Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായ്-യുകെ മലയാളികളാണ് ഇന്ത്യയിൽ കോവിഡ് പരത്തിയതെന്ന വിവാദ റിപ്പോർട്ടുമായി ഐ ഐ ടി മാൻഡി; കേരളം, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കാശ്മീർ, കർണാടകം എന്നിവിടങ്ങളിൽ കോവിഡ് പടരുന്നതിന് പുറത്തു നിന്നും എത്തിയവർ നിർണായക സംഭാവന നൽകിയെന്ന് റിപ്പോർട്ട്

ദുബായ്-യുകെ മലയാളികളാണ് ഇന്ത്യയിൽ കോവിഡ് പരത്തിയതെന്ന വിവാദ റിപ്പോർട്ടുമായി ഐ ഐ ടി മാൻഡി; കേരളം, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കാശ്മീർ, കർണാടകം എന്നിവിടങ്ങളിൽ കോവിഡ് പടരുന്നതിന് പുറത്തു നിന്നും എത്തിയവർ നിർണായക സംഭാവന നൽകിയെന്ന് റിപ്പോർട്ട്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കോവിഡ് കേരളത്തിൽ പടർന്നു തുടങ്ങിയ ആദ്യ കാലത്ത് ഇറ്റലിയിൽ നിന്നും എത്തിയ മലയാളി കുടുംബം അനുഭവിച്ച നരക യാതന മുഴുവൻ പ്രവാസികളും അൽപം ഭീതിയോടെയാണ് അന്നു കേട്ടുകൊണ്ടിരുന്നത്. തുടർന്നും ഒട്ടേറെ പ്രവാസി കുടുംബങ്ങൾക്ക് നാട്ടിൽ എത്തിയപ്പോൾ ഉറ്റ അയൽവാസികളിൽ നിന്നും പോലും ദുരനുഭവങ്ങൾ ഏറെയുണ്ടായി. ചിലരൊക്കെ രാത്രി കാലങ്ങളിൽ കള്ളന്മാരെ പോലെയാണ് സ്വന്തം വീട്ടിൽ എത്തിയത്.

എന്തിനു വിദേശത്തു നിന്നെത്തുന്ന മകൻ കോവിഡ് രോഗി ആയിരിക്കും എന്ന മുൻധാരണയിൽ മാതാപിതാക്കൾ പോലും വീട് പൂട്ടി സ്ഥലം വിട്ട കഥകളും പ്രവാസികൾ കേട്ടത് ഞെട്ടലോടെയാണ്. ഒടുവിൽ കേരള സർക്കാരിന് തന്നെ ഇക്കാര്യത്തിൽ പലവട്ടം ബോധവൽക്കരണം നടത്താൻ മുന്നിട്ടിറങ്ങേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പലവട്ടം പ്രവാസി മലയാളികളെ നാം നെഞ്ചോട് ചേർത്ത് പിടിക്കണം എന്ന് നാട്ടുകാരോട് അഭ്യർത്ഥിക്കേണ്ടിയും വന്നു. ഇതിനിടയാക്കിയതിൽ സർക്കാരിനുള്ള റോളും ചെറുതല്ല.

ഓരോ ദിവസവും സർക്കാർ പുറത്തു വിട്ടുകൊണ്ടിരുന്ന കണക്കുകളിൽ പ്രവാസികളിൽ നിന്നും എത്ര രോഗികൾ ഉണ്ടായി എന്ന എണ്ണമാണ് മുഴച്ചു നിന്നത്. ഇതോടെ മുഴുവൻ പ്രവാസികളും കോവിഡ് രോഗവാഹകർ ആണെന്ന ധാരണയും നാട്ടുകാർക്കിടയിൽ ഉണ്ടായി. ഒടുവിൽ കേരളത്തിൽ സാമൂഹ്യ വ്യാപനം വഴിയാണ് തെല്ലെങ്കിലും പ്രവാസികളോടുള്ള മനോഭാവം മാറാൻ കാരണമായിരിക്കുന്നത്. എന്നാൽ എരിതീയിൽ എണ്ണ ഒഴിക്കുക എന്നത് പോലെ ഇപ്പോൾ വീണ്ടും പ്രവാസികളാണ് രോഗം പരത്തിയതെന്ന റിപ്പോർട്ട് പുറത്തു വിട്ടു ഐ ഐ ടി മാൻഡി രംഗത്ത് വന്നിരിക്കുകയാണ്.

പ്രവാസികളിൽ തന്നെ ദുബായ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവർ കൂടുതലായി രോഗം പരത്താൻ കാരണക്കാരായി മാറി എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇതോടെ ഇരു രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന പ്രവാസി മലയാളികൾ നാട്ടുകാരുടെ മുന്നിൽ കുറ്റക്കാരായി മാറും എന്നുറപ്പാണ്. പ്രവാസികൾ എന്നതിനേക്കാൾ ഉപരി എന്തോ മഹാപരാധം ചെയ്തവർ എന്ന മട്ടിലാകും ഇനി മുതൽ ദുബായ്, യുകെ മലയാളികളെ കേരളീയർ നോക്കുക.

ഒരാളും കോവിഡ് അങ്ങോട്ട് ചെന്ന് വാങ്ങുന്നതല്ല എന്നൊക്കെ അറിയാമെങ്കിലും കോവിഡ് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എത്തുന്നതിൽ വിദേശ സഞ്ചാരികൾക്കുള്ള പങ്കാണ് മലയാളികൾ തുറിച്ച കണ്ണോടെ നോക്കുന്നത്. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മലയാളികൾ പ്രവാസികൾ ആയി ഉള്ളിടത്തോളം കാലത്തോളം കോവിഡ് ഭീതി കേരളത്തെ വിട്ടൊഴിയില്ല എന്ന സാഹചര്യത്തിൽ പ്രവാസി സമൂഹത്തോട് തന്നെ ഉള്ളിൽ വെറുപ്പ് സൂക്ഷിക്കുന്ന സമൂഹമായി മലയാളികളെ മാറ്റുന്നതിൽ ഐ ഐ ടി മാൻഡിയുടെതു പോലെയുള്ള റിപ്പോർട്ടുകൾക്കുള്ള സ്ഥാനം ചെറുതായിരിക്കില്ല. ഇന്ത്യയിൽ കോവിഡ് വ്യാപനം ലോകകണക്കിൽ തന്നെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുമ്പോൾ ജേണൽ ഓഫ് ട്രാവൽ മെഡിസിൻ എന്ന മാസികയിലാണ് ഐ ഐ ടി മാൻഡിയുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തമിഴ്‌നാട്, ആന്ധ്ര, ഡൽഹി എന്നിവിടങ്ങളിൽ പടർന്ന കോവിഡിന് പുറത്തുനിന്നും എത്തിയവരുടെ സംഭവനയിൽ കാര്യമായ റോൾ ഇല്ലെന്നും സ്റ്റഡി റിപ്പോർട്ട് പറയുന്നു. എന്നാൽ കേരളം, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കാശ്മീർ, കർണാടകം എന്നിവിടങ്ങളിൽ കോവിഡ് പടരുന്നതിന് പുറത്തു നിന്നും എത്തിയവർ നിർണായക സംഭാവന നൽകിയെന്നാണ് പഠനം പറയുന്നത്.

കോവിഡ് ഒന്നാം ഘട്ട വ്യാപനത്തെ തുടർന്ന് നടത്തിയ ആഗോള, ദേശീയ താരതമ്യ പഠനത്തിൽ രോഗവ്യാപനം പ്രാദേശികമായി മാറിയിരുന്നു എന്നാണ് കണ്ടെത്തിയതെന്ന് ഐ ഐ ടി പഠനത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് പ്രൊഫസർ സരിത ആസാദ് പറയുന്നു. ജനുവരി മുതൽ ഏപ്രിൽ വരെ കണ്ടെത്തിയ രോഗികളുടെ സഞ്ചാര പഥം കണ്ടെത്തിയാണ് പഠന സംഘം ഈ നിഗമനങ്ങളിൽ എത്തിയിരിക്കുന്നത്. ദുബായിൽ നിന്നും എത്തിയവരിൽ 144 പേരും യുകെയിൽ നിന്നെത്തിവരിൽ 64 പേരും രോഗവ്യാപനത്തിൽ നിർണായകമായി മാറി എന്നും ഗവേഷകർ പറയുന്നു.

കൂടുതൽ പ്രൈമറി കോൺടാക്റ്റിലേക്കു രോഗം എത്തിക്കുന്നതിൽ ഈ രണ്ടു രാജ്യങ്ങളിൽ നിന്നും എത്തിയവർ കാരണമായെന്നും സരിത ആസാദ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം 64 ലക്ഷം ആയി ഉയർന്നിരിക്കുകയാണ്. മരണ സംഖ്യ ഒരു ലക്ഷം കടന്നിരിക്കുന്നു. പുതുതായി ഓരോ ദിവസവും ഒരു ലക്ഷം രോഗികൾ എന്ന കണക്കിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. കേരളത്തിൽ ഈ കണക്കു പ്രതിദിന വർധന പതിനായിരത്തിലേക്കും നീങ്ങുന്നു. പതിനായിരം രോഗികൾ ഓരോ ദിവസവും എന്ന കണക്കിലെത്തിയാൽ കേരളത്തിന് ആരോഗ്യ അടിയന്തിരാവസ്ഥ നേരിടേണ്ടി വരും എന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP