Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി നഴ്‌സിന്റെ ദീർഘകാല സേവനത്തിന് ബ്രിട്ടന്റെ ആദരവ്; സീപ വിജയ് നൽകുന്നത് സ്തനാർബുദത്തെ പേടിക്കേണ്ടെന്ന തിരിച്ചറിവ്; സീനിയർ പദവിയിൽ സീപ എത്തുമ്പോൾ ആഘോഷമാക്കാൻ സഹപ്രവർത്തകരും; സ്തനം മുറിച്ചു മാറ്റാതെയുള്ള കാൻസർ ചികിത്സ സമൂഹത്തെ അറിയിക്കാനുള്ള ദൗത്യവും സീപ ഏറ്റെടുക്കുമ്പോൾ

മലയാളി നഴ്‌സിന്റെ ദീർഘകാല സേവനത്തിന് ബ്രിട്ടന്റെ ആദരവ്; സീപ വിജയ് നൽകുന്നത് സ്തനാർബുദത്തെ പേടിക്കേണ്ടെന്ന തിരിച്ചറിവ്; സീനിയർ പദവിയിൽ സീപ എത്തുമ്പോൾ ആഘോഷമാക്കാൻ സഹപ്രവർത്തകരും; സ്തനം മുറിച്ചു മാറ്റാതെയുള്ള കാൻസർ ചികിത്സ സമൂഹത്തെ അറിയിക്കാനുള്ള ദൗത്യവും സീപ ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്നും മലയാളി സമൂഹത്തിൽ സ്തനാർബുദം എന്ന് കേട്ടാൽ ഞെട്ടാത്തവരില്ല. സ്തനാർബുദത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെക്കുമ്പോൾ പൊതുവേ എല്ലാരവരിലും അ ഭയപ്പാടു കാണും. അതേസമയം ഹൃദ്രോഗമോ പക്ഷാഘാതമോ വന്നുള്ള മരണമാണെങ്കിൽ മലയാളി സമൂഹത്തിൽ അത്ര ഭയപ്പാടോ രോഗം പുറത്തറിയുന്നതിൽ ഉള്ള പങ്കപ്പാടോ ഇല്ലെന്നു വ്യക്തം.

പക്ഷെ സ്തനാർബുദം വന്നാൽ ഉടനെ മുറിച്ചു കളയണം എന്ന ചിന്തയെ വേണ്ടെന്ന തിരിച്ചറിവ് പങ്കുവയ്ക്കുകയാണ് ബ്രിട്ടനിലെ കെന്റ് മെഡ്വേ എൻഎച്ച്എസ് ഹോസ്പിറ്റലിലെ കാൻസർ സ്പെഷ്യലിസ്റ്റ് നഴ്സായ സീപ വിജയമോഹൻ. നേരത്തെയുള്ള രോഗ നിർണയം വഴി സാധാരണ ചികിത്സയിലൂടെ സ്തനാർബുദത്തെ കൈപ്പിടിയിൽ പിടിച്ചു നിർത്താം എന്നാണ് ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ 21 വർഷം പൂർത്തിയാക്കിയതിന് എൻഎച്ച്എസ് ട്രസ്റ്റ് കഴിഞ്ഞ ദിവസം പുരസ്‌കാരം നൽകി ആദരിച്ച എറണാകുളം സ്വദേശിയായ സീപയ്ക്ക് പറയാനുള്ളത്.

ട്രസ്റ്റിലെ ആദ്യ മലയാളി നഴ്സ്, അപൂർവ നേട്ടം

കെന്റ് മെഡ്വേ ട്രസ്റ്റിലെ ആദ്യ മലയാളി നഴ്സെന്ന അപൂർവ ബഹുമതിയോടെയാണ് സീപയെ 21 വർഷത്തെ സേവനം പൂർത്തിയാക്കിയപ്പോൾ എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് ജെയ്ൻ ബ്ലാക് ആദരിച്ചത്. എന്നാൽ തനിക്കു പിന്നാലെ എത്തിയ ട്രസ്റ്റിലെ നൂറു കണക്കിന് മലയാളി നഴ്‌സുമാർക്ക് തലയുയർത്തി നിൽക്കാനാകും വിധം അഭിമാന നേട്ടമാണ് സിപ രണ്ടു പതിറ്റാണ്ട് കൊണ്ട് കയ്യെത്തിപ്പിടിച്ചിരിക്കുന്നത്. നഴ്‌സെന്നാൽ രോഗീ പരിചരണത്തിൽ ഡോക്ടറെ സഹായിക്കുന്ന ഒരു വ്യക്തിയെന്ന സാമാന്യ മലയാളി ബോധത്തെ പൊളിച്ചടുക്കുന്നതാണ് സീപയുടെ നേട്ടങ്ങൾ.

നഴ്‌സിംഗിൽ നിന്നും ഗവേഷണ മേഖലയിലേക്ക് കൂടു മാറിയെത്തി ഒരു സമൂഹത്തെ ക്യാൻസറിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാനുള്ള ടീമിലെ നിർണായക അംഗം എന്നതും ഇപ്പോൾ സീപയെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്. ഒരു നഴ്സെന്ന നിലയിൽ സമൂഹത്തിൽ ഏറ്റവും സാധ്യമായ വിധത്തിൽ തന്നെ മാറ്റത്തിനു കാരണമാകും വിധത്തിൽ ജോലിയിൽ ഉയരാൻ കാരണമായതിൽ കൈപിടിച്ചുയർത്തിയ ട്രസ്റ്റ് അധികൃതരോട് നന്ദി പറയാൻ വാക്കുകൾ ഇല്ലെന്നതാണ് 20 വർഷങ്ങൾക്കു പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സീപയ്ക്ക് ഒപ്പമുള്ള ചിന്തയും.

കാൻസർ രംഗത്തെ മാറ്റങ്ങളോട് തോന്നിയ താൽപര്യം വഴിത്തിരിവായി

ഇരുപതു വർഷം മുൻപ് ഇന്ത്യയിൽ നിന്നും ഏതാനും വർഷത്തെ നഴ്‌സിങ് അദ്ധ്യാപന പരിചയവും കയ്യിൽ പിടിച്ചാണ് സീപ ഇംഗ്ലണ്ടിൽ എത്തുന്നത്. തീയേറ്റർ വാർഡ് നഴ്‌സായി സേവനം തുടങ്ങിയ സീപ സ്വന്തം താൽപര്യത്തിൽ കാൻസർ വിഷയത്തിൽ ഉപരിപഠനത്തിനു യോഗ്യത നേടി. എൻഎച്ച്എസ് ട്രസ്റ്റ് തന്നെ പണം മുടക്കിയാണ് സീപയെ കിങ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് എടുക്കാൻ സഹായിച്ചത്. ആറു വർഷത്തോളം ബാൻഡ് അഞ്ചിൽ ജോലി ചെയ്ത സീപ പിന്നീട് നാലു വർഷത്തോളം ബാൻഡ് ആറിൽ ജോലി ചെയ്തപ്പോഴും ബാൻഡ് സെവൻ പോസ്റ്റ് തേടിയെത്തി.

ഇപ്പോൾ ലീഡ് റോൾ നഴ്സ് എന്ന കൂടുതൽ ഉത്തരവാദിത്തം നിറഞ്ഞ ജോലിയിലാണ് സീപ കാൻസർ രോഗികളുടെ മാലാഖ ആയി മാറിയിരിക്കുന്നത്. മെഡ്വേ മാരിടൈം ഹോസ്പിറ്റലിൽ ജോലി ആരംഭിച്ച സീപ ഇന്നും അതെ ഹോസ്പിറ്റലിൽ തുടരുന്നു എന്നതും മറ്റു പല നഴ്സുമാരെയും അപേക്ഷിച്ചു പ്രത്യേകതയാണ്. അവസരങ്ങൾ തേടി കൂടു മാറുന്ന ഇക്കാലത്ത് ഒരേ ട്രസ്റ്റിൽ തന്നെ സേവനം ചെയ്തു ദീർഘകാല സേവനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതോടെ താൻ ട്രസ്റ്റിലെ പ്രധാന ജീവനക്കാരിൽ ഒരാളെന്ന വിലാസം സൃഷ്ടിക്കാനും സീപയ്ക്കായി.

തുടക്കത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ അത്ര അനായാസം ആയിരുന്നില്ല ഇംഗ്ലണ്ടിലേക്കുള്ള കൂടുമാറ്റാമെന്നു സീപയും ഇപ്പോൾ ഓർത്തെടുക്കുന്നു. തന്നെപോലെ അക്കാലത്ത് എത്തിയ അനേകം നഴ്‌സുമാരെ പോലെ തന്നെ നീണ്ട പകലുകളും രാത്രികളും മാറി മാറി ജോലി ചെയ്തു പലപ്പോഴും കുടുംബത്തിനായി പോലും മാറ്റിവയ്‌ക്കേണ്ട സമയം തൊഴിലിടത്തേക്കു സമർപ്പിച്ച നാളുകൾ തികച്ചും കഠിനത നിറഞ്ഞതു തന്നെ ആയിരുന്നു. തുടർന്ന് കാൻസർ സ്പെഷ്യലൈസേഷൻ ഇഷ്ട മേഖലയായി തിരഞ്ഞെടുത്തപ്പോഴാണ് ഒന്ന് ശ്വാസം വിടാൻ സമയം കിട്ടിയതെന്ന് സീപ പറയുമ്പോൾ യുകെയിലെ നഴ്‌സിങ് രംഗത്തുള്ള സമ്മർദ്ദം ഊഹിച്ചെടുക്കാം ആ വാക്കുകളിൽ.

ജോലിയിൽ അത്ഭുതം കാട്ടാൻ ഏതു മലയാളി നഴ്‌സിനുമാകും, പക്ഷെ മനസ് വയ്ക്കണം

20 വർഷത്തെ നേട്ടങ്ങൾ ചുരുക്കി വിവരിക്കുമ്പോൾ തന്നെ സീപയ്ക്കു പുതുതായി എത്തുന്നവരോടും ഒരു വാക്ക് പറയാനുണ്ട്. ബ്രിട്ടനിൽ തൊഴിൽ സംബന്ധമായ എന്ത് സംശയത്തിനും നിവാരണത്തിനായി ഭയപ്പാട് കൂടാതെ സംസാരിക്കാൻ പഠിക്കണം എന്നതാണത്. സഹായം ആവശ്യമായി വരുമ്പോൾ അത് ചോദിക്കാനും മടിക്കരുത്. എല്ലാം ഒറ്റയ്ക്കാകാം എന്ന ഭാവത്തിൽ ചെയ്യാൻ ശ്രമിച്ചാൽ പരാജയവും കൂടെയെത്താൻ സാധ്യത ഏറെയാണ്.

ടീം സ്പിരിറ്റിന്റെ മുന്നിൽ നിന്നും മാത്രമേ ബ്രിട്ടനിൽ ഒരു നഴ്‌സിന് നേട്ടത്തിന്റെ കോവണിപ്പടികൾ കയറാനാകൂ. ഇരുപതു വർഷത്തെ സേവനത്തിനൊപ്പവും ഇന്നും കൂടെയുള്ളവരുടെ സഹായം മടിയില്ലാതെ ചോദിക്കുന്നു എന്നതും സീപയെ ടീമിൽ തന്നെ ഏറ്റവും അപ്രോച്ചാബിൾ പേഴ്‌സണാലിറ്റി എന്ന പദവിയിലേക്ക് കൂടിയാണ് എടുത്തുയർത്തുന്നത്. നഴ്‌സിങ് രംഗത്ത് ബ്രിട്ടനിലേതു പോലെ അവസരങ്ങൾ നൽകുന്ന സ്ഥലവും അധികം ഇല്ലെന്നത് ഓർത്താൽ യുകെയിലെ ഏതു മലയാളി നഴ്‌സിനും അത്ഭുതങ്ങൾ കാട്ടാനാകും എന്നും സീപ വിശ്വസിക്കുന്നു.

കാൻസർ രോഗികളെ കണ്ടെത്താൻ ബ്രിട്ടനിൽ പ്രത്യേക സംവിധാനം

ലോകത്തെ ഏറ്റവും മികച്ച വേഗതയുള്ള സംവിധാനമാണ് കാൻസർ രോഗികളുടെ കാര്യത്തിൽ ബ്രിട്ടനുള്ളതെന്ന് അഭിമാനത്തോടെയാണ് സീപ എടുത്തു പറയുന്നത്. ഇന്ത്യയിലോ കേരളത്തിലോ ഇരുന്നു സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമാണിത്. കഴിഞ്ഞ ഇരുപതു വർഷമായി ബ്രിട്ടൻ നടത്തിയ ഗവേഷണ ഫലം കൂടിയാണ് ഈ നേട്ടം. സ്തനാർബുദ കാൻസർ വന്ന രോഗികളുടെ പരിശോധനയിൽ മ്യുട്ടേഷൻ സംഭവിച്ച ജീനുകൾ കണ്ടെത്തിയാൽ സ്വാഭാവികമായും അത് മൂന്നു തലമുറയിലേക്കു പകരാൻ ഉള്ള സാധ്യതയാണ് സ്തനാർബുദ രോഗികളെ കണ്ടെത്താൻ അതിവേഗ നടപടികൾ സ്വീകരിക്കുന്നതിന് ബ്രിട്ടനെ പ്രേരിപ്പിച്ച ഘടകം.

ഓരോ കാൻസർ രോഗിയുടെയും വിശദാംശങ്ങൾ ലണ്ടൻ പ്രദേശത്തുള്ളവരെ പ്രത്യേക പോപ്പുലേഷൻ മേഖലയായി തിരിച്ചു ലണ്ടനിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് രോഗികളുടെ ബന്ധുക്കളെ ട്രേസ് ചെയ്യുന്നത്. ഇതിൽ 23 വയസു മുതൽ 98 വയസുകാരിൽ വരെ രോഗ സാധ്യത ഉണ്ടാകാം എന്ന കണ്ടെത്തലിൽ ഓരോ പ്രദേശത്തെയും ജിപി സേവനത്തോടെയാണ് ട്രാക്കിങ് പൂർത്തിയാക്കുന്നത്. ഇത്തരം ട്രക്കിങ്ങിൽ പരിശോധനയ്ക്ക് എത്തുന്നവരിൽ കാൻസർ സാധ്യത കണ്ടെത്തിയാൽ 21 ദിവസത്തിനകം ചികിത്സ ആരംഭിക്കും. ഇത്തരം ചികിത്സയിൽ ഇപ്പോൾ നൊടിയിടയിൽ കാൻസറിനെ വരുതിയിലാക്കാം എന്നത് ഇന്നും മലയാളികൾ ഉൾപ്പടെ അധികമാർക്കും അറിയാത്ത കാര്യമാണ്.

മലയാളി സ്ത്രീകൾ സ്തനാർബുദ ബോധവത്കരണ പങ്കാളികളാകണം

ഇന്ത്യയിൽ ഉൾപ്പടെ സ്തനാർബുദം അവസാന ഘട്ടത്തിൽ കണ്ടെത്തുമ്പോൾ ഏറ്റവും ചെറുപ്രായത്തിൽ ഏറ്റവും വേഗത്തിൽ രോഗ നിർണയം നടത്തുന്ന ബ്രിട്ടനിൽ ഏറ്റവും വേഗത്തിൽ രോഗ വിമുക്തിയും സാധ്യമാണ് എന്ന് സീപ ഉറപ്പിച്ചു പറയുന്നു. രോഗം വേഗത്തിൽ കണ്ടെത്താനായാൽ രോഗ വിമുക്തിയും നൂറു ശതമാനം ഉറപ്പിക്കാം. എന്നാൽ പലപ്പോഴും ജിപിയിൽ നിന്നും ലഭിക്കുന്ന അറിയിപ്പുകളിൽ മലയാളികൾ ഉൾപ്പെടെ ഏഷ്യൻ വിഭാഗക്കാർ പരിശോധനയ്ക്ക് എത്താൻ വിമുഖത കാണിക്കുന്നുണ്ട്.

മൊത്തത്തിൽ ഉള്ള കണക്കെടുപ്പിൽ 70 ശതമാനം പേരാണ് പരിശോധനക്ക് എത്തുന്നത്. ഈ മാസം 21 സ്തനാർബുദ കാൻസർ ഡേ ആയി ആചരിക്കുന്നതിൽ ഓരോ മലയാളി സ്ത്രീയും ഇതിന്റെ പ്രചാരണത്തിൽ പങ്കാളികൾ ആകണം എന്നാണ് സീപയ്ക്ക് അഭ്യർത്ഥിക്കാനുള്ളത്. സമൂഹത്തിൽ ഏറെ വേരുകൾ ഉള്ള മലയാളി സംഘടനകളും മറ്റും ഇക്കാര്യത്തിൽ കുറച്ചു കൂടി ഗൗരവ സമീപനം സ്വീകരിക്കേണ്ടതാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും വർഷത്തിൽ സ്തനാർബുദം മൂലം മരിച്ച മലയാളി നഴ്‌സുമാരുടെ കണക്കുകൾ ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലും സീപ പറയുന്നതിൽ കാര്യമുണ്ടെന്നു വ്യക്തം.

ഹോം ഓഫിസിൽ സീനിയർ എക്സിക്യുട്ടീവായി ജോലി ചെയ്യുന്ന വിജയ മോഹനാണ് സീപയുടെ ഭർത്താവ്. ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥി വിനയ് കൃഷ്ണ മകനും പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീയ മകളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP