Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളുടെ സ്വപ്നത്തിനായി വീട് പണയപ്പെടുത്തി മലയാളി മാതാപിതാക്കൾ; പൈലറ്റാകാൻ സ്വപ്നം കാണുന്ന ഐശ്വര്യയ്ക്ക് വേണ്ടി 82 ലക്ഷം രൂപ വായ്പ എടുത്തു ധീരത കാട്ടിയതു തിരുവനന്തപുരം സ്വദേശികൾ; പണം ഉണ്ടെങ്കിൽ മാത്രം പഠിക്കാൻ പറ്റുന്ന ബ്രിട്ടനിലെ പൈലറ്റ് കോഴ്സിൽ ചേരാൻ ധൈര്യ സമേത മുന്നോട്ടു വന്ന് നിരവധി മലയാളികൾ; ബ്രിട്ടനിൽ മലയാളി പൈലറ്റുമാർ ലോകം കീഴടക്കുമ്പോൾ

മകളുടെ സ്വപ്നത്തിനായി വീട് പണയപ്പെടുത്തി മലയാളി മാതാപിതാക്കൾ; പൈലറ്റാകാൻ സ്വപ്നം കാണുന്ന ഐശ്വര്യയ്ക്ക് വേണ്ടി 82 ലക്ഷം രൂപ വായ്പ എടുത്തു ധീരത കാട്ടിയതു തിരുവനന്തപുരം സ്വദേശികൾ; പണം ഉണ്ടെങ്കിൽ മാത്രം പഠിക്കാൻ പറ്റുന്ന ബ്രിട്ടനിലെ പൈലറ്റ് കോഴ്സിൽ ചേരാൻ ധൈര്യ സമേത മുന്നോട്ടു വന്ന് നിരവധി മലയാളികൾ; ബ്രിട്ടനിൽ മലയാളി പൈലറ്റുമാർ ലോകം കീഴടക്കുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മക്കളെ നല്ല നിലയിൽ പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ശരാശരി മലയാളി മാതാപിതാക്കൾ. ലോകത്ത് ഏതു കോണിൽ ആയാലും മലയാളികൾ ഇക്കാര്യത്തിൽ മുന്നിലാണ്. ബ്രിട്ടനിലെ ധീരരായ മലയാളി മാതാപിതാക്കളുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലണ്ടനിലെ ന്യൂഹാമിൽ നിന്നും. സാധാരണ വരുമാനക്കാരായ അച്ഛനും അമ്മയും മകളുടെ ആഗ്രഹത്തിന് വേണ്ടി സ്വന്തം വീട് പണയപ്പെടുത്തിയിരിക്കുന്നു. 82 ലക്ഷം രൂപയ്ക്കാണ് ഈ മാതാപിതാക്കൾ വീട് പണം വെച്ചത്. കോട്ടയം കുട്ടിക്കാനം ചെമ്പൻകുളം തറവാട്ടിലെ ബിജു ബാലചന്ദ്രനും പത്‌നി രജിതമാണ് മകൾക്ക് വേണ്ടി ഈ ധീരത കാണിച്ചത്. മക്കൾ നല്ല നിലയിൽ എത്തണം എന്ന ചിന്തയുള്ള വെറും സാധാരണക്കാരായ ദമ്പതികളാണ്. അതിനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ജീവിതം ഇവർ മാറ്റിവച്ചതും.

രണ്ടു പേരും ആഴ്ചയിൽ അമ്പതു മണിക്കൂർ വീതമാണ് ജോലി ചെയ്തതും. എന്നാൽ ആ കഷ്ടപ്പാടുകൾ വെറുതെ ആയില്ല എന്നതാണ് ഇപ്പോൾ യുകെ മലയാളി സമൂഹത്തിനു മാതൃക ആയി മാറുന്നത്. ഇപ്പോൾ ഇളയമകൾ ഐശ്വര്യയ്ക്ക് പൈലറ്റ് ആകണം എന്ന ആഗ്രഹം സാധ്യമാക്കാനാണ് പഠനചെലവിന് ആവശ്യമായ പണം കണ്ടെത്താൻ ഇവർ വീട് പണയപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകാത്ത അപൂർവം കോഴ്സുകളിൽ ഒന്നാണ് പൈലറ്റ് പഠനം. ആവശ്യമായ മുഴുവൻ പണവും സ്വന്തമായി കണ്ടെത്തണം. മൂന്നു വർഷത്തെ ഡിഗ്രി കോഴ്‌സ് പഠിച്ചിറങ്ങുമ്പോഴേക്ക് ശരാശരി 1.30 ലക്ഷം പൗണ്ട് എങ്കിലും ചെലവാകുമെന്നു യുകെ മലയാളികൾക്കിടയിലെ ആദ്യ പൈലറ്റ് ആകാൻ തയ്യാറെടുക്കുന്ന കാർഡിഫിലെ അലൻ റെജി പറയുന്നു. പരിശീലനം പൂർത്തിയാക്കി ഒറ്റയ്ക്കുള്ള പറക്കൽ തുടങ്ങിയിരിക്കുന്ന അലൻ ഇപ്പോൾ ന്യൂസിലാന്റിൽ തന്റെ അവസാനവട്ട പരിശീലനങ്ങൾ പൂർത്തിയാക്കുകയാണ്.

തന്റെ പഠന ചെലവിനു വേണ്ടി ഒഴിവു സമയങ്ങളിൽ പലവിധ ജോലികൾ വരെ ചെയ്തു പണമുണ്ടാക്കിയ കാര്യം അലൻ മുൻപ് ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കിട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഏതാനും മാസം ടാക്‌സി ഡ്രൈവർ ആയും വേഷം ഇടേണ്ടി വന്ന കാര്യം അലൻ പറയുമ്പോൾ അത്ഭുതത്തോടെയേ കേട്ടിരിക്കാൻ ആകൂ. ഇപ്പോൾ പൈലറ്റ് പഠനത്തിന് തയ്യാറെടുപ്പ് നടത്തിയതിന്റെ മറ്റൊരു വിസ്മയ കഥകളാണ് ന്യൂഹാമിലെ ഐശ്വര്യയ്ക്ക് പറയാനുള്ളത്.

ദിവസേനെ 14 ലക്ഷം ആളുകൾ വായിക്കുന്ന മെട്രോ പത്രത്തിൽ ഇവരെക്കുറിച്ചുള്ള വാർത്ത ഇന്നലെ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വിവരം മലയാളി സമൂഹത്തിൽ എത്തുന്നത്. ഐശ്വര്യ പഠിക്കുന്ന ന്യൂഹാം കോളീജിയറ്റ് സിക്‌സ്ത് ഫോം സെന്ററിലെ ഹെഡ് ടീച്ചർ മുഹ്‌സിൻ ഇസ്മായിൽ മുൻകൈ എടുത്താണ് ദേശീയ മാധ്യമങ്ങളെ ബന്ധപ്പെട്ടത്. ഇതോടെ മാതാപിതാക്കളുടെ പ്രയ്തനം സമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കാൻ ദേശീയ മാധ്യമങ്ങൾ തയ്യാറാവുക ആയിരുന്നു. വരും ദിവസങ്ങളിൽ മറ്റു പ്രധാന മാധ്യമങ്ങളിലും ഐശ്വര്യയുടെ സ്വപ്നം പൂവണിയാൻ തയാറാകുന്ന വാർത്ത പ്രത്യക്ഷപ്പെടും. മാധ്യമ പ്രതിനിധികൾ ഇതിനകം കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഐശ്വര്യ പൈലറ്റായി കുപ്പായമിടുമ്പോൾ യുകെ മലയാളി സമൂഹത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന കിരീടവും ഈ പെൺകുട്ടിക്കൊപ്പം ചേർന്നു നിൽക്കും.

കഴിഞ്ഞ വർഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ യുവ പ്രതിഭകളിൽ അലൻ പിടിച്ചതും കവൻട്രി കേരള സ്‌കൂളിൽ എത്തി മലയാളികുട്ടികളുമായി നടത്തിയ സംവാദത്തിൽ പറഞ്ഞ കാര്യങ്ങളും ഒക്കെ പൈലറ്റ് കോഴ്സിനെക്കുറിച്ചു കൂടുതൽ അറിയാൻ സഹായകമായി. ഇതോടെ തീരുമാനവും വേഗത്തിലായി. മകൾക്ക് പൈലറ്റാകാൻ ഉള്ള ആഗ്രഹം ചെറുപ്പത്തിലേ പറഞ്ഞിട്ടുണ്ടെങ്കിലും എ ലെവൽ പഠനത്തിന് ബുദ്ധിമുട്ടുള്ള കണക്കും ഫിസിക്സും ഒന്നിച്ചെടുത്തതോടെ പൈലറ്റാകാൻ ഉള്ള തീരുമാനം തന്നെയാണെന്ന് മാതാപിതാക്കൾ ഉറപ്പിച്ചു.

പഠിക്കാൻ മിടുക്കിയായ ഐശ്വര്യ മുഴുവൻ വിഷയങ്ങളിലും മികച്ച മാർക്കിലാണ് ജിസിഎസ്ഇ പാസായത്. അതിനാൽ ബുദ്ധിമുട്ടുള്ള രണ്ടു വിഷയവും ഒന്നിച്ചെടുക്കണ്ട എന്ന് ഉപദേശിച്ചിട്ടും മകൾ ആ വഴി തിരഞ്ഞെടുക്കുക ആയിരുന്നു എന്ന് ബിജു പറയുന്നു. ആറു വർഷം മുൻപ് മൂത്തമകൾ അശ്വതി മുഴുവൻ വിഷയത്തിലും എ ഗ്രേഡ് നേടി മെഡിസിൻ പഠനം തിരഞ്ഞെടുത്തിരുന്നു. അന്ന് മുതൽ മികവ് കാട്ടുന്ന കുട്ടികളെ കുറിച്ച് പ്രത്യക്ഷപ്പെടുന്ന ഫീച്ചറുകൾ ഇദ്ദേഹം മുടങ്ങാതെ വായിക്കുന്നുണ്ട്. അതിനാൽ മക്കളെ പഠിപ്പിക്കാൻ പണം മുടക്കുന്നതിൽ ഒരിക്കലും രണ്ടാമതൊരു ചിന്ത ഉണ്ടായിട്ടില്ല. തനിക്കു 18 വയസുള്ളപ്പോൾ പിതാവിന്റെ മരണം മൂലം പഠനം നിർത്തേണ്ടി വന്ന ബിജു ആ സങ്കടം തീർക്കുന്നത് മക്കളിലൂടെയാണ്. പതിനേഴു വയസായപ്പോൾ തന്നെ പൈലറ്റ് പരിശീലന യോഗ്യത നേടിയ ഐശ്വര്യ 18 തികയാൻ കാത്തിരിക്കുകയാണ് കോഴ്സിൽ പ്രവേശനം നേടാൻ.

അതിനിടയിൽ എ ലെവൽ പഠനം പൂർത്തിയാക്കാൻ കഴിയും എന്നതും ഈ മിടുക്കിക്ക് ഒട്ടും സമയം കളയാതെ പൈലറ്റ് പഠനത്തിലേക്ക് പ്രവേശിക്കാൻ അവസരം നൽകും. കോഴ്‌സ് പാസായാൽ ഐശ്വര്യയുടെ കയ്യിൽ എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് എ ടി പി എൽ - എത്തും. ഇതോടെ വിമാനം പറത്താനും യോഗ്യതയാകും. മക്കളുടെ ആഗ്രഹം സാധിക്കാൻ കൂടെ നിൽക്കുന്നതിലും വലിയ സന്തോഷം വേറെ എന്തുണ്ട് എന്ന് ബിജു ചോദിക്കുമ്പോൾ ഇത്രയും സ്‌നേഹമുള്ള പിതാവിന്റെ മക്കളായി ജനിക്കാൻ സാധിച്ചതല്ലേ ഏറ്റവും വലിയ പുണ്യമെന്നു ഐശ്വര്യയും അശ്വതിയും ഒരേപോലെ ചോദിക്കും.

ആദ്യമായി അഞ്ചു വയസുള്ളപ്പോൾ കേരളത്തിൽ വർക്കലയിലും കൂട്ടിക്കലിലും ഉള്ള തറവാട്ടു വീടുകളിലേക്കുള്ള യാത്രയിൽ പ്ലെയിനിൽ കാലെടുത്തു വച്ചപ്പോൾ മുതൽ തന്നെ ഒരു വികാരമായി അത് പിന്തുടരുക ആയിരുന്നെന്നു ഐശ്വര്യ പറയുന്നു. ഒരിക്കലും ആ ആഗ്രഹത്തിൽ നിന്നും മോചനം നേടാൻ സാധിച്ചിട്ടില്ല. വിമാനം ഒരു വലിയ പക്ഷിയെ പോലെ പറക്കുന്നതായാണ് തനിക്കു തോന്നുന്നത്. തന്റെ ആഗ്രഹത്തിന് ഒപ്പം നിൽക്കുന്ന മാതാപിതാക്കളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനവും ആദരവും കടപ്പാടും എല്ലാം ചേർന്ന വികാരങ്ങളാണ് മനസ്സിൽ നിറയുന്നത്, കൂടെ ഒരിക്കലും തീർക്കാൻ പറ്റാത്ത സ്നേഹക്കടവും.

അതിനായി ആഴ്ചയിൽ ശരാശരി 50 മണിക്കൂർ വരെയാണ് ഇദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നത്. ഭാര്യ രാജിതയും മക്കളുടെ പഠനത്തിന് വേണ്ടി ടെസ്‌കോയിൽ ഡ്യൂട്ടി മാനേജരായി ജോലി ചെയ്യുകയാണ്. ബൾഗേറിയയിൽ പഠിക്കുന്ന മൂത്ത മകൾക്കു വേണ്ടിയും നല്ലൊരു സമ്പാദ്യം ചെലവിട്ടു കഴിഞ്ഞു. മറ്റൊരു വീട് കൂടിയുള്ള ബിജു ഇളയമകൾക്കു പൈലറ്റ് പ്രവേശനം ഉറപ്പാണെന്നു വ്യക്തമായപ്പോഴാണ് വീട് വീണ്ടും പണയപ്പെടുത്താൻ നിശ്ചയിച്ചത്. പൈലറ്റാകാൻ വേണ്ട അടിസ്ഥാന യോഗ്യതകൾക്കുള്ള 13 പ്രിലിമിനറി ടെസ്റ്റുകളും പാസായാണ് ഐശ്വര്യ വെസ്റ്റ് സസക്‌സിലെ ക്രൗളി എൽ ത്രീ ഹാരിസ് എയർലൈൻ അക്കാഡമിയിൽ പഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഈ അക്കാദമിക്ക് ലോകമൊട്ടാകെ ആയി 31 എയർലൈനുകളുമായി ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കരാർ ഉള്ളതിനാൽ പഠന ശേഷം ജോലിയും പ്രയാസമായി മാറിയേക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP