൽ മരിച്ചാൽ മൃതദേഹം മുഹൈസിനയിലെത്തിക്കണം.

യുഎഇയിൽ ഇക്കാര്യം സംബന്ധിച്ച ഓഫീസുകളിൽ സുപരിചിതനാണ് അഷറഫ്. നിസ്വാർഥ സേവനത്തിന് യുഎഇയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ഇതിനകം അഷറഫിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. അജ്മാനിൽ വർക്‌ഷോപ് നടത്തുന്ന അഷറഫ് കോഴിക്കോട് താമരശേരി പാലോറക്കുന്നുമ്മൽ കുടുംബാംഗമാണ്. ഭാര്യ ഫാത്തിമത്തുൽ സുഹറ. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് അമീൻ, ഷിഫാന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP