Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാൾട്ടയിലും മലയാളി വസന്തം; കോവിഡ് കാലത്തെത്തിയ മലയാളി നഴ്‌സുമാർ ദേശീയ വനിതാ ക്രിക്കറ്റ് ടീം പോലും സ്വന്തമാക്കി; ഏജൻസികൾ അവസരം തേടി വന്നതോടെ യോഗ്യതയില്ലാത്ത അനേകം പേരെത്തി തുടങ്ങി; ഒപ്പം നാട്ടുകാരുടെ വക പരാതികളും; അന്തിമ ലക്ഷ്യം യുകെ

മാൾട്ടയിലും മലയാളി വസന്തം; കോവിഡ് കാലത്തെത്തിയ മലയാളി നഴ്‌സുമാർ ദേശീയ വനിതാ ക്രിക്കറ്റ് ടീം പോലും സ്വന്തമാക്കി; ഏജൻസികൾ അവസരം തേടി വന്നതോടെ യോഗ്യതയില്ലാത്ത അനേകം പേരെത്തി തുടങ്ങി; ഒപ്പം നാട്ടുകാരുടെ വക പരാതികളും; അന്തിമ ലക്ഷ്യം യുകെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ മാൾട്ടയിലും ഇപ്പോൾ മലയാളി വസന്തം. യുകെയിലേക്ക് എത്താനുള്ള എളുപ്പ വഴിയായി മാൾട്ടയെ വർഷങ്ങളായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇയ്യിടെയായി യോഗ്യത ഉള്ളവരും ഇല്ലാത്തവരും ആയവരുടെ കുത്തൊഴുക്കാണ് ഈ ചെറു രാജ്യത്തേക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് അവിടെയുള്ള മലയാളികൾ തന്നെ പരാതിപ്പെടുന്നു.

യുകെയിൽ അടുത്തിടെയായി കുടിയേറ്റക്കാരുടെയും വിദ്യാർത്ഥി വിസക്കാരുടെയും എണ്ണം ക്രമാതീതമായി വർധിച്ചതോടെ വീടുകളുടെ ലഭ്യത കുറഞ്ഞതും ആശുപത്രികളിലും സ്‌കൂളുകളിലും പ്രവേശനം ലഭിക്കാൻ പോലും വലിയ കാത്തിരിപ്പ് വേണ്ടി വന്നതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ മാൾട്ടയിലും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവിടെയുള്ള മലയാളികൾ വ്യക്തമാക്കുന്നു.

കുറുക്കു വഴി തേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ പ്രതീക്ഷിച്ച ജോലിയും ശമ്പളവും കിട്ടാതാകുമ്പോൾ മറുവഴി തേടുന്നതിനാൽ കുറ്റകൃത്യങ്ങളിൽ ഉൾപെടുന്നവരിൽ ഇന്ത്യൻ വംശജരുടെ എണ്ണം ഇരട്ടിയായി മാറിയിട്ടുണ്ട് എന്ന് മാൾട്ടയിൽ ഉള്ള മാധ്യമങ്ങളിൽ തന്നെ റിപ്പോർട്ട് എത്തിയിരുന്നു. മാൾട്ടയിൽ ആകെയുള്ള ഇന്ത്യക്കാരുടെ എണ്ണം ഔദ്യോഗികമായി 3000 ആണെങ്കിലും അനധികൃത കുടിയേറ്റക്കാർ അടക്കം ഇരട്ടിയോളം പേരുണ്ടാകുമെന്നാണ് അനദ്യോഗിക കണക്ക്. ഇതിൽ പാതിയും മലയാളികൾ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

താരതമ്യേനേ ദുർബലമായ കുടിയേറ്റ നടപടി ക്രമങ്ങൾ നിലനിൽക്കുന്ന രാജ്യം എന്നതിനാൽ റിക്രൂട്ടിങ് രംഗത്തുള്ള ഏജൻസികൾ കൊയ്ത്തിനിറങ്ങാൻ പറ്റിയ രാജ്യമായി മാൾട്ടയെ കണ്ടെത്തിയതാണ് മലയാളികളുടെ എണ്ണം ക്രമാതീതമായി ഉയരാൻ കാരണമായത്. ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയും എന്ന സൗകര്യവും മാൾട്ടയെ ആകർഷക കേന്ദ്രമാക്കി മാറ്റിയ ഘടകമാണ്.

റിക്രൂട്ടിങ് ഏജൻസികൾ മാൾട്ടയിൽ കണ്ണ് നട്ടു, മലയാളികൾ കൂട്ടമായെത്തി, അന്തിമ ലക്ഷ്യം യുകെ, കാനഡ, ന്യുസിലാൻഡ്

അടുത്ത കാലത്തു തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ച റിക്രൂട്ടിംങ് മാഫിയയും ആളെ പിടിക്കാൻ ഇറങ്ങിയത് മാൾട്ടയെ ചൂണ്ടിക്കാട്ടി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഏജൻസികൾ പറഞ്ഞു പെരുപ്പിക്കുന്ന ശമ്പളം ലഭിക്കില്ല എന്നത് മാത്രമല്ല മറ്റു പല യൂറോപ്പ്യൻ രാജ്യങ്ങളിലേത് പോലെ മാൾട്ടയിലും ജീവിത ചെലവ് ഭീകരമായി വർധിക്കുകയാണ്. ഭക്ഷണ സാധങ്ങൾക്കൊക്കെ ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസം ഉണ്ടെന്ന് പറയാനാകില്ല. വീട്ടു വാടക ഇനത്തിൽ മാത്രമാണ് അൽപമെങ്കിലും ആശ്വാസം ഉണ്ടന്ന് പറയാനാകുന്നത്. അതും സൗകര്യങ്ങൾ ഉള്ളതും ടൗൺ സെന്ററുകളോട് ചേർന്നതുമായ വീടുകൾക്കും ഫ്ളാറ്റുകൾക്കും ഒക്കെ യുകെയിലേതു പോലെ ഉയർന്ന വാടക നൽകുകയും വേണം.

കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തു വിട്ട യുകെയിലേക്കു പിള്ളേരെ വിടാൻ ആഗ്രഹിക്കുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന തലക്കെട്ടോടെ പുറത്തു വിട്ട വീഡിയോ റിപ്പോർട്ടാണ് മാൾട്ടയെ കുറിച്ചും നിങ്ങൾ ചിലത് പറയണം എന്ന അടിവരയോടെ കത്ത് ലഭിച്ചിരിക്കുന്നത്. വെറും അഞ്ഞൂറ് പൗണ്ട് പോലും ആവശ്യം ഇല്ലാത്ത റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്ക് വേണ്ടി എജൻസികൾ കണ്ണിൽ ചോര ഇല്ലാത്ത വിധം വാങ്ങുന്ന എട്ടും പത്തും ലക്ഷം രൂപയൊക്കെ മാൾട്ടയിൽ ജോലി ചെയ്തു സമ്പാദിക്കാൻ വർഷങ്ങൾ അനേകം കാത്തിരിക്കേണ്ടി വരും എന്നതിനാലാണ് മലയാളികളിൽ പലരും ധനസമ്പാദനത്തിനായുള്ള കുറ്റകൃത്യങ്ങളിൽ പോലും എത്തപ്പെടുന്നത് എന്നാണ് പേര് വെളിപ്പെടുത്തരുത് എന്ന് വ്യക്തമാക്കിയിട്ടുള്ള കത്തിൽ ഉന്നയിക്കുന്ന പ്രധാന കാര്യം. ഇന്ത്യക്കാർ മാൾട്ടയിൽ കുറ്റകൃത്യങ്ങളിൽ വലിയ തോതിൽ ഏർപ്പെടുന്നുണ്ട് എന്ന നിഗമനം ഔദ്യോഗികമായി തന്നെ പുറത്തു വന്നിട്ടുമുണ്ട്.

വനിതാ ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കിയ മലയാളി വനിതകൾ

എന്നാൽ മാൾട്ടയെ കുറിച്ച് ഇതൊന്നുമല്ലാതെ നല്ലതെന്ന നിലയിൽ പറയാനും ഏറെയുണ്ട് കാര്യങ്ങൾ. ചെറിയ രാജ്യം എന്ന നിലയിൽ മികവ് കാട്ടാനും മിടുക്കരാകാനും വേഗത്തിൽ കഴിയുന്ന സ്ഥലം എന്നതും മാൾട്ടയും മലയാളിയും തമ്മിലുള്ള രസതന്ത്രത്തിനു വഴി മരുന്നിടുന്ന ഘടകമാണ്. മാൾട്ടയിൽ ഔദ്യോഗിക വനിതാ ക്രിക്കറ്റ് ടീമിനെ പോലും ഇപ്പോൾ മലയാളികളാണ് ഹൈജാക്ക് ചെയ്തിരിക്കുന്നത് എന്നതാണ് വാസ്തവം.

ഷംല ചോളശേരി എന്ന മലയാളി നഴ്‌സിന്റെ കീഴിൽ കുപ്പായമിട്ട വനിതകൾ രാജ്യത്തെ ക്രിക്കറ്റ് ടീമിനെ എണ്ണം പറഞ്ഞ ശക്തിയാക്കി മാറ്റിയിരിക്കുകയാണ്. കോവിഡ് കാലത്തു മാൾട്ടയിൽ എത്തിയ ഈ മലയാളി നഴ്‌സുമാർ വളരെ വേഗത്തിലാണ് ബാറ്റും ബോളും കയ്യിലെടുത്തു രാജ്യത്തിന് പുതിയൊരു മുഖച്ഛായ നൽകിയത്. റൊമാനിയയുമായുള്ള ടി 20 മത്സരം വിജയിച്ചു കിരീടം സ്വന്തവുമാക്കിയതോടെയാണ് ക്യാപ്റ്റൻ ഷംലയും ടീമും ദേശീയ മാധ്യമങ്ങളുടെ പോലും തലകെട്ടിൽ ഇടം കണ്ടെത്തിയത്.

20 അംഗ സംഘത്തിൽ ഭൂരിഭാഗവും മലയാളികളാണ്. കൂടാതെ യുകെ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, സൗത്ത് ആഫ്രിക്ക വംശജരുമുണ്ട്. ഒരാൾ പോലും മാൾട്ടയിൽ ജനിച്ച അവകാശവാദവുമായി ഈ സംഘത്തിൽ ഇല്ല എന്നതും പ്രത്യേകതയാണ്. ആർക്കും തന്നെ കാര്യമായ ക്രിക്കറ്റ് പരിചയം മുൻപ് ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ. മൂന്നു വർഷം മുൻപ് ഏജൻസി മുഖേനെ കെയറർ ആയി എത്തിയ ഷംല ഇപ്പോൾ മാൾട്ടയിൽ രജിസ്റ്റേർഡ് നഴ്സാണ്. മാൾട്ട ക്രിക്കറ്റ് അസോസിയേഷന്റെ പേരിൽ എത്തിയ ഒരു മെസേജ് സോഷ്യൽ മീഡിയയിൽ കണ്ടതാണ് ഷംല ചിന്തകളിൽ തീപ്പൊരി ആയി ചിതറി വീണത്.\

പണ്ടെങ്ങോ ബന്ധുക്കളായ സമപ്രായക്കാരുമായി ക്രിക്കറ്റ് കളിച്ചുള്ള പരിചയമാണ് പ്രൊഫഷണൽ ക്രിക്കറ്റിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത ഷംലയെ ബാറ്റും ബോളും കയ്യിലെടുക്കാൻ പ്രചോദിപ്പിച്ചത്. ഷംലയ്‌ക്കൊപ്പം കുക്കു കുര്യൻ, അനുപമ രമേശൻ, അൻവി വിമൽ, രമ്യ വിപിൻ, അനിത സന്തോഷ് എന്നിവരൊക്കെ ദേശീയ ടീമിലുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ നഴ്‌സായും കെയറർ ആയും ജോലി ചെയ്യുന്ന മലയാളി വനിതകളാണ് തുടർന്ന് വൈകിട്ടു എട്ടുമണി മുതൽ രാത്രി 12നും ഒരു മണിക്കുമൊക്കെ ക്രിക്കറ്റർമാരായി വേഷപ്പകർച്ച നടത്തുന്നത്. ഞായറാഴ്ചകളിൽ എല്ലാവരും ഹാഫ് ഡേ ജോലി ചെയ്തു വൈകുന്നേരം നാലു മുതൽ എട്ടു മണിവരെ ക്രിക്കറ്റ് പരിശീലനത്തിൽ ആയിരിക്കും. ചുരുക്കത്തിൽ കഠിന പരിശ്രമത്തിലൂടെയാണ് മാൾട്ട ദേശീയ ക്രിക്കറ്റിൽ മലയാളി വനിതകൾ സ്വന്തം പേരെഴുതി വച്ചതു എന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP