Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

യുകെയിൽ കടകൾ ഉപേക്ഷിച്ചു ജനങ്ങൾ; പണപ്പെരുപ്പത്തിന്റെ പേരിൽ കടക്കാർ നടത്തുന്നത് തീവെട്ടിക്കൊള്ള; മട്ട അരിക്ക് മലയാളിക്കടകളിൽ തീ വിലയായപ്പോൾ വിലകയറാതെ വെള്ള അരി; ഇന്ത്യ അരി കയറ്റുമതിക്ക് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ബിരിയാണി അരിയെ ബാധിച്ചിട്ടില്ല; ബ്രിട്ടണിൽ മലയാളികൾ അരി ഉപേക്ഷിച്ച് ഓട്സ് പുട്ട് പരീക്ഷിക്കുമോ?

യുകെയിൽ കടകൾ ഉപേക്ഷിച്ചു ജനങ്ങൾ; പണപ്പെരുപ്പത്തിന്റെ പേരിൽ കടക്കാർ നടത്തുന്നത് തീവെട്ടിക്കൊള്ള; മട്ട അരിക്ക് മലയാളിക്കടകളിൽ തീ വിലയായപ്പോൾ വിലകയറാതെ വെള്ള അരി; ഇന്ത്യ അരി കയറ്റുമതിക്ക് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ബിരിയാണി അരിയെ ബാധിച്ചിട്ടില്ല; ബ്രിട്ടണിൽ മലയാളികൾ അരി ഉപേക്ഷിച്ച് ഓട്സ് പുട്ട് പരീക്ഷിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പണപ്പെരുപ്പം കുറയുന്ന സൂചനകൾ ദൃശ്യമായിട്ടും കടകളിൽ എത്തുന്ന ജനങ്ങൾക്ക് അത് അനുഭവപ്പെടുന്നില്ല എന്നതാണ് വാസ്തവം. ഒരേ സാധനങ്ങൾക്ക് അടുത്തടുത്ത കടകളിൽ പോലും ഇരട്ടി വില ഈടാക്കുന്ന ദുരനുഭവമാണ് ഇപ്പോൾ യുകെയിലെ ജനങ്ങൾ അനുഭവിക്കുന്നത്. മുഖ്യ എതിരാളികളേക്കാൾ ഇത്തരത്തിൽ ടേസ്റ്റ് ക്യൂബിനു ഇരട്ടിയോളം വില ഈടാക്കിയ മോറിസണിൽ ഉപയോക്താക്കൾ ജീവനക്കാരുമായി തർക്കമുണ്ടാകുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തി. ഇത്തരത്തിൽ ഗാർഡൻ പീ എന്ന വിലക്കുറവുള്ള പച്ചക്കറി ഇനത്തിന് പോലും ടെസ്‌കോ തീ വില ഈടാക്കിയതാണ് ഇന്നലത്തെ ഡെയ്‌ലി സ്റ്റാർ പത്രത്തിന്റെ ഒന്നാം പേജിലെ വമ്പൻ തലക്കട്ട്. ഇത്തരത്തിൽ ജനങ്ങളെ പിഴിയാൻ വമ്പൻ സൂപ്പർമാർക്കറ്റുകൾ പോലും തയ്യാറെടുക്കുമ്പോൾ കടകളിൽ നടത്തുന്ന ഷോപ്പിങ്ങിന്റെ എണ്ണം വെട്ടിച്ചുരുക്കുകയാണ് ജനങ്ങൾ.

വലിയ കടകൾ ഉപേക്ഷിച്ചു ജനങ്ങൾ, വാങ്ങുന്നത് അത്യാവശ്യ സാധനങ്ങൾ മാത്രം

ഇറച്ചിയും മീനും ഒക്കെ ഷോപ്പിങ്ങിൽ നിന്നും വെട്ടിക്കളഞ്ഞവരാണ് ഇപ്പോൾ സാധാരണക്കാരായ ബ്രിട്ടീഷുകാർ. മൂന്നു പൗണ്ടിന് കിട്ടിയിരുന്ന മൂന്നു ലിറ്റർ സൂര്യകാന്തി പാചക എണ്ണ ഇപ്പോൾ 11 പൗണ്ട് നൽകിയാലും കിട്ടാനില്ല. നാലു പൗണ്ടിന് ലഭിച്ചിരുന്ന ഒരുകിലോ പോത്തിറച്ചിയുടെ വില പത്തു പൗണ്ടിലേക്ക് കയറി. രണ്ടു പൗണ്ടിൽ താഴേക്കിടന്ന ഒരുകിലോ കോഴി ഇറച്ചി നാലു പൗണ്ട് കടക്കാനുള്ള ഒരുക്കത്തിലാണ്.

ഒന്നര പൗണ്ടിൽ താഴെ നിന്ന രണ്ടു ലിറ്റർ പാൽ വില മൂന്നു പൗണ്ടിലേക്കു കുതിക്കുന്നു. നാല് പൗണ്ടിന് കിട്ടിയിരുന്ന രണ്ടര കിലോ വാഷിങ് പൗഡർ വില 12 പൗണ്ടിൽ തൊട്ടു നിൽക്കുകയാണ്. ഒരു പൗണ്ടിൽ താഴെ നിന്ന ബ്രെഡ് റോളിന് ഇപ്പോൾ രണ്ടര പൗണ്ട് നൽകണം. പത്തു ശതമാനം ഇൻഫ്‌ളേഷൻ വന്നപ്പോൾ സാധന വിലയും പത്തു ശതമാനം കൂടും എന്ന് കരുതിയ സാധാരണക്കാരന്റെ മുന്നിൽ ഇപ്പോൾ നൂറും ഇരുന്നൂറും ശതമാനം പിന്നിട്ട വിലവർധനയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനിയും എത്ര മുന്നോട്ടു പോകും എന്ന ആശങ്കയും ആരും മറച്ചു വയ്ക്കുന്നുമില്ല.

ഇത്തരത്തിൽ വില കൂടുന്നതിന് പണപ്പെരുപ്പം മാത്രമല്ല കാരണം എന്നൊക്കെ വിദഗ്ദ്ധർ പറഞ്ഞു പോകുന്നുണ്ടെങ്കിലും കുടുംബത്തിനാവശ്യമായ അത്യാവശ്യ സാധനം വാങ്ങാനായി ഒരുതവണ കടയിൽ എത്തുമ്പോൾ നൂറു പൗണ്ട് മുടക്കിയാലും തികയില്ലെന്ന അവസ്ഥയാണ് ഇപ്പോൾ ബ്രിട്ടനിൽ. ഇതോടെ താങ്ങാനാകാതെ വിലയെ പിടിച്ചു കെട്ടാൻ ഷോപ്പിങ് വേളയിൽ ട്രോളി എടുക്കാതെ ചെറിയ ബാസ്‌കറ്റ് എടുത്ത് ഒന്നോ രണ്ടോ സാധനം വാങ്ങി ഓടി രക്ഷപ്പെടുകയാണ് പലരും.

മാത്രമല്ല വലിയ കടകളിൽ ചെന്നാൽ പലതും കാണുമ്പോൾ വാങ്ങാനുള്ള പ്രേരണ ഉണ്ടാകും എന്നതിനാൽ പാലോ മുട്ടയോ ബ്രെഡോ വാങ്ങാൻ തൊട്ടടുത്തുള്ള ചെറിയ കടയിൽ അൽപം വില കൂടുതൽ ആയാലും അങ്ങോട്ടേക്ക് എത്തുകയാണ് പലരും. കാരണം അത്തരം കടകളിൽ ആകർഷിക്കുന്ന മറ്റു പലതും ഇല്ലെന്നു മാത്രമല്ല, കയ്യിൽ കരുതുന്നതിനേക്കാൾ വിലയും കൂടുതൽ ആയതിനാൽ ''കാടടച്ചുള്ള'' ഷോപ്പിങ് സാധിക്കില്ല. ഇതോടെ ആത്യന്തികമായി പണം ലാഭിക്കാം എന്ന വിദ്യയാണ് ജനങ്ങൾ പ്രയോഗിക്കുന്നത്.

പേടിപ്പിക്കുന്ന വിലയുമായി മലയാളി കടകളും ഏഷ്യൻ കടകളും

നാടൻ ഭക്ഷണം കഴിക്കണം എന്ന മലയാളികളുടെ സ്വത സിദ്ധമായ ആഗ്രഹത്തിനാണ് മലയാളി, ഏഷ്യൻ കടകളിലെ വൻവിലവർധന കത്തി വച്ചുകൊണ്ടിരിക്കുന്നത്. പച്ചക്കറികളും മറ്റും ഇത്തരം കടകളിൽ പോയാൽ മാത്രമേ ലഭിക്കൂ എന്നതിനാൽ വില കൂടിയാലും പോകാതെ നിർവാഹം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഇത്രകാലവും മലയാളികൾ. എന്നാൽ ഏഷ്യൻ ജനസംഖ്യ കൂടുതൽ ഉള്ള വൻ പട്ടണങ്ങളിൽ തേങ്ങയും പച്ചമുളകും വെണ്ടയ്ക്കയും കപ്പയും ചേമ്പും അടക്കം സുലഭമായി ന്യായമായ വിലയ്ക്ക് അസ്ദയും മോറിസനും മറ്റും കച്ചവടം ചെയ്യുന്നുണ്ട്.

വെറും 59 പെൻസിനു വിറ്റ തേങ്ങ അടുത്തിടെയാണ് 79 പെൻസിലേക്കു കയറിയത്. അടുത്ത നാൾ വരെ ഒന്നര പൗണ്ടിന് വിറ്റ പച്ചക്കപ്പ രണ്ടു പൗണ്ടിലേക്കു ഉയർന്നത് ഏതാനും ആഴ്ച മുൻപാണ്. ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ഒക്കെ ഇത്തരത്തിൽ വിലക്കുറവിൽ അസ്ദയിൽ ലഭ്യമാണ്. എന്നാൽ ഏഷ്യാക്കാർ സുലഭമായ ചുരുക്കം ചില പട്ടണങ്ങളിൽ മാത്രമാണ് മലയാളികൾക്കു ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്. എന്നാൽ കടൽ കടന്നു എത്തുന്ന ഈ സാധനങ്ങൾക്ക് മലയാളി, ഏഷ്യൻ കടകളിൽ കൊള്ള വിലയും അസ്ദ ന്യായവിലയും ഈടാക്കുന്നതിന്റെ രഹസ്യം ഉപയോക്താക്കൾ തിരിച്ചറിയുന്നുണ്ട്. ഇക്കാരണത്താൽ ഏഷ്യൻ കടകളിൽ പോകുന്ന മലയാളികളുടെ എണ്ണം അടുത്തകാലത്തായി നന്നായി കുറയുന്നുമുണ്ട്. അമിത വില ഈടാക്കുമ്പോൾ സ്വന്തം ബിസിനസിന് തന്നെ കത്തിവയ്ക്കുകയാണ് ഏഷ്യൻ കടകൾ.

എന്നാൽ കോവിഡ് കാലത്ത് ആശ്വാസമായി 50000 പൗണ്ട് വരെ സർക്കാരിൽ നിന്നും സൗജന്യം ലഭിച്ച ഇത്തരം കടക്കാർ ഫിലിപ്പീൻസ്, ചൈനീസ് കുടിയേറ്റക്കാരെ കൂടി ആകർഷിക്കാൻ സുലഭമായി സാധനം സ്റ്റോക് ചെയ്തതോടെ മലയാളികൾ കടകളിൽ ചെല്ലുന്നത് കുറച്ചാലും കച്ചവടത്തിൽ കൂടുതൽ വ്യാപ്തി കണ്ടെത്തിയതിന്റെ നേട്ടമെടുക്കുകയാണിപ്പോൾ. അസ്ദക്കു തിരഞ്ഞെടുത്ത ഏതാനും സ്റ്റോറിൽ മാത്രമാണ് ഏഷ്യൻ സാധനം വിൽക്കാനാകൂ എന്നതിനാൽ ഇവർ എത്തിക്കുന്ന സ്റ്റോക്കും ചെറുതായിരിക്കും.

എന്നാൽ അസ്ദയേക്കാൾ എത്രയോ മടങ്ങു വലുപ്പമുള്ള സ്റ്റോക്ക് ആയിരിക്കണം ഏഷ്യൻ കടകൾക്ക് സാധനം നൽകുന്ന മൊത്തക്കച്ചവടക്കാർ എത്തിക്കുന്നത്. ഇതോടെ സ്റ്റോക്കിസ്റ്റും കച്ചവടക്കാരും തമ്മിൽ ഉള്ള ഒത്തുകളിയിലാണ് ഏഷ്യൻ, മലയാളി കടകളിൽ സാധന വില ഉയർന്നു നിൽക്കാൻ കാരണം എന്നാണ് വ്യക്തമാകുന്നത്. അസ്ദയ്ക്കിടയിൽ ഇടനിലക്കാർ ഇല്ലാത്തതിനാൽ അവർക്കു ന്യായവിലയിൽ സാധനം വിൽക്കാനാകുന്നു എന്ന ലളിത ബിസിനസ് തന്ത്രമാണ് ഇതോടെ വെളിപ്പെടുന്നത്.

അരിയിലെന്തു മാജിക്, ടെസ്‌കോയിൽ വെള്ള അരി എട്ടു കിലോയ്ക്ക് ഒൻപതു പൗണ്ട് മാത്രം

കഴിഞ്ഞ രണ്ടു വർഷത്തോളമായി അരിയിലാണ് മലയാളികളുടെ പണം ഒഴുകി പോകുന്നത്. ഏകദേശം പത്തു വർഷത്തോളം മാറ്റമില്ലാതെ അരിവില പിടിച്ചു നിർത്തിയ വിപണിയിൽ ഇപ്പോൾ ഇരട്ടി വിലയാണ് ഈടാക്കുന്നത്. കേരളത്തിൽ അരിവില കൂടിയപ്പോഴും അവിടെ നിന്നും എത്തിയിരുന്ന നാടൻ ബ്രാൻഡുകൾക്ക് യുകെയിൽ വില ഉയർന്നിരുന്നില്ല. പത്തു കിലോ കുത്തരി ഒൻപതു പൗണ്ടിന് വരെ സുലഭമായി ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോൾ അതേ അരി 16 പൗണ്ടിൽ കുറഞ്ഞു കിട്ടാനില്ല എന്ന നിലയാണ്. ശ്രീലങ്കയിൽ നിന്നും എത്തിയിരുന്ന ശങ്കർ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ ഇപ്പോഴും 11 പൗണ്ട് എന്ന കുറഞ്ഞ വിലക്ക് ലഭ്യമാണെങ്കിലും ഡിമാൻഡ് കൂടിയതോടെ എവിടെയും കിട്ടാനില്ലാത്തസസ്ഥിതിയാണ്. അതിനിടെ ഇന്ത്യയിലെ അരിവില പിടിച്ചു നിർത്താൻ അരി കയറ്റുമതിയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതും മലയാളി, ഏഷ്യൻ കടകളിൽ നിന്നും അരി അതിവേഗം അപ്രത്യക്ഷമാകാൻ കാരണമായി.

ക്കഴിഞ്ഞ സെപ്റ്റംബർ മുതലാണ് കേന്ദ്ര സർക്കാർ അരി കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യയിൽ വിലക്കയറ്റം പിടിവിട്ടു പോകാതിരിക്കാനാണ് ഈ നീക്കം നടത്തിയതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ റിസേർച് ഓൺ ഇന്റർനാഷണൽ എക്കണോമിക് റിലേഷൻ വിദഗ്ധൻ പ്രൊഫ് അശോക് ഗുലാത്തി വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ അരി ആവശ്യത്തിൽ നാൽപതു ശതമാനം നൽകിയിരുന്നത് ഇന്ത്യയാണ്. ഇതിനായി സബ്‌സിഡി ഇനത്തിലും മറ്റും കർഷകർക്ക് വേണ്ടി ശത കോടികളാണ് ഇന്ത്യൻ സർക്കാർ ചെലവിട്ടിരുന്നത്.

എന്നാൽ ഇത് ലോകത്തിന്റെ വിശപ്പടക്കുന്നതിനൊപ്പം ഇന്ത്യയിൽ ന്യായവിലയ്ക്ക് അരി ലഭ്യമാകണം എന്നതുകൊണ്ടാണ് കയറ്റുമതിയിൽ നിയന്ത്രണം വരുത്തിയതെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൺസൂൺ മോശമായതിനാൽ വിളവെടുപ്പിനെ ബാധിച്ചേക്കും എന്നതിനാൽ മുൻകരുതൽ എടുക്കാനും കേന്ദ്ര സർക്കാർ നിർബന്ധിതരായി. ഗോതമ്പിനും പഞ്ചസാരക്കും ഇത്തരത്തിൽ കേന്ദ്ര സർക്കാർ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ കഴിഞ്ഞാൽ തായ്‌ലാൻഡും വിയറ്റ്നാമുമാണ് ലോകത്തിനായി കൂടുതൽ അരി എത്തിക്കുന്നത്.

മലയാളികൾ പൊതുവെ മുഖം തിരിച്ചിരുന്ന വെള്ള അരിക്ക് പോലും ഇപ്പോൾ ഇത്തരം കടകളിൽ തീ വിലയാണ്. പക്ഷെ തമിഴ്‌നാട്ടുകാർ ധാരാളമായി ഉപയോഗിക്കുന്ന പൊന്നി അരിക്ക് കാര്യമായ വില കൂടിയിട്ടുമില്ല. ഇതോടെ കയറ്റുമതി ചിലവല്ല അരിവിലയ്ക്ക് പിന്നിലെ കാരണം എന്ന് വ്യക്തം. അനാവശ്യമായ പൂഴ്‌ത്തി വയ്‌പ്പ് മുതൽ ലഭ്യത കുറവ് കാരണമാക്കി വില ഉയർത്തി നിർത്താനുള്ള തന്ത്രം മട്ട അരിയുടെ വില വർധനക്ക് പിന്നിൽ ഒളിഞ്ഞിരിക്കുകയാണ്. പൊന്നി അരി വരുന്ന അതെ കപ്പലിൽ തന്നെ എത്തുന്ന മട്ട അരിയുടെ ''യാത്രാച്ചെലവ്'' വ്യത്യസ്തപ്പെട്ടിരിക്കും എന്നത് സാധാരണ ബുദ്ധിക്കു നിരക്കാത്ത ലോജിക്കാണ്. മാത്രമല്ല ഏഷ്യൻ കടകൾ വിൽക്കുന്ന വെള്ള അരി തന്നെ പാതി വിലയ്ക്ക് ടെസ്‌കോ വിൽക്കുമ്പോൾ എവിടെയോ കൊള്ളലാഭം കൊയ്യാനുള്ള കുൽസിത ബുദ്ധിയാണ് മറനീക്കി പുറത്തു വരുന്നത്.

അരിയില്ലെങ്കിൽ ഒരു നേരം പുട്ടാക്കും, കളി മലയാളിയോടോ?

ആദ്യകാലത്ത് എത്തിയ മലയാളികൾ നല്ല പങ്കും മധ്യവയസിലേക്ക് എത്തിയതോടെ പലർക്കും പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അരിഭക്ഷണം ഉപേക്ഷിക്കുക എന്നതാണ് ഇതിനു മെഡിക്കൽ സയൻസ് നിർദ്ദേശിക്കുന്ന ആദ്യ മാർഗം. മറ്റു മാർഗം ഇല്ലാത്തതിനാൽ ചോറിനോട് ''നോ '' പറയാൻ ഇതോടെ നല്ലൊരു വിഭാഗം തയ്യാറായിട്ടുണ്ട്. എന്നാൽ ഇവർക്കൊപ്പം പ്രമേഹം ഇതുവരെ വന്നിട്ടില്ലാത്തവർക്കും രോഗകാലം നീട്ടി കിട്ടാൻ സഹായകമാകുന്ന ഒരു ഭക്ഷണ വിഭവം ഇപ്പോൾ യുകെയിലും കേരളത്തിലും ഭക്ഷണ മേശയിൽ ഇടം പിടിക്കുന്നുണ്ട്. കേരളത്തിൽ അൽപം വില കൂടുതൽ ആണെങ്കിലും യുകെയിൽ ഇന്നും നിസാര വിലയ്ക്ക് കിട്ടുന്ന ഓട്സ് ആണ് ഈ പുതിയ അതിഥി. ഓട്സ് പുട്ട് നല്ല മയവും രുചിയും ഉള്ളത് ആയതിനാൽ ചോറിനേക്കാൾ കുട്ടികൾ പോലും ഇഷ്ടപ്പെടുന്നുമുണ്ട്.

മലയാളി കുടിയേറ്റക്കാരുടെ എണ്ണം കൂടിയപ്പോൾ കടകളിൽ കച്ചവടവും കൂടിയത് അത്യാർത്തിക്കുള്ള അവസരമാക്കി വിൽപനക്കാർ മാറ്റിയെങ്കിൽ അവർക്കു നൽകാനുള്ള കിടിലൻ ഡോസായി മലയാളി അടുക്കളയിൽ ഓട്സ് പുട്ടു മാറിത്തുടങ്ങുകയാണ്. ഈ ട്രെൻഡ് വ്യാപകമായാൽ കുറച്ചു കാലം എങ്കിലും പ്രമേഹത്തെ തടഞ്ഞു നിർത്താം എന്ന മെച്ചവുമുണ്ട്. അരി തീരുമ്പോൾ കടയിൽ എത്തി മറ്റു സാധനം കൂടി വാങ്ങിയിരുന്ന ഉപയോക്താവിനെയാണ് കൊള്ളലാഭം എടുക്കാനുള്ള ശ്രമം വഴി കച്ചവടക്കാർ ഇല്ലാതാക്കുന്നത്. അരിയില്ലെങ്കിലും ജീവിച്ചു പോകാൻ പ്രയാസമുള്ള നാടല്ല ബ്രിട്ടൻ എന്നത് അരി കയറ്റുമതിക്കാരും തിരിച്ചറിയണം. മട്ട അരിക്ക് സംഭവിച്ചത് പോലെയുള്ള വൻ വിലക്കയറ്റം ബസ്മതി അരിക്ക് ഉണ്ടായിട്ടില്ല എന്നതും ഇതിനൊപ്പം ചേർത്ത് വായിക്കപ്പെടണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP