Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത ചൂടിൽ കാറുകളുടെ കൂളന്റ് സിസ്റ്റം വെന്തുരുകുന്നു; യുകെയിൽ സുഹൃത്തുക്കളുമൊത്തു യാത്രക്കിറങ്ങിയ മലയാളി യുവാവിന്റെ ബിഎംഡബ്ല്യു കാർ അഗ്നിക്കിരയായി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; കാർ പൂർണമായും കത്തിയത് മൂന്നു മിനിറ്റിൽ

കനത്ത ചൂടിൽ കാറുകളുടെ കൂളന്റ് സിസ്റ്റം വെന്തുരുകുന്നു; യുകെയിൽ സുഹൃത്തുക്കളുമൊത്തു യാത്രക്കിറങ്ങിയ മലയാളി യുവാവിന്റെ ബിഎംഡബ്ല്യു കാർ അഗ്നിക്കിരയായി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; കാർ പൂർണമായും കത്തിയത് മൂന്നു മിനിറ്റിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: യുകെയിൽ താപനില ഓരോ ദിവസവും ഉയർന്നുകൊണ്ടിരിക്കെ കാറുകൾ തീ പിടിക്കുന്നത് പതിവ് സംഭവമാകുന്നു. കഴിഞ്ഞ ദിവസം റഗ്‌ബിക്കടുത്തു മലയാളി യുവാക്കൾ സഞ്ചരിച്ച കാർ എ45 ൽ തീപിടിച്ചു പൂർണമായും കത്തിനശിക്കാൻ കാരണം ഉയർന്ന അന്തരീക്ഷ താപനില ആണെന്ന് സൂചനയുണ്ട്. കാറിന്റെ കൂളിങ് സിസ്റ്റം ഓയിൽ തീർന്നു മുന്നറിയിപ്പ് ഒന്നുമില്ലാതെ തീപിടിക്കുക ആയിരുന്നു.

കാർ എം45 ൽ നിന്നും എ റോഡിലേക്ക് കയറിയ ഉടനെ ആയിരുന്നു അപകടം. മോട്ടോർ വേയിൽ അവസാനിക്കുന്നിടത്തു നിന്നും റൗണ്ട് എബൗട്ട് എടുത്ത് എ റോഡിലേക്ക് കയറുന്നതിനായി വേഗത കുറച്ച സമയത്തു തീപിടുത്തം ഉണ്ടായത് കാറിലെ മൂന്നു യാത്രക്കാരുടെയും ജീവൻ അപകടത്തിൽ പെടാതിരിക്കാൻ കാരണമായി. കാർ ഓടിച്ചിരുന്ന യുവാവടക്കം രണ്ടു മലയാളികളും ഒരു തെന്നിന്ത്യൻ വംശജനും ആയിരുന്നു യാത്രക്കാർ.

കാർ എ റോഡിൽ കയറിയപ്പോൾ തന്നെ ബോണറ്റിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ ട്രക്ക് പാർക്കിങ്ങിന് വേണ്ടിയുള്ള ബേയിൽ കാർ ഒതുക്കുക ആയിരുന്നു. ഉടൻ യാത്രക്കാർ ചാടി ഇറങ്ങുകയും ചെയ്തു. ഈ സമയം തന്നെ ബോണറ്റിൽ നിന്നും തീ ആളിപ്പടരുകയും ചെയ്തിരുന്നു. കുട്ടികളും സ്ത്രീകളും കാറിൽ ഇല്ലാതിരുന്നതും പരിക്കില്ലാതെ രക്ഷപെടാൻ യാത്രക്കാർക്ക് അവസരമായി. ഈ സമയം പാർക്കിങ് ബേയിൽ രണ്ടു ട്രക്കുകൾ ഉണ്ടായിരുന്നെങ്കിലും തീ പടരാതെ നോക്കാൻ അതുവഴി എത്തിയ മറ്റു വാഹനങ്ങളുടെ ഇടപെടൽ മൂലം സാധ്യമായി.

റോഡ് ഉപയോക്താക്കൾ ഉടൻ ഫയർ ഫോഴ്സ് സേവനം തേടിയെങ്കിലും തൊട്ടടുത്ത് സ്റ്റേഷൻ ഇല്ലാതിരുന്നതും കാർ പൂർണമായും കത്തി നശിക്കാൻ കാരണമായി. ഫയർ ഫോഴ്സ് തീ പൂർണമായും കെടുത്തിയതോടെ കൂളിങ് ടാങ്കിന്റെ പ്ലാസ്റ്റിക് അടപ്പ് ഉയർന്ന ചൂട് മൂലം ഉരുകി പോകുകയും കൂളിങ് ടാങ്കിലെ ഉയർന്ന താപം മൂലം എഞ്ചിനിലേക്കു തീ പടരുകയും ചെയ്തിരിക്കാം എന്നാണ് കരുതപ്പെടുന്നത്. വെളുത്ത ബിഎംഡബ്ല്യു സലൂൺ കാറാണ് അപകടത്തിന് ഇരയായത്.

മിൽട്ടൺ കെയ്ൻ പ്രദേശത്തു നിന്നും ബിർമിങാമിലേക്കു യാത്ര ചെയ്ത യുവാക്കളുടെ കാറാണ് അപകടത്തിൽ പെട്ടത്. ഐടി കമ്പനിയിൽ ഉയർന്ന ജോലി ചെയ്യുന്നവരാണ് യുവാക്കൾ. ആഴ്ച അവധി ലഭിച്ച കാരണത്താൽ മിൽട്ടൺ കെയ്ൻസിൽ സുഹൃദ് സംഘത്തെ സന്ദർശിച്ചു മടങ്ങവേ വൈകുന്നേരം ഏഴുമണിയോടെയാണ് അപകടത്തിൽ ഉൾപ്പെട്ടത്. അന്നേ ദിവസം ഈ കാർ ഇരുന്നൂറു മൈലിൽ ഏറെ ഓടിയതായും സൂചനയുണ്ട്.

അധികം പഴക്കമില്ലാത്ത കാർ ആണ് അപകടത്തിൽ കത്തിക്കരിഞ്ഞത് എന്നതും അവിശ്വസനീയമാകുകയാണ്. വെറും നാലു വർഷം പഴക്കമാണ് കാറിന്റെ രജിസ്ട്രേഷൻ നമ്പർ സൂചിപ്പിക്കുന്നത്. ശൈത്യകാലത്തും വേനൽക്കാലത്തും യുകെയിൽ കാറുകളുടെ പ്രത്യേക പരിചരണ രീതിയെ കുറിച്ച് കാര്യമായ അറിവ് ഉണ്ടായിരുന്നില്ലെന്നും യുവാക്കളുടെ സുഹൃത്തുക്കൾ തന്നെ സൂചിപ്പിക്കുന്നു.

ഒരാഴ്ച മുൻപ് ഇതേ റോഡിൽ മറ്റൊരു കാർ ഇത്തരത്തിൽ അഗ്നി ബാധയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ചെറുകാറായ കിയ ആണ് അന്ന് അപകടത്തിൽ പെട്ടത്. ആ കാറിന്റെയും കൂളിങ് ടാങ്ക് പ്ലാസ്റ്റിക് അടപ്പു ഉയർന്ന ചൂട് മൂലം ഉരുകിയിരുന്നു. കൂളിങ് ടാങ്കിലെ ഓയിൽ പൂർണമായും വറ്റിയിരുന്നു. എന്നാൽ തീപിടിക്കും മുൻപ് കാർ ഓഫ് ചെയ്തു ബോണറ്റ് തുറക്കാൻ സ്ത്രീ ഡ്രൈവർക്കു സാധിച്ചതായി ഫയർ ഫോഴ്സ് സൂചിപ്പിച്ചു.

യുകെയിൽ റെക്കോർഡ് താപനില ആയ 32 ഡിഗ്രി രേഖപ്പെടുത്തിയ അന്നേ ദിവസം ഒട്ടേറെ കാറുകൾക്ക് സമാനമായ തരത്തിൽ കേടുപാടുണ്ടായതായി വിവരമുണ്ട്. കോവിഡ് നിയന്ത്രണം മൂലം ഒട്ടേറെ വാഹന ഉപയോക്താക്കൾ കഴിഞ്ഞ അഞ്ചു മാസമായി വാർഷിക സർവീസ് അടക്കമുള്ള നിർബന്ധ പരിശോധനകൾ കൂടാതെ ഉപയോഗിക്കുന്നത് മൂലം സമാന തരത്തിൽ ഉള്ള അപകടങ്ങൾക്കു സാധ്യത കൂടുതലാണെന്നും ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു.

വരും ദിവസങ്ങളിലും താപനില ഉയരും എന്നതിനാൽ കാർ ഉപയോക്താക്കൾ കൂളന്റ് ടാങ്ക് തുറന്നു പരിശോധിച്ച് ആവശ്യത്തിന് കൂളിങ് ഓയിൽ ഉണ്ടെന്നു ഉറപ്പുവരുത്തണമെന്ന് പ്രധാന ബ്രേക്ക് ഡൗൺ കവറേജ് കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോട്ടോർവേയിലും മറ്റുമാണ് അപകടം സംഭവിക്കുന്നതെങ്കിൽ തീ പിടിച്ച കാറുമായി വേഗത്തിൽ സഞ്ചരിക്കുമ്പോൾ രക്ഷപെടാൻ ഉള്ള സാധ്യത പോലും വിരളമായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP