Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്സുമാരുടെ എണ്ണം കുറയുന്നു; ആശുപത്രികളെല്ലാം ഓടുന്നത് കെയറർമാരെ ഉപയോഗിച്ച്; ഇന്തോ-ഫിലിപ്പിനോ നഴ്സുമാരെ നിയമിച്ചില്ലെങ്കിൽ യുകെയിലെ സർക്കാർ ആശുപത്രികൾ തകരും

നഴ്സുമാരുടെ എണ്ണം കുറയുന്നു; ആശുപത്രികളെല്ലാം ഓടുന്നത് കെയറർമാരെ ഉപയോഗിച്ച്; ഇന്തോ-ഫിലിപ്പിനോ നഴ്സുമാരെ നിയമിച്ചില്ലെങ്കിൽ യുകെയിലെ സർക്കാർ ആശുപത്രികൾ തകരും

യുകെയിലെ സർക്കാർ ആശുപത്രികളിലെ പ്രതിസന്ധി അനുനിമിഷം വർധിച്ച് വരുന്നുവെന്നത് ഇപ്പോൾ ഒരു സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുകയാണ്. രോഗികൾ പെരുകി വരുന്നതും ജീവനക്കാർ കുറഞ്ഞ് വരുന്നതും ഫണ്ട് വെട്ടിച്ചുരുക്കുന്നതും നാഷണൽ ഹെൽത്ത് സർവീസിലെ പ്രധാന പ്രശ്നങ്ങളാണ്. എല്ലാ ആശുപത്രികളിലും അനുനിമിഷം നഴ്സുമാരുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. ഈ ഒരു നിർണായക സാഹചര്യത്തിൽ എല്ലാ ആശുപത്രികളും ഓടുന്നത് കെയറർമാരെ പകരം ഉപയോഗിച്ചാണെന്നും വ്യക്തമായിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ വൻതോതിൽ ഇന്തോ-ഫിലിപ്പിനോ നഴ്സുമാരെ കൊണ്ടു വന്നില്ലെങ്കിൽ എൻഎച്ച്എസ് തകർന്നടിയുമെന്നും മുന്നറിയിപ്പുണ്ട്.

രണ്ട് വർഷത്തെ ഔദ്യോഗിക ഡാറ്റകളുടെ വിശകലനത്തിലൂടെയാണ് ഗൗരവപരമായ ഈ വെളിപ്പെടുത്തലുണ്ടായത്. ഇംഗ്ലണ്ടിലെ മിക്ക ഹോസ്പിറ്റലുകളും മിനിമം നഴ്സുമാരെ വാർഡുകളിൽ നിലനിർത്തുന്നതിൽ തികഞ്ഞ പരാജയമാണെന്നാണ് വ്യക്തമായിരിക്കുന്നത്. രജിസ്ട്രേഡ് നഴ്സുമാരുടെ എണ്ണം കുറയുന്നതിനാൽ നിലവിൽ സർവീസിലുള്ളവരുടെ ജോലി ഭാരം കൂടുന്നുവെന്നും അതിനാൽ തങ്ങൾ അത്യധികമായ റിസ്‌കിലായിരിക്കുന്നുവെന്നാണ് നിരവധി നഴ്സുമാർ ആശങ്കപ്പെടുന്നത്. ഈ ഒരു സാഹചര്യത്തിൽ രോഗികളുടെ ജീവന് വരെ ഭീഷണി ഉയരുന്നുവെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. ഏജൻസി സ്റ്റാഫുകൾക്കായി ഓരോ ഹോസ്പിറ്റലിനും ചെലവാക്കാവുന്ന തുകയിൽ ഗവൺമെന്റ് പരിധി നിശ്ചയിച്ചതോടെയാണ് നഴ്സുമാരുടെ കടുത്ത ദാരിദ്ര്യം ആവിർഭവിച്ചിരിക്കുന്നത്. ഇതിന് മുമ്പ് നഴ്സുമാരുടെ കുറവ് നികത്താനായി വൻ തുക പ്രതിഫലം കൊടുത്ത് ഏജൻസി സ്റ്റാഫുകളെ നിയമിക്കുകയായിരുന്നു ആശുപത്രികൾ ചെയ്തിരുന്നത്.

മിഡ്-സ്റ്റാഫോർഡ്ഷെയറിൽ മോശപ്പെട്ട കെയർ കാരണം നൂറ് കണക്കിന് രോഗികൾ മരിച്ച് വീണിരുന്നു. അതിനെ തുടർന്ന് മുൻകരുതലെന്നോണം ഓരോ മാസവും സ്റ്റാഫിങ് നിലവാരം ഓരോ എൻഎച്ച്എസ് ട്രസ്റ്റും പ്രസിദ്ധീകരിക്കണമെന്ന ഉത്തരവ് ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ 2014/15 നും 2016/17 ഇടയിലുള്ള ഡാറ്റകൾ പ്രകാരം 96 ശതമാനം അക്യൂട്ട് ഹോസ്പിറ്റലുകൾക്കും അതായത് 214 ഹോസ്പിറ്റലുകൾക്കും തങ്ങൾ പദ്ധതിയിട്ട എണ്ണം രജിസ്ട്രേഡ് നഴ്സുമാരെ 2016 ഒക്ടോബർ മാസം ഒരു ദിവസം പകൽസമയത്ത് നിയമിക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഹെൽത്ത് സർവീസ് ജേണൽ നടത്തിയ വിശകലനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. 85 ശതമാനം ഹോസ്പിറ്റലുകൾക്ക് അഥവാ 190 ഹോസ്പിറ്റലുകൾക്ക് രാത്രിയിൽ ഒരു ദിസവം അതേ മാസത്തിൽ വേണ്ടത്ര നഴ്സുമാരെ നിയമിക്കാനായിട്ടില്ലെന്നും ഈ വിശകലനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്.

2014 മുതൽ ഹെൽത്ത് സർവീസ് ജേണൽ ഈ ഡാറ്റകൾ വിശകലനം ചെയ്യാൻ തുടങ്ങിയത് മുതൽ പകൽ സമയത്തെയും രാത്രി സമയത്തെയും ഏറ്റവും മോശപ്പെട്ട പ്രകടനമായിരുന്നു അന്നുണ്ടായിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. പകൽസമയത്ത് ഏർപ്പെടുത്താൻ ഉദ്ദേശിച്ചിരുന്ന നഴ്സുമാരുടെ സ്റ്റാഫിങ് നിലവാരം പാലിക്കാൻ 150 ഹോസ്പിറ്റലുകൾ പരാജയപ്പെട്ടെന്നാണ് രണ്ട് വർഷത്തെ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇവരുടെ വിടവ് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ വച്ച് നികത്തുകയായിരുന്നു. കുറഞ്ഞ ക്വാളിഫിക്കേഷനുകളുള്ള ജീവനക്കാരെ നഴ്സുമാർക്ക് പകരം നിയമിക്കുന്ന ഹോസ്പിറ്റലുകളിൽ രോഗികളുടെ മരണനിരക്ക് അഞ്ചിരട്ടി കൂടുതലാണെന്ന് നവംബറിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലം വെളിപ്പെടുത്തുന്നു. ഇതിനെല്ലാം പരിഹാരമായി ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൂടുതൽ നഴ്സുമാരെ എത്രയും വേഗം കണ്ടെത്തി നിയമിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP