Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ബ്രിട്ടനിൽ ആശുപത്രിയിലെ കത്തിക്കുത്തിൽ മലയാളി ജീവനക്കാരന് പരിക്കേറ്റു; ജോസഫിന്റെ കാർഡ് കൈവശപ്പെടുത്തിയ അക്രമി അതുപയോഗിച്ചു കാബിൻ തുറക്കുന്നതിൽ പരാജയപ്പെട്ടതോടെ മൂന്നു വട്ടം കുത്തി; പരിക്കേറ്റത് ജോസഫ് ജോർജ്ജിന്; സ്ഥിതി ആശങ്കാജനകം അല്ലെന്നു സൂചന; ഗ്ലാസ്‌ഗോ മോഡൽ ആക്രമണം എന്ന ഭീതിയിൽ ആശുപത്രി വളയാൻ എത്തിയത് സായുധ സേന; പ്രതിയായ യുവാവ് കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; മലയാളി സമൂഹം ആശങ്കയിൽ

ബ്രിട്ടനിൽ ആശുപത്രിയിലെ കത്തിക്കുത്തിൽ മലയാളി ജീവനക്കാരന് പരിക്കേറ്റു; ജോസഫിന്റെ കാർഡ് കൈവശപ്പെടുത്തിയ അക്രമി അതുപയോഗിച്ചു കാബിൻ തുറക്കുന്നതിൽ പരാജയപ്പെട്ടതോടെ മൂന്നു വട്ടം കുത്തി; പരിക്കേറ്റത് ജോസഫ് ജോർജ്ജിന്; സ്ഥിതി ആശങ്കാജനകം അല്ലെന്നു സൂചന; ഗ്ലാസ്‌ഗോ മോഡൽ ആക്രമണം എന്ന ഭീതിയിൽ ആശുപത്രി വളയാൻ എത്തിയത് സായുധ സേന; പ്രതിയായ യുവാവ് കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; മലയാളി സമൂഹം ആശങ്കയിൽ

പ്രത്യേക ലേഖകൻ

ലണ്ടൻ: ബ്രിട്ടനിലെ ആശുപത്രിയിൽ വെച്ചുണ്ടായ കത്തിക്കുത്തിൽ മലയാളിക്ക് പരിക്കേറ്റു. ബ്രൈറ്റനിലെ റോയൽ സസ്‌കസ് ആശുപത്രിയിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിലാണ് മലയാളിയായ ജോസഫ് ജോർജ്ജിന് കത്തിക്കുത്തിൽ പരിക്കേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ നില ആശങ്കാജനകം അല്ലെന്ന് ആശുപത്രി അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാവിലെ എട്ടരയോടെ നടന്ന സംഭവ ബഹുലമായ അക്രമത്തിൽ ആശുപത്രിയിലെ കാറ്ററിങ് വിഭാഗം ജീവനക്കാരനും കൂത്താട്ടുകുളം സ്വദേശിയും നീണ്ടകാലമായി ബ്രൈറ്റണിൽ താമസക്കാരനുമായ ജോസഫ് ജോർജ്ജിന് കുത്തേൽക്കുക ആയിരുന്നു. ഇദ്ദേഹം രാവിലെ ജോലിയിൽ പ്രവേശിച്ചു അൽപം കഴിയും മുൻപാണ് ആശുപത്രി ജീവനക്കാരുമായി വഴക്കിട്ട യുവാവിന്റെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. അടുത്തിടെ നടന്ന ഗ്ലാസ്‌ഗോ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നൊടിയിടയിൽ ആശുപത്രിയും പരിസരവും സായുധ സേനയുടെ വലയിലാകുകയും ചെയ്തു.

മലയാളി ജീവനക്കാരനാണ് പരുക്കേറ്റതെന്ന വാർത്ത അറിഞ്ഞതോടെ തത്സമയം ജോലിയിൽ ഉണ്ടായിരുന്ന മുഴുവൻ മലയാളികളും ആശങ്കയിലായി. ഏകദേശം അൻപതോളം മലയാളികൾ ജോലി ചെയ്യുന്ന ആശുപത്രിയാണിത്. ബ്രൈറ്റന്റെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള മലയാളികളും ഇവിടെ ജോലിക്കെത്തുന്നുണ്ട്. രാവിലെ എട്ടരയോടെ നടന്ന സംഭവം മലയാളി സമൂഹത്തിൽ വാർത്തയായി എത്തുന്നത് ഉച്ചയോടെയാണ്. ടാക്സി ജീവനക്കാർക്കും മറ്റും പ്രത്യേക കരുതൽ എടുക്കാൻ ഉള്ള നിർദ്ദേശവും എത്തിയതോടെ കൂടുതൽ ആളുകൾ പരിഭ്രാന്തർ ആക്കുകയായിരുന്നു.

Stories you may Like

സംഭവത്തെ തുടർന്ന് ഏറെ നേരം പൊലീസ് ആശുപത്രി പരിസരം ഗതാഗത മുക്തമാക്കി അടച്ചിടുക ആയിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബ്രൈറ്റണിൽ ജീവിക്കുന്ന ജോസഫ് ജോർജ്ജിനെ മുഴുവൻ ബ്രൈറ്റൻ മലയാളികൾക്കും പരിചയം ഉള്ളതിനാൽ സകലരും ബ്രൈറ്റൻ മലയാളി കൂട്ടായ്മയിൽ ആശങ്ക രേഖപ്പെടുത്തിയാണ് പരസ്പരം ആശ്വാസം പകരുന്നത്. ഏതായാലും ഭീതിജനകമായ തരത്തിൽ ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസവും മലയാളി സമൂഹം പങ്കിടുന്നു. ഇത്തരം ഒരു സംഭവം തങ്ങളുടെ ഓർമ്മയിൽ ആദ്യമാണെന്ന് കഴിഞ്ഞ 15 വർഷമായി ഇവിടെ ജോലി ചെയ്യുന്ന മലയാളി നഴ്സ് വ്യക്തമാക്കുന്നു.

സംഭവം എങ്ങനെ നടന്നുവെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ആശുപത്രിയിൽ മരുന്നു സൂക്ഷിക്കുന്ന കാബിൻ തുറക്കാൻ ഉള്ള ശ്രമത്തിൽ ജീവനക്കാരുടെ ഐഡി കാർഡ് തരപ്പെടുത്താൻ അക്രമി ശ്രമിച്ചതിനെ തുടർന്നാകാം ജോസഫ് ജോർജ്ജ് ആക്രമിക്കപ്പെട്ടത് എന്ന സൂചനയാണ് പ്രാഥമികമായി ലഭിക്കുന്നത്. എന്നാൽ ഇതിൽ വ്യക്തത വരുത്തേണ്ടത് പൊലീസാണ്.

ജോസഫിന്റെ കാർഡ് കൈവശപ്പെടുത്തിയ അക്രമി അതുപയോഗിച്ചു കാബിൻ തുറക്കുന്നതിൽ പരാജയപ്പെട്ടതോടെ കുപിതനായി മൂന്നു വട്ടം കുത്തുക ആയിരുന്നു. തുടർന്ന് അക്രമിയുടെ പിടിയിൽ നിന്നും ജോസഫ് ജോർജ്ജ് ഓടി രക്ഷപ്പെടുക ആയിരുന്നു എന്ന് പറയപ്പെടുന്നു. രാവിലെ ഒൻപതു മണിയോടെ അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്ന് 30 അംഗ സായുധ സേന പൊലീസ് കുതിച്ചെത്തി അക്രമിയെ കീഴടക്കുക ആയിരുന്നു.

കഴിഞ്ഞ ദിവസം സമാനമായ സംഭവം ബോൾട്ടൻ പട്ടണത്തിൽ നടന്നപ്പോഴും പൊലീസ് ഇതേതരത്തിൽ ഉടൻ പ്രതികരണം നടത്തിയിരുന്നു. അടുത്തിടെ നടന്ന ഗ്ലാസ്‌ഗോ സംഭവത്തെ തുടർന്ന് ഇത്തരം അക്രമങ്ങളെ കർശനമായി നേരിടണം എന്ന ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ നിർദ്ദേശം പൊലീസ് കൃത്യമായി നിറവേറ്റുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഭീകര പ്രവർത്തകർ ഗ്ലാസ്‌ഗോ മോഡൽ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പൊതു ഇടങ്ങളിലെ കത്തിക്കുത്തിനെ പൊലീസ് ക്രിയാത്മകമായി നേരിടും എന്ന സന്ദേശം കൂടിയാണ് ബോൾട്ടൻ, ബ്രൈറ്റൻ കത്തിക്കുത്തുകൾ നേരിട്ട രീതിയിലൂടെ പൊലീസ് തെളിയിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഇന്നലെ നടന്ന കത്തിക്കുത്തിന് ഒരു വിധത്തിലും തീവ്രവാദ സ്വഭാവം ഇല്ലെന്നു പിന്നീട് പൊലീസ് വിശദമാക്കിയിരുന്നു. അക്രമിയുടേത് എന്ന് കരുതുന്ന ചുമൽ ബാഗും കട്ടി ജാക്കറ്റും പൊലീസ് ആശുപത്രിക്കു പുറത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ ഇയാൾ പുറത്തു നിന്നും എത്തിയ അക്രമി ആണെന്ന സൂചനയാണ് ലഭ്യമാകുന്നത്. എന്നാൽ മയക്കു മരുന്നിനു തുല്യമായി ഉപയോഗിക്കപ്പെടുന്ന മരുന്നിനു വേണ്ടി മാത്രമാണോ ഇയാൾ അക്രമം നടത്തിയതെന്നും സംശയിക്കപ്പെടുന്നുണ്ട്. വലിയ വലിപ്പമുള്ള കത്തിയാണ് പൊലീസ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

ആശുപത്രിയിലെ പതിനൊന്നാം നിലയിൽ ജോലി ചെയ്യുക ആയിരുന്ന വേളയിലാണ് ജോസഫ് ജോർജ്ജിന് കുത്തേൽക്കുന്നത്. ഗൈനക്കോളജി വാർഡിനോട് ചേർന്നാണ് ഈ സംഭവം നടക്കുന്നത്. ഇതേ ഹോസ്പിറ്റലിൽ നിയോനാറ്റോളജി വിഭാഗത്തിൽ നൈറ്റ് നഴ്സ് ആയി ജോലി ചെയുന്ന ബീനയാണ് ഇദ്ദേഹത്തിന്റെ പത്നി. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്.

കോവിഡ് പകർച്ച വ്യാധിക്കിടയിൽ ആശ്വാസം പകരാൻ ശ്രമിക്കുന്ന ആശുപത്രി ജീവനക്കാർ അക്രമത്തിന് ഇരയാകുന്നതിൽ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഇത് ഒരു തരത്തിലും ആവർത്തിക്കാൻ ഇടവരത്തരുത് എന്നാണ് നൂറുകണക്കിനാളുകൾ ഇന്നലെ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം. ഇന്നലെ പകൽ മുഴുവൻ പൊലീസ് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP