Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു വശത്ത് സ്റ്റുഡന്റ് വിസക്കാരുടെ ജോലി നിയന്ത്രിക്കുമ്പോൾ മറുവശത്ത് ഇളവിന് ആലോചന; പോസ്റ്റ് സ്റ്റഡി വിസ ആറ് മാസമാക്കാനും ഡിപൻഡന്റ് വർക്ക് പെർമിറ്റ് റദ്ദക്കാനും അലോചിക്കുമ്പോൾ തന്നെ വിദ്യാർത്ഥികളുടെ ആഴ്ച ജോലി 30മണിക്കൂർ ആക്കാനും നീക്കം; യുകെയിൽ കുടിയേറ്റ ചർച്ച തുടരുമ്പോൾ

ഒരു വശത്ത് സ്റ്റുഡന്റ് വിസക്കാരുടെ ജോലി നിയന്ത്രിക്കുമ്പോൾ മറുവശത്ത് ഇളവിന് ആലോചന; പോസ്റ്റ് സ്റ്റഡി വിസ ആറ് മാസമാക്കാനും ഡിപൻഡന്റ് വർക്ക് പെർമിറ്റ് റദ്ദക്കാനും അലോചിക്കുമ്പോൾ തന്നെ വിദ്യാർത്ഥികളുടെ ആഴ്ച ജോലി 30മണിക്കൂർ ആക്കാനും നീക്കം; യുകെയിൽ കുടിയേറ്റ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യു കെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ മുൻപോട്ട് പോവുകയാണ്. നേരത്തേ, ഇന്ത്യാ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ളവർക്ക്, ഇപ്പോൾ ആസ്ട്രേലിയൻ പൗരന്മാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ലഭിക്കും എന്നൊരു വാർത്തയുണ്ടായിരുന്നെങ്കിലും, അത്തരമൊന്ന് ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതിനു പുറമെ, സ്റ്റുഡന്റ് വിസയുടെ എണ്ണം നിയന്ത്രിക്കുവാനും, സ്റ്റുഡന്റ് വിസക്കാർക്കൊപ്പം ആശ്രിത വിസയിൽ എത്തുന്നവർക്ക് വർക്ക് പെർമ്മിറ്റ് ഉള്ളത് റദ്ദാക്കുവാനും ശ്രമങ്ങൾ നടത്തുന്നുണ്ട്.

അതിനിടയിൽ, ബ്രിട്ടനിൽ പല മേഖലകളിലും ഇപ്പോഴുള്ള തൊഴിലാളി ക്ഷാമം നിമിത്തം വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ അനുവദനീയമായ സമയപരിധി ഉയർത്തുവാനും സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. നിലവിൽ യു കെയിൽ ഏകദേശം 6,80,000 വിദേശ വിദ്യാർത്ഥികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവർക്ക് ഇപ്പോൾ ആഴ്‌ച്ചയിൽ പരമാവധി 29 മണിക്കൂർ വരെ ജോലി ചെയ്യാനാണ് അനുവാദമുള്ളത്.

ഈ സമയ പരിധി ആഴ്‌ച്ചയിൽ 30 മണിക്കൂർ ആയി ഉയർത്തുന്നതിനുള്ള ആലോചനകളാണ് ഇപ്പോൾ സർക്കാർ തലത്തിൽ നടക്കുന്നത് എന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സമ്പദ്ഘടനയുടെ വളർച്ചക്കായി, ഈ സമയ പരിധി തന്നെ എടുത്തു കളഞ്ഞാലോ എന്ന ആലോചനയും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം യു കെയിൽ എത്തിയ 1.1 മില്യൺ കുടിയേറ്റക്കാരിൽ 4,76,000 പേർ സ്റ്റുഡന്റ്സ് വിസയിൽ എത്തിയവരാണ്.

നിലവിൽ വിവിധ മേഖലകളിലായി 1.3 മില്യൺ ഒഴിവുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് പൂർവകാലത്തേക്കാൾ അഞ്ചുലക്ഷത്തോളം അധികം വരും ഇത്. സ്ഥാപനങ്ങൾ ജോലിക്ക് ആളെ ലഭിക്കാതെ കരയുകയാണെന്നാണ് ഇതിനെ സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞത്. ഈ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായിട്ടാണ് വിദ്യാർത്ഥികൾക്ക് ജോലി ചെയ്യുന്നതിനുള്ള പരിധി എടുത്തു കളയാൻ ആലോചിക്കുന്നതെന്നും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ഇതിനെ തകിടം മറിക്കുന്ന പരിപാടിയാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർത്ഥികളുടെഎണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ പദ്ധതികൾ ആലോചിക്കുന്നത്. കഴിഞ്ഞ വർഷം നെറ്റ് മൈഗ്രേഷൻ 5 ലക്ഷം കടന്നതോടെയാണ് ബ്രേവർമാൻ ഇത്തരത്തിൽ ആലോചന തുടങ്ങിയത്. ഇതിൽ, പഠനശേഷം വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ താമസിക്കാൻ അനുവദിക്കുന്ന കാലാവധി കുറയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

അതുപോലെ, വിദ്യാർത്ഥികൾക്ക് ഒപ്പം എത്താവുന്ന ആശ്രിതരുടെ എണ്ണം നിയന്ത്രിക്കുക, ലോ-ക്വളിറ്റി കോഴ്സുകളിലേക്ക് വിദേശ വിദ്യാർത്ഥികളെ അനുവദിക്കാതിരിക്കുക തുടങ്ങിയവയും ബ്രേവർമാന്റെ മുൻപിൽ പരിഗണനയിലുണ്ട്. എന്നാൽ, അത്തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവന്നാൽ ബ്രിട്ടനിലെ പല യൂണിവേഴ്സിറ്റികളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കാരണം, വിദേശ വിദ്യാർത്ഥികൾ നൽകുന്ന ഫീസിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികളും ഉണ്ട്.

പ്രതിവർഷം ഫീസായിൽ ലഭിക്കുന്ന 10,000 പൗണ്ട് മുതൽ 26,000 പൗണ്ട് വരെയുള്ള തുക മാത്രമല്ല വിദേശ വിദ്യാർത്ഥികൾ ബ്രിട്ടന്റെ സമ്പദ്ഘടനയിലേക്ക് നൽകുന്നത്, എൻ എച്ച് എസ് സർചാർജ്ജായ 400 പൗണ്ടും പിന്നെ അശ്രിതർക്കുള്ള് 600 പൗണ്ടും നൽകുന്നുണ്ട്. മാത്രമല്ല പ്രാദേശിക സമ്പദ്ഘടനയിലും ഇവർ കാര്യമായ സംഭാവനകൾ നൽകുന്നുണ്ട്. യൂണിവേഴ്സിറ്റികൾക്ക് ചുറ്റുമായി വികസിച്ചു വരുന്ന പല പട്ടണങ്ങളും വിദേശ വിദ്യാർത്ഥികളെ ആശ്രയിക്കുന്നവയാണ്.

അതിനെല്ലാം പുറമെ, ഗ്രാഡ്വേറ്റ് വർക്ക് വിസയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ, ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്ക, കാനഡ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനും സാധ്യതയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP