Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്

സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പഠനം കഴിഞ്ഞാൽ പിന്നെ നല്ലൊരു ജോലിയുമായി പുതിയ ജീവിതംകരുപ്പിടിപ്പിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ചുരുങ്ങിയ ആഗ്രഹമാണ്, ആവശ്യമാണ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾക്കായി കൂടുതൽ വേതനം ലഭിക്കുന്ന സ്ഥാപനങ്ങളിലേക്ക് ചേക്കേറുക എന്നത് സ്വാഭാവികവും. ഇവിടെയാണ് പല റിക്രൂട്ട്മെന്റ് ഏജന്റുമാരും പിടിമുറുക്കുന്നത്. ഏജന്റുമാരുടെ മനോഹര വാഗ്ദാനങ്ങളിലും വാക്ധോരണിയിലും മയങ്ങി യു കെയിൽ എത്തിയ ഇന്ത്യൻ നഴ്സുമാരുടെ ജീവിതം യഥാർത്ഥത്തിൽ മറ്റൊന്നാണെന്ന് ബ്രിട്ടീഷ് ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ (ബി ഐ എൻ എ) ചെയർമാൻ മാരിമുത്തു കുമാരസ്വാമി പറയുന്നു.

അടുത്തിടെ യു കെയിൽ എത്തിയ നഴ്സുമാർ വീട്ടുവാടകയും ജീവിത ചെലവുകളുമെല്ലാം അനുഭവിച്ചറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നാണ് അദ്ദേഹം നഴ്സിങ് ടൈംസിനോട്പറഞ്ഞത്. യു കെയിൽ ആദ്യമായി എത്തുന്ന നഴ്സുമാർക്ക് ആദ്യത്തെ നാലു മുതൽ ആറ് ആഴ്‌ച്ചകളിൽ എൻ എച്ച് എസ് ട്രസ്റ്റുകൾ താത്ക്കാലിക താമസ സൗകര്യം ഒരുക്കും. ഇക്കാലയളവിൽ അവർ സ്വന്തമായി താമസസ്ഥലം കണ്ടെത്തേണ്ടതുണ്ട്.

ഇവിടെയാണ് നഴ്സുമാരും അവരുടെ കുടുംബവും ദുരിതമനുഭവിക്കുന്നതെന്ന് മാരിമുത്തു പറയുന്നു. രാജ്യം വിട്ട് ഇവിടെയെത്തുമ്പോൾ തന്നെ സാംസ്‌കാരിക തലത്തിൽ ഉണ്ടാകുന്ന മാറ്റം അവരിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനു പുറമെ പരീക്ഷക്കായി തയ്യാറെടുക്കേണ്ടതുണ്ട്. അതിനിടയിൽ വാടക വീട് അന്വേഷിക്കാനും അവർ നിർബന്ധിതരാവുകയാണെന്ന് മാരിമുത്തു ചൂണിക്കാണിക്കുന്നു. താമസ സ്ഥലങ്ങളുടെ ദരുലഭ്യവും അമിത വാടകയും എല്ലാവരെയും ബാധിക്കുന്ന പ്രശ്നം തന്നെയാണെങ്കിലും പുതുതായി എത്തുന്ന നഴ്സുമാരിൽ അത് വലിയ തോതിൽ സമ്മർദ്ദം ചെലുത്തുന്നു എന്നും മാരിമുത്തു പറഞ്ഞു.

അതിനെല്ലാം പുറമെ, ജീവിത ചെലവുകൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന ഈ സാഹചര്യത്തിൽ, നിലവിലെ എൻ എച്ച് എസ് ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നത് മറ്റൊരു പ്രശ്നമാണ്. അതുകൊണ്ടു തന്നെയായിരുന്നു ഗതികെട്ട് നഴ്സുമാർക്ക് സമരത്തിനിറങ്ങേണ്ടി വന്നത്. ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റിക്കൊടുക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ അനുവദിച്ച ചെറിയ ശമ്പള വർദ്ധനവ് സമ്മതിച്ച് പല യൂണിയനുകൾക്കും സമരത്തിൽ നിന്നും പിന്മാറേണ്ടതായും വന്നു.

റിക്രൂട്ട്മെന്റ് സമയത്ത് ഇന്ത്യൻ നഴ്സുമാരോടെ ബാൻഡ് 5 ന്റെ കാര്യം പറയും. 28,000 പൗണ്ട് മുതൽ 34,000 പൗണ്ട് വരെ ശമ്പളം ലഭിക്കുമെന്ന് പറയുമ്പോഴും ഈ തുകകൊണ്ട് ഏത് നിലയിൽ ജീവിക്കാൻ ആകും എന്നതിനെ കുറിച്ച് അവർക്ക് ഒരു സൂചനയും നൽകുന്നില്ല എന്നും മാരിമുത്തു കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ പോലെ താരതമ്യേന കുറഞ്ഞ ജീവിത ചെലവും, കുറഞ്ഞ ശരാശരി വരുമാനവുമുള്ള ഒരു രാജ്യത്തു നിന്നും എത്തുന്നവർക്ക്, ഇവിടത്തെ ജീവിത ചെലവിനെ പറ്റി ഒരു ധാരണ റിക്രൂട്ട്മെന്റ് സമയത്ത് നൽകണം എന്നാണ് കുമാരസ്വാമി ആവശ്യപ്പെടുന്നത്.

റെജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞാൽ നഴ്സുമാർക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളം 28,000 പൗണ്ട് ആണ്. കൂടെ ഓവർ ടൈം ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നും പറയും. എന്നാൽ പ്രതിമാസം 1700 പൗണ്ടോളം വാടകയും മറ്റുമായി ചെലവാകും. അതായത്, വളരെ താഴ്ന്ന നിലയിലുള്ള ഒരു ജീവിതമായിരിക്കും അവർ നയിക്കേണ്ടി വരിക. ജീവിത നിലവാരം മെച്ചപ്പെടുത്താം എന്ന ചിന്തയോടെയാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ നിന്നും നഴ്സുമാർ യു കെയിൽ എത്തുന്നത്. എന്നാൽ, വരുമാനത്തിന്റെ ഒരു പങ്ക് നികുതിയായും നാഷണൽ ഇൻഷുറൻസയും പോകുമെന്ന കാര്യം ഏജന്റുമാർ അവരോട് വെളിപ്പെടുത്താറില്ല.

ഏജന്റുമാർ ഇത് നഴ്സുമാരെ ദ്രോഹിക്കണം എന്ന ചിന്തയോടെ മനഃപൂർവ്വം ചെയ്യുന്നതാണെന്ന് താൻ ചിന്തിക്കുന്നില്ല എന്ന് മാരിമുത്തു പറയുന്നു. എന്നാൽ, പ്രായോഗികമായി സംഭവിക്കുന്നത് അതാണ്. കൂനിന്മേൽ കുരു എന്നതുപോൽ കടുത്ത വിസ നിയന്ത്രണങ്ങൾ, ഇവർക്കൊപ്പം ആശ്രിതവിസയിൽ എത്തുന്ന കുടുംബാംഗങ്ങളെ തൊഴിൽ ചെയ്യുന്നതിൽ നിന്നും വിലക്കുന്നു. കുടുംബമായി യു കെയിൽ എത്തിയ നഴ്സുമാരിൽ പലരും ഇപ്പോഴും ഒറ്റയാളുടെ വരുമാനത്തിൽ ജീവിക്കേണ്ടുന്ന സാഹചര്യത്തിലാണെന്നും മാരിമുത്തു പറഞ്ഞു.

ഓരോ വർഷവും യു കെ ആരോഗ്യമേഖലയിലേക്ക് കൂടുതൽ കൂടുതൽ വിദേശ നഴ്സുമാരും മിഡ്വൈഫുമാരും കടന്നെത്തുകയാണ്. നിലവിൽ എൻ എച്ച് എസ്സിലെ ജീവനക്കാരിൽ 20 ശതമാനത്തിലധികം വിദേശത്തു നിന്നുള്ളവരാണ്. 2019 ൽ ഇത് 15 ശതമാനം മാത്രമായിരുന്നു. എന്നാൽ, അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെയില്ല എന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP