Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ വരുന്നതിന് 212 സിഖ് കുടുംബങ്ങൾക്ക് 32 വർഷമായുള്ള വിലക്ക് മോദി നീക്കി; ഓപ്പറേഷൻ ബ്ലൂസ്റ്റാറിനും കനിഷ്‌ക ദുരന്തത്തിനും ശേഷം രാജ്യത്തെത്താനാകാതെ കഴിഞ്ഞത് അമേരിക്കയിലേയും യുകെയിലും കാനഡയിലേയും സിഖുകാർ; ഇന്ദിരാ വധത്തിനുശേഷം ഏർപ്പെടുത്തിയ വിലക്കുനീക്കിയത് പഞ്ചാബ് തിരഞ്ഞെടുപ്പിൽ മോദിക്ക് തുണയാകും

ഇന്ത്യയിൽ വരുന്നതിന് 212 സിഖ് കുടുംബങ്ങൾക്ക് 32 വർഷമായുള്ള വിലക്ക് മോദി നീക്കി; ഓപ്പറേഷൻ ബ്ലൂസ്റ്റാറിനും കനിഷ്‌ക ദുരന്തത്തിനും ശേഷം രാജ്യത്തെത്താനാകാതെ കഴിഞ്ഞത് അമേരിക്കയിലേയും യുകെയിലും കാനഡയിലേയും സിഖുകാർ; ഇന്ദിരാ വധത്തിനുശേഷം ഏർപ്പെടുത്തിയ വിലക്കുനീക്കിയത് പഞ്ചാബ് തിരഞ്ഞെടുപ്പിൽ മോദിക്ക് തുണയാകും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 212 പ്രവാസി സിഖ് കുടുംബാംഗങ്ങൾക്ക് കഴിഞ്ഞ 32 വർഷമായി ഇന്ത്യയിൽ വരുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി മോദി സർക്കാർ പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിഖുകാരുടെ കയ്യടി നേടുന്നു. 1984ൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു ശേഷവും 85ലെ കനിഷ്‌ക ബോംബിംഗിനു ശേഷവുമായി അക്കാലത്തെ കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നീക്കുന്നത്. യുഎസ്, യുകെ, കാനഡ എന്നിവിവിടങ്ങളിലെ 212 സിഖ് കുടുംബങ്ങളിലുള്ളവരാണ് വിലക്കുണ്ടായിരുന്നതിനാൽ ഇത്രയും കാലം രാജ്യത്ത് വരാൻപറ്റാതെ കഴിഞ്ഞിരുന്നത്.

സിഖുകാരുടെ പ്രധാന ആരാധനാകേന്ദ്രമായ അമൃത്സറിലെ സുവർണക്ഷേതം കയ്യടക്കിയ ഖാലിസ്ഥാൻ ഭീകരരെ ഒഴിപ്പിക്കാനായിരുന്നു 1984ൽ ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനിക നടപടി. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇതിന് ഉത്തരവിട്ടത്. ഇതിന്റെ പേരിലാണ് അതേവർഷം ഒക്ടോബറിൽ ഇന്ദിര സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെടുന്നതും.

മോൺട്രിയൽ- ന്യൂഡൽഹി യാത്രയിലായിരുന്ന എയർ ഇന്ത്യയുടെ കനിഷ്‌ക വിമാനം സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകർത്ത് 329 യാത്രക്കാരുടെ കൊലയ്ക്ക് കാരണമായ അട്ടിമറിയുണ്ടായത് തൊട്ടടുത്ത വർഷമാണ്. ഇവരിൽ ഭൂരിഭാഗവും കാനഡയിൽ താമസക്കാരായ ഇന്ത്യക്കാരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഖ് ഭീകരർ പിടിയിലാവുകയും കാനഡയിൽ നിരവധി അറസ്റ്റുകൾ നടക്കുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളെ തുടർന്നാണ് പ്രവാസി സിഖ് കുടുംബങ്ങളിൽ പലതിനും ഇന്ത്യയിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറി തലവനായ കമ്മിറ്റിയാണ് ഇവരുടെ പേരിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിശോധിച്ച ശേഷം 324 പേരെ ഉൾപ്പെടുത്തിയിരുന്ന കരിമ്പട്ടികയിൽ നിന്ന് 212 പേരെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്നും അതിനുശേഷം അവരുടെ പേരിലുള്ള വിലക്കും നീക്കുമെന്നുമാണ് ഇപ്പോൾ ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക, കാനഡ സന്ദർശനവേളയിൽ ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി സിഖ് സംഘടനകൾ അദ്ദേഹത്തെ സമീപിച്ചിരുന്നു. അതേസമയം, ഇവരുടെ പേരിലുള്ള നിരോധനം നീക്കരുതെന്ന ഇന്റലിജൻസ് ബ്യൂറോയുടെ എതിർപ്പ് മറികടന്നാണ് ഇപ്പോൾ സർക്കാർ നടപടി ഉണ്ടായതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

അടുത്തുവരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിഖ് വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനും അവരെ കയ്യിലെടുക്കുന്നതിനുമായാണ് മോദി സർക്കാരിന്റെ നീക്കമെന്ന ആക്ഷേപം ഇതോടെ ഉയരുന്നുണ്ട്. അതേസമയം കോൺഗ്രസ് സർക്കാർ തികച്ചും ഏകപക്ഷീയമായാണ് പല കുടുംബങ്ങളേയും കരിമ്പട്ടികയിൽപ്പെടുത്തി ഇന്ത്യയിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തിയെന്നും ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകരാൽ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കോൺഗ്രസ് സർക്കാർ ഇങ്ങനെ ചെയ്തതെന്നുമാണ് സിഖ് സംഘടനകൾ ആരോപിക്കുന്നത്.

സൂക്ഷ്മ പരിശോധന കൂടാതെയായിരുന്നു ഈ നടപടി. സിഖ് സംഘടനകളുടെ എതിർപ്പ് ഭയന്ന് ഈ നിരോധന കാര്യം ആദ്യകാലത്ത് പുറത്തറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് വരാൻ ശ്രമിക്കുമ്പോൾ പലതവണ വിസയ്ക്ക് ഈ കുടുംബങ്ങൾക്ക് ഓരോ കാരണം പറഞ്ഞ് അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് ഏറെക്കാലങ്ങൾക്കുശേഷം നിരോധനം പുറത്തറിഞ്ഞത്.

ഏതായാലും 32 വർഷങ്ങൾക്കുശേഷം ഇത്രയും പ്രവാസി കുടുംബങ്ങളിലേക്ക് നാട്ടിലേക്കുവരാൻ മോദി സർക്കാർ അവസരമൊരുക്കിയതിനെ വൻ ആഘോഷമാക്കുകയാണ് പ്രവാസി സിഖ് സമൂഹവും പഞ്ചാബിലെ സിഖ് സംഘടനകളും. ഇത് മോദിക്കും ബിജെപിക്കും അടുത്തു നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വൻ മുൻതൂക്കം നൽകുമെന്നും പൊതുവെ വിലയിരുത്തലുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP