Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

പ്രതിഭയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മരണകാരണം ഹൃദയാഘാതം തന്നെയെന്ന് സൂചന; മലയാളികൾ പിരിവ് നടത്തിയെങ്കിലും പതിവ് പോലെ എൻ എച്ച് എസ് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കും

പ്രതിഭയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മരണകാരണം ഹൃദയാഘാതം തന്നെയെന്ന് സൂചന; മലയാളികൾ പിരിവ് നടത്തിയെങ്കിലും പതിവ് പോലെ എൻ എച്ച് എസ് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഒരാഴ്ച മുൻപ് താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്‌സ് പ്രതിഭ കേശവന് കേംബ്രിഡ്ജ് മലയാളികൾ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരുങ്ങുന്നു. ആദം ബ്രൂക് ഹോസ്പിറ്റൽ ജീവനക്കാരി ആയിരുന്ന പ്രതിഭയുടെ മരണത്തിൽ ജീവനക്കാർ അടക്കമുള്ളവരുടെ സമ്മർദ്ദഫലമായാണ് ഒരാഴ്ചയ്ക്കകം പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്.

അടുത്തിടെ മരിച്ച എൻഎച്ച്എസ് ജീവനക്കാരുടെയെല്ലാം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ മുൻകൈ എടുത്ത എൻഎച്ച്എസ് തന്നെയാകും പ്രതിഭയുടെ മൃതദേഹവും നാട്ടിൽ എത്തിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. ഈ ആവശ്യം ചൂണ്ടിക്കാട്ടി മലയാളി സമൂഹത്തിൽ നിന്നും ധനസമാഹരണം നടന്നെങ്കിലും ആ പണം മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉപയോഗിക്കേണ്ടി വരില്ല എന്നാണ് സൂചനകൾ വ്യക്തമാകുന്നത്. പ്രതിഭയുടെ സഹപ്രവർത്തകരുടെ വകയായി ജീവനക്കാർക്കിടയിലും മറ്റൊരു ഫണ്ട് പിരിവ് ഊർജിതമായി നടക്കുന്നുണ്ട്.

രണ്ടു വർഷം മുൻപ് മാത്രമാണ് ഗൾഫിൽ നിന്നും പ്രതിഭ യുകെയിൽ എത്തിയതെങ്കിലും വളരെ വേഗത്തിൽ പൊതു രംഗത്ത് സജീവമാകുക ആയിരുന്നു. യുകെയിൽ അടുത്തിടെ രൂപമെടുത്ത ഇടതു പക്ഷ സാമൂഹ്യ സംഘടന ആയ കൈരളി യുകെയുടെ കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ് ആയ പ്രതിഭ പാർട്ടി ഘടകങ്ങളിലും സജീവമായിരുന്നു. അക്കാരണത്താൽ തന്നെ പ്രതിഭയുടെ മരണത്തെ തുടർന്ന് കുടുംബത്തെ സഹായിക്കാൻ കൈരളി യുകെ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ഈ ശനിയാഴ്ച കേംബ്രിഡ്ജിൽ നടക്കുന്ന അന്ത്യോപചാര ചടങ്ങുകൾക്ക് ശേഷം താമസം കൂടാതെ മൃതദേഹം കുമരകത്തെ വീട്ടിൽ എത്തിക്കും എന്നാണ് ലഭ്യമാകുന്ന വിവരം.

സ്റ്റോ കം ക്യോ വില്ലേജ് ഹാളിലാണ് പൊതുദർശന ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്തുമുതൽ ഉച്ചക്ക് 12 വരെയുള്ള സമയത്താകും പൊതുദർശനം നടക്കുക. തുടർന്ന് ഒരു മണിക്കൂർ സമയമാണ് അനുസ്മരണ ചടങ്ങുകൾക്ക് വേണ്ടി ഉപയോഗിക്കുക. ചടങ്ങിൽ സഹപ്രവർത്തകരും പ്രിയപ്പെട്ടവരും എല്ലാം പ്രതിഭയുടെ ഓർമ്മകൾ പങ്കുവയ്ക്കും, ലണ്ടനിൽ താമസിക്കുന്ന പ്രതിഭയുടെ സഹോദരി പ്രതീക്ഷ അടക്കം ഉള്ളവർ മൃതദേഹത്തെ അനുഗമിക്കും.

മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവിക സാഹചര്യം ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഹൃദയാഘാതം സംഭവിച്ചുള്ള ആകസ്മിക മരണം തന്നെ ആന്നെന്ന് ഇതോടെ സ്ഥിരീകരിക്കുക ആയിരുന്നു. കുമരകം ലോക്കൽ സെക്രട്ടറി കേശവന്റെ രണ്ടു പെൺമക്കളിൽ ഒരാളാണ് മരിച്ച പ്രതിഭ. നാട്ടിലേക്ക് പറക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് പ്രതിഭ ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. നാട്ടിൽ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന മക്കളെ യുകെയിൽ എത്തിക്കുന്നതിന് വേണ്ടിയാണു പ്രതിഭ നാട്ടിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്.

ഇപ്പോൾ മടക്കമില്ലാത്ത യാത്രയ്ക്ക് ഒരുങ്ങുകയാണ് പ്രതിഭയുടെ നിശ്ചേതനമായ ശരീരം. പുത്തനുടുപ്പും കളിപ്പാട്ടവും ചോക്ലേറ്റും ആയി അമ്മ എത്തുന്നത് കാത്തിരുന്ന കൊച്ചുകുട്ടികളായ മക്കൾ കാത്തുവച്ചിരുന്ന ചുംബനം അന്ത്യയാത്രയ്ക്ക് ഒപ്പമുള്ളതായി മാറും എന്നതും വിധിയുടെ ക്രൂരതയായി തീരുകയാണ്. ഇത്തരം ഒരു സാഹചര്യം മുൻപ് യുകെ മലയാളികൾ അഭിമുഖീകരിച്ചിട്ടില്ല എന്നതിനാൽ പ്രതിഭയുടെ ഓർമ്മകൾ ഏറെക്കാലം യുകെ മലയാളികൾക്കൊപ്പം ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP