Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

നൂറ്റാണ്ടുകൾ പഴക്കമുള്ള കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി വെള്ളക്കാരനല്ലാത്ത ഒരാൾ സോഷ്യോളജി വകുപ്പ് മേധാവിയാകുമ്പോൾ നറുക്കു വീണത് ഇന്ത്യാക്കാരിക്ക്; മനാലി ദേശായ് ഇനി കേംബ്രിഡ്ജിന്റെ സോഷ്യോളജി വകുപ്പിനെ നയിക്കും

നൂറ്റാണ്ടുകൾ പഴക്കമുള്ള കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി വെള്ളക്കാരനല്ലാത്ത ഒരാൾ സോഷ്യോളജി വകുപ്പ് മേധാവിയാകുമ്പോൾ നറുക്കു വീണത് ഇന്ത്യാക്കാരിക്ക്; മനാലി ദേശായ് ഇനി കേംബ്രിഡ്ജിന്റെ സോഷ്യോളജി വകുപ്പിനെ നയിക്കും

മറുനാടൻ മലയാളി ബ്യൂറോ

1209-ൽ അന്നത്തെ ബ്രിട്ടീഷ് രാജാവായ ഹെന്റി മൂന്നാമൻ സ്ഥാപിച്ച കേമ്പ്രിഡ്ജ് യൂണിവേഴ്സിറ്റി ഇന്ന് ലോകത്ത് നിലനിൽക്കുന്ന സർവ്വകലാശാലകളിൽ പഴക്കം കൊണ്ട് നാലാം സ്ഥാനത്തുള്ള സർവ്വകലാശാലയാണ്. ആ സർവ്വകലാശാലയുടെ എട്ടു നൂറ്റാണ്ടിലധികമായി പരന്നുകിടക്കുന്ന ചരിത്രത്തിൽ ഇതാദ്യമായണ് വെള്ളക്കാരിയല്ലാത്ത ഒരു വനിത ഒരു വകുപ്പിനെ നയിക്കാനെത്തുന്നത്. ഈ അപൂർവ്വ നേട്ടത്തിനുടമയാകുന്നത് ഒരു ഇന്ത്യാക്കാരിയാണെന്നത് ഇന്ത്യാക്കാർക്ക് മുഴുവൻ അഭിമാനിക്കാവുന്ന കാര്യവുമാണ്.

നിലവിൽ കേംബ്രിഡ്ജ് യൂണീവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗത്തിൽ റീഡറും ന്യുമാൻ കോളേജിൽ ഫെല്ലോയുമായ മനാലി ഈ വിദ്യാഭ്യാസ വർഷാരംഭം മുതൽ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വകുപ്പിനെ നയിക്കുവാൻ നിയമിതയായിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സങ്കലനമാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മനാലി ജനിച്ചത് അമേരിക്കയിൽ ആയിരുന്നെങ്കിലും തന്റെ സ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ചത് ഡെൽഹിയിലെ മോഡേൺ സ്‌കൂളിൽ ആയിരുന്നു. പിന്നീട് ലണ്ടനിലേക്ക് താമസം മാറ്റിയ അവർ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന വർഷങ്ങൾ പൂർത്തിയാക്കിയത് അവിടെയായിരുന്നു.

പിന്നീട് അമേരിക്കയിലേക്ക് പോയ അവർ യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗണിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ലോസ് ഏഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നും പി എച്ച് ഡി നേടുകയും ചെയ്തു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകവൃത്തിയിൽ ചേരുന്നതിനു മുൻപ് അവർ അമേരിക്കയിലും പിന്നീട് ലണ്ടനിലെ സ്‌കൂൾ ഓഫ് എക്കണോമിക്സിലും അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013-ലാണ് മനാലി ദേശായി കേംബ്രിഡ്ജ് യൂണീവേഴ്സിറ്റിയിൽ പ്രവേശിക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയവും സാമൂഹ്യ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടാണ് മനാലിയുടെ ഭൂരിഭാഗം ഗവേഷണങ്ങളും നടന്നിട്ടുള്ളത്. കൊളോണിയൽ കാലത്തുനിന്നും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്കുള്ളമാറ്റത്തിൽ, മനുഷ്യന്റെ സ്വത്വബോധത്തിലും താത്പര്യങ്ങളിലും ഉണ്ടായ മാറ്റങ്ങൾ ഉൾപ്പടെയുള്ളവ മനാലിയുടെ ഗവേഷണങ്ങൾക്ക് വിഷയമായിട്ടുണ്ട്. ലിംഗ വിവേചനം, രാഷ്ട്ര രൂപീകരണം, മൗലിക ജനാധിപത്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഇന്ത്യയെ കുറിച്ചുള്ള പുസ്തകങ്ങളും അവർ രചിച്ചിട്ടുണ്ട്.

അവരുടെ അദ്ധ്യാപന മികവിനുള്ള ആദരമായി 2019-ൽ പിൽകിങ്ടൺ ടീച്ചിങ് പ്രൈസ് നേടിയ അവർ, കേംബ്രിഡ്ജ് സർവ്വകലാശാലകളിൽ കാലാകാലങ്ങളായി അദ്ധ്യാപകരായിട്ടുള്ള നിരവധി ഇന്ത്യൻ പ്രതിഭകളിൽ ഒരാളാണ്. ''നമ്മൾ ഇപ്പോൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു കാലത്തിലൂടെയാണ്. മാത്രമല്ല, നമ്മുടെ അസ്തിത്വത്തെ അപകടത്തിലാക്കിയേക്കാവുന്ന നിരവധി അടിസ്ഥാൻ പ്രശ്നങ്ങൾ ഉയരുന്ന ഒരു കാലം കൂടിയാണിത്. കാലാവസ്ഥാ വ്യതിയാനമോ, യുദ്ധമോ, ദാരിദ്ര്യമോ, സാമൂഹിക അസമത്വമോ എന്തുമാകട്ടെ അവയ്ക്കുള്ള ഫലപ്രദമായ ഉത്തരം നൽകാൻ സോഷ്യോളജി എന്ന പഠന ശാഖയ്ക്ക് കഴിയുന്നുണ്ട്.'' തന്റെ പുതിയ ജോലിയെ കുറിച്ചാരാഞ്ഞപ്പോൾ അവരുടെ പ്രതികരണം ഇതായിരുന്നു.

നമുക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് അന്വേഷിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ഒരു ശാഖയാണ് സോഷ്യോളജി. ഇന്നത്തെ സാഹചര്യത്തിൽ അതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുക എന്നത് സന്തോഷകരമായ ഒരു കാര്യമാണെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP