Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈത്തിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി നഴ്‌സിന് കുത്തേറ്റു; കോട്ടയം സ്വദേശി ഗോപിക ആക്രമണത്തിന് ഇരയായത് ഡ്യൂട്ടികഴിഞ്ഞെത്തി വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ; വയറിനും കാലിനും കുത്തേറ്റിട്ടും മുകളിലത്തെ നിലയിൽനിന്ന് താഴെയെത്തിയ നഴ്‌സിനെ ആശുപത്രിയിലെത്തിച്ച് അപകടനില ഒഴിവാക്കി

കുവൈത്തിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി നഴ്‌സിന് കുത്തേറ്റു; കോട്ടയം സ്വദേശി ഗോപിക ആക്രമണത്തിന് ഇരയായത് ഡ്യൂട്ടികഴിഞ്ഞെത്തി വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ; വയറിനും കാലിനും കുത്തേറ്റിട്ടും മുകളിലത്തെ നിലയിൽനിന്ന് താഴെയെത്തിയ നഴ്‌സിനെ ആശുപത്രിയിലെത്തിച്ച് അപകടനില ഒഴിവാക്കി

കുവൈത്ത് സിറ്റി: മലയാളി നഴ്‌സിന് കുവത്തിലെ അബ്ബാസിയയിൽ മോഷണ ശ്രമത്തിനിടെ കുത്തേറ്റു. കാട്ടയം കൊല്ലാട് പുതുക്കളത്തിൽ ബിജുവിന്റെ ഭാര്യ ഗോപിക ബിജോ (27) ആണ് ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിരിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാൻ തുടങ്ങുന്നതിനിടെ മോഷ്ടാവ് ഇവരെ ആക്രമിക്കുകയായിരുന്നു.

അക്രമിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു യുവതിക്ക് പരിക്കേറ്റത്. മൽപ്പിടുത്തത്തിനിടയിൽ വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഫർവാനിയ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഗോപികയും ബിജോയും താമസിക്കുന്നത് അബ്ബാസിയ ട്വന്റിഫോർ ഫാർമസി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു. രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തിയ ഗോപിക കതകു തുറന്ന് അകത്തുകയറാൻ തുടങ്ങുമ്പോഴായിരുന്നു അജ്ഞാതനായ അക്രമി ഗോപികയെ ആക്രമിച്ചത്.

മോഷണ ശ്രമമായിരുന്നെന്നാണ് സംശയിക്കുന്നത്. ഉടൻ കതക് തുറക്കാതെ തന്നെ അക്രമിയെ ഗോപിക ധൈര്യമായി നേരിടുകയായിരുന്നു. അതിനിടയിലാണ് വയറിനും കാലിന്റെ തുടയിലും മുഖത്തും കുത്തേൽക്കുന്നത്. മോഷണ ശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു.

തുടർന്ന് രണ്ടാം നിലയിൽ നിന്നും രക്തത്തിൽ കുളിച്ച അവസ്ഥയിൽ തന്നെ താഴത്തെ നിലയിലെത്തി ഗോപിക അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഗോപികയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

രണ്ടാം നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ അയൽവാസികൾ ഇല്ലാതിരുന്നതിനാൽ രക്തത്തിൽ കുളിച്ച് വേദന സഹിച്ചും ഗോപിക താഴെയെത്തിയതിനാൽ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.

കോട്ടയം കാരാപ്പുഴ മാടയ്ക്കൽ കുടുംബാംഗമാണ് ഗോപിക. ഒരു വർഷം മുമ്പാണ് കുവൈറ്റിലെത്തിയത്. ജഹ്‌റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സാണ്. ഭർത്താവ് ബിജോ അൽ ബാബ്‌റ്റൈൻ ഗ്രൂപ്പ് ആൻഡ് നിസാൻ കുവൈറ്റ് ജീവനക്കാരനാണ്.

അബ്ബാസിയയിൽ മലയാളികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയെ കവർച്ചക്കാർ ലക്ഷ്യമിട്ടിരിക്കുകയാണെങ്കിലും ഇവിടെ വേണ്ടത്ര സുരക്ഷാ പരിശോധനകളോ സംരക്ഷണമോ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. ദിവസം തോറും ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എംബസി അധികൃതർ ഇതൊന്നും അറിഞ്ഞതായി ഭാവിക്കാറുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP