Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ പ്രവാസി രോഷത്തിൽ മുട്ടുമടക്കി സർക്കാർ; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് വേണ്ട, പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്ന് ഇളവ്; കിറ്റ് വിമാന കമ്പനികൾ നൽകണമെന്നും നിർദ്ദേശം; മുൻനിലപാട് സർക്കാർ തിരുത്തുന്നത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതു പ്രായോഗികം അല്ലെന്ന കേന്ദ്രസർക്കാർ നിലപാടിന്റെ കൂടി പശ്ചാത്തലത്തിൽ; സർക്കാറിന്റെ പിടിവാശിക്കിടെ വിദേശത്ത് കോവിഡ് ബാധിച്ചു മരിച്ചത് 296 മലയാളികൾ; കരുതൽ എന്ന വാക്കിനോട് കലിയോടെ പ്രവാസികൾ

ഒടുവിൽ പ്രവാസി രോഷത്തിൽ മുട്ടുമടക്കി സർക്കാർ; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് വേണ്ട, പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്ന് ഇളവ്; കിറ്റ് വിമാന കമ്പനികൾ നൽകണമെന്നും നിർദ്ദേശം; മുൻനിലപാട് സർക്കാർ തിരുത്തുന്നത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതു പ്രായോഗികം അല്ലെന്ന കേന്ദ്രസർക്കാർ നിലപാടിന്റെ കൂടി പശ്ചാത്തലത്തിൽ; സർക്കാറിന്റെ പിടിവാശിക്കിടെ വിദേശത്ത് കോവിഡ് ബാധിച്ചു മരിച്ചത് 296 മലയാളികൾ; കരുതൽ എന്ന വാക്കിനോട് കലിയോടെ പ്രവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രവാസി രോഷം അണപൊട്ടി ഒഴുകിയപ്പോൾ പിണറായി സർക്കാർ പിടിവാശി കളയുന്നു. കോവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളിൽനിന്നു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾക്കു പേഴ്സനൽ പ്രൊട്ടക്ഷൻ ഇക്വിപ്മെന്റ് (പിപിഇ) ധരിച്ചു വരുന്നതിനു അനുമതി നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതു പ്രായോഗികമല്ലെന്നു കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

വലിയ പണച്ചെലവില്ലാത്ത ട്രൂനാറ്റ് ടെസ്റ്റ് നടത്തി, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വേണം പ്രവാസികൾ വരാൻ എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നേരത്തെയുള്ള തീരുമാനം. കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ വരുന്നത് രോഗവ്യാപനത്തിന് ഇടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥ്ാനത്തിലായിരുന്നു ഇത്. ഇതു പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ട്രൂനാറ്റ് ടെസ്റ്റ് പല വിദേശരാജ്യങ്ങളിലും അംഗീകരിച്ചില്ലെന്നും ഇതിനുള്ള സംവിധാനം ഒരുക്കൽ പ്രായോഗമല്ലെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്.

റാപ്പിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിൽ എന്തു നടപടി സ്വീകരിക്കാനാവുമെന്ന് പരിശോധിച്ചു വരികയാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നു രാവിലെ ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. തുടർന്നാണ് പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാൻ പ്രവാസികളെ അനുവദിക്കാമെന്നു തീരുമാനമായത്. പിപിഇ കിറ്റ് വിമാന കമ്പനികൾ നൽകണം. പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളിൽനിന്നു മടങ്ങുന്നവർക്കു മാത്രമാണ് ഇളവ് അനുവദിക്കുക.

സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്കു മടങ്ങാനാവും. സർക്കാർ പ്രവാസികളുടെ കാര്യത്തിൽ പിടിവാശി തുടർന്നു കൊണ്ടിരിക്കവേ വിദേശത്ത് 296 മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. കേരള സർക്കാറിന്റെയും നോർക്കയുടെയും കണക്ക് പ്രകാരം കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ ജൂൺ 22 വരെ മരിച്ചത് 296 മലയാളികളാണ്. ഇവരിൽ 118 പേർ യു.എ.ഇയിലും 75 പേർ സൗദി അറേബ്യയിലും അമേരിക്കയിൽ 34 പേരും കുവൈത്തിൽ 32 പേരും മരണപ്പെട്ടു. ബ്രിട്ടനിൽ 13 ഒമാനിൽ ഒമ്പതും ഖത്തറിൽ ഏഴും ബഹ്‌റൈനിൽ നാലും മലയാളികൾക്കാണ് ജീവൻ നഷ്ടമായത്. ജർമനി, അയർലാന്റ്, മെക്‌സിക്കോ, നൈജീരിയ എന്നിവിടങ്ങളിൽ ഓരോ മലയാളികൾ വീതവും മരണപ്പെട്ടു.

കോവിഡില്ലാ സർട്ടിഫിക്കറ്റ് നാളെ മുതൽ നിർബന്ധമാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും കേന്ദ്ര സർക്കാർ കയ്യൊഴിയുകയും ചെയ്തതോടെയാണു സർക്കാർ തടിയെടുക്കാൻ മറ്റു മാർഗ്ഗം തേടിയത്. നേരത്തേ പ്രഖ്യാപിച്ച തീയതി നീട്ടിയെങ്കിലും വിദേശരാജ്യങ്ങളിൽ പരിശോധനകൾ നടത്താനുള്ള പ്രായോഗിക നടപടികളൊന്നും ഉണ്ടായിട്ടില്ല. ട്രൂനാറ്റ് പരിശോധനയും കോവിഡ് ബാധിതർക്കു മാത്രമായുള്ള വിമാനവും നടക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കുകയും ചെയ്തു. പ്രവാസികൾക്കിടയിലെ കടുത്ത എതിർപ്പും പ്രതിപക്ഷ സമരങ്ങളും തിരിച്ചടിയാകുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. കരുതൽ എന്നു പറഞ്ഞു നടന്ന സർക്കാറിന്റേത് പൊള്ളത്തരമാണെന്ന തിരിച്ചറിവ് പ്രവാസികൾക്ക് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ തീരുമാന തിരുത്തുന്നത്.

ഗൾഫിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. കേരള സർക്കാർ ഉടൻ ഉചിതമായ തീരുമാനമെടുക്കട്ടേയെന്ന് അഭിപ്രായപ്പെട്ട കോടതി ഇതിനെതിരായ ഹർജി തീർപ്പാക്കുകയായിരുന്നു. കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനത്തിനെതിരേ മുൻ പ്രവാസിയും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റുമായ കെ.എസ്.ആർ. മേനോനാണു സുപ്രീംകോടതിയെ സമീപിച്ചത്. ''ഹർജിക്കാരനു കേരള സർക്കാരിനെ സമീപിക്കാം. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. വേണമെങ്കിൽ കേന്ദ്ര സർക്കാരിനെയും സമീപിക്കാം'' -ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഗർഭിണികൾ, രോഗികൾ, പ്രായംചെന്നവർ തുടങ്ങിയവരെ അടിയന്തരമായി നാട്ടിലെത്തിക്കേണ്ടതുണ്ടെന്നും കോവിഡില്ലാ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് അവർക്ക് പ്രയാസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഏകദേശം 5 ലക്ഷം പ്രവാസികളാണു നാട്ടിലേക്കു മടങ്ങാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത്. അതിൽ ഒരു ലക്ഷത്തിൽ താഴെ പേർക്കേ ഇതുവരെ തിരിച്ചെത്താൻ കഴിഞ്ഞുള്ളു. ഗർഭിണികൾക്കും രോഗികൾക്കുമൊക്കെ ആദ്യ യാത്രകളിൽ മുൻഗണന ലഭിച്ചു. മടങ്ങിവരുന്നതിന് 'കോവിഡില്ലാ സർട്ടിഫിക്കറ്റ്' നാളെ മുതൽ നിർബന്ധമാക്കാനാണു സർക്കാർ തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പിപിഇ കിറ്റ് ധരിച്ചു പ്രവാസികൾക്ക് മടങ്ങിയെത്താം. പ്രവാസികൾക്ക് സ്വന്തം നാട്ടിലെത്താൻ സംസ്ഥാന സർക്കാർ തടസ്സം നിൽക്കുന്നു എന്ന നിലയിൽ യുഡിഎഫ് ഇത് പ്രചാരണായുധം ആക്കിയതോടെയാണ് സർക്കാർ തിരുത്തലുമായി രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP