Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളെ കാണാനെത്തിയ ബ്രിട്ടനിലെത്തിയ വൃദ്ധ മാതാപിതാക്കൾ നാടെത്താൻ കഴിയാതെ വിഷമത്തിൽ; കയ്യിൽ കരുതിയ മരുന്നുകളും തീർന്നു തുടങ്ങിയതോടെ ആശങ്ക പെരുകുന്നു; വന്ദേ ഭാരത് വിമാനത്തിൽ സീറ്റ് കിട്ടാനും പ്രയാസം; നൂറുകണക്കിന് മാതാപിതാക്കൾ കോവിഡ് ഭീഷണിയിൽ കഴിയവേ മലയാളം ചാനലിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയും

മക്കളെ കാണാനെത്തിയ ബ്രിട്ടനിലെത്തിയ വൃദ്ധ മാതാപിതാക്കൾ നാടെത്താൻ കഴിയാതെ വിഷമത്തിൽ; കയ്യിൽ കരുതിയ മരുന്നുകളും തീർന്നു തുടങ്ങിയതോടെ ആശങ്ക പെരുകുന്നു; വന്ദേ ഭാരത് വിമാനത്തിൽ സീറ്റ് കിട്ടാനും പ്രയാസം; നൂറുകണക്കിന് മാതാപിതാക്കൾ കോവിഡ് ഭീഷണിയിൽ കഴിയവേ മലയാളം ചാനലിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയും

പ്രത്യേക ലേഖകൻ

ലണ്ടൻ: ബ്രിട്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ നിയാസിന്റെ മാതാപിതാക്കൾ ശരിക്കും ധർമ്മ സങ്കടത്തിലാണ്. ഇവർ മാത്രമല്ല ഇവരെ പോലെയുള്ള നൂറു കണക്കിന് മലയാളി മാതാപിതാക്കളാണ് യുകെയിൽ നിന്നും നാട് എത്താൻ കഴിയാതെ ശരിക്കും കുടുങ്ങിപ്പോയിരിക്കുന്നത്. ലണ്ടനിൽ താമസിച്ചിരുന്ന മകൻ മറ്റൊരു സ്ഥലത്തു സ്ഥിരതാമസം ഉറപ്പിച്ചപ്പോഴാണ് വൈക്കം സ്വദേശി മുഹമ്മദ് റഫീഖും ഭാര്യ ആയിഷ ബീവിയും ഏതാനും മാസം മുൻപ് യുകെയിൽ എത്തുന്നത്. ഇവർ എത്തി അധികം വൈകാതെ കോവിഡ് വ്യാപനവും യുകെയിൽ ലോക്ഡോൺ പ്രഖ്യാപനവും ആയി.

മകന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷ കൂടി സന്ദർശന ഉദ്ദേശം ആയതുകൊണ്ട് സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന രണ്ടുപേരും ആറുമാസത്തേക്കുള്ള തയ്യാറെടുപ്പുമായാണ് എത്തിയത്. എന്നാൽ അടുത്ത മാസം വിസ കാലാവധി തീരാനിരിക്കെ മരുന്നുകൾ തീർന്നു തുടങ്ങിയ ആശങ്കയിലാണ് നിയാസും മാതാപിതാക്കളും. കാൽവേദനക്കു ശസ്ത്രക്രിയ നടത്തിയതിനുള്ള മരുന്നു മുടങ്ങാതെ കഴിക്കുന്നത് തീരാറായത് കഴിഞ്ഞ ദിവസം ജിപിയുമായി ബന്ധപ്പെട്ടപ്പോൾ പ്രിസ്‌ക്രിപ്ഷൻ നൽകാൻ തയ്യാറായതോടെ താത്കാലിക ആശ്വാസം ആയെന്നും നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

വീട്ടിൽ വാർത്ത കാണുന്നതിനിടെ കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ സ്‌ക്രീനിൽ കണ്ട ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചതോടെയാണ് മുഹമ്മദ് റഫീഖും ഭാര്യയും അനുഭവിക്കുന്ന വിഷമം പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. വൈക്കം സ്വദേശിയായ തങ്ങളുടെ ദുരവസ്ഥ കേട്ടറിഞ്ഞു സ്ഥലം എംപിയായ തോമസ് ചാഴിക്കാടൻ, പരിചയക്കാരൻ കൂടിയായ ബിനോയ് വിശ്വം എംപി അടക്കമുള്ള പൊതു പ്രവർത്തകർ സഹായ വാഗ്ദാനവുമായി രംഗത് വന്നെന്നു നിയാസ് പറയുന്നു. രണ്ടു നേതാക്കളും ലണ്ടൻ ഹൈ കമ്മീഷൻ ഓഫിസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ആദ്യ വിമാനം പോയപ്പോൾ മുഹമ്മദ് റഫീഖിനെ പോലെയുള്ള നൂറു കണക്കിന് ആളുകളാണ് ലിസ്റ്റിൽ നിന്നും പുറത്തായത്.

എന്നാൽ ശ്വാശ്വത പരിഹാരമായ വന്ദേ ഭാരത് മിഷൻ വിമാനത്തിൽ രണ്ടു ടിക്കറ്റ് കിട്ടുക എന്നത് ഇപ്പോഴും തങ്ങൾക്കു അപ്രാപ്യമായ കാര്യമാണെന്ന് നിയാസ് പറയുന്നു. എന്നാൽ ദുരിത വാർത്ത നൽകിയ ചാനൽ തന്നെ ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. യാത്ര റദ്ദാക്കിയ രണ്ടു പേരുടെ സീറ്റിൽ മുഹമ്മദും ഭാര്യ അയിഷയും യാത്ര ചെയ്യുമെന്നാണ് ചാനൽ പറയുന്നത്. എന്നാൽ യാത്രക്കാരായ ഈ ദമ്പതികൾക്ക് അതേക്കുറിച്ച് അറിവില്ല താനും. ടിക്കറ്റ് ഉറപ്പാണ് എന്നറിയിക്കാൻ ആരും ഇതേവരെ ബന്ധപ്പെട്ടിട്ടില്ല.

എല്ലാ ദിവസവും നിയാസ് വാപ്പാക്കും ഉമ്മക്കും വേണ്ടി എയർ ഇന്ത്യ വെബ്സൈറ്റിൽ കയറി സീറ്റ് പരതുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. മിക്കപ്പോഴും എറർ എന്ന മെസേജാണ് സ്‌ക്രീനിൽ തെളിയുക. കഴിഞ്ഞ ദിവസം സീറ്റ് ലഭ്യത കണ്ടതിനെ തുടർന്ന് ബുക്ക് ചെയ്യാൻ നടത്തിയ ശ്രമം പാതിവഴി പിന്നിട്ടതാണ്. അവസാന കടമ്പയായ പണം പേയ്മെന്റ് നടത്താൻ ശ്രമിച്ചപ്പോൾ വെബ് സൈറ്റ് ഹാങ്ങ് ഔട്ട് ആകുക ആയിരുന്നു. ഇപ്പോൾ വരുമെന്ന് പറയുന്ന മൂന്നു വിമാനങ്ങളിൽ ഒന്നിൽ സീറ്റ് ലഭിച്ചെങ്കിൽ എന്ന പ്രാർത്ഥനയാണ് ഈ കുടുംബം നടത്തുന്നത്.

സ്റ്റോക്ക് ഓൺ ട്രെന്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയാണ് നിയാസിന്റെ ഭാര്യ. നിയാസും ആരോഗ്യ മേഖലയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അഞ്ചു വർഷം മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയ ഈ കുടുംബം സ്ഥിര താമസത്തിനു ഉള്ള അർഹത നേടിയെടുക്കാൻ ഉള്ള ഒരുക്കം നടത്തുന്നതിനിടെയാണ് കോവിഡ് ദുരിതമായി മുന്നിലെത്തുന്നത്. മുൻപ് ക്രോയ്‌ഡോൺ, ടോൾവർത്ത് എന്നിവിടങ്ങളിൽ താമസിച്ചിട്ടുള്ള നിയാസിനെ തേടി സഹായ വാഗ്ദാനവുമായി പലരും വിളിക്കുന്നുണ്ട്.

ലണ്ടനിൽ നിന്നുള്ള ചില പൊതുപ്രവർത്തകർ ചേർന്ന് അമ്പതു പേരുടെ സംഘങ്ങളായുള്ള ടിക്കറ്റ് ബുക്കിങ് ശ്രമമാണ് നടത്തുന്നത്. ആരും ഒഴിവാക്കപ്പെടാതിരിക്കാനാണ് ഇത്തരം ശ്രമം നടത്തുന്നത്. ആദ്യ വിമാനം മെയ് 19നു പറന്നപ്പോൾ ഒട്ടേറെ മലയാളികളാണ് അവസാന ലിസ്റ്റിന് പുറത്തായത്. ഇപ്പോഴും മുംബൈ, ഡൽഹി റൂട്ടിൽ ടിക്കറ്റ് ലഭ്യമാണെങ്കിലും അവിടെ നിന്നും കേരളത്തിലെക്കു കണക്ഷൻ ടിക്കറ്റ് ലഭിക്കാനില്ല. ഇത്തരത്തിൽ പരീക്ഷണം നടത്തി യാത്ര ചെയ്ത അനേകം ആളുകൾ ഡൽഹയിലും മുംബൈയിലും കുടുങ്ങി കിടക്കുകയാണ്. ഈ രണ്ടു നഗരങ്ങളിലും കോവിഡ് മഹാമാരി അതിന്റെ തീക്ഷ്ണതയിൽ സംഹാര താണ്ഡവം ആടുകയാണ്. നിയാസിന്റെ മാതാപിതാക്കൾക്ക് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ഉള്ളതിനാൽ ഒരു തരത്തിലും റിസ്‌ക് എടുക്കാൻ തയ്യാറല്ല.

നൂറുകണക്കിനാളുകളാണ് മുഹമ്മദ് റഫീഖിനെയും ഭാര്യയെ പോലെയും നാട്ടിൽ എത്താൻ യുകെയിൽ കാത്തിരിക്കുന്നത്. ഇവരുടെയൊക്കെ മക്കളും പ്രയാസത്തിലാണ്. മാതാപിതാക്കൾക്ക് രോഗം വേഗത്തിൽ പിടിപെടുമോ എന്ന ഭയത്താൽ പലരും ജോലിക്കും പോകുന്നില്ല. മാത്രമല്ല മുഹമ്മദിനെയും ആയിഷയെയും പോലെ മിക്ക മാതാപിതാക്കളും യുകെയിൽ എത്തിയിട്ട് വെളിയിൽ ഇറങ്ങാൻ കഴിയാത്ത നിസ്സഹായതയിലാണ് ഈ അവധിക്കാലം ചെലവിടുന്നത്. തന്റെ 65 വയസുള്ള പിതാവും 53 വയസായ മാതാവും രോഗബാധിതർ ആയതിനാൽ ഏതു വിധേനെയും സുരക്ഷിതമായി നാട്ടിൽ എത്തണം എന്ന ആഗ്രഹം മാത്രമാണ് നിയാസ് പങ്കിടുന്നത്. ഇതിനായി ആരെ വിളിക്കണം, ആരുടെ സഹായം തേടണം എന്നും നിസ്സഹായനായ ഈ യുവാവിന് പിടികിട്ടുന്നില്ല. ചാർട്ടേർഡ് വിമാനം ഉണ്ടാകും എന്നറിഞ്ഞ് ആ വഴിക്കും നിയാസ് ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഏതെങ്കിലും വിമാനത്തിന്റെ കാര്യത്തിൽ ഉറപ്പു ലഭിക്കും വരെ സമാധാനമായി ഉറങ്ങാൻ പോലും കഴിയാത്ത സങ്കടമാണ് ഇവർക്ക് പങ്കിടാൻ ഉള്ളത്.

ഈ മാസം 29നാണ് ഇവർ തിരിച്ചുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ആ ടിക്കറ്റ് ക്യാൻസലായി. അതിന്റെ പണവും മടക്കി ലഭിച്ചിട്ടില്ല. ഏതായാലും ലണ്ടൻ ഹൈ കമ്മീഷനിൽ രജിസ്റ്റർ ചെയ്തതോടെ ഇപ്പോൾ അവരുടെ മുൻഗണന പട്ടികയിലാണ് ഈ കുടുംബം. എന്നാൽ ആദ്യ വിമാനം പോയതോടെ ഇനിയുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്കിങ് തങ്ങളുടെ ജോലിയല്ല എന്ന നിലപാടിലാണ് എംബസി അധികൃതർ. ഇനി ടിക്കറ്റിനായി എയർ ഇന്ത്യയെ നേരിട്ട് വിളിച്ചോളൂ എന്നാണ് എംബസിയിൽ നിന്നും മുഹമ്മദ് റഫീഖിനും അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP