Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചതോടെ ലേബർ പാർട്ടിയെ കൂട്ടത്തോടെ കയ്യൊഴിഞ്ഞു ബ്രിട്ടനിലെ മലയാളികൾ; പത്തു വർഷമായി ഷെഫീൽഡിൽ ലേബറിന് വേണ്ടി പ്രവർത്തിച്ച ചേർത്തലക്കാരൻ അജിത് പാലിയേത്തും അംഗത്വം ഉപേക്ഷിച്ചു; ലേബർ അംഗത്വം ഇനി വേണ്ടൈന്ന് പറയുന്നവർ നിരവധി; പാക്കിസ്ഥാനികൾ കൂട്ടത്തോടെ ലേബറിനൊപ്പം ചേർന്നതോടെ ഇന്ത്യൻ സമൂഹം മറുകണ്ടം ചാടുന്നു; അടുത്ത ബ്രിട്ടീഷ് സർക്കാർ ഏതു പാർട്ടിയുടേതെന്നു ഇന്ത്യൻ വംശജർ തീരുമാനിക്കും

കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചതോടെ ലേബർ പാർട്ടിയെ കൂട്ടത്തോടെ കയ്യൊഴിഞ്ഞു ബ്രിട്ടനിലെ മലയാളികൾ; പത്തു വർഷമായി ഷെഫീൽഡിൽ ലേബറിന് വേണ്ടി പ്രവർത്തിച്ച ചേർത്തലക്കാരൻ അജിത് പാലിയേത്തും അംഗത്വം ഉപേക്ഷിച്ചു; ലേബർ അംഗത്വം ഇനി വേണ്ടൈന്ന് പറയുന്നവർ നിരവധി; പാക്കിസ്ഥാനികൾ കൂട്ടത്തോടെ ലേബറിനൊപ്പം ചേർന്നതോടെ ഇന്ത്യൻ സമൂഹം മറുകണ്ടം ചാടുന്നു; അടുത്ത ബ്രിട്ടീഷ് സർക്കാർ ഏതു പാർട്ടിയുടേതെന്നു ഇന്ത്യൻ വംശജർ തീരുമാനിക്കും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കാശ്മീർ വിഷയത്തിൽ ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ നിലപാടിൽ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രതിഷേധം ശക്തം. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാടാണ് ലേബർ പാർട്ടി കൈക്കൊണ്ടത് ഇതോടെ വർഷങ്ങളായി ലേബർ പാർട്ടിക്കൊപ്പം നിന്നവർ പാർട്ടി അംഗത്വം രാജിവെച്ചു തുടങ്ങി. മലയാളികൾ അടക്കമുള്ളവാണ് ബ്രിട്ടനിലെ ഇടതുധാരയിൽ നിന്നും പിന്നോക്കം പോകുന്നത്. പത്തു വർഷമായി ലേബറിന്റെ ഷെഫീൽഡിലെ പ്രവർത്തകനായ അജിത് പാലിയേത്തും അംഗത്വം ഉപേക്ഷിച്ചത് ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്നലെ വാട്‌ഫോർഡ് മലയാളി സണ്ണിമോൻ മത്തായി അംഗത്വം ഉപേക്ഷിച്ചു.

സണ്ണിമോൻ ചൂണ്ടിക്കാട്ടിയത് പോലെ തന്നെ ലേബറിന്റെ തലതിരിഞ്ഞ നയങ്ങളാണ് തന്നെയും പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും ഇക്കാര്യത്തിനായി ഏറെ നാളുകളായി ആലോചിക്കുന്നതാണെങ്കിലും ഇപ്പോൾ ലേബർ പാർട്ടി ഇന്ത്യ വിരുദ്ധ പ്രചാരണം ഏറ്റെടുത്തപ്പോൾ അംഗത്വം ഉപേക്ഷിക്കാൻ ഇതുതന്നെ തക്ക സമയം എന്ന് തീരുമാനിക്കുക ആയിരുന്നു എന്നും അജിത്ത് പറയുന്നു. സണ്ണിമോനും അജിത്തും ലേബർ പ്രവർത്തനം അവസാനിപ്പിച്ചത് പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി പേർ ലേബർ അനുഭവം ഉപേക്ഷിച്ചു മറുകണ്ടം ചാടുനന്നുണ്ട്.

കാലങ്ങളായി ലേബറിനെ പിന്തുണയ്ക്കുന്ന ഭൂരിഭാഗം മലയാളികളിൽ കുറേപ്പേർ എങ്കിലും മാറിചിന്തിക്കാൻ പാർട്ടിയുടെ നയമാറ്റില്ലെന്നു പറയുന്നവരുമുണ്ട്. അതേസമയം ലേബർ നയം ഇന്ത്യക്കു എതിരാകുന്നത് യുകെയിലെ ഇന്ത്യക്കാർ ലേബർ പാർട്ടി അംഗത്വം എടുക്കുന്നില്ലെന്നും പാക്കിസ്ഥാൻ വംശജരും ആഫ്രിക്കക്കാരും ലേബർ അംഗത്വം എടുക്കുന്നതുമാണ് പാർട്ടി നയങ്ങളെ സ്വാധീനിക്കുന്നത് എന്ന വിശദീകരണം നൽകുന്ന നേതാക്കളുമുണ്ട്. അടുത്തിടെ ലേബർ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ആയി പാക്കിസ്ഥാൻ വംശജന് എതിരെ ഇംഗ്ലീഷ് പേരിനോട് സാമ്യമുള്ള മലയാളി മത്സരിച്ചപ്പോൾ ഒരു വോട്ടിനു കഷ്ട്ടിച്ചു വിജയിക്കുകയായിരുന്നു. പാർട്ടി ഭാഗത്തു നിന്നും ഇത്തരത്തിൽ എന്തൊക്കെ വിശദീകരണം എത്തിയാലും സാധാരണക്കാർക്ക് മുന്നിൽ ഇപ്പോൾ ലേബർ പാർട്ടിയുടേത് ഇന്ത്യ വിരുദ്ധ മുഖം ആണെന്നത് വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബറിന് കടുത്ത പരീക്ഷണം ആയി മാറുമെന്ന സൂചനകൾ തന്നെയാണ് പുറത്തു വരുന്നത്.

യുകെ മലയാളികൾക്കിടയിൽ പരിചിതനായ സാമൂഹിക പ്രവർത്തകൻ കൂടിയാണ് അജിത് പാലിയത്ത്. കേരളത്തിലെ വിപ്ലവ ഗ്രാമം എന്നറിയപ്പെടുന്ന ചേർത്തലയിൽ വളർന്ന അജിത് സ്വാഭാവികമായും ഇടതു ചിന്തയോടുള്ള ആഭിമുഖ്യം കൊണ്ട് കൂടിയാണ് ലേബർ പാർട്ടിയിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചത്. എന്നാൽ ഗോർഡൻ ബ്രൗൺ പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം ലേബർ പാർട്ടിയിൽ നടക്കുന്ന അന്ത ഛിദ്രങ്ങൾ തന്നെപോലെ ഉള്ള സാധാരണക്കാരുടെ മനസ് മടുപ്പിക്കുവാൻ ആവശ്യമായതിൽ ഏറെ ആയിരുന്നു എന്ന് അജിത്ത് പറയുന്നു. മിലിബാൻഡ് സഹോദരങ്ങൾ തമ്മിൽ അടിപിടികൂടിയ കാലം മുതൽ ലേബർ പാർട്ടിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക് ആണെന്നതും അടുത്ത കാലത്തായി വ്യക്തമായ നയം ഇല്ലാത്ത വിധം പാർട്ടി ജനമധ്യത്തിൽ എത്തുന്നതും തനിക്കു മാറി ചിന്തിക്കുവാൻ പ്രേരണ ആയ കാര്യം ആണെന്നും അജിത്ത് പറയുന്നു.

സണ്ണിമോനെ പോലെ തന്നെ യാതൊരു സ്വാർത്ഥ ചിന്തയും ഇല്ലാതെ കഴിഞ്ഞു പത്തു വർഷമായി പാർട്ടിക്ക് വരിസംഖ്യ നൽകുന്ന സാധാരണ പ്രവർത്തകൻ ആയിരുന്നു അജിത്തും. തന്നെ സംബന്ധിച്ച് ബ്രക്‌സിറ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത നിലപാടുമായി നീങ്ങുന്ന ലേബർ പാർട്ടി ടോറികളിൽ നിന്നും ഏറെ വ്യത്യസ്തമാണെന്നു കരുതാൻ തക്ക ന്യായം ഒന്നും നിലവിൽ ഇല്ല. എന്നാൽ ലേബർ പാർട്ടി വ്യക്തത ഉള്ള നയവുമായി വന്നാൽ വീണ്ടും പാർട്ടിയെ അനുകൂലിക്കുന്ന കാര്യം പരിഗണിക്കുന്നതുമാണ്. കുടിയേറ്റത്തിനു സഹായകമായ കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് അജിത്ത് ഉൾപ്പെടെയുള്ള മലയാളികൾ ലേബർ പാർട്ടി അനുഭാവികൾ ആയി മാറിയത്.

ഒരു തൊഴിലാളി മനോഭാവമുള്ള പാർട്ടി എന്നതായിരുന്നു ലേബറിലേക്കുള്ള ഏറ്റവും വലിയ ആകർഷണവും. ഗോർഡൻ ബ്രൗൺ അധികാരമൊഴിഞ്ഞ ശേഷം പാർട്ടിയിൽ അധികാര വടംവലി ഉണ്ടായതു സാധാരണക്കാരെ വിഷമിപ്പിക്കുന്നത് ആയിരുന്നു. ഭാവിയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന ഡേവിഡ് മിലിബാൻഡ് പിൻ നിരയിലേക്ക് മാറ്റപ്പെട്ടതോടെ ലേബറിന്റെ തകർച്ചയും നയം മാറ്റവും ആരംഭിക്കുക ആയിരുന്നു. പ്രാദേശികമായി കിട്ടിയിരുന്ന വോട്ടു ബാങ്ക് നിലനിർത്താൻ ഷെഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാർട്ടിയെ സഹായിച്ചിരുന്നത് കുടിയേറ്റ ജനതയാണ്.

തുടർന്ന് ലിബറൽ ഡെമോക്രാറ്റ് പോളിസിയിൽ നയം മാറ്റം ഉണ്ടാക്കിയപ്പോൾ നിക് ഗ്ലെഗിന് ഷെഫീൽഡ് സ്വന്തം തട്ടകമാക്കാൻ കഴിഞ്ഞു. എന്നാൽ ഇതേ നിക് ഗ്ലെഗിന്റെ പിടിപ്പു കേട് ആ പാർട്ടിയുടെ അടിത്തറ തകർത്തു. ഇതേ മനോഭാവം തന്നെയാണ് ഇപ്പോൾ ജെറമി കോർബിനെ പിടികൂടിയിരിക്കുന്നത്. ജെറമിയുടെ ഒരു കാര്യത്തിലും വ്യക്തതയില്ലാത്ത നിലപാടുകൾ അടിക്കടി ഉണ്ടായതോടെയാണ് തന്നെ പോലെയുള്ളവർക്കു പാർട്ടിക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ കാരണമായി മാറുന്നത് - അജിത്ത് തന്റെ നയം കൂടുതൽ വ്യക്തമാക്കുന്നു.

ബ്രിട്ടൻ പുറത്തു നിന്ന് വന്ന കുടിയേറ്റക്കാരുടെ സഹായത്തോടെ വളർന്ന രാജ്യം എന്ന കാര്യം മറക്കാൻ കഴിയില്ല. ബ്രിട്ടൻ ഒരിക്കലും സ്വന്തം നിലയിൽ വളർന്ന രാജ്യമല്ല. പാർട്ടിയിൽ അദ്ദേഹത്തിനെതിരെ നീക്കം ഉണ്ടായിട്ടും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പതിവില്ലാത്ത വിധം അധികാരത്തോട് അദ്ദേഹം ഒട്ടിച്ചേർന്നു നിൽക്കുന്നതും വിചിത്രമായി തോന്നുകയാണ്. എന്റെ നിലവിലെ ആഭിമുഖ്യം ഇപ്പോൾ ലിബറൽ ഡെമോക്രാറ്റിന്റെ നിലപാടുകളോടാണ്. യുവജനതയുടെ ഭാവി ചിന്തിക്കാതെയാണ് ബ്രക്‌സിറ്റ് ചർച്ചകൾ നടന്നത്.

ഈ ചിന്ത വളർന്നപ്പോൾ ബ്രക്‌സിറ്റ് വേണ്ട എന്ന നിലപാടാണ് ലിബറൽ ഡെമോക്രാറ്റ് നിലപാട് എടുത്തിരിക്കുന്നത്. ബ്രക്‌സിറ്റിൽ തീരുമാനമായ ശേഷം രണ്ടു ദിവസം കൊണ്ട് മൂന്നു ലക്ഷം വോട്ടർമാർ രജിസ്റ്റർ ചെയ്തത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല. പക്ഷെ കൂടുതൽ നഷ്ടം ഉണ്ടാവുക ലേബറിന് ആയിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്. നിലവിലെ സാഹചര്യത്തിൽ ഒരു തൂക്കു മന്ത്രിസഭയ്ക്ക് വീണ്ടും സാധ്യത തെളിയുമെന്നാണ് അജിത്തിന്റെ നിരീക്ഷണം.

നിലവിലെ ആലപ്പുഴ എംപി ആരിഫിന്റെ കൂടെ കൊളേജ്ജിൽ രാഷ്ട്രീയം പിച്ചവച്ച അജിത്തിന് കെഎസ്‌യുവിന്റെ കുത്തക കോളേജിൽ എസ്എഫ്‌ഐക്കു വേണ്ടി സീറ്റ് പിടിച്ചെടുത്ത അനുഭവവും പങ്കിടാനുണ്ട്. അന്ന് മുതൽ ഇന്ന് വരെ രാഷ്ട്രീയത്തെ നെഞ്ചോടു ചേർത്തു വയ്ക്കുന്ന അജിത്തിനെ പോലെയുള്ള ഒട്ടേറെ ഇന്ത്യക്കാരുടെ മനോനില കൂടി വിലയിരുത്തപ്പെടുന്നതായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ ഏതു പാർട്ടി ബ്രിട്ടനെ നയിക്കും എന്ന കാര്യത്തിലെ അന്തിമ തീരുമാനത്തിൽ പ്രധാന ഘടകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP