Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒ.ഇ.ടി യുടെ പേരിൽ കേരളമാകെ വ്യാപക തട്ടിപ്പ്; നഴ്‌സുമാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു; നിരീക്ഷണം യുകെ മലയാളികളിലേക്ക്; വ്യാജ സെന്ററുകളിൽ പഠിക്കാൻ എത്തിയവർക്ക് പണവും പോയി ഭാവി ജീവിതവും തുലാസിലായി

ഒ.ഇ.ടി യുടെ പേരിൽ കേരളമാകെ വ്യാപക തട്ടിപ്പ്; നഴ്‌സുമാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു; നിരീക്ഷണം യുകെ മലയാളികളിലേക്ക്; വ്യാജ സെന്ററുകളിൽ പഠിക്കാൻ എത്തിയവർക്ക് പണവും പോയി ഭാവി ജീവിതവും തുലാസിലായി

പ്രത്യേക ലേഖകൻ

ലണ്ടൻ: യുകെയിൽ എത്താൻ ഐഇഎൽടിഎസിനു പകരം കൂടുതൽ ലളിതമായ ഒഇടി ആക്കുകയും നഴ്‌സുമാർക്ക് പുറമെ സീനിയർ കെയർ ജോലിക്കു കൂടി ബ്രിട്ടൻ ഇന്ത്യക്കാർക്ക് ഉദാരമായി വിസ നൽകാനും തുടങ്ങിയതോടെ കേരളമെങ്ങും വ്യാപകമായി യുകെയിലേക്കുള്ള വിസ തട്ടിപ്പ്. യുകെയിലേക്കുള്ള വിസയുടെ ആദ്യ കടമ്പയായ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനുള്ള ഒഇടി പരീക്ഷ പാസാകണം എന്ന കച്ചിത്തുരുമ്പിൽ പിടിച്ചാണ് തട്ടിപ്പുകാർ കോടികൾ കൊയ്യാൻ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം കോഴ്‌സുകൾ പഠിപ്പിക്കുന്ന കടലാസ് സ്ഥാപനങ്ങളുടെ ഫേസ്‌ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും ഉള്ള പരസ്യ കുത്തൊഴുക്ക് ശ്രദ്ധിച്ചാൽ തന്നെ മനസിലാകും കേരളമെങ്ങും കൂണ് പോലെ മുളച്ചു പൊങ്ങിയിരിക്കുന്ന പരിശീലന സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്ന തീവെട്ടിക്കൊള്ള.

ഏറ്റവും ഒടുവിൽ പരിശീലന ക്ലാസിന്റെ പേരിൽ പരാതി വന്നിരിക്കുന്നത് തൊടുപുഴയിൽ നിന്നും കരുനാഗപ്പളിയിൽ നിന്നുമാണ്. രണ്ടു സ്ഥലത്തും പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടിടത്തും വഞ്ചനയ്ക്ക് ഇരയായത് നഴ്‌സുമാരാണ്. ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും 15 മുതൽ 20 ലക്ഷം വരെയാണ് തട്ടിപ്പുകാരുടെ കൈകളിൽ എത്തുക എന്നും പൊലീസ് പറയുന്നു.

ഇടുക്കി, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനതപുരം ഭാഗത്തുള്ളവരാണ് കൂടുതലായും തട്ടിപ്പിൽ വീണിരിക്കുന്നത്. ഗൾഫിൽ ജോലി ചെയ്യുന്നവരെയും തട്ടിപ്പിൽ കുരുക്കാൻ വ്യാജ സംഘത്തിന് കഴിഞ്ഞതായാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ബന്ധുക്കളായ ഉദ്യോഗാർത്ഥികളെ കൃത്യ വിവരം നൽകി സഹായിക്കാൻ യുകെ മലയാളികൾ പലരും ശ്രമിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാരുടെ വാക്കുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

വലയെറിഞ്ഞു വീഴ്‌ത്തുന്ന തന്ത്രം

ഇംഗ്ലീഷെന്നു കേൾക്കുമ്പോഴേ വിയർക്കുന്ന സാധാരണക്കാരാണ് തട്ടിപ്പുകാരുടെ പ്രധാന ഇരകൾ. ബ്രിട്ടനിലേക്കോ യൂറോപ്പിലേക്കോ കുടിയേറണം എന്ന ആഗ്രഹവുമായി ലക്ഷക്കണക്കിന് ചെറുപ്പക്കാർ കേരളത്തിൽ ഉണ്ടെന്നിരിക്കെ ഐഇഎൽടിഎസോ ഒഇടിയോ എന്ന് കേൾക്കുമ്പോൾ പേടിക്കുന്നവരെ സമാനമായ ഒൻപതു തരം വിവിധ പരീക്ഷകളെ കുറിച്ച് പറഞ്ഞാണ് മോഹിപ്പിക്കുന്നത്. ഒന്നല്ലെങ്കിൽ അടുത്തത് എന്ന മട്ടിലാണ് പരിശീലനം.

എന്നിട്ടും പേടിയുള്ളവർ ഉണ്ടെങ്കിൽ ക്ലാസിൽ ചേർന്ന് ഫീസ് നൽകിയാൽ മതി. ചോദ്യപേപ്പർ വരെ ചോർത്തി നൽകാമെന്നാണ് വാഗ്ദാനം. പരീക്ഷ എഴുതി തോൽക്കുന്നവർക്കു വിജയിച്ച പരീക്ഷാഫലം നൽകുന്ന ഏർപ്പാടും അടുത്തിടെ തുടങ്ങിയതായി ഉദ്യോഗാർത്ഥികൾ തന്നെ പറയുന്നു. ഇതിനൊക്കെ സർവീസ് ചാർജ് പല വിധത്തിൽ ആണെന്നത് ആദ്യമേ ധരിപ്പിക്കുകയും ചെയ്യും.

ഈ ഒരു സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത് പിന്നെ മാസം മൂന്നു ലക്ഷം രൂപം ശമ്പളം ഉള്ള ജോലിയല്ലേ കാത്തിരിക്കുന്നത് എന്ന് പറയുമ്പോൾ ബാങ്കിൽ പോയി ലോൺ എടുത്തു പോലും പണം നൽകാൻ ഉദ്യോഗാർത്ഥികൾ തയ്യാറാകും. മാത്രമല്ല ഇപ്പോൾ കേരളത്തിലെ ഏതു ഗ്രാമത്തിൽ ചെന്നാലും ഒരു കുടുംബം എങ്കിലും ഇംഗ്ലണ്ടിലോ കാനഡയിലോ ഓസ്‌ട്രേലിയയിലോ ന്യുസിലന്റിലോ ഒക്കെ പോയി രക്ഷപെട്ട കഥ പറയാൻ ഉണ്ടാകും എന്നതിനാൽ എങ്ങനെയും ആ വഴി രക്ഷപ്പെടുക എന്നതാണ് ഏവരുടെയും ആഗ്രഹം. ഇത് തന്നെയാണ് തട്ടിപ്പുകാരുടെ എണ്ണം വർധിപ്പിക്കുന്നതും. എന്നാൽ ആവശ്യക്കാർ പെരുകുന്നത് അനുസരിച്ചു ഇത്തരം ക്ലാസുകൾ ഔദ്യോഗികമായി നടത്തിയാൽ സർക്കാരിന് വരുമാനവും ലഭിക്കും തട്ടിപ്പുകാരെ നിയന്ത്രിക്കുകയും ചെയ്യാം എന്നതൊന്നും കേരളത്തിൽ ഉള്ളവരെ ബോധ്യപ്പെടുത്താൻ ആരും ഇല്ലെന്നതാണ് സങ്കടകരം.

ഇരകൾ ഓൺലൈനിൽ ഓടിയെത്തും, പത്തു പൈസ മുടക്കിലാത്ത പരസ്യം വഴി ആയിരങ്ങളിലേക്ക്

യൂറോപ്പിലോ യുകെയിലോ പോകാൻ വിവരങ്ങൾ ഗൂഗിൾ സേർച്ച് നടത്തുന്നവരെയും ഫേസ്‌ബുക്ക് ഗ്രൂപ്പുകൾ തപ്പുന്നവരെയും ഒക്കെയാണ് തട്ടിപ്പുകാർക്ക് വേഗത്തിൽ ഇരകളായി കിട്ടുന്നത്. ഇത്തരക്കാരുടെ കണ്ണിൽ പൊടിയിടാൻ ആകർഷകങ്ങളായ പരസ്യങ്ങൾ തയ്യാറാക്കി ചെറുപ്പക്കാർ കൂട്ടമായി എത്തുന്ന ഓൺലൈൻ ഇടങ്ങളിൽ പ്രചാരം നടത്തും. നവ മാധ്യമ പ്രചാരം കേരളത്തിൽ സർവ വ്യാപി ആയതിനാൽ പത്തു പൈസ മുടക്കാതെ പരസ്യം നടത്താം എന്നതും തട്ടിപ്പുകാർക്ക് തുറന്നു കിട്ടുന്ന അവസരമാണ്.

പരസ്യങ്ങളിൽ ആകൃഷ്ടരായി വരുന്നവരെ ആദ്യം മോഹിപ്പിക്കാൻ വിദേശത്തു നിന്ന് തന്നെ ആരെങ്കിലും ഓൺലൈൻ എത്തുക എന്നതാണ് പ്രധാന രീതി. പിന്നീടുള്ള ചാറ്റുകൾ കേരളത്തിൽ നിന്നുള്ളവരുമായി ആയിരിക്കും. ഒരു ലക്ഷം രൂപയെങ്കിലും രെജിസ്ട്രേഷൻ എന്ന തരത്തിൽ ആദ്യമേ കൈക്കലാക്കും. പരീക്ഷ ജയിപ്പിച്ചു കൊടുക്കും എന്ന ഉറപ്പിൽ വിലപേശലിന് ഒന്നും അവസരവുമില്ല.

ഈ ഘട്ടം കഴിഞ്ഞാൽ ഉടനെ വിദേശത്ത് എത്തിക്കാൻ ഉള്ള ഉത്തരവാദിത്തവും സംഘം ഏറ്റെടുക്കുകയായി. അഞ്ചും പത്തും ലക്ഷവും ഒക്കെ തരം പോലെ കൈക്കലാക്കും. ഇതിൽ സംശയം കാട്ടിയാൽ പരീക്ഷയിൽ കൃത്രിമം കാട്ടാൻ തയ്യാറായി എന്നത് വിദേശ രാജ്യങ്ങളെ അറിയിക്കും എന്ന ഭീഷണിയും ചാറ്റിൽ എത്തും. ഇതോടെ ഉദ്യോഗാർത്ഥികൾ ഊരാക്കുടുക്കിലാകും. ഇതൊക്കെ വാസ്തവം ആണെന്ന് ധരിപ്പിക്കാൻ ബ്രിട്ടനിൽ നിന്നോ മറ്റോ ഒരു ഇന്റർനെറ്റ് കോളും എത്തും. എംബസിയിൽ നിന്നും ഹൈക്കമ്മീഷനിൽ നിന്നും ഒക്കെ ആണെന്ന് പറഞ്ഞു കളയും. തട്ടിപ്പിൽ അകപ്പെട്ടവരുടെ പണം ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഉള്ള അക്കൗണ്ട് വഴി രാജ്യത്തിന് പുറത്തു പോയതാണ് പൊലീസ് സംശയിക്കുന്നത്.

ഇതൊക്കെ കേൾക്കാൻ ആർക്കു താൽപര്യം, പോയവർക്ക് പോയി

വാസ്തവത്തിൽ ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ചുമതലയുള്ള നോർക്കയും കേരള സർക്കാരിന്റെ പ്രവാസികാര്യ വകുപ്പും ഒക്കെ നോക്കുകുത്തികൾ ആകുമ്പോഴാണ് കോവിഡ് മുൻ നിര പോരാളികളായി പ്രവർത്തിച്ച കേരളത്തിലെ സാധാരണക്കാരായ അനേകായിരം നഴ്‌സുമാരുടെ അധ്വാന ഫലം തട്ടിപ്പുകാരുടെ കീശയിൽ എത്തുന്നത്. ആകെ 27 വകുപ്പുകൾ നോക്കി ഭരിക്കേണ്ട മുഖ്യമന്ത്രിയുടെ കീഴിൽ തന്നെ പ്രവാസി കാര്യവും എത്തുമ്പോൾ ഈ രംഗത്ത് എന്ത് തട്ടിപ്പു നടന്നാലും സർക്കാർ ശ്രദ്ധ അടിയന്തിരമായി പതിയണമെന്നില്ല. യുകെ റിക്രൂട്ട്മെന്റുകളെ കുറിച്ച് സമീപ കാലത്തു തന്നെ ഉണ്ടായ പരാതികൾക്ക് എന്ത് സംഭവിച്ചു എന്ന അന്വേഷണം മാത്രം മതിയാകും ഇക്കാര്യത്തിൽ സർക്കാർ വകുപ്പിന്റെ നിർജീവാവസ്ഥ ബോധ്യപ്പെടാൻ.

ഇത്തരത്തിൽ സമാനമായ കൊള്ള നടത്തിയ അനേകം റിക്രൂട്മെന്റുകാർക്കെതിരെ നടപടി വന്നിട്ടുണ്ടെങ്കിലും അവസാന ഘട്ടത്തിൽ കാര്യമായ ശിക്ഷയൊന്നും കൂടാതെ ഇവരൊക്കെ പുറത്തു എത്തുന്നതാണ് ഈ രംഗത്ത് ലാഭ കൊയ്ത്തു നടത്താൻ മറ്റുള്ളവരെയും പ്രേരിപ്പിക്കുന്നത്. പ്രത്യേകിച്ചും കോവിഡ് കാലത്തു ജീവിത മാർഗം നഷ്ടമായ അനേകം പേർ മുന്നിൽ മറ്റൊരു വഴിയുമില്ലെന്നു തെളിയുന്നതോടെ സമാനമായ തരത്തിൽ തട്ടിപ്പുകൾക്ക് കോപ്പു കൂട്ടുകയാണ് എന്നതാണ് മറ്റൊരു വസ്തുത.

ഇത്തരം തട്ടിപ്പുകാർക്ക് ഗൂഢ ബുദ്ധിക്കാരായ ഏതാനും യുകെ മലയാളികൾ കൂടി കുട പിടിക്കുന്നു എന്നതാണ് ലജ്ജാകരം. ആരെ പറ്റിച്ചാലും കാശുണ്ടാക്കണം എന്ന കൂർമ്മ ബുദ്ധിക്കാർ എന്തിനും തയ്യാറായി രംഗത്ത് വന്നാൽ പാവങ്ങളായ മനുഷ്യർ ഇനിയും പറ്റിക്കപ്പെട്ടുകൊണ്ടേയിരിക്കും എന്നതാണ് ഒഇടി ട്രെയിനിങ് തട്ടിപ്പിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP