Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മലയാളി യുവതി ഭാഗ്യയെ ജീവിത പങ്കാളിയാക്കിയ അയർലണ്ടുകാരൻ മദ്യ വ്യവസായി റോബർട്ട് പുതിയ ബ്രാൻഡിന് പേരിട്ടത് ''മഹാറാണി'' എന്ന്; കറുവപ്പട്ടയുടെയും ജാതിപത്രിയുടെയും രുചിക്കൂട്ടിൽ പുറത്തുവരുന്ന ജിൻ മദ്യത്തിന് തൊട്ടാൽ പൊള്ളുന്ന വില; മദ്യക്കുപ്പിയിൽ കേരളത്തിലെ ഓരോ സ്ത്രീക്കും വേണ്ടി അഭിവാദ്യവും

മലയാളി യുവതി ഭാഗ്യയെ ജീവിത പങ്കാളിയാക്കിയ അയർലണ്ടുകാരൻ മദ്യ വ്യവസായി റോബർട്ട് പുതിയ ബ്രാൻഡിന് പേരിട്ടത് ''മഹാറാണി'' എന്ന്; കറുവപ്പട്ടയുടെയും ജാതിപത്രിയുടെയും രുചിക്കൂട്ടിൽ പുറത്തുവരുന്ന ജിൻ മദ്യത്തിന് തൊട്ടാൽ പൊള്ളുന്ന വില; മദ്യക്കുപ്പിയിൽ കേരളത്തിലെ ഓരോ സ്ത്രീക്കും വേണ്ടി അഭിവാദ്യവും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : കൊല്ലംകാരിയായ ഭാഗ്യ എന്ന സോഫ്‌ട്വെയർ എൻജിനിയർ അയർലണ്ടുകാരൻ റോബർട്ടിന്റെ ജീവിതത്തിലേക്ക് എത്തുന്നത് അവിചാരിതമായാണ് . അന്യ നാട്ടുകാരിയായ പുതിയ പങ്കാളി ജീവിതത്തിൽ എത്തിയപ്പോൾ അവളുടെ നാടും വീടുമൊക്കെ കഥകളായും ചരിത്രമായും ഒക്കെ റോബെർട്ടിനെ സ്വാധീനിച്ചിരിക്കണം .

അതോടെ റോബർട്ട് തീരുമാനമെടുത്തു , തന്റെ ഭാര്യയുടെ നാടിനോട് തനിക്കുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ എന്തെങ്കിലും ചെയ്യണം , അതും ഓർമ്മിക്കപ്പെടും വിധത്തിൽ . അങ്ങനെ മദ്യവ്യവസായിയായ റോബർട്ട് തന്റെ മദ്യ ഉല്പാദന ശാലയിൽ പുതിയ രുചിക്കൂട്ട് തേടിയപ്പോൾ ഭാര്യ അടുക്കളയിൽ ഉപയോഗിക്കുന്ന കേരളത്തിന്റെ സ്വന്തം സുഗന്ധവ്യഞ്ജന കൂട്ടുകൾ തേടിയെത്തി . പല രൂപത്തിലും ഭാവത്തിലും രുചിയിലുമുള്ള മദ്യങ്ങൾ ലോകത്തെല്ലായിടത്തും ഉള്ളപ്പോൾ എന്തുകൊണ്ട് കേരളത്തിന്റെ പേരിൽ അഭിമാനിക്കാവുന്ന രുചിക്കൂട്ട് തയാറാക്കിക്കൂടാ എന്ന ചിന്തയിലാണ് റോബർട്ട് മലയാളികളുടെ അടുക്കളയിൽ ഒഴിവാക്കാൻ പറ്റാത്ത സുഗന്ധവ്യന്ജങ്ങൾ തേടിയെത്തിയത് .

ഒടുവിൽ അദ്ദേഹത്തിന്റെ മനസ് ഉടക്കിയത് ജാതിപത്രിയിലും കറുവപ്പട്ടയിലും . മലയാളികൾ കഴിക്കുന്ന ദോശയോട് സാമ്യമുള്ള പാൻകേക്ക് എന്ന വിഭവത്തിലും ബേക്കറി വിഭവങ്ങളിലും കറുവപ്പട്ട ധാരാളമായി ഉപയോഗിക്കുന്ന ശീലം ബ്രിട്ടനിലും അയർലണ്ടിലും ഉള്ളതിനാൽ പുതിയ രുചിക്കൂട്ടിൽ കറുവപ്പട്ടയുടെ സ്ഥാനം രണ്ടാമത് ആലോചിക്കാതെ റോബർട്ട് ഉറപ്പിക്കുകയും ചെയ്തു . എന്നാൽ അല്പം കടുപ്പം കൂടിയ ഗന്ധവും രുചിയും ഉള്ള ജാതിക്ക കൂടി പുതിയ ജിൻ മിശ്രണത്തിൽ ഇടം പിടിച്ചത് ഏറെ നാളത്തെ ആലോചനക്ക് ശേഷമാണു . ഒടുവിൽ നല്ല കടുപ്പമുള്ള ചായ എന്ന് പറയുംപോലെ തന്റെ കടുപ്പം കൂടിയ ജിൻ മികച്ച ഒരു പേരിൽ അറിയപ്പെടണം എന്ന ആഗ്രഹം റോബർട്ട് പങ്കാളിയായ ഭാഗ്യയുമായി ചർച്ച ചെയ്യപ്പെട്ടതോടെയാണ് ഇംഗ്ലീഷിലെ രാജ്ഞിക്കു സമാനമായ മഹാറാണി എന്ന പേര് പിറവിയെടുത്തത് .

ഇപ്പോൾ ഈ ബ്രാൻഡിന്റെ പിറവി പ്രമുഖ ഇംഗ്ലീഷ് ലൈഫ് സ്‌റ്റൈൽ മാഗസിനുകളും ടാബ്ലോയ്ഡുകളും ഒക്കെ ആഘോഷമാക്കുകയാണ് . പതിവിൽ നിന്നും വെത്യസ്തമായ തരത്തിൽ കിഴക്കിന്റെ രുചിക്കൂട്ടുമായി പിറവിയെടുത്ത ജിൻ പാശ്ചാത്യർക്ക് അത്ഭുതമാകുകയാണ് . തനിമ കാത്തുസൂക്ഷിക്കുന്ന ജിൻ എന്നും മദ്യം ഇഷ്ട്ടപ്പെടുന്നവരുടെയും മദ്യത്തിൽ പുതുമകൾ പരീക്ഷിക്കാൻ ഇഷ്ട്ടപ്പെടുന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട വിഭവം കൂടിയായതിനാൽ പുതിയ അതിഥി അതിവേഗം ശ്രദ്ധ നേടുകയാണ് .

ഒറ്റവലിക്ക് അകത്താക്കി ശീലമുള്ള മലയാളിക്ക് ജിൻ അത്ര രസിക്കുന്ന മദ്യക്കൂട്ട് അല്ലെങ്കിലും രുചിയറിഞ്ഞു മദ്യം കഴിക്കുന്ന പാശ്ചാത്യർ ഏറെ ഇഷ്ട്ടപ്പെടുന്ന മദ്യ വിഭവമാണ് ജിൻ . സ്ത്രീകളിൽ ഒട്ടേറെ ആരാധകർ ഉള്ളതും ജിൻ മദ്യത്തിനാണ് . ഇക്കാരണത്താൽ തന്നെ സ്ത്രീകൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുകയാണ് മഹാറാണി ജിൻ . വത്യസ്തത ഇഷ്ട്ടപെപ്പടുന്ന സ്ത്രീകൾ മഹാറാണിയുടെ ആരധകരായി മാറും എന്നാണ് ഭാഗ്യയുടെയും റോബർട്ടിന്റേയും പ്രതീക്ഷ .

മദ്യകുപ്പിയുടെ പുറകിലെ ലേബലിൽ കേരള സ്ത്രീകളുടെ സമൂഹത്തിൽ ലഭിക്കുന്ന ആദരവും വിപ്ലവകാരികൾ എന്ന പരിവേഷവും ഒക്കെ എടുത്തു പറഞ്ഞാണ് ആദരവ് അർപ്പിക്കുന്നത് . കേരളത്തിലെ സ്ത്രീ ശാക്തീകരണം ലോകത്തിനു തന്നെ മാതൃക ആയതിനാൽ റിബൽ കൗണ്ടി എന്നറിയപ്പെടുന്ന കോർക്കിൽ നിന്നും ജന്മം എടുത്ത മദ്യത്തിന് മഹാറാണി എന്ന പേര് തികച്ചും അനുയോജ്യം എന്നാണ് റോബർട്ടിന്റെ വിലയിരുത്തൽ . അരനൂറ്റാണ്ടിനിടയിലെ കോർക്ക് നഗരത്തിലെ ആദ്യ ഡിസ്റ്റിലറിയാണ് റോബർട്ടിന്റേത്. നാലു കോടി രൂപ ചെലവിൽ ആരംഭിച്ച ഡിസ്റ്റിലറിയുടെ ആദ്യ ജിൻ കൂടിയാണ് മഹാറാണി എന്നതും പ്രത്യേകതയാണ് . ഈ പ്രത്യേക ബ്രാൻഡിന് തന്റെ ജീവിത പങ്കാളിയുടെ സാന്നിധ്യമാണ് കാരണമെന്നു പറയാനും റോബർട്ട് മടിക്കുന്നില്ല .

കോർക്ക് പട്ടണത്തിന്റെയും കേരളത്തിന്റെയും പാരമ്പര്യ സമ്മിശ്രണമാണ് മഹാറാണിയുടെ വീര്യം എന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. കമ്പിളി നാരങ്ങയുടെ രുചിയിലേക്കു കറുവപ്പട്ടയും ജാതിപത്രിയും ചേരുന്ന പ്രത്യേക മിശ്രണമാണ് മഹാറാണിയുടേത് . ഇതിനാവശ്യമായ വസ്തുക്കൾ ഒക്കെയെത്തുന്നതും കേരളത്തിലെ ഒരു വനിതാ സൊസൈറ്റിയുടെ പക്കൽ നിന്നുമാണ് എന്നത് മറ്റൊരു പ്രത്യേകത . ഇതോടെ കേരളത്തിന് കൂടി ഭാഗികമായി അവകാശപ്പെടുകയാണ് മഹാറാണിയുടെ ''പേറ്റന്റ് ''. പേരിൽ മാത്രമല്ല പിറവിക്കും കൂടി കേരളത്തിന് ന്യായമായ അവകാശം പങ്കുപറ്റാം എന്ന് ചുരുക്കം .

കൊല്ലം സ്വദേശിയായ ഭാഗ്യ ചെന്നൈയിലെ സോഫ്ട്‌വെയർ എൻജിനിയർ പഠനശേഷമാണ് ഡബ്ലിനിൽ ഉപരി പഠനത്തിന് എത്തുന്നത് . ഇതിനിടയിൽ കണ്ടുമുട്ടിയ പരിചയമാണ് റോബെർട്ടും ഒത്തുള്ള ജീവിതത്തിനു വഴി തുറന്നതു . അയർലണ്ടിലെ പ്രധാന രണ്ടാമത്തെ പട്ടണമായ കോർക്ക് കൗണ്ടിയിൽ നിന്നുമാണ് പുതിയ ജിൻ പിറവിയെടുത്തിരിക്കുന്നത് . റിബൽ കൗണ്ടി എന്ന അപരനാമം ഉള്ള ഈ പട്ടണത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മഹാറാണി ജിൻ ഒരു റിബൽ പരിവേഷത്തിലാണ് മദ്യപകർക്കു മുന്നിൽ എത്തുന്നത് . ബയോ കെമിസ്‌റ് ആയി നീണ്ട കാലത്തേ അനുഭവ സമ്പത്തുള്ള റോബർട്ട ഏറെക്കാലം മദ്യകയറ്റുമതി നടത്തി വിപണിയുടെ രുചി ശരിക്കറിഞ്ഞ ശേഷമാണു നിർമ്മാണത്തിലേക്കു കടക്കുന്നത് .

കോവിഡ് വന്നതിനാൽ ഈ പുതിയ മദ്യത്തിന്റെ അന്താരാഷ്ട്ര വിപണി പ്രവേശം വൈകുകയാണ് . എന്നാൽ ഐറിഷ് മാൾട്ട് ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി ആവഹ്‌സ്യക്കാർക്കു വേണ്ടി മഹാറാണി വീട്ടിൽ എത്തും. എന്നാൽ മഹാറാണിക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഏതാണ് 4300 രൂപ നൽകണം.

സാമൂഹികരംഗത്ത് ശക്തമായ സാന്നിധ്യമായ കേരളത്തിലെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു' എന്ന് കുപ്പിയിൽ ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. മുലക്കരത്തിനെതിരേ സ്വന്തംമാറിടം അരിഞ്ഞ് പ്രതിഷേധിച്ച നങ്ങേലിയുടെ വീര്യത്തെ അനുസ്മരിക്കാനാണ് കുപ്പിയിലെ ഊരിപ്പിടിച്ച വാളിന്റെ ചിത്രം. ലോക്ഡൗണിന് അയവുവന്ന് പബ്ബുകൾ തുറക്കാൻ തുടങ്ങിയ അയർലൻഡിൽ 'മഹാറാണി'ക്ക് ആവശ്യക്കാരേറെ. കുപ്പിയിലെ മലയാളം എഴുത്തും ചിത്രങ്ങളുംകണ്ട് കൗതുകമുണരുന്നവർ നങ്ങേലിക്കഥയും കേരളത്തിന്റെ ചരിത്രവുമൊക്കെ തേടാറുണ്ടെന്ന് ഭാഗ്യ പറയുന്നു.

ബ്രിട്ടീഷുകാരെ തുരത്തിയ പോരാട്ടവീര്യംകൊണ്ട് 'റിബൽ സിറ്റി' എന്നുകൂടി പേരുള്ള കോർക്ക് നഗരത്തിൽ അങ്ങനെ മലയാളത്തിന്റെ വിപ്ലവസ്പിരിറ്റ് കൂടി ചേർന്നു. അയർലൻഡ് സർക്കാരിന്റെ ഫുഡ് ബോർഡിന്റെ സാമ്പത്തികസഹായത്തോടെയാണ് ഈ സംരംഭം. ഓൺലൈനിലൂടെ കേരളത്തിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. 

കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടുത്തി ഉൽപന്നമിറക്കാമെന്നതു ഭാഗ്യലക്ഷ്മിയുടെ ആശയമായിരുന്നു.വയനാട്ടിലെ 'വനമൂലിക' എന്ന വനിതാ സ്വയംസഹായ സംഘവുമായി സഹകരിച്ചു ജാതിപത്രി, കറുവപ്പട്ട, ഏലം തുടങ്ങിയവ ഇറക്കുമതി ചെയ്തു ജിൻ ഉൽപാദനം തുടങ്ങി. 49 യൂറോയാണ് (ഏകദേശം 4300 രൂപ) ഒരു കുപ്പിയുടെ വില. 'മോക്ഷം', 'സർഗാത്മകത' എന്നീ മലയാള പദങ്ങളും കുപ്പിയിലുണ്ട്. കേരളത്തനിമയുള്ള റം ആണ് അടുത്ത ലക്ഷ്യം. ജിൻ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന സ്‌കൂൾ മറ്റൊരു പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP