Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

നഴ്സിങ് ദിനത്തിൽ നഴ്സിങ് കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി അവാർഡ്; നോമിനേഷൻ വഴിയെത്തുന്ന ഡെയ്സി അവാർഡ് നേടിയത് കരിയറിന്റെ 23 വർഷം പിന്നിടുന്ന യുകെയിലെ സ്റ്റാഫോഡിലെ മഞ്ജു മാത്യു; ഭാര്യയും ഭർത്താവും ഒന്നിച്ചു ജോലി ചെയ്യുന്ന ദിവസം തന്നെ അവാർഡും കൈകളിലെത്തുമ്പോൾ

നഴ്സിങ് ദിനത്തിൽ നഴ്സിങ് കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി അവാർഡ്; നോമിനേഷൻ വഴിയെത്തുന്ന ഡെയ്സി അവാർഡ് നേടിയത് കരിയറിന്റെ 23 വർഷം പിന്നിടുന്ന യുകെയിലെ സ്റ്റാഫോഡിലെ മഞ്ജു മാത്യു; ഭാര്യയും ഭർത്താവും ഒന്നിച്ചു ജോലി ചെയ്യുന്ന ദിവസം തന്നെ അവാർഡും കൈകളിലെത്തുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കോവിഡിനെ കീഴടക്കി എന്ന് ലോകം സ്വയം ആശ്വസിക്കുന്ന സമയത്ത് എത്തിച്ചേർന്ന അന്താരാഷ്ട്ര നഴ്സിങ് ദിനത്തെ ഏറെ ഹൃദയ വാത്സല്യത്തോടെയാണ് ലോക ജനത ഏറ്റെടുത്തിരിക്കുന്നത്. വർഷത്തിലെ എല്ലാ ദിവസവും തന്നെ എന്തെങ്കിലും പ്രത്യേകതയുമായാണ് പിറക്കുന്നതെങ്കിലും കോവിഡിന് ശേഷം മെയ് 12 നഴ്സിങ് ഡേ ആയി ലോകത്തിനു മുന്നിലെത്തുമ്പോൾ അതിനു അതിജീവനത്തിന്റെ പുതുമ കൂടിയുണ്ട്. മുൻപൊക്കെ നഴ്സിങ് ഡേ നഴ്സുമാരെ മാത്രം ബാധിക്കുന്ന കാര്യമായി ലോകം പരിഗണിച്ചിരുന്ന സ്ഥാനത്താണ് ഇന്ന് ഓരോ ദിവസവും ജോലി സ്ഥലത്തു വെല്ലുവിളികൾ ഏറ്റെടുത്തു കഠിന പരിശ്രമം നടത്തുന്ന നഴ്സുമാരെ ഹൃദയത്തോട് ചേർത്ത് പിടിക്കാൻ ഈ പ്രത്യേക ദിനത്തിൽലോകം തയ്യാറാകുന്നതും.

അങ്ങനെയൊരു ദിവസത്തിൽ തികച്ചും അപ്രതീക്ഷിതവുമായി അന്താരാഷ്ട്ര ബഹുമതിയോടെ ഒരു പുരസ്‌കാരം ഒരു നഴ്സിന്റെ കൈകളിൽ എത്തിയാൽ എന്തായിരിക്കും പ്രതികരണം? തീർച്ചയായും ഞെട്ടും. അത്തരം ഒരു ഞെട്ടൽ നൽകിയ ഷോക്ക് ഇപ്പോഴും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് നോർത്ത് മിഡ്ലാൻഡ്സിലെ തിയറ്റർ സിസ്റ്റർ നഴ്‌സായ മഞ്ജു മാത്യുവിന് മാറിയിട്ടില്ല.

ഏറ്റവും ആഗ്രഹിക്കുന്ന ദിനത്തിൽ തന്നെ പുരസ്‌കാരം

ലോകത്തെ ഏതൊരു നഴ്സും ഏറ്റവും ആഗ്രഹിക്കുന്ന ദിവസം തന്നെ ഡെയ്സി അവാർഡ് കൈകളിൽ എത്തിയതിന്റെ സന്തോഷമാണ് മഞ്ജുവിന്റെ വാക്കുകളിൽ നിറയുന്നത്. ജോലിക്കിടയിൽ ലഭിച്ച അവാർഡിനെ അപൂർവ ഭാഗ്യം എന്നാണ് മഞ്ജു സ്വന്തം വാക്കുകളിൽ വിശേഷിപ്പിക്കുന്നത്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളുടെ ചൂടണയും മുൻപേ അതറിയാൻ ഏറ്റവും യോഗ്യനായ ആൾ ജോലി സ്ഥലത്തു തൊട്ടരികിൽ ഉണ്ടായിരുന്നു എന്നത് സന്തോഷത്തിന്റെ മാറ്റിരട്ടിക്കാൻ കാരണമായി.

മഞ്ജുവിന്റെ ഭർത്താവ് അനീഷ് മാത്യുവും ഇതേ ഹോസ്പിറ്റലിൽ തന്നെ അനസ്തെറ്റിക് പ്രക്ടീഷണർ നഴ്‌സാണ്. അവാർഡ് മഞ്ജുവിന്റെ കൈകളിൽ എത്തുമ്പോൾ ആ സന്തോഷ നിമിഷത്തിനു സാക്ഷിയാകാൻ ട്രസ്റ്റ് അധികൃതർ അനീഷിനെയും ജോലിക്കിടയിൽ നിന്നും വിളിച്ചു വരുത്തുക ആയിരുന്നു. ഇത്തരം ഒരു ഭാഗ്യം ദമ്പതികൾ നഴ്‌സുമാരായ യുകെ മലയാളികൾകൾക്കിടയിൽ ആദ്യമാണ്. നൂറു കണക്കിന് നഴ്സിങ് ദമ്പതിമാർ യുകെ മലയാളികൾക്കിടയിൽ ഉണ്ടെങ്കിലും ഒരേ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതൊക്കെ അപൂർവമായ കാര്യങ്ങളാണ്.

സ്റ്റാഫോർഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരളൈറ്റ് അസോസിയേഷൻ പ്രസിഡന്റ കൂടിയാണ് അനീഷ്. ഇയ്യിടെ നാട്ടിൽ നിന്നെത്തിയ ബിജു സ്റ്റീഫൻ എന്ന യുവാവ് മരിച്ചപ്പോൾ മുന്നിൽ നിൽക്കാൻ ആദ്യം തുനിഞ്ഞിറങ്ങിയത് അനീഷ് ഉൾപ്പെടെ ഉള്ളവരായിരുന്നു. പ്രാദേശികമായി ജീവകാരുണ്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കൂടുതൽ സ്വീകാര്യത നൽകാനുമായി പ്രവർത്തിക്കുന്ന റീജിയണൽ ബ്രാൻഡ് അംബാസിഡർ ഗ്രൂപ്പിലെ പ്രതിനിധി കൂടിയാണ് അനീഷ്. വിദ്യാർത്ഥികളായ ആൽഫിയും അമ്മുവുമാണ് ഇവരുടെ മക്കൾ.

23 വർഷത്തെ കരിയറിൽ 20 വർഷവും സ്റ്റാഫോർഡ് ഹോസ്പിറ്റലിൽ തന്നെ

ജോലി ചെയ്യാൻ ലഭിച്ചതിൽ സിംഹഭാഗവും ഒരേയിടത്തു തന്നെ ചെലവിടാൻ ഉള്ള അപൂർവ അവസരവും കോട്ടയം പുതുപ്പള്ളിക്കാരിയായ മഞ്ജുവിന് നേട്ടമായി. തികഞ്ഞ അർപ്പണ ബോധവും കൃത്യനിഷ്ഠയുമാണ് മഞ്ജുവിനെ അവാർഡ് നോമിനേഷനിൽ ഒന്നാമത് എത്തിച്ചത് എന്ന് വ്യക്തം. ഡെയ്സി അവാർഡ് ഫോർ എക്‌സ്ട്രാ ഓർഡിനറി എന്ന വിഭാഗത്തിലാണ് മഞ്ജുവിന് ലഭിച്ച അവാർഡ് അറിയപ്പെടുന്നത്. ഏറ്റവും സൗഹാർദ്ദപരമായി രോഗികളോടും പ്രിയപ്പെട്ടവരോടും പെരുമാറുന്ന നഴ്സിനെ തേടിയാണ് ഈ പുരസ്‌കാരം എത്തുക. ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ സംവിധാനത്തിലെ ഒഴിച്ച് നിർത്താൻ ആകാത്ത മുന്നണി പോരാളിയാണ് മഞ്ജു എന്നാണ് ഹോസ്പിറ്റലിലെ ഹെഡ് ഓഫ് നേഴ്സിങ് ക്ലെയർ ഹഗ് അഭിപ്രായപ്പെട്ടത്.

പുതുതായി എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റ നേഴ്സുമാരെ ജോലിയിൽ ഇണക്കിയെടുക്കുക എന്ന ദൗത്യവും മനോഹരമായി നിറവേറ്റുകയാണ് മഞ്ജു. ജോലിയോടുള്ള മഞ്ജുവിന്റെ ആത്മാർത്ഥത പ്രതീക്ഷക്ക് അപ്പുറമാണ് എന്നാണ് ക്ലെയർ പറയുന്നത്. ആർക്കും ചോദ്യം ചെയ്യാനാകാത്ത വിധം കുറ്റമറ്റ പെരുമാറ്റവും മഞ്ജുവിനെ വ്യത്യസ്തയാക്കുന്നു. പുതുതായി ജോലിക്ക് എത്തുന്ന ഏതൊരു നഴ്സിനും അപരിചിതത്വം ഇല്ലാതെ ജോലി തുടങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മഞ്ജുവാണെന്നാണ് തിയേറ്റർ കോ ഓഡിനേറ്ററായ ഗെയ്നോർ ഹാൻകോക്ക് അഭിപ്രായപ്പെടുന്നത്.

ഹോസ്പിറ്റലിൽ ചിരിയോടെയല്ലാതെ മഞ്ജുവിനെ കാണാനാകില്ലെന്നും ആർക്കെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ മഞ്ജുവിനെ പോയി കാണുക എന്ന് പറയാൻ മാനേജ്മെന്റിന് സാധിക്കുന്നതും ഈ നഴ്സിന്റെ നേട്ടപ്പട്ടികയിൽ അവർ നിരത്തി വയ്ക്കുന്ന ഘടകങ്ങളാണ്. ഹോസ്പിറ്റൽ ചീഫ് നഴ്‌സ് ആനി മാരി റിലേയും വിവരണാതീതമായ വാക്കുകളിലാണ് മഞ്ജുവിനെ വിശേഷിപ്പിക്കാൻ തയ്യാറായത്.

സേവന മികവിന് രോഗികളുടെ നിർദ്ദേശം വഴിയാണ് അമേരിക്കയിൽ നിന്നും ഡേയ്സി ഫൗണ്ടേഷൻ അവാർഡ് യുകെയിൽ എത്തിയത്. രോഗികൾ നൽകുന്ന നോമിനേഷനുകൾ അടിസ്ഥാനമാക്കി എൻഎച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെയാണ് ഡെയ്‌സി അവാർഡ് തേടി എത്തുന്നത്. ആയിരക്കണക്കിന് നഴ്സുമാർ ജോലി ചെയ്യുന്ന ട്രസ്റ്റിൽ നഴ്സുമാരുടെ മനോവീര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാർനെസിന്റെ ആകസ്മിക മരണത്തിൽ മനം നൊന്ത ബാർനസ് കുടുംബം, തങ്ങളുടെ ദുരിത സമയത്ത് ആശ്വാസവുമായി കൂടെ നിന്ന നഴ്‌സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്.

ശരീരത്തിലെ പ്രതിരോധ സംവിധാനം തകർന്നാണ് 1999ൽ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടർന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂൺ സിസ്റ്റം എന്ന വാക്കിൽ നിന്നും ഡെയ്സി എന്ന പേര് സ്വീകരിച്ചു നഴ്‌സുമാർക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്സി ഫൗണ്ടേഷൻ. ജോലിയിലെ ആത്മാർത്ഥതയും രോഗിയോടുള്ള സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അവാർഡിന്റെ പ്രധാന മാനദണ്ഡം.

അവാർഡിന് അർഹയാകുന്ന നഴ്സിന് അവർ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സർട്ടിഫിക്കറ്റും എ ഹീൽസ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്‌ക്കാരവും അവാർഡ് ബാഡ്ജും നൽകുകയാണ് പതിവ്. ഈ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളി നോട്ടിങ്ഹാമിലെ നിഷ തോമസ് ആയിരുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാർഡിലാണ് നിഷ ജോലി ചെയ്യുന്നത്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നേഴ്സുമാരെ ആദരിക്കുന്നതിനും ബർനാസ് കുടുംബം ഡെയ്‌സി അവാർഡ് നൽകുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP