Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാരിറ്റി ബോക്സിങ് റിങ്ങിൽ മരണക്കെണി ഒരുങ്ങുന്നത് യുകെയിൽ തുടർക്കഥ; കായികവേദിയിൽ മരണം യുകെ മലയാളികൾക്കിടയിൽ ആദ്യവും; ബോക്സിങ് റിങ്ങിലെ അപകട മരണങ്ങളിൽ അന്വേഷണം ഉണ്ടാകുമെങ്കിലും ദുരന്തം ആവർത്തിക്കുന്നതിൽ ആശങ്ക

ചാരിറ്റി ബോക്സിങ് റിങ്ങിൽ മരണക്കെണി ഒരുങ്ങുന്നത് യുകെയിൽ തുടർക്കഥ; കായികവേദിയിൽ മരണം യുകെ മലയാളികൾക്കിടയിൽ ആദ്യവും; ബോക്സിങ് റിങ്ങിലെ അപകട മരണങ്ങളിൽ അന്വേഷണം ഉണ്ടാകുമെങ്കിലും ദുരന്തം ആവർത്തിക്കുന്നതിൽ ആശങ്ക

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: അമേരിക്കയിൽ സാധാരാണ സംഭവമായി കണക്കാക്കുന്ന ബോക്സിങ് റിങ് അപകടങ്ങൾ യുകെയിൽ അത്ര സാധാരണം അല്ലെങ്കിലും അമേച്ച്വർ ബോക്സിങ് റിങ്ങുകളിൽ യുകെയിലും അപകട മരണം തുടർക്കഥയാകുന്നു എന്ന് വ്യക്തമാക്കുകയാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ജൂബലിന്റെ വിയോഗ വാർത്ത. ഇത്തരം അപകട മരണങ്ങൾ യുകെയിൽ മുൻപും പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

അപ്പോഴൊക്കെ പേരിനൊരു അന്വേഷണം നടക്കുമെങ്കിലും അപകട കാരണമായ അനാസ്ഥയോ പാകപ്പിഴയോ പരിഹരിക്കാൻ തീവ്ര ശ്രമം ഉണ്ടാകുന്നില്ല എന്നാണ് ഇടവേളയിട്ട് എത്തുന്ന ബോക്സിങ് ദുരന്തങ്ങൾ. തികച്ചും അപകടകരമായ സ്പോർട്സ് ഇവന്റ് ആണെങ്കിലും അതിനൊത്ത ശ്രദ്ധ സംഘാടകരിൽ നിന്നും ഉണ്ടാകുന്നില്ല എന്ന ആക്ഷേപം കായിക പ്രേമികൾ ഓരോ സംഭവത്തിലും ഉയർത്തുന്നുമുണ്ട്.

എന്നാൽ പൊലീസ് അന്വേഷണം അപകട മരണം എന്ന നിലയിൽ അവസാനിക്കുന്നതോടെ ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകുന്നില്ല എന്നതാണ് ജുബലിന്റെ വിയോഗവും തെളിയിക്കുന്നത്. പലപ്പോഴും ഇത്തരം ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജുബൽ പങ്കെടുത്തത് പോലെയുള്ള അമേച്ചർ ചാരിറ്റി ഇവന്റുകളിൽ ആണെന്നതും ശ്രദ്ധേയമാണ്. പ്രൊഫഷണൽ മത്സരങ്ങളുടെ അച്ചടക്കം ചാരിറ്റി ഇവന്റുകളിൽ ഉണ്ടാകുന്നില്ലേ എന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്. പ്രൊഫഷണൽ വേദികളിൽ അപകട സമയത്തു വേഗത്തിൽ മെഡിക്കൽ സംഘത്തിന്റെ സഹായം എത്തുമ്പോഴും അമേച്ചർ വേദികളിൽ ഇത് പലപ്പോഴും സംഭവിക്കാറില്ല എന്നതാണ് തുടരെയുള്ള അപകട മരണങ്ങൾ വിരൽ ചൂണ്ടുന്നത്.

യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾ സാധാരണ റോഡ് അപകടങ്ങളിൽ മരിക്കുന്നത് അത്ര അസാധാരണമല്ലാത്ത നിലയിലേക്ക് മാറുമ്പോഴും ഒരു കായിക വേദിയിൽ മലയാളിക്ക് ജീവൻ നഷ്ടമാകുന്നത് ആദ്യ സംഭവമാണ്. ഒട്ടേറെ പ്രതീക്ഷകളുമായി എത്തിയ യുവാവ് തനിക്കിഷ്ടപ്പെട്ട സ്പോർട്സ് ഇവന്റിൽ ഒരവസരം ലഭിച്ചപ്പോൾ അതീവ സന്തോഷത്തോടെ പങ്കെടുക്കാൻ എത്തിയത് അവന്റെ അവസാന വേദിയായി മാറുക ആയിരുന്നു എന്നതാണ് ഏവരെയും പ്രയാസപ്പെടുത്തുന്നത്. അപകടമുണ്ടായി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ എത്താൻ കാത്തിരുന്നതോടെയാണ് ശനിയാഴ്ച ആശുപത്രിയിൽ എത്തിയ ജൂബലിന്റെ മരണം ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കാരണമായത്.

ജുബൽ മരിച്ചതിനു സമാനമായ വിധത്തിൽ ബോക്സിങ് റിങ്ങിൽ അപകടം ഉണ്ടായതു കൃത്യം ഒരു വർഷം മുൻപാണ്. അന്ന് വൂസ്റ്ററിലെ ട്രാംപ് നൈറ്റ് ക്ലബിൽ നടന്ന ബോക്സിങ് മത്സരത്തിൽ ഡൊമനിക് ചാപ്മാൻ എന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. ജുബലിന്റെ സമാന പ്രായക്കാരനായ ഡൊമനിക്കിനെയും അപകടത്തെ തുടർന്ന് വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇപ്പോൾ ജുബലിന്റെ മാതാപിതാക്കൾ തീരുമാനിച്ചത് പോലെ അന്ന് ഡൊമനിക്കിന്റെ ബന്ധുക്കളും അവയവ ദാനത്തിനു തയ്യാറായതോടെ മൂന്നു പേരുടെ ജീവിതത്തിലേക്കാണ് മരണം വഴി ആ യുവാവ് കടന്നെത്തിയത്. കാൻസർ റിസേർച്ച് യുകെയ്ക്ക് ധനസമാഹരണത്തിനു വേണ്ടിയാണ് അന്ന് ബോക്സിങ് മത്സരം സംഘടിപ്പിച്ചിരുന്നത്.

ആറു വർഷം മുൻപ് സമാന സാഹചര്യത്തിൽ ഡെർബിഷെയറിലെ ബോക്സിങ് റിങ്ങിലും മറ്റൊരു യുവാവിന് ജീവത്യാഗം സംഭവിച്ചിരുന്നു. ഒരു നൂറ്റാണ്ടിനിടയിൽ ബോക്സിങ് റിങ്ങുകളിൽ ഏകദേശം 2000 പേർക്കാണ് ജീവനഷ്ടം സംഭവിച്ചിരിക്കുന്നതെന്നു കണക്കുകൾ പറയുന്നു. കായിക വേദിയിൽ ജീവൻ വെടിയുന്നത് അപൂർവ്വ കാര്യം അല്ലെങ്കിലും ബോക്സിങ് റിങ്ങുകളിലെ അപകട മരണ നിരക്ക് ഉയരുന്നത് പരക്കെ വിമർശ വിധേയവും ആകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP