Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ബിബിസി റേഡിയോ ഓൺ ചെയ്ത യുകെ മലയാളികൾ മലയാളം പാട്ടുകളും വള്ളംകളിയെ കുറിച്ചുള്ള വിശേഷങ്ങളും കേട്ട് കോരിത്തരിച്ചു; റഗ്‌ബിയിലെ വള്ളം കളിയും ബിബിസിയിൽ ചർച്ചയായി; മലയാളം അറിയാത്ത രണ്ട് അവതാരകർ മലയാളം നെഞ്ചേറ്റിയപ്പോൾ അഭിമാനത്തോടെ മലയാളികൾ

ബിബിസി റേഡിയോ ഓൺ ചെയ്ത യുകെ മലയാളികൾ മലയാളം പാട്ടുകളും വള്ളംകളിയെ കുറിച്ചുള്ള വിശേഷങ്ങളും കേട്ട് കോരിത്തരിച്ചു; റഗ്‌ബിയിലെ വള്ളം കളിയും ബിബിസിയിൽ ചർച്ചയായി; മലയാളം അറിയാത്ത രണ്ട് അവതാരകർ മലയാളം നെഞ്ചേറ്റിയപ്പോൾ അഭിമാനത്തോടെ മലയാളികൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ബിബിസി റേഡിയോയിൽ മലയാളം മുഴങ്ങിയതിന്റെ ആവേശത്തിലാണ് യുകെയിലെ മലയാളി സമൂഹം. രണ്ട് ദിവസം മുമ്പാണ് ബിബിസി റേഡിയായിൽ മലയാളം മുഴങ്ങിയത്. ബിബിസിയുടെ ഏഷ്യൻ നെറ്റ്‌വർക്ക് ഓൺ ചെയ്തവരെ തേടിയാണ് മലയാളം ഏത്തിയത്. അപ്രതീക്ഷിതമായി മലയാളം കേട്ടപ്പോൾ എല്ലാവർക്കും ഞെട്ടലാണ് രേഖപ്പെടുത്തിയത്. ഒരുവേള നാട്ടിൽ അവധിക്കാലത്തു കാർ ഓടിക്കുകയാണോ എന്ന് പോലും പലരും ചിന്തിച്ചു പോയി. ഉച്ചയ്ക്ക് രണ്ടു മണി മുതൽ നാല് മണിവരെയുള്ള സ്‌പെഷ്യൽ ഷോയിൽ ഇടവിട്ട് മലയാള റൊമാന്റിക് ഗാനങ്ങൾ എത്തുക കൂടിയായപ്പോൾ അത്ഭുതം ആവേശത്തിന് വഴിമാറി.

എന്നാൽ കർണാടിക് രാഗങ്ങളെ പരിചയപ്പെടുത്താനായി സിനിമ ഗാനരംഗത്തെ പുതിയ സെൻസേഷനായി എത്തിയിരിക്കുന്ന കനേഡിയൻ ഗായിക ലക്ഷ്മി ശിവനേശ്വരലിംഗം സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് ബിബിസി വഴി നിറയെ മലയാള ഗാനങ്ങളും തമിഴ് ഗാനങ്ങളും നിറഞ്ഞൊഴുകിയത്. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഭോഗനിലെ സെന്തൂര എന്ന പാട്ടുപാടി ശ്രദ്ധ നേടിയ ശ്രീലങ്കൻ വംശജയായ കനേഡിയൻ പാട്ടുകാരി അവതാരിക അശാന്തി ഓംകാറിനൊപ്പം ചേർന്നപ്പോൾ മലയാളം പാട്ടുകൾ മാത്രമായിരുന്നില്ല യുകെയിലെ മലയാളികളുടെ ജീവിതവും ഷോയിൽ ചർച്ചയായി.

Stories you may Like

തമിഴ് ഗാനങ്ങൾ ശ്രോതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കവേ കർണാടിക് രാഗങ്ങളുടെ പ്രത്യേകതയും അവ പാട്ടിൽ എങ്ങനെ ആസ്വാദ്യമാകുന്നു എന്നും ഒക്കെ ചർച്ച ചെയ്താണ് പുത്തൻ സുന്ദര മലയാള ഗാനങ്ങളിലും ഇരുവരും എത്തിയത്. കൂട്ടത്തിൽ കേരളം സന്ദർശിച്ച ഓർമ്മകളും അശാന്തി പങ്കു വച്ചു. തേടിയേ വന്നുവിട്ടാൽ... എന്ന ഗാനത്തിലൂടെ തിത്തിത്താരാ തിത്തിത്തൈയുടെ സുഖം ആസ്വദിച്ചാണ് ശ്രോതാക്കൾ പ്രോഗ്രാമിലൂടെ തുടക്കം മുതൽ സഞ്ചരിച്ചത്.

അശാന്തിയുടെയും ലക്ഷ്മിയുടെയും പ്രസരിപ്പ് നിറഞ്ഞ അവതരണം കൂടിയായപ്പോൾ റേഡിയോയുടെ ശബ്ദം അറിയാതെ കൂട്ടിയായിരിക്കും ഏവരും ഷോ ആസ്വദിച്ചിരിക്കുക എന്നുറപ്പ്. തിത്തിത്താരാ വരുന്നത് വള്ളംകളി മത്സരത്തിൽ നിന്ന് ആണെന്നും അടുത്തിടെ യുകെയിൽ വള്ളംകളി മത്സരം നടന്നപ്പോൾ താൻ നേരിട്ട് കണ്ടിരുന്നെന്നും അവിടെ തുഴച്ചിൽക്കാർ കാഴ്ചവച്ച ആവേശം ഇപ്പോഴും മനസ്സിൽ ഉണ്ടെന്നു പറഞ്ഞതും സംഘാടകർക്കും യുകെ മലയാളികൾക്കും ഒരുപോലെ അഭിമാന നിമിഷമായി.

ഇതിനിടയിൽ പലവട്ടം മലയാളം, തമിഴ് ഹിറ്റ് പാട്ടുകൾ ഷോയിലൂടെ കയറിയിറങ്ങി. എ ആർ റഹ്മാൻ ഉൾപ്പെടയുള്ള പ്രതിഭകളിലൂടെ ബിബിസി റേഡിയോ വഴി ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള അശാന്തിയുടെ പ്രോഗ്രാമിന് ആയിരക്കണക്കിന് ശ്രോതാക്കളുടെ ഹിറ്റ് ഉള്ളതിനാൽ ഞായറാഴ്ചത്തെ സോളോയിൽ ശിവരാമകൃഷ്ണൻ ചെയ്ത തിത്തിത്താരാ റീമിക്‌സും മലയാളം പാട്ടുകളും മലയാളികൾ അല്ലാത്ത അനേകരിൽ അനുഭൂതിയായി മാറിയിരിക്കും എന്നുറപ്പ്.

ഈ പാട്ടിനെ കുറിച്ച് പരാമർശിക്കവെയാണ് അശാന്തി കേരളത്തെയും വള്ളംകളിയെയും ഇറുകെ പുണർന്നത്. തുടക്കത്തിൽ തന്നെ ജാസി ഗിഫ്റ്റിനെ പരാമർശിക്കാനും അശാന്തി മറന്നില്ല. ജാസിയുടെ ഉയിരേ ഉയിരേ എന്ന പാട്ടു കേൾപ്പിച്ചാണ് അവതാരിക മലയാളിയുടെ പ്രിയ ഗായകനെ തമിഴ ശ്രോതാക്കൾക്കും വേണ്ടി ബിബിസിയുടെ ഇടം നൽകിയത്. അശാന്തിക്കു ഇടവേള നൽകി മാധവൻ സ്റ്റുഡിയോ നിയന്ത്രണം ഏറ്റെടുത്തപ്പോഴാണ് അതിമനോഹരമായ മറ്റൊരു മലയാള ഗാനം ശ്രോതാക്കളിലേക്കു ഒഴുകി എത്തിയത്.

മൂന്നാം നിയമം എന്ന ചിത്രത്തിന് വേണ്ടി ജ്യോത്സ്‌ന പാടിയ ചെല്ല ചെറു കുരുവി, മഞ്ഞുമാസ കുളിരിൽ എന്ന പ്രണയ സുന്ദര ഗാനം ഒരു സുഖാനുഭൂതിയായി ഒഴുകി എത്തുകയായിരുന്നു എന്നതാണ് സത്യം. ഷോയുടെ മൂഡ് തന്നെ കവർന്നാണ് പാട്ടു അവസാനിച്ചത്. തൊട്ടു പിന്നാലെ അശാന്തി തരംഗം എന്ന പുതിയ മലയാള സിനിമയിലെ പാട്ടും ശ്രോതാക്കൾക്കായി എത്തിച്ചു . കാർത്തിക് പാടിയ മിന്നുന്നുണ്ടെ മുല്ലപോലെ എന്ന പാട്ടിന്റെ സുഗന്ധമാണ് ബിബിസി ശ്രോതാക്കൾക്ക് തുടർന്ന് ലഭിച്ചത്.

തുടർന്ന് അൽപ്പം ഇടവേളയ്ക്കു ശേഷം ഷോ പാതിയായപ്പോൾ ഓണസ്മരണ ഉണർത്തുന്ന അടിപൊളി ഓണപ്പാട്ടാണ് അശാന്തി ശ്രോതാക്കൾക്ക് എത്തിച്ചത്. സൂരജ് സന്തോഷ്, വർക്കി, അപർണ ബാലമുരളി എന്നിവർ ചേർന്ന് ആലപിച്ച ഏറ്റവും പുതിയ ഓണപ്പാട്ടാണ് ബിബിസി ഏറ്റെടുത്തത്. ഈ വർഷത്തെ ഏറ്റവും നല്ല ഓണപ്പാട്ട് കൂടിയാണിത്. രണ്ടര ലക്ഷം പേരുടെ യൂട്യൂബ് ഹിറ്റും ഈ പാട്ടു നേടിയിരുന്നു. തമിഴും മലയാളവും മാത്രമല്ല തെലുങ്ക് പോലും ഇടയ്ക്കു കേൾപ്പിക്കാൻ തയാറായാണ് അശാന്തി ഷോയെ ലൈവ് ആക്കി നിർത്തിയത്.

അതിനിടെ, ബിബിസി ഏഷ്യൻ നെറ്റ്‌വർക് പഞ്ചാബികളുടെ കുത്തക ആയി മാറുന്നു എന്ന പ്രചാരണം സജീവം ആയിരിക്കെ ചില പ്രത്യേക ഷോകളിൽ എങ്കിലും ദക്ഷിണ ഇന്ത്യൻ ഭാഷകൾക്കും ഇടം ലഭിക്കുന്നു എന്നതാണ് ആശ്വാസം ആയി മാറുന്നത്. ഹിന്ദി ഗാനങ്ങൾക്ക് പോലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്ന പരാതിക്കു വർഷങ്ങളുടെ പഴക്കമുണ്ട്. ഈ സാഹചര്യത്തിൽ നാല് പുതിയ സേവന വിഭാഗം കൂടി ബിബിസി വേൾഡ് വൈഡിന്റെ ഭാഗമായി ആരംഭിക്കുന്നത് ഏറെ ശ്രദ്ധ നേടുകയാണ്. സർക്കാർ ബിബിസിക്കു അനുവദിച്ച അധിക ഫണ്ടിന്റെ ബലത്തിലാണ് പുതിയ നാല് പ്രേക്ഷപണം കൂടി ആരംഭിക്കുന്നത്. ഇതിലും ഒന്ന് പഞ്ചാബികൾക്കാണ് എന്നത് പ്രത്യേകതയാണ്. മറാത്തി, ഗുജറാത്തി, തെലുങ്ക് ഭാഷകളിലാണ് പുതിയ സേവന വിഭാഗം ആരംഭിക്കുന്നത്.

ഈ ഭാഷകൾ പരിചയപ്പെടുത്താൻ ഓരോ നാട്ടിൽ നിന്നുള്ള പ്രശസ്തരായ ഇന്ത്യക്കാരെയും ബിബിസി കൂട്ടുപിടിച്ചിട്ടുണ്ട്. സച്ചിനും മോദിയും അംബാനിയും നരസിംഹറാവുവും പി വി സിന്ധുവും ഒക്കെ ഇത്തരത്തിൽ ഈ ഭാഷയെ പ്രമോട്ട് ചെയ്യാൻ തങ്ങളെ സ്വാധീനിച്ചവർ ആണെന്ന് ബിബിസി പറയാതെ പറയുമ്പോൾ അത്തരം ഐക്കണുകൾ ചൂണ്ടിക്കാട്ടാൻ ഇല്ലാത്ത മലയാളികൾക്ക് ബിബിസിയുടെ മുന്നിൽ അനന്തമായ കാത്തിരിപ്പ് നടത്തേണ്ടി വരും. കാരണം ഇതിനായി യുകെ മലയാളികളിൽ ആരും തന്നെ ലോബ്ബിയിങ് നടത്താൻ തയ്യാറല്ല എന്നതും തന്നെ കാരണം.

പുതിയ തലമുറ വളർന്നു വരുമ്പോൾ അവർ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിരു ചേർന്ന് നടക്കാൻ വിവിധ ഇന്ത്യൻ വിഭാഗങ്ങൾ ശ്രമിക്കുമ്പോൾ അക്കാര്യത്തിൽ മലയാളികൾ മാത്രമാണ് എപ്പോഴും പിന്നോക്കം പോകുന്നത്. മലയാളം എന്തെന്നോ ഭാഷയുടെ സൗന്ദര്യം എന്തെന്നോ ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിനെയും വേൾഡ് വൈഡിനെയും ഒന്നും അറിയിക്കാൻ ഉള്ള ബാധ്യത മലയാളികൾക്ക് ഇല്ലെന്ന മട്ടിലാണ് യുകെയിലെ മലയാളി സംഘടനകളുടെ പോലും നിലപാട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP