Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

വന്ദേഭാരത് സർവ്വീസുകൾ യുകെ മലയാളികളുടെ സ്വപ്നങ്ങൾക്കു ചിറക് നൽകി; എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ സർവീസ് ശൈത്യകാല ഷെഡ്യൂളിൽ; ഇനി 2021 മാർച്ച് 31 വരെ നടക്കുക ആഴ്ചയിൽ മൂന്ന് സർവ്വീസുകൾ

വന്ദേഭാരത് സർവ്വീസുകൾ യുകെ മലയാളികളുടെ സ്വപ്നങ്ങൾക്കു ചിറക് നൽകി; എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ സർവീസ് ശൈത്യകാല ഷെഡ്യൂളിൽ; ഇനി 2021 മാർച്ച് 31 വരെ നടക്കുക ആഴ്ചയിൽ മൂന്ന് സർവ്വീസുകൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെ മലയാളികളുടെ ദീർഘകാലമായുള്ള ആവശ്യവും സ്വപ്നവുമായിരുന്നു കൊച്ചി - ലണ്ടൻ വിമാന സർവ്വീസ്. നിരവധി ഇളവുകളും പദ്ധതികളും വിമാന കമ്പനികളെ ആകർഷിക്കുവാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. വിദേശ കമ്പനികളൊന്നും തന്നെ മുമ്പോട്ടു വരാത്തതിനാൽ യുകെ മലയാളികളുടെ ആവശ്യവും എങ്ങുമെത്താതെ പോവുകയായിരുന്നു.

എന്നാൽ പല കാരണങ്ങൾക്കൊണ്ടും സാധ്യമാകാതെ പോയ ആ സ്വപ്നത്തിന് കോവിഡ് കാലത്താണ് ചിറകു വച്ചത്. വന്ദേഭാരതിൽ ഉൾപ്പെടുത്തി ഡിസംബർ വരെ പ്രഖ്യാപിച്ചിരുന്ന ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവ്വീസ് ഇപ്പോഴിതാ ആഴ്ചയിൽ മൂന്നു ദിവസമെന്ന രീതിയിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്. ഇന്നു മുതൽ 2021 മാർച്ച് 31 വരെയാണ് ആഴ്ചയിൽ മൂന്നു സർവ്വീസുകളുമായി എയർ ഇന്ത്യ വിമാനം പറക്കുക.

എയർ ഇന്ത്യയുടെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് പുതിയ സർവ്വീസിന് തുടക്കം കുറിക്കുന്നത്. വന്ദേ ഭാരതിലൂടെ യാത്രക്കാരിൽ നിന്നും യുകെ മലയാളികളിൽ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് എയർ ഇന്ത്യയെ സർവ്വീസ് വർധിപ്പിക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.

നിലവിൽ ഇന്ത്യയിലെ ഒൻപതു നഗരങ്ങളിൽനിന്നും എയർ ഇന്ത്യ ലണ്ടൻ സർവീസ് നടത്തുന്നുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ അഹമ്മദാബാദ്, അമൃത്സർ, ഗോവ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ കൊച്ചിക്കു പിന്നിലാണെന്നതും ശ്രദ്ധേയം.

നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വസമാണു യാത്രക്കാർക്കു നൽകുക. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവാകും. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമാകും. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിട്ടുണ്ട്.

ഇക്കോണമി ക്ലാസിൽ കൊച്ചി- ലണ്ടൻ നിരക്ക് 25,000 മുതലും ലണ്ടൻ-കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്. കേരളത്തിനു പുറമേ തമിഴ്‌നാട്ടിൽ നിന്നുള്ളവർക്കും ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാർക്കും കൊച്ചി-ലണ്ടൻ സർവീസ് പ്രയോജനപ്പെടും. ശ്രീലങ്കൻ എയർലൈൻസിനു പുറമേ ബ്രിട്ടിഷ് എയർവെയ്സും എയർ ഫ്രാൻസും തുർക്കിഷ് എയർലൈൻസും കൊളംബോയിൽനിന്നു ലണ്ടൻ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്.

സ്റ്റോപ്പ് ഓവർ ഫ്ലൈറ്റുകൾക്ക് ഏകദേശം 40,000 രൂപയും നോൺ സ്റ്റോപ്പ് സർവീസുകൾക്കു 49,000 രൂപയുമാണു നിരക്ക്. അതേസമയം കൊളംബോയിൽനിന്നു ഒരു മണിക്കൂർ 20 മിനിറ്റ് കൊണ്ടു കൊച്ചിയിൽ എത്താമെന്നതിനാൽ യൂറോപ്പിൽ നിന്നുള്ള ശ്രീലങ്കൻ വിനോദസഞ്ചാരികൾ യാത്ര കൊച്ചി വഴിയാക്കാൻ സാധ്യതയുണ്ട്. കോവിഡ് മൂലം നിർത്തിവച്ചിരിക്കുന്ന ശ്രീലങ്കൻ സർവീസുകൾ പിന്നീടു പുനഃസ്ഥാപിക്കുമ്പോൾ എയർ ഇന്ത്യയ്ക്കു ഈ മാർക്കറ്റും കയ്യടക്കാൻ കഴിയും.

കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമാണ്. ലണ്ടനു പുറമേ കൊച്ചിയിൽനിന്നു യുഎസിലേക്കു നേരിട്ടു സർവീസ് വേണമെന്ന ആവശ്യവും ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP