Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ പഠനത്തിനിടയിൽ ഓൺലൈൻ വഴി തുടങ്ങിയ എസ്‌റ്റേറ്റ് ഏജൻസി വിറ്റത് നൂറ് കണക്കിന് വീടുകൾ; ഇന്ത്യൻ വംശജന്റെ 19 കാരനായ മകൻ ബ്രിട്ടനിൽ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയായി

സ്‌കൂൾ പഠനത്തിനിടയിൽ ഓൺലൈൻ വഴി തുടങ്ങിയ എസ്‌റ്റേറ്റ് ഏജൻസി വിറ്റത് നൂറ് കണക്കിന് വീടുകൾ; ഇന്ത്യൻ വംശജന്റെ 19 കാരനായ മകൻ ബ്രിട്ടനിൽ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയായി

ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ 19കാരൻ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയറായിത്തീർന്നു. അക്ഷയ് റുപാറെലിയ എന്ന മിടുക്കനെയാണ് ഈ അപൂർവ ബഹുമതി നേടിയെത്തിയിരിക്കുന്നത്. സ്‌കൂൾ പഠനത്തിനിടയിൽ അക്ഷയ് ഓൺലൈൻ വഴി തുടങ്ങിയ എസ്‌റ്റേറ്റ് ഏജൻസിയിലൂടെ ഈ വിദ്യാർത്ഥി നൂറ് കണക്കിന് വീടുകൾ വിറ്റിരുന്നു. ഒരു വർഷം കൊണ്ട് 12 മില്യൺ പൗണ്ടിന്റെ കച്ചടവടമാണ് ഈ ഏജൻസി വഴി അക്ഷയ് നടത്തിയിരിക്കുന്നത്. ഹൈസ്ട്രീറ്റിലെ പേരെടുത്ത എസ്റ്റേറ്റ് ഏജന്റുമാർ വാങ്ങുന്ന കമ്മീഷന്റെ ചെറിയൊരു ഭാഗം മാത്രം ഈടാക്കിയായിരുന്നു സ്‌കൂൾ പഠന കാലത്ത് അക്ഷയ് ബിസിനസ് നടത്തിയിരുന്നത്.

അത്തരം സമർത്ഥമായ ചുവട് വയ്പുകളിലൂടെ അക്ഷയുടെ doorsteps.co.uk എന്ന എസ്റ്റേറ്റ് ഏജൻസി യുകെയിലെ ഇത്തരം സ്ഥാപനങ്ങൾക്കിടയിൽ 18ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഈ വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത് 16ാം മാസമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. താൻ ബിസിനസ് ആരംഭിച്ചതിന് ശേഷം നാളിതുവരെയായി 100 മില്യൺ പൗണ്ടിന്റെ പ്രോപ്പർട്ടികൾ വിറ്റഴിച്ചുവെന്നാണ് അക്ഷയ് സാക്ഷ്യപ്പെടുത്തുന്നത്. താൻ ഈ വെബ്‌സൈറ്റ് തുടങ്ങിയതിന് ശേഷം സസെക്‌സിലെ ഒരാൾ തന്റെ വീട് വിൽക്കാൻ തന്റെ സേവനം തേടിയെത്തുകയായിരുന്നുവെന്നും അതൊരു നല്ല തുടക്കമായിരുന്നുവെന്നും ഈ ടീനേജർ അഭിമാനത്തോടെ വെളിപ്പെടുത്തുന്നു.

ഈ പ്രോപ്പർട്ടിയുടെ ഫോട്ടോ എടുക്കാനായി തന്റെ സഹോദരിയുടെ ബോയ്ഫ്രണ്ടിന് 40 പൗണ്ട് നൽകി അയാളുടെ വണ്ടിയിൽ താൻ സസെക്‌സിലേക്ക് പോവുകയായിരുന്നുവെന്നും അന്ന് തനിക്ക് ഡ്രൈവിങ് ലൈസൻസോ കാറോ ഇല്ലായിരുന്നുവെന്നും അക്ഷയ് വെളിപ്പെടുത്തുന്നു. നോർത്ത് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്‌കൂൾ വിദ്യാർത്ഥിക്ക് പ്രസ്തുത വീടും ഭൂമിയും മൂന്നാഴ്ചക്കുള്ളിൽ വിൽക്കാൻ സാധിച്ചു. അതൊരു വഴിത്തിരിവാകുകയും അക്ഷയിന്റെ കമ്പനി മുന്നേറുകയുമായിരുന്നു. അടുത്ത ബന്ധുക്കളിൽ നിന്നും 7000 പൗണ്ട് കടം വാങ്ങിയായിരുന്നു ഈ കൗമാരക്കാരൻ തന്റെ കമ്പനി ആരംഭിച്ചിരുന്നത്. എന്നാൽ ഇന്ന് 12 പേർ ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.

കമ്പനിയുടെ പ്രവർത്തനം തുടങ്ങിയപ്പോൾ അതിനെക്കുറിച്ച് വരുന്ന അന്വേഷണങ്ങൾക്ക് ഉത്തരമേകുവാൻ അക്ഷയ് ഒരു കാൾസെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ആ സമയത്ത് തനിക്ക് സ്‌കൂളിൽ പോവേണ്ടതിനാലായിരുന്നു അത്. സ്‌കൂളിൽ നിന്നും തിരിച്ച് വന്നതിന് ശേഷം ഇത്തരം കാളുകൾക്ക് അക്ഷയ് തന്നെ ഉത്തരമേകിയിരുന്നു. യുകെയിലാകമാനമുള്ള സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്ന വീട്ടമ്മമാരുടെ നെറ്റ് വർക്ക് സജ്ജമാക്കുകയും അത് വഴി ബിസിനസ് നടത്തുകയുമായിരുന്നു അക്ഷയ് ചെയ്തിരുന്നത്. തന്റെ അടുക്കൽ വിൽക്കാനെത്തുന്ന പ്രോപ്പർട്ടികൾക്ക് അക്ഷയ് ക്ലൈന്റുകളെ കണ്ടെത്തിയിരുന്നത് ഇത്തരം നൂതനമായ നെറ്റ് വർക്കിലൂടെയായിരുന്നു.

പരമ്പരാഗത ഏജന്റുമാരുടെ തന്ത്രങ്ങളിൽ നിന്നും പ്രോപ്പർട്ടി സെല്ലിംഗിന് പുതിയൊരു മുഖം നൽകാൻ തന്റെ മാതൃകയിലൂടെ സാധിച്ചുവെന്നാണ് അക്ഷയ് വിശ്വസിക്കുന്നത്. പരമ്പരാഗത ഏജന്റുമാരേക്കാൾ ആളുകൾ ഇത്തരം വീട്ടമ്മമാരെ വിശ്വസിച്ചത് തനിക്ക് ഗുണം ചെയ്തുവെന്നും അത്തരത്തിലുള്ള ഓരോ അമ്മമാരും തനിക്കായി പ്രവർത്തിച്ചുവെന്നും അക്ഷയ് വിശദീകരിക്കുന്നു. റിയാൻഎയർ സ്ഥാപകനായ മൈക്കൽ ഓ ലീയറിയുടെ ആത്മകഥ തനിക്ക് വളരെ പ്രചോദനമേകിയിരുന്നുവെന്നും അക്ഷയ് വെളിപ്പെടുത്തുന്നു. ബധിരരായ തന്റെ മാതാപിതാക്കളെ ഈ രീതിയിൽ ബിസിനസ് ചെയ്ത് സഹായിക്കാൻ സാധിച്ചതിൽ അക്ഷയ് അഭിമാനിക്കുന്നു. 

തങ്ങളുടെ മകനെ ഓർത്ത് അവരും അഭിമാനം കൊള്ളുന്നുണ്ട്. അക്ഷയിന്റെ പിതാവ് 57കാരനായ കൗശിക് ആണ്. അദ്ദേഹം ഒരു കെയർവർക്കറാണ്. മാതാവായ 51 കാരി രേണുക ഒരു ടീച്ചിങ് അസിസ്റ്റന്റാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി എക്കണോമിക്‌സും മാത്തമാറ്റിക്‌സും പഠിക്കാനുള്ള അവസരം അക്ഷയ്ക്ക് നേരെ നീട്ടിയിരുന്നുവെങ്കിലും തന്റെ ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു ഈ കൗമാരക്കാരന്റെ ഉറച്ച തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP