Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തി വിവാഹം അടിച്ചു പൊളിക്കുന്ന മലയാളികളുടെ പതിവ് മാറുന്നു; കോവിഡ് കാലത്ത് ബന്ധുക്കളെ ഓൺലൈൻ സാക്ഷിയാക്കി വിവാഹം അന്യനാട്ടിൽ തന്നെയാക്കി മലയാളികൾ: കഴിഞ്ഞ ഒന്നര മാസത്തിനിടെ ദോഹയിൽ നടന്നത് പത്തിലധികം മലയാളി വിവാഹങ്ങൾ

വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തി വിവാഹം അടിച്ചു പൊളിക്കുന്ന മലയാളികളുടെ പതിവ് മാറുന്നു; കോവിഡ് കാലത്ത് ബന്ധുക്കളെ ഓൺലൈൻ സാക്ഷിയാക്കി വിവാഹം അന്യനാട്ടിൽ തന്നെയാക്കി മലയാളികൾ: കഴിഞ്ഞ ഒന്നര മാസത്തിനിടെ ദോഹയിൽ നടന്നത് പത്തിലധികം മലയാളി വിവാഹങ്ങൾ

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് ലോകമെങ്ങും എത്തിയതോടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിയിരിക്കുകയാണ്. പതിവു ശീലങ്ങളും ശൈലികളും എല്ലാം മാറി. ലക്ഷങ്ങൾ മുടക്കി അടിച്ചു പൊളിച്ചിരുന്ന മലയാളികളുടെ വിവാഹ ശൈലിക്കാണ് ഏറ്റവും വലിയ മാറ്റം വന്നത്. ഏത് വിദേശ രാജ്യത്ത് താമസിച്ചാലും നാട്ടിലെത്തി ലക്ഷങ്ങൾ മുടക്കി ഹോട്ടലുകളിലും റിസോർട്ടുകളിലുമായി അടിച്ചു പൊളിച്ചിരുന്ന മലയാളികളുടെ വിവാഹ രീതി അടിമുടി മാറി. അന്യനാട്ടിൽ താമസിക്കുന്ന മലയാളികൾ അവിടെ തന്നെ വിവാഹങ്ങൾ നടത്തി തുടങ്ങി. അടുത്ത ബന്ധുക്കളെയും മറ്റും ഓൺലൈനിൽ സാക്ഷിയാക്കിയാണ് വിവാഹങ്ങൾ നടക്കുന്നത്. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഒട്ടനവധി മലയാളി വിവാഹങ്ങൾ നടന്നു കഴിഞ്ഞു.

കഴിഞ്ഞ ഒന്നര മാസത്തിനിടെ പത്തിലധികം മലയാളി വിവാഹങ്ങളാണ് ഖത്തറിൽ നടന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഓഗസ്റ്റ് 1 മുതൽ സർക്കാർ കൂടുതൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ മലയാളി വിവാഹങ്ങൾക്ക് ദോഹ സാക്ഷിയായത്. നാട്ടിൽ പോയി ആഘോഷപൂർവം വിവാഹം നടത്തി തിരികെ ദോഹയിൽ വന്ന് അടുത്ത സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അടിപൊളി സൽക്കാരം നടത്തുന്നതാണു പ്രവാസി മലയാളികളുടെ പതിവ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിലേക്ക് പോയാൽ ക്വാറന്റൈനും കൃത്യ സമയത്ത് തിരികെ എത്തി ജോലിയിൽ പ്രവേശിക്കാനാകുമോ എന്ന ആശങ്കയുമാണ് മലയാളികളെ അന്യ നാട്ടിൽ തന്നെ വിവാഹം നടത്താൻ പ്രേരിപ്പിക്കുന്നത്.

എവിടെ ആയാലും പരിമിത എണ്ണം ആളുകൾക്കു മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയൂ. അഥവാ നാട്ടിൽ പോയാലും തിരികെ മടങ്ങി വരവ് അനശ്ചിതത്വത്തിലാകും വൈകിയാൽ ഉള്ള ജോലിയും നഷ്ടമാകും. വിവാഹം മാറ്റി വയ്ക്കാമെന്നു വച്ചാൽ കോവിഡ് കാലത്ത് മറ്റൊരു കൃത്യമായ തീയതിയും ഇല്ല. . വിവാഹം അനശ്ചിതമായി നീട്ടാനും കഴിയില്ല. ഇതോടെയാണ് അന്യ രാജ്യങ്ങൾ മലയാളി വിവാഹങ്ങൾക്ക് വേദിയായി തുടങ്ങിയത്.

കോവിഡിന് മുൻപു വിവാഹ നിശ്ചയം നടത്തിയവരാണു ദോഹയിൽ വിവാഹം നടത്തുന്നത്. തൃശൂർ സ്വദേശികളായ സയ്യിദ് ഫെർമിസും അമൽ ഫെർമിസും മകൾ അഫീദയുടെ വിവാഹം ദാഹയിലാണ് നടത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കല്യാണം അറബിക് ശൈലിയിലാക്കിയതിനാൽ കാര്യമായി സ്വർണവും വാങ്ങേണ്ടി വന്നില്ലെന്ന് അമൽ ഫെർമിസ് പറയുന്നു.

മാതാപിതാക്കളെ പോലും ഓൺലൈൻ സാക്ഷശിയാക്കി കോട്ടയം സ്വദേശികളായ നയനയുടേയും രഞ്ജിത്തിന്റെയും വിവാഹം കഴിഞ്ഞ ദിവസമാണ് ദോഹയിൽ നടന്നത്.
നാട്ടിൽ നിന്ന് രക്ഷിതാക്കളെ ഇങ്ങോട്ട് കൊണ്ടുവരാനാണു തീരുമാനിച്ചതെങ്കിലും വിവാഹം അനിശ്ചിതമായി നീണ്ടതോടെ രക്ഷിതാക്കളുടെ നിർദേശപ്രകാരം വിവാഹം ദോഹയിൽ തന്നെ നടത്തി.

നാട്ടിലിരുന്ന് ഓൺലൈൻ വേദിയിൽ രക്ഷിതാക്കളും ബന്ധുക്കളും അനുഗ്രഹങ്ങൾ നൽകി. ആദ്യം പ്രയാസം തോന്നിയെങ്കിലും രക്ഷിതാക്കളുടെ കുറവ് നികത്തി ദോഹയിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മധുരം വയ്പ്, മൈലാഞ്ചി ഇടൽ തുടങ്ങി പള്ളിയിലെ വിവാഹം വരെയുള്ള സകല കാര്യങ്ങളിലും കൈത്താങ്ങായി ഒപ്പമുണ്ടായിരുന്നതു വലിയ സന്തോഷമാണ് നൽകിയതെന്ന് നയന പറഞ്ഞു.

അതേസമയം ിവാഹം ദോഹയിൽ നടത്തണമെങ്കിലും കടമ്പകൾ ഏറെ. ശരീഅത്ത് നിയമം പിന്തുടരുന്ന രാജ്യമായതിനാൽ മുസ്ലിം വിവാഹങ്ങൾക്കു ദോഹയിലെ കുടുംബ കോടതിയുടെ അനുമതി നിർബന്ധമാണ്. വധുവും വരനും വധുവിന്റെ പിതാവും കോടതിയിൽ രേഖകൾ ഹാജരാക്കണം. വധുവിന്റെ പൂർണ സമ്മതത്തോടെ മാത്രമേ കോടതി വിവാഹത്തിന് അനുമതി നൽകുകയുമുള്ളു.

ക്രിസ്തീയ വിവാഹങ്ങളിൽ വധുവിന്റെയും വരന്റേയും നാട്ടിലെ ഇടവകയിൽ നിന്നുള്ള കത്ത് അബുഹമൂറിലെ റിലിജിയസ് കോംപ്ലക്സിലെ പള്ളിയിൽ നൽകണം. കത്ത് ലഭിച്ച ശേഷമേ അനുമതി ലഭിക്കുകയുള്ളു. ഏത് മതസ്ഥരാണെങ്കിലും വിവാഹം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP