Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലണ്ടനിൽ മലയാളി കൊല്ലപ്പെട്ടത് കുത്തേറ്റെന്നു സ്ഥിരീകരണമായി; പ്രധാന പ്രതി 16 കാരനെന്നു സൂചന; ജെറാൾഡ് നെറ്റോയുടെ കൊലപാതകത്തിന് പിന്നിൽ മൂന്നംഗ സംഘം; തർക്കത്തിൽ ഏർപ്പെട്ടവർ പെട്ടന്ന് അക്രമാസക്തമായി; യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ഈ കൊല നൽകുന്നത് കരുതൽ വേണമെന്ന സൂചന

ലണ്ടനിൽ മലയാളി കൊല്ലപ്പെട്ടത് കുത്തേറ്റെന്നു സ്ഥിരീകരണമായി; പ്രധാന പ്രതി 16 കാരനെന്നു സൂചന; ജെറാൾഡ് നെറ്റോയുടെ കൊലപാതകത്തിന് പിന്നിൽ മൂന്നംഗ സംഘം; തർക്കത്തിൽ ഏർപ്പെട്ടവർ പെട്ടന്ന് അക്രമാസക്തമായി; യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ഈ കൊല നൽകുന്നത് കരുതൽ വേണമെന്ന സൂചന

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ശനിയാഴ്ച അർദ്ധ രാത്രി ബ്രിട്ടീഷ് നഗരമായ സൗത്താളിനടുത്ത് ഹാൻഡ്വെലിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ജെറാൾഡ് നെറ്റോയുടെ മരണകാരണം നെഞ്ചിൽ ആഴത്തിൽ ഏറ്റ മുറിവാണെന്നു വ്യക്തമായി. യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചതും ഒടുവിൽ കത്തിക്കുത്ത് നടത്തിയതുമാണ് മരണത്തിലേക്ക് നയിച്ചത്. നീണ്ട 40 ലേറെ വർഷത്തെ ബ്രിട്ടീഷ് ജീവിതാനുഭവമുള്ള ജെറാൾഡ് എന്ന 62കാരൻ പബ്ബിൽ പോകുന്ന ശീലമുള്ള വ്യക്തിയുമാണ്.

എന്നാൽ ഇത്രയും കാലം ഒരാപകടവും കൂടാതെ ലണ്ടനിൽ ജീവിച്ചിട്ടുള്ള ജെറാൾഡിനു തനിക്കു നല്ല പരിചയമുള്ള സ്ഥലത്തു തന്നെ ചെറുപ്പക്കാരുടെ മർദ്ദനവും ക്രൂരമായ ആക്രമണവും നേരിടേണ്ടി വന്നു എന്നത് ബ്രിട്ടനിലെ, പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ രാത്രികാല ജീവിതം അത്യന്തം അപകടം നിറഞ്ഞതാണ് എന്നോർമ്മിപ്പിക്കുകയാണ്.

ശനിയാഴ്ച അർദ്ധ രാത്രി നടന്ന അക്രമത്തിൽ പതിനാറു വയസായ രണ്ടു പേരേയും ഒരു ഇരുപതുകാരനെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മറ്റു രണ്ടുപേരെ കൂടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മറ്റാർക്കും കേസിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരൻ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ജയിലിൽ റിമാൻഡ് തടവുകാരൻ ആയിരിക്കുകയാണ്.

20 കാരനായ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജെറാൾഡുമായി തർക്കത്തിൽ ഏർപ്പെട്ട മൂവരും പൊടുന്നനെ അക്രമാസക്തരാവുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ലണ്ടനിലെ കുപ്രസിദ്ധമായ കത്തിക്കുത്ത് കേസിൽ ഓരോ വർഷവും അനേകമാളുകൾ കൊലപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി കൊലക്കത്തിക്ക് ഇരയാകുന്നത് എന്ന് കരുതപ്പെടുന്നു.

കുത്തേറ്റു വീണ ജെറാൾഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികൾ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സഹായാഭ്യർത്ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റൻ പൊലീസ് പ്രദേശമാകെ സീൽ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു. സംഭവം നടന്നു മിനിട്ടുകൾക്കകം പ്രതികൾ എന്ന് സംശയിക്കുവരെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു. പ്രദേശത്തെ ഏറ്റവും തിരക്കുള്ള റോഡ് ആയിരുന്നെങ്കിലും ഞായറാഴ്ച ആയതിനാൽ അടച്ചിട്ട റോഡുകൾ മൂലം പൊതുജനത്തിന് കാര്യമായ തടസവുമുണ്ടായില്ല.

അതിനിടെ അറസ്റ്റിൽ ആയ പതിനാറുകാരൻ ഈലിങ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എത്തിയത്. കുറ്റബോധത്തിന്റെ ചെറുലാഞ്ചന പോലും ഇല്ലാതെയാണ് ഇയാൾ കോടതിയിൽ നിന്നതും. ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ പദവിയിൽ ഉള്ള ബ്രെയിൻ ഹൊവിക്കാന് കേസ് അന്വേഷണ ചുമതല. അതിനിടെ അടുത്തകാലത്തായി മലയാളി യുവതീ യുവാക്കൾ ആഘോഷങ്ങൾക്ക് വേണ്ടി പബുകളെ ആശ്രയിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ ക്രൈം റേറ്റ് ഉയർത്തി നിർത്തുന്നതിൽ പബുകൾ എത്രമാത്രം, വിഹിതം നൽകുന്നുണ്ട് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ട വസ്തുതയുമാണ്.

യുകെയിൽ എത്തിയ സന്തോഷം പ്രകടിപ്പിക്കാൻ ഫ്രഷേഴ്‌സ് പാർട്ടി സംഘടിപ്പിക്കുന്ന ചെറുപ്പക്കാരും വിദ്യാർത്ഥികളും അമിതമായി മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ ഒട്ടേറെ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു പാർട്ടിക്കൊടുവിലാണ് ഷെഫീൽഡിൽ മലയാളി വിദ്യാർത്ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്റ മുഖം നോക്കിയുള്ള ഇടികിട്ടിയതും.

ഇതേതുടർന്ന് വിദ്യാർത്ഥിയുടെ മനുഷ്യാവകാശം സംബന്ധിച്ച ചോദ്യം ഉയർത്തി മലയാളി സമൂഹം സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞു വാക്പയറ്റ് നടത്തിയതും അടുത്തകാലത്ത് തന്നെയാണ്. യുകെ ജീവിതത്തിലെ അപകടക്കെണികൾ ശരിക്കും തിരിച്ചറിയാതെ ഒട്ടേറെ ചെറുപ്പക്കാരാണ് ഇതിനകം നിയമ നടപടികൾ നേരിടുന്നതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP