Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോനിഷയുടെ മരണത്തിൽ താൻ നിരപരാധിയെന്ന് ഭർത്താവ് അരുൺ; ഭാര്യയുടെ അമ്മയും ബന്ധുക്കളും തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിൽ അതീവ ദുഃഖിതൻ; അരുണിന്റെ വിശദീകരണം കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ

മോനിഷയുടെ മരണത്തിൽ താൻ നിരപരാധിയെന്ന് ഭർത്താവ് അരുൺ; ഭാര്യയുടെ അമ്മയും ബന്ധുക്കളും തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിൽ അതീവ ദുഃഖിതൻ; അരുണിന്റെ വിശദീകരണം കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ

മെൽബൺ: പൊൻകുന്നം സ്വദേശിനി മോനിഷയെ ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവരുടെ അമ്മയും ബന്ധുക്കളും തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അതീവദുഃഖിതനാണെന്നു മോനിഷയുടെ ഭർത്താവ് അരുൺ പറഞ്ഞു. മോനിഷയുടെ മരണത്തിൽ എല്ലാവരും തന്നെ സംശയിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം നല്കുന്നതെന്നും അരുൺ മെൽബണിൽ പറഞ്ഞു.

മോനിഷയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അമ്മ സുശീലാ ദേവി നല്കിയ പരാതിയിൽ കേരളാ പൊലീസ് അരുണിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് പലവട്ടം മകൾ തന്നോടു പറഞ്ഞിട്ടുണ്ടെന്ന് അമ്മ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുൺ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭാര്യ മരിച്ച് ഇത്രനാളായിട്ടും ഒരു മാധ്യമങ്ങളോടും സംസാരിക്കാതിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വിശദീകരണം നൽകാതെ തരമില്ലെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും സംശയിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്തത് സ്വകാര്യ ദുഃഖമായി കരുതുകയാണ്. ഞാനും ഭാര്യയും സ്നേഹത്തോടും പരസ്പര ബഹുമാനത്തോടുമാണ് കഴിഞ്ഞിരുന്നത്. മോനിഷയുടെ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുകയും ചെയ്തു. കഴിയുന്ന തരത്തിലൊക്കെ അവരെ സഹായിച്ചിരുന്നു. സ്വന്തം മകനെപ്പോലെ തന്നെയാണ് അവരും എന്നെ കണ്ടിരുന്നത്.

കുടുംബത്തുണ്ടായിരുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് അമ്മയുമായി സംസാരിക്കുകയും പരിഹാരം ആരായുകയും ചെയ്തിരുന്നു. മോനിഷയുടെ സഹോദരിയുടെ വിവാഹത്തിനു ശേഷം എല്ലാം വിശദമായി ചർച്ച ചെയ്യാമെന്ന് അവർ സമ്മതിച്ചിരുന്നു. പ്രശ്നങ്ങളൊന്നും ബന്ധുക്കളെ അറിയിക്കരുതെന്ന് മോനിഷയുടെ അമ്മ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആരെയും ഒന്നും അറിയിക്കാതിരുന്നത്.

മോനിഷയുടെ ആത്മഹത്യക്കു ശേഷം ബന്ധുക്കളും പിന്നെ അമ്മയും എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുവെന്നു കേട്ടപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ല. പണത്തിനു വേണ്ടി മോനിഷയെ ഞാൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി അമ്മ പരാതി കൊടുത്തുവെന്നറിഞ്ഞപ്പോഴും തെറ്റായ വാർത്തയാണെന്നാണ് കരുതിയത്. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിന്റെ കോപ്പി കണ്ടപ്പോൾ ശരിക്കും തകർന്നുപോയി. സ്നേഹിച്ചവരും ബഹുമാനിച്ചവരും തള്ളിപ്പറഞ്ഞപ്പോൾ ജീവിക്കേണ്ടതുണ്ടോ എന്നു പോലും ചിന്തിച്ചു.

ഇവിടെയുള്ള നല്ലവരായ സുഹൃത്തുക്കളും സഹപ്രവർത്തകരും കേസ് അന്വേഷിക്കുന്ന വിക്ടോറിയൻ പൊലീസും നൽകിയ ആത്മവിശ്വാസമാണ് പിടിച്ചുനിൽക്കാൻ കെൽപ്പു നൽകിയത്. എല്ലാ ആരോപണങ്ങളെയും തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമപരമായി നേരിടാനാണ് അവർ നൽകിയ ഉപദേശം. കുടുംബത്തിലുണ്ടായ പ്രശ്നങ്ങൾ തീർക്കാൻ അമ്മയും ബന്ധുക്കളും ഒപ്പം നിന്നിരുന്നെങ്കിൽ മോനിഷയെ എനിക്കു നഷ്ടപ്പെടില്ലായിരുന്നു- അരുൺ പറയുന്നു.

പൊൻകുന്നം പനമറ്റം സ്വദേശിനി മോനിഷ(27)യെ കഴിഞ്ഞ മാസം ആറാം തീയതിയാണ് ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ മോനിഷയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർത്താവ് അരുൺ ബന്ധുക്കളെ അറിയിച്ചത്. മോനിഷയുടെ മൃതദേഹം 18-ന് നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.

പൊൻകുന്നം പനമറ്റം വെളിയന്നൂർ ചെറുകാട്ട് പരേതനായ മോഹൻ ദാസിന്റെയും സുശീലാ ദേവിയുടെയും മകളാണു മോനിഷ. മോനിഷ സോഫ്ട് വെയർ എഞ്ചിനീയർ ആയിരുന്നു. അരുൺ ഓസ്ട്രേലിയയിൽ നഴ്സായിരുന്നു. ഒന്നര വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ആദ്യം രജിസ്റ്റർ വിവാഹം നടത്തിയ ഇവരെ പിന്നീട് ബന്ധുക്കൾ ഇടപെട്ട് മതാചാര പ്രകാരം വിവാഹിതരാക്കുകയായിരുന്നു.

മോനിഷയുടെ മൃതദേഹം നാട്ടിൽ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകും മുമ്പേ ഭർത്താവ് അരുൺ മുങ്ങുകയായിരുന്നു എന്ന് മോനിഷയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മോനിഷയുടെ മരണത്തിനു കാരണം അരുണിന്റെ പീഡനമാണെന്ന് ആരോപിച്ച് അമ്മ സുശീലാ ദേവി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അരുണിനായി കേരളാ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് കേന്ദ്ര വിദേശ്യകാര്യ വകുപ്പ് മുഖേന മെല്ബണിലേ ഇന്ത്യൻ എംബസിക്ക് അയച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിൽ എംബിഎ (എച്ച് ആർ) കഴിഞ്ഞു ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രെഷനിൽ ജോലി ചെയ്യുകയാണെന്ന് വിവാഹത്തിന് മുമ്പ് അരുൺ മോനിഷയെയും കുടുംബാംഗങ്ങളെയും ധരിപ്പിച്ചിരുന്നതെന്ന് സുശീലാ ദേവി പറഞ്ഞു. എന്നാൽ വിവാഹ ശേഷം മോനിഷ ഓസ്ട്രേലിയയിൽ ചെന്നപ്പോഴാണ് അരുൺ മെയിൽ നഴ്സാണെന്നു തിരിച്ചറിഞ്ഞത്.

വിവാഹത്തിന് മുമ്പ് തന്നെ ഓസ്ട്രേലിയയിൽ വിസ സംഘടിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് അരുൺ നിർബന്ധിച്ച് മോനിഷയുടെയും അരുണിന്റെയും പേരിൽ വസ്തുവിന്റെ ഏതാനും ഭാഗം എഴുതി വാങ്ങിയിരുന്നുവെന്നും മോനിഷയുടെ ബന്ധുക്കൾ പറയുന്നു. അടുത്ത നാളിൽ 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് അരുൺ ആവശ്യം ഉന്നയിച്ചിരുന്നു. മോനിഷയുടെ അമ്മ സർവീസിൽ നിന്നും വിരമിക്കുകയായിരുന്നു. ഈ സമയത്ത് വലിയ ഒരു തുക കിട്ടാനുള്ളത് അരുണിന് അറിയാമായിരുന്നു. മാർച്ചിൽ വിരമിക്കാനിരിക്കേ നേരത്തേ തന്നെ ആതുക ആവശ്യപ്പെട്ടു. നിർബന്ധം കാരണം മൂന്നു ലക്ഷം രൂപ അയച്ചു കൊടുത്തു. മകൾ ബുദ്ധിമുട്ടുന്നത് കണ്ട് ബാക്കി തുക നല്കാൻ ബാങ്കിൽ അമ്മ ലോൺ അപേക്ഷിച്ചിരിക്കെയാണ് മരണ വാർത്ത എത്തുന്നത്.

മോനിഷയെ ഫോൺ വിളിക്കുമ്പോൾ അരുൺ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. മോനിഷയ്ക്ക് മൂന്ന് വയസുള്ളപ്പോൾ പിതാവ് മരിച്ചതാണ്. തുടർന്ന് മോനിഷയെയും ഇളയ കുട്ടിയേയും വളർത്തിയത് അമ്മയാണ്. മകൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തിൽ ഭർത്താവിന് പങ്കുണ്ടെങ്കിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് മാതാവ് പരാതി നല്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP