Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

ബെൽഫാസ്റ്റിൽ ചരിത്രമായി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിക്ക് വെള്ളി മെഡൽ; സീ ബാസിനെ ആവിയിൽ പുഴുങ്ങിയെടുത്തു കറിവേപ്പിലയും കടുക് പേസ്റ്റും വെളിച്ചെണ്ണയും ചേർത്ത് സൃഷ്ടിച്ചത് രുചിയുടെ മീൻ മാജിക്; പാചക മത്സരത്തിൽ മിന്നിയത് തിരുവനന്തപുരം സ്വദേശി ലിജോ

ബെൽഫാസ്റ്റിൽ ചരിത്രമായി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിക്ക് വെള്ളി മെഡൽ; സീ ബാസിനെ ആവിയിൽ പുഴുങ്ങിയെടുത്തു കറിവേപ്പിലയും കടുക് പേസ്റ്റും വെളിച്ചെണ്ണയും ചേർത്ത് സൃഷ്ടിച്ചത് രുചിയുടെ മീൻ മാജിക്; പാചക മത്സരത്തിൽ മിന്നിയത് തിരുവനന്തപുരം സ്വദേശി ലിജോ

മറുനാടൻ മലയാളി ബ്യൂറോ

 കവൻട്രി: ബെൽഫാസ്റ്റിൽ അൾസ്റ്റർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ലിജോ ലൂയിസ് ഹോർമീസ് ചരിത്രം എഴുതിയിരിക്കുന്നു. രാജ്യാന്തര പ്രശസ്തമായ ടൂറിസം, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം ഐ ഫെക്സ് സംഘടിപ്പിച്ച പാചക മത്സരത്തിൽ മറ്റുള്ളവരെ പിന്തള്ളി വെള്ളി മെഡൽ നേടിയത് തിരുവനന്തപുരം സ്വദേശിയായ ലിജോ. യുകെ മലയാളികൾക്കിടയിൽ നിന്നും ലോക മലയാളികൾക്കിടയിലേക്ക് എത്തിയ ഷെഫ് സുരേഷ് പിള്ളയ്ക്കും പാചക രംഗത്ത് തന്നെ നേട്ടങ്ങളുമായി മുന്നേറുന്ന ജോമോൻ കുര്യാക്കോസിനും പിന്നാലെ ഇനിയും മലയാള രുചിയുമായി എത്താൻ അനേകരുണ്ട് എന്ന സൂചന കൂടിയാണ് ലിജോ നൽകുന്നത്. അൾസ്റ്റർ യൂണിവേഴ്‌സിറ്റി കൽനറി ആർട്സ് മാനേജ്‌മെന്റിൽ നാലാം വർഷ വിദ്യാർത്ഥിയായ ലിജോ എന്ന ഈ 39 കാരൻ ലോകം കൊതിയോടെ ഒരു ഭക്ഷണ മേശക്കടുത്തു എത്തിയാൽ ഒരു മലയാളി ഒരിക്കലും നിരാശപ്പെടുത്തില്ല എന്നത് കൂടിയാണ് തന്റെ പുരസ്‌കാര നേട്ടത്തിലൂടെ തെളിയിക്കുന്നതും.

ആവി കൊണ്ടാൽ സീ ബാസും പഞ്ഞിപോലെ മൃദുലമാകും

മീൻ കറിവയ്ക്കുന്നതിനേക്കാളും വറുക്കുന്നതിനേക്കാളും കൂടുതൽ രുചി തോന്നുക ആവിയിൽ വേവിച്ചെടുക്കുമ്പോഴാണെന്നാണ് ലിജോയുടെ അനുഭവവും ഉപദേശവും.  മികച്ച പാചക വിദഗ്ദ്ധർ ഒക്കെ മലയാളിയുടെ മീൻ പാചക രീതിയിൽ സ്വതസിദ്ധമായ രുചി നഷ്ടപ്പെടുന്നു എന്ന് പറയുന്നതിനോട് ലിജോയും അനുകൂലിക്കുകയാണ്. ചീനച്ചട്ടിയിലോ പാനിലോ വറുത്തെടുക്കുമ്പോഴും കറിവയ്ക്കുമ്പോഴും മീൻ കൂടുതലായി പാചകം ചെയ്യപ്പെടുന്നു എന്നതാണ് പാചക വിദഗ്ദ്ധർ പറയുക.

ഇങ്ങനെ അമിതമായി വേവുമ്പോൾ മീനിന്റെ തനതു ഗുണവും രുചിയും നഷ്ടപ്പെടുകയാണത്രെ. ഇതുകൊണ്ടു തന്നെ പാചക മത്സരത്തിനും പ്രധാന ഇനമായി തിരഞ്ഞെടുത്തപ്പോൾ സീബാസിനെ ആവിയിൽ പുഴുങ്ങുക എന്ന രീതിയാണ് ലിജോ സ്വീകരിച്ചത്. പടിഞ്ഞാറൻ പാചക രീതിക്കിണങ്ങിയ വിധത്തിൽ പുഴുങ്ങി എടുത്തതോടെ മത്സരത്തിൽ വെള്ളി മെഡൽ ലിജോയുടെ കയ്യിലെത്തുകയും ചെയ്തു.

രുചിയിൽ കൂട്ടായി കറിവേപ്പിലയും കടുകും വെളിച്ചെണ്ണയും

സീബാസിനെ മത്സര വേദിയിൽ എത്തിക്കുമ്പോൾ കിഴക്കൻ രാജ്യങ്ങളുടെ രുചിക്കൂട്ടായ കറിവേപ്പിലയും കടുക് പേസ്റ്റും വെളിച്ചെണ്ണയും ചേർന്ന മിശ്രിതത്തിൽ ആണ് ലിജോ ഒരുക്കിയെടുത്തത്, ഒരു കല്യാണ പെണ്ണിനെ ഒരുക്കുന്ന കരവിരുതോടെ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും രുചി ഭേദങ്ങൾ ഫ്യൂഷൻ രൂപത്തിൽ മുന്നിൽ എത്തിയപ്പോൾ വിധികർത്താക്കൾക്കും രണ്ടാമതൊന്നാലോചിക്കാൻ ഉണ്ടായില്ല.

കൂടെ നന്നായി ബേക് ചെയ്തെടുത്ത ഉരുളക്കിഴങ്ങും ഏഷ്യൻ രീതിയിൽ തയ്യാറാക്കിയ ബീറ്റ്റൂട്ട് അച്ചാറും തൊട്ടു നക്കാൻ പാകത്തിൽ പരുവപ്പെടുത്തിയ മോര് കറിയും ചേർന്നപ്പോൾ മത്സരത്തിൽ വെള്ളിത്തിളക്കം ലിജോയുടെ കൈകളിൽ എത്തുക ആയിരുന്നു. പുഡ്ഡിങ് കൂടി മത്സരത്തിൽ ഉൾപ്പെടുത്തിയപ്പോൾ രണ്ടാമതൊന്നു ആലോചിക്കാതെ ബട്ടർ മിൽക്ക് പന്ന കോട്ട് എന്ന ഇളം പുളിരുചിയോടെ ആസ്വദിക്കാവുന്ന വിഭവമാണ് ലിജോ തയ്യാറാക്കിയത്. ആപ്പിൾ ക്രാംബിളും റുബർബും കൂട്ടായി കൂടെ നിന്നപ്പോൾ പുഡിങ്ങും പിന്നിലായില്ല.

ഏതു പ്രായത്തിലും പഠിക്കാം, ഉയരാൻ അതേ വഴിയുള്ളൂ

ഭാര്യയെയും രണ്ടു മക്കളെയും നാട്ടിൽ തനിച്ചാക്കി ഈ പ്രായത്തിൽ ലിജോ പഠിക്കാൻ തയ്യാറായത് എന്തുകൊണ്ട്? ഈ ചോദ്യത്തിന് ലിജോയുടെ മോഹങ്ങളോളം ഉയരമുണ്ട്. ജീവിതത്തിലെ പ്രാരാബ്ധങ്ങളോട് പൊരുതുമ്പോൾ ഇക്കാലത്തും ഒന്ന് സോഷ്യൽ മീഡിയയിൽ പോലും എത്തിനോക്കാൻ നേരമില്ലാത്ത ആളാണ് ലിജോ. സാധാരണ പാചക രംഗത്തെ മിടുക്കരൊക്കെ സോഷ്യൽ മീഡിയ കൊണ്ടും ജീവിക്കാൻ തുടങ്ങിയ ഇക്കാലത്തു തനിക്ക് അങ്ങോട്ടെത്താൻ സമയം ആയിട്ടില്ലെന്ന് ലിജോ പറയുമ്പോൾ ഒരു ഫുൾ ടൈം വിദ്യാർത്ഥിയുടെ കഠിന പരിശ്രമത്തിന്റെ ആയാസം മുഴുവൻ ആ വാക്കുകളിൽ അലിഞ്ഞു ചേരുന്നുണ്ട്.

ഏറ്റുമാനൂരിലെ ഒരു സ്ഥാപനത്തിൽ നിന്നും കുക്കറിയിൽ ഡിപ്ലോമ നേടിയ ലിജോ നേരെ എത്തിയത് ദുബൈയിലെ റാഡിസൺ ഹോട്ടലിലാണ്. പിന്നീട് സൗദിയിലെ ഭാരത് ഹോട്ടലും ലിജോയുടെ തട്ടകമായി. എന്നാൽ ഇതിനിടയിൽ ഉണ്ടായ ഉൾവിളിയാണ് വിദേശ സർവകലാശാലയിൽ പോയി ഫുൾ ടൈം കോഴ്സ് പഠിക്കണം എന്നത്. എവിടെ പോയി പഠിക്കണം എന്ന കാര്യത്തിൽ ഒന്നും കാര്യമായ സംശയം ഉണ്ടായില്ല, അങ്ങനെയാണ് നേരെ യുകെ യൂണിവേഴ്‌സിറ്റിയിൽ അപേക്ഷിച്ചതും അൾസ്റ്ററിൽ അഡ്‌മിഷൻ ലഭിച്ചതും. ജീവിതത്തിൽ ഉയരങ്ങൾ താണ്ടാൻ യുകെയിലെ പഠനം വഴി ലഭിക്കുന്ന അനുഭവ സമ്പത്തും പ്രയോജനപ്പെടും എന്ന ചിന്തയിലാണ് ലിജോ ജോലി ഉപേക്ഷിച്ചു വിദ്യാർത്ഥിയുടെ വേഷമിട്ടത്.

കേക്ക് നിർമ്മാണ രംഗത്ത് സജീവമായ റാണിയാണ് ലിജോയുടെ പത്നി. വിദ്യാർത്ഥികളായ ലിയറും ലൈറയും മക്കളും. കോഴ്സ് പൂർത്തിയാക്കി യുകെയിൽ തന്നെ ജോലി കണ്ടെത്തുക എന്നതാണ് ലിജോയുടെ സ്വപ്നവും ലക്ഷ്യവും. അത് സാധിക്കാതിരിക്കില്ല എന്ന പ്രതീക്ഷയാണ് അപ്രതീക്ഷിതമായി കൈയിൽ എത്തിയ അവാർഡും ചേർത്ത് പിടിച്ചു ഈ ചെറുപ്പക്കാരൻ പറഞ്ഞ് അവസാനിപ്പിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP