Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ക്രൂഡോയിലിൽ ലാഭം കേന്ദ്രത്തിന്; നഷ്ടം ഗൾഫ് മലയാളികൾക്ക്; പ്രാവാസികൾക്ക് ജോലി നഷ്ടമാകുമോ എന്ന് കേരളത്തിന് ആശങ്ക; പ്രവാസി മീറ്റിൽ വിഷയം മുഖ്യ അജണ്ടയാകും

ക്രൂഡോയിലിൽ ലാഭം കേന്ദ്രത്തിന്; നഷ്ടം ഗൾഫ് മലയാളികൾക്ക്; പ്രാവാസികൾക്ക് ജോലി നഷ്ടമാകുമോ എന്ന് കേരളത്തിന് ആശങ്ക; പ്രവാസി മീറ്റിൽ വിഷയം മുഖ്യ അജണ്ടയാകും

കൊച്ചി: ക്രൂഡോയിലിന് വില കുറയുന്നത് കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം. എന്നിട്ടു വേണം ചില്ലികാശിന് പെട്രോളും ഡീസലുമടിച്ച് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കാനെന്നായിരുന്നു ആഗ്രഹം. എന്നാൽ നാൾക്കുനാൾ ക്രൂഡോയിൽ വില കുറഞ്ഞ് സമീപകാലത്തെ ഏറ്റവും വലിയ താഴ്ചയിലെത്തിയിട്ടും ഇവിടെയൊന്നും സംഭവിച്ചില്ല. ഡീസലിനും പെട്രോളിനും അതേ വിലനിലവാരം തന്നെ. ഹോട്ടലിൽ ഊണിന് കൂട്ടിയ നിരക്കും ബസ് ടിക്കറ്റുനിരക്കും ഒന്നും കുറഞ്ഞില്ല. എണ്ണക്കമ്പനികൾക്ക് മാത്രം നേട്ടമെന്നു ചൂണ്ടിക്കാട്ടുമ്പോഴും സാധാരണക്കാരന്റെ ജീവിത നിലവാരത്തിൽ ക്രൂഡോയിൽ വിലക്കുറവ് ഒരു തരത്തിലും സ്വാധീനം ചെലുത്തുന്നില്ല.

ക്രൂഡോയിൽ വിലയിടിവിൽ മറ്റൊരു ദുരന്തം കൂടി കേരളത്തെ കാത്തിരിക്കുന്നുണ്ട്. പ്രവാസികളുടെ ഭാവിയാണ് ഇതിൽ പ്രധാനം. ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ജോലി നഷ്ടമാകുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. ക്രൂഡോയിൽ വിലയുടെ ഉയർച്ചയിലാണ് ഗൾഫ് രാജ്യങ്ങൾ പിടിച്ചുനിൽക്കുന്നത്. അവിടത്തെ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതും ലക്ഷക്കണക്കിന് മലയാളി പ്രവാസികൾക്ക് തൊഴിൽ ലഭിക്കുന്നതും ഇതുകൊണ്ടുതന്നെ. ക്രൂഡോയിൽ വില ഇടിയുന്നതാടെ ഈ മേഖലയൽ സ്തംഭനമാകും. ഇത് മലയാളി പ്രവാസികൾക്ക് തൊഴിൽ നഷ്ടത്തിനും കേരളത്തിലേക്ക് ഒഴുകുന്ന ഗൾഫ് പണം തടസപ്പെടുന്നതിനും ഇത് കാരണമാകും.

Stories you may Like

ആ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്കു ജോലി നഷ്ടമാകുമോയെന്ന ആശങ്ക കൊച്ചിയിൽ ആരംഭിക്കുന്ന പ്രവാസി മീറ്റിൽ ചർച്ചയാകും. ഇതു സംബന്ധിച്ചു കാര്യമായി ചർച്ചചെയ്യുമെന്ന് നോർക്ക റൂട്‌സ് ഡയറക്ടർ ഇസ്മയിൽ റാവുത്തർ മറുനാടൻ മലയാളിയോട് പറഞ്ഞു. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങൾക്കാണ് പ്രവാസി മീറ്റിൽ പ്രാധാന്യം നൽകുക. സമീപകാലത്ത് രൂപപ്പെട്ട തൊഴിൽ പ്രശ്‌നങ്ങൾ അടക്കമുള്ളവ ചർച്ചയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം സംസ്ഥാന തേടിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിഷയം എത്തിച്ചിട്ടുണ്ട്.

ക്രൂഡോയിൽ വിലക്കുറവിലൂടെ ലഭിക്കുന്ന ലാഭം നികുതിയായി ചുമത്തി കേന്ദ്രസർക്കാർ സംഭരിക്കുന്നതുമൂലമാണ് ജനങ്ങളിലേക്കു എണ്ണവിലക്കുറവിന്റെ ഗുണഫലങ്ങൾ എത്താത്തത്്. നല്ല നാളെകൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദിക്ക് പ്രതീക്ഷിച്ചത്ര നല്ല നാളുകൾ കൊണ്ടുവരാൻ സാധിക്കാതെ പോയതിനു പ്രധാന കാരണവും പണമില്ലായ്മ തന്നെയാണ്. കേരളത്തിലേതു പോലെ കേന്ദ്രത്തിലും ഖജനാവ് അത്ര മെച്ചമൊന്നുമല്ലായിരുന്നു. വരവിനെക്കാൾ കൂടിയ ചെലവുള്ളപ്പോൾ എന്ത് അത്ഭുതമാണ് പ്രധാനമന്ത്രി കാണിക്കാൻ പോകുന്നതെന്ന് സാമ്പത്തിക മേഖല ഉറ്റുനോക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ ഭാഗ്യമെന്നോണം ക്രൂഡോയിലിന് വില വൻ തോതിൽ കുറഞ്ഞതും.

ഈ കുറവ് പെട്രോൾ- ഡീസൽ വിലയിൽ പ്രകടമാക്കാതെ ലാഭം നികുതിയായി പിടിച്ച് കേന്ദ്ര ഖജനാവിലേക്ക് മുതൽ കൂട്ടുകയാണ് പ്രധാനമന്ത്രി ചെയ്തത്. നല്ല നാളെകൾക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിൽ നല്ലത്. അല്ലാതെ ഇനി വല്ല വിധേനയും ക്രൂഡോയിൽ വിലകൂടിയാൽ പെട്രോൾ- ഡീസൽ വില കൂട്ടി പൊതുജനത്തെ വീണ്ടും ദുരിതത്തിലാക്കുമെങ്കിൽ അത്ര നല്ല ദിനങ്ങളായിരിക്കില്ല കേന്ദ്രത്തിന്.

ക്രൂഡോയിൽ വില ഇടിഞ്ഞതോടെ എണ്ണക്കമ്പനികൾക്ക് നല്ലകാലമാണ്. കെയിൽ, റിലയൻസ്, ഒ.എൻ.ജി.സി എന്നീ കമ്പനികൾക്ക് വലിയ തോതിലുള്ള നേട്ടമില്ലെങ്കിലും ദോഷം ഒട്ടുമില്ല. ഇന്റർനാഷണൽ മാർക്കറ്റിന്റെ ക്രൂഡോയിൽ വില നിലവാരം അനുസരിച്ചാണ് ഇവരുടെ ലാഭവിഹിതം നിർണ്ണയിക്കുന്നത്. ക്രൂഡോയിലിന്റെ വില രൂപയിലല്ല, ഡോളറിലാണ് നിശ്ചയിക്കുന്നതും. എന്നാൽ തുടർന്നും ഇതേ നില തുടർന്നാൽ എണ്ണ കമ്പനികൾക്ക് നല്ലകാലവും പൊതുജനങ്ങൾക്ക് അത്ര മെച്ചമല്ലാത്ത കാലവുമാണ് സംഭവിക്കുകയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP