Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജർമ്മൻ ഭാഷാ പഠനവും യാത്രാചെലവുകളും റിക്രൂട്ട്മെന്റ് ഫീസും സൗജന്യം; മികച്ച ശമ്പളവും തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നത് സർക്കാർ; ജർമനിക്ക് മാലാഖമാരെ കിട്ടുമ്പോൾ കേരളത്തിൽ തൊഴിലില്ലായ്മ കുറയും; ജോലി കിട്ടുന്നവർക്ക് ജീവിത സാഹചര്യവും ഉയരും; ഇത് യഥാർത്ഥ ട്രിപ്പിൾ വിൻ; നേഴ്‌സുമാർ ജർമൻ യാത്ര തുടങ്ങുമ്പോൾ

ജർമ്മൻ ഭാഷാ പഠനവും യാത്രാചെലവുകളും റിക്രൂട്ട്മെന്റ് ഫീസും സൗജന്യം; മികച്ച ശമ്പളവും തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നത് സർക്കാർ; ജർമനിക്ക് മാലാഖമാരെ കിട്ടുമ്പോൾ കേരളത്തിൽ തൊഴിലില്ലായ്മ കുറയും; ജോലി കിട്ടുന്നവർക്ക് ജീവിത സാഹചര്യവും ഉയരും; ഇത് യഥാർത്ഥ ട്രിപ്പിൾ വിൻ; നേഴ്‌സുമാർ ജർമൻ യാത്ര തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജർമനിയും നോർക്ക റൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിൾ വിൻ പദ്ധതി പുതിയ പ്രതീക്ഷ. പദ്ധതിയിൽ നഴ്സിങ് മേഖലയിൽ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജർമനിയിൽ എത്തിയശേഷവുമുള്ള ജർമ്മൻ ഭാഷാ പഠനവും, യാത്രാചെലവുകൾ, റിക്രൂട്ട്മെന്റ് ഫീസ് എന്നിവയും പൂർണ്ണമായും സൗജന്യമാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഗോായ്‌ഥേ സെന്ററിലാണ് ജർമൻ ഭാഷാ പഠനം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭാഷാ പഠന കാലയളവിലുൾപ്പെടെ സ്‌റ്റൈപ്പെന്റ് ലഭ്യമാക്കുന്നതും ട്രിപ്പിൾ വിൻ പദ്ധതിയുടെ പ്രത്യേകതയാണ്.

കേരള സർക്കാറിന്റെ ഭാഗമായി നോർക്ക റൂട്ട്സും, ജർമൻ ഗവൺമെന്റ് ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോ ഓപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ട്രിപ്പിൾ വിൻ പദ്ധതി നടപ്പിലാക്കുന്നത്. ഇതു വഴി കേരള സർക്കാറിനും ജർമനിക്കും നഴ്സിങ് പ്രൊഫഷണലുകൾക്കും നേട്ടമുണ്ടാകും. അതുകൊണ്ടാണ് ത്രിമാന വിജയമെന്ന സൂചനയിൽ പദ്ധതിക്ക് പേരു നൽകിയത്. മികച്ച ജോലിയും തൊഴിൽ സാഹചര്യവുമാണ് പദ്ധതിയുടെ പ്രത്യേകത.

കഴിഞ്ഞ ഡിസംബറിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിൽ നിന്നുള്ള കോട്ടയം സ്വദേശിനി അയോണ ജോസ്, തൃശ്ശൂർ സ്വദേശിനി ജ്യോതി ഷൈജു എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. കൊച്ചിയിൽ നിന്നും ബെംഗളൂരു വഴിയാണ് ജർമനിയിലേക്കുള്ള യാത്ര. സ്വപ്ന സാക്ഷാത്കാരമാണ് ഈ യാത്രയെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇരുവരും പറഞ്ഞു.

ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ഓരോ ഘട്ടത്തിലും എല്ലാ സഹായങ്ങളും പിന്തുണയും നോർക്ക റൂട്ട്സിന്റെ ഭാഗത്തുനിന്നും ലഭിച്ചതിനും ഇരുവരും പ്രത്യേകം നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ ഇരുവർക്കും നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വിമാനടിക്കറ്റുകൾ കൈമാറിയിരുന്നു.

നിലവിൽ ജർമനിയിലേയ്ക്കു തിരിച്ച അയോണ ജോസും ജ്യോതി ഷൈജുവും ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് വഴിയാണ് നിയമനം ലഭിച്ചത്. നിലവിൽ മൂന്നാമത്തെ ബാച്ചിന്റെ നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. ആദ്യ ബാച്ചിൽ നിന്നുള്ള നാലു നഴ്‌സുമാർ കൂടി വീസ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ജർമനിയിലേയ്ക്ക് തിരിക്കും.

നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ഗോയ്ഥേ സെന്ററിൽ ജർമൻ ഭാഷാ പഠനം നടത്തുന്ന 172 ഉദ്യോഗാർഥികൾക്ക് ഡിസംബർ മാസത്തോടെ ജർമനിയിലേയ്ക്ക് യാത്രതിരിക്കാൻ കഴിയും. കേരളത്തിലെ നഴ്‌സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്‌സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേരെ നിയമിക്കും. നഴ്‌സിങിൽ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം കിട്ടുക.

വിജയികൾക്ക് ജർമൻ ഭാഷാ എ1/എ2/ബി1 ലെവൽ പരിശീലനം കേരളത്തിൽ നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയിക്കുന്നവർക്ക് 250 യൂറോ വീതമാണ് ആനുകൂല്യം. തുടർന്ന് അസിസ്റ്റന്റ് നഴ്‌സുമാരായി നിയമനം. ബി2 ലെവൽ പാസാകുമ്പോൾ രജിസ്ട്രേർഡ് നഴ്‌സായാണ് ജോലി. ജർമനിയിലെ ബി2 ലെവൽ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്. രജിസ്‌ട്രേർഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നതുവരെ ആദ്യം 2300-ഉം പിന്നീട് 2800 യൂറോയും ലഭിക്കും. മണിക്കൂറിന് 20 മുതൽ 35 ശതമാനംവരെ ഓവർടൈം അലവൻസുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP