Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

മോദിയെയും പിണറായിയേയും പിന്നിലാക്കി യൂസഫലി യുകെ മലയാളികളുടെ പ്രിയപ്പെട്ടവനാകുമോ? കൊച്ചിയിലേക്കു കൂടുതൽ വിമാനം പറക്കാൻ ടാറ്റ മനസ് വയ്ക്കണം; ദക്ഷിണേന്ത്യക്ക് ലണ്ടൻ റൂട്ടുകൾ നഷ്ടമാകുമ്പോൾ നേട്ടമെടുക്കുന്നത് വടക്കേയിന്ത്യൻ പട്ടണങ്ങൾ; യൂസഫലിയുടേത് വെറും ആഗ്രഹം മാത്രമായി മാറുമോ?

മോദിയെയും പിണറായിയേയും പിന്നിലാക്കി യൂസഫലി യുകെ മലയാളികളുടെ പ്രിയപ്പെട്ടവനാകുമോ? കൊച്ചിയിലേക്കു കൂടുതൽ വിമാനം പറക്കാൻ ടാറ്റ മനസ് വയ്ക്കണം; ദക്ഷിണേന്ത്യക്ക് ലണ്ടൻ റൂട്ടുകൾ നഷ്ടമാകുമ്പോൾ നേട്ടമെടുക്കുന്നത് വടക്കേയിന്ത്യൻ പട്ടണങ്ങൾ; യൂസഫലിയുടേത് വെറും ആഗ്രഹം മാത്രമായി മാറുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മോദിക്കും പിണറായിക്കും നടക്കാത്ത കാര്യം യുകെ മലയാളികൾക്കു വേണ്ടി വ്യവസായ പ്രമുഖൻ എം എ യൂസഫലി നടത്തി തരുമോ? കഴിഞ്ഞ രണ്ടു ദിവസമായി ഓരോ യുകെ മലയാളിയും ആകാംഷയോടെ സോഷ്യൽ മീഡിയയിൽ കേട്ടുകൊണ്ടിരിക്കുന്നത് എം എ യൂസഫലിയുടെ വാക്കുകളാണ്. ലോക കേരള സഭ സമ്മേളനത്തിൽ സംസാരിക്കവെയാണ് സർക്കാരിന് പോലും പറയാൻ കഴിയാതെ പോയ കാര്യം നെടുമ്പാശേരി വിമാനത്താവള ഡയറക്ടർ കൂടിയായ എം എ യൂസഫലിയുടെ നാക്കിൽ നിന്നും ഊർന്നു വീണത്.

ഏറെക്കാലമായി യുകെ മലയാളികൾ ആഗ്രഹിച്ചിരുന്ന ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാനം തികച്ചും അപ്രതീക്ഷിതം ആയി കോവിഡ് കാലത്തെത്തുകയും പിന്നീട് ആഴ്ചയിൽ ഒരു സർവീസ് എന്നത് മൂന്നായി മാറിയതും കാര്യമായ രാഷ്ട്രീയ സമ്മർദ്ദം ഇല്ലാതെയാണ്. കാരണം കൂടുതലായെത്തിയ ഓരോ വിമാനവും തിങ്ങി നിറഞ്ഞു പറന്നപ്പോൾ എയർ ഇന്ത്യക്കും മറുത്തൊന്നും ചിന്തിക്കാനായില്ല എന്നതാണ് വാസ്തവം.

കേന്ദ്രവും സംസ്ഥാനവും യുകെ മലയാളികളെ സഹായിക്കാനില്ല

ഈ വിമാനത്തിന്റെ ചിറകരിയാൻ ശക്തമായ സ്വകാര്യ ലോബി ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചത് ബ്രിട്ടീഷ് മലയാളിയടക്കം മാധ്യമങ്ങളിൽ തലക്കെട്ടുകളായതാണ്. ഒടുവിൽ ജീവനക്കാരെക്കൊണ്ട് കൊച്ചിയിലേക്ക് പറക്കാൻ സൗകര്യം ഇല്ലെന്നും തങ്ങൾക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്താൻ കഴിയുന്നില്ലെന്നും ഒക്കെ ബാലിശമായ തരത്തിൽ സ്വകാര്യ വിമാനക്കമ്പനികൾ പറയിച്ചെങ്കിലും എയർ ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ലാഭകരമായ റൂട്ടായി ലണ്ടന് കൊച്ചി മാറിയത് നൊടിയിടയിലാണ് . ഇക്കാരണത്താൽ ടാറ്റ ഏറ്റെടുത്തതോടെ തിരുവനന്തപുരത്തേക്കും ഓരോ സർവീസ് വേണമെന്നും ബിർമിൻഹാമിൽ നിന്നും നിർത്തലാക്കിയ സർവീസ് കൂടി ആരംഭിക്കണമെന്ന് യുകെ മലയാളികളിൽ പലരും കേന്ദ്രത്തിനും സംസ്ഥാനത്തിനും കത്തെഴുതി കാത്തിരിക്കുമ്പോഴാണ് സ്വപ്ന തുല്യമായ പ്രഖ്യാപനവുമായി യൂസഫലി ലോക കേരള സഭയിൽ നിറയുന്നത് .

സിയാൽ പ്രതീക്ഷകൾ എയർ ഇന്ത്യയിൽ തന്നെ

ഇപ്പോൾ ഉള്ള മൂന്നു സർവീസുകൾ ആഴ്ചയിൽ അഞ്ചാക്കാൻ തങ്ങൾ ആവതും ശ്രമിക്കുകയാണെന്ന് സിയാൽ ഡയറക്ടർ ആയ അദ്ദേഹം പറയുമ്പോൾ അത് കയ്യടിക്ക് വേണ്ടിയല്ലെന്നു കരുതേണ്ടി വരും. കാരണം കൂടുതൽ യൂറോപ്യൻ സഞ്ചാരികളെ കൊച്ചിയിൽ എത്തിക്കുക എന്നതാണ് കുറേക്കാലമായി സിയാൽ ലക്ഷ്യമിടുന്നത്. ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നും ലോബിയിങ് ഉണ്ടായെങ്കിലും അതിനെ കറികടക്കാൻ ലണ്ടനിൽ നിന്നും വരുന്ന വിമാനത്തിന് പാർക്കിങ് ഫീ ഇളവും ജീവനക്കാർക്ക് സൗജന്യ ഹോട്ടൽ താമസവും ഒക്കെ ഒരുക്കിയാണ് സിയാൽ ഈ പ്രസ്റ്റീജ് സർവീസ് പിടിച്ചു നിർത്തിയത്.

ഇതേ ഓഫറുകൾ ബ്രിട്ടീഷ് എയർവേയ്‌സ്, ഫ്രാൻസിന്റെ കെ എൽ എം അടക്കമുള്ള വിമാനക്കമ്പനികൾക്ക് നൽകിയിട്ടും അവരൊന്നും മനസ് തുറക്കുന്നില്ല. പലവട്ടം സിയാൽ എം ഡി സുഹാസ് ഐ എ എസ് അടക്കം ഈ കമ്പനികളുമായി ചർച്ച നടത്തിയതുമാണ്. ഇക്കാര്യം സിയാൽ മാനേജിങ് ഡയറക്ടർ സുഹാസ് ഏതാനും മാസം മുൻപ് ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയിരുന്നതുമാണ്. ഈ ശ്രമങ്ങൾ പാതി വഴിയിൽ മുടങ്ങിപ്പോയതിനാലാകാം സിയാൽ വീണ്ടും എയർ ഇന്ത്യയിൽ പ്രതീക്ഷ നൽകുന്നത്.

കൈ പൊള്ളിച്ച ടാറ്റ തയ്യാറല്ല, വോട്ടിന് വേണ്ടി പറക്കാനില്ല

അതേസമയം കൂടുതൽ വിമാനങ്ങൾ പറത്താൻ എയർ ഇന്ത്യക്ക് കെൽപ്പുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് പുതിയ ഉടമകളായ ടാറ്റ തന്നെയാണ്. പണ്ടത്തെ പോലെ രാഷ്ട്രീയ സമ്മർദം കൊണ്ട് മാത്രം കാര്യം നടക്കില്ലെന്നു ചുരുക്കം. എയർ ഇന്ത്യയുടെ പക്കൽ ദീർഘ ദൂര സർവീസ് നടത്താൻ പാകത്തിൽ വിമാനങ്ങൾ ഉണ്ടോ എന്ന കാര്യം പോലും വിമാനക്കമ്പനിയാണ് വെളിപ്പെടുത്തേണ്ടത്. നിലവിലെ സാഹചര്യത്തിൽ അധിക വിമാനങ്ങൾ എയർ ഇന്ത്യയുടെ പക്കൽ ഇല്ലെന്നു വ്യക്തമാണ്.

ഇതുകൊണ്ടാകാം ആഴ്ചയിലെ ലണ്ടനിൽ നിന്നുള്ള 19 സർവീസുകൾ നിലനിർത്താൻ പ്രധാന നഗരങ്ങളായ ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ ഈ വേനൽക്കാലത്ത് എയർ ഇന്ത്യ വേണ്ടെന്നു വച്ചിരിക്കുന്നത്. ഇതോടെ ലണ്ടനിൽ നിന്നും പത്തു ഇന്ത്യൻ നഗരങ്ങളിലേക്ക് പരന്നിരുന്ന എയർ ഇന്ത്യയുടെ ഈ വേനൽക്കാല സാന്നിധ്യം ഏഴു നഗരങ്ങളിലേക്കായി ചുരുങ്ങുകയാണ്. എന്നാൽ റീ ഷെഡ്യൂളിൽ തിരക്ക് കൂടിയ അമൃത്സറിനും അഹമ്മദാബാദിനും അധിക വിമാനങ്ങൾ നൽകിയിട്ടുമുണ്ട്.

പക്ഷെ തിരക്ക് ഒഴിയുന്ന മുറയ്ക്ക് ശൈത്യകാല സർവീസുകളുടെ ഭാഗമായി നവംബർ ഒന്നു മുതൽ ഈ സർവീസുകളിൽ ബാംഗ്ലൂർ വിമാനം വീണ്ടും എത്തും എന്നാണ് എയർ ഇന്ത്യ പറയുന്നത്. പക്ഷെ ചെന്നയുടെയും കൊൽക്കത്തയുടെയും കാര്യത്തിൽ നിലവിൽ വ്യക്തമായ അഭിപ്രായം പറയാൻ എയർ ഇന്ത്യ തയ്യാറുമല്ല. ഇതിൽ നിന്നും ടാറ്റായുടെ മാനേജ്‌മെന്റ് വൈദഗ്ധ്യമാണ് തെളിയുന്നത്.

തിരക്കേറിയ റൂട്ടിൽ വേനൽക്കാലത്തു ആളുകൾ കൂടുന്നതിനാൽ കൂടുതൽ സർവീസ് നടത്തി പരമാവധി ലാഭം കൊയ്യുക എന്ന സിംപിൾ ബിസിനസ്സ് ഐഡിയ ആണ് ലണ്ടനിൽ നിന്നും ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസിൽ വരുത്തിയ മാറ്റം വഴി വ്യക്തമാകുന്നത്. ചുരുക്കത്തിൽ എല്ലായിടത്തേക്കും സർവീസ് നടത്തി കൈ പൊള്ളിക്കാൻ ടാറ്റ തയ്യാറല്ലെന്ന് ചുരുക്കം. ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ആയിരുന്നപ്പോൾ എയർ ഇന്ത്യക്ക് നടക്കാതെ പോയതും ഇത്തരം മാനേജ്‌മെന്റ് വൈദഗ്ധ്യമാണ്. അഥവാ രാഷ്ട്രീയ സമ്മർദത്തിൽ അത്തരം തീരുമാനങ്ങൾക്ക് കഴിഞ്ഞില്ലെന്നും കരുതേണ്ടി വരും.

കൊച്ചിയെ കൈവച്ചില്ല, മോദിയുടെ നാടിനും പ്രത്യേക പരിഗണന

അതേസമയം റൂട്ടുകൾ കോവിഡിന് ശേഷം യാത്രക്കാരുടെ തിരക്ക് നോക്കി റീ ഷെഡ്യൂൾ ചെയ്തപ്പോൾ ലണ്ടനിൽ നിന്നും പുറപ്പെട്ടിരുന്ന പല സർവീസുകളും വേണ്ടെന്നു വയ്ക്കാൻ തയ്യാറാകുക ആയിരുന്നു എയർ ഇന്ത്യ ചെയ്തത്. ഇക്കാര്യത്തിൽ റൂട്ടുകളിൽ ഉള്ള തിരക്ക് മാത്രമായിരുന്നു മാനദണ്ഡം, ഈ പരിഗണനയിൽ കൊച്ചിയും ബാംഗ്ലൂരുമാണ് ആണ് മുന്നിൽ എത്തിയത്. മോദിയുടെ നാടായ അഹമ്മദാബാദിലേക്കുള്ള സർവീസിൽ ഒന്ന് വർധിപ്പിക്കാൻ എയർ ഇന്ത്യ തയ്യാറായി. ഇത് പക്ഷെ തിരക്ക് പരിഗണിച്ചു മാത്രമാണ് എന്നാണ് ന്യായം. ഡൽഹിയിലേക്കും മുംബൈയിലേക്കും ആളില്ലാതെ പറന്ന സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ദയയില്ലാതെ ഉപേക്ഷിക്കുക ആയിരുന്നു.

ആഴ്ചയിൽ 14 സർവീസ് ഉണ്ടായിരുന്ന് ഡൽഹിയിലേക്ക് ഇപ്പോൾ 9 വിമാനങ്ങൾ മാത്രമാണ് പറക്കുന്നത്. ആഴ്ചയിൽ ഏഴു സർവീസ് ഉണ്ടായിരുന്ന മുംബൈയിലേക്കാകട്ടെ ഇപ്പോൾ ഉള്ളത് അഞ്ചു വിമാനങ്ങളും. ഈ കണക്കിൽ ഡൽഹിക്കു നഷ്ടം അഞ്ചു വിമാനങ്ങളും മുംബൈക്ക് നഷ്ടമായത് രണ്ടു വിമാനങ്ങളുമാണ്. അതേസമയം കൊച്ചിയിലേക്കുള്ള മൂന്നു വിമാനങ്ങളും ബാംഗ്ളൂരിലേക്കുള്ള രണ്ടു വിമാനങ്ങളും നിലനിർത്താൻ തയ്യാറാകുക ആയിരുന്നു എയ ർ ഇന്ത്യ. റൂട്ടുകളെ പറ്റി ഇത്ര വിശദമായ പഠനം നടത്തുന്ന എയർ ഇന്ത്യ സിയാലിന്റെ ഓഫറുകൾ കണ്ടു ആഴച സർവീസുകൾ മൂന്നിൽ നിന്നും അഞ്ചാക്കി ഉയർത്താൻ തയ്യാറായാൽ അത് മഹാസംഭവം തന്നെയായി മാറും.

മാത്രമല്ല എയർ ഇന്ത്യയുടെ കണക്കിൽ എങ്കിലും ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈക്ക് ഒപ്പമുള്ള സ്ഥാനം കൊച്ചിക്കു ലഭിക്കുകയും ചെയ്യും. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് എന്നും പറക്കാൻ ആളുണ്ടെന്ന ധാരണ സൃഷ്ടിക്കാനും അഞ്ചു സർവീസുകൾ വന്നാൽ സാധ്യമാകുകയും ചെയ്യും. ഇതോടെ മറ്റു വിമാനക്കമ്പനികളും ലണ്ടൻ കൊച്ചി റൂട്ടിൽ കണ്ണ് വയ്ക്കും എന്ന കാര്യം ഉറപ്പാണ്. പക്ഷെ ഇതൊക്കെ സാദ്ധ്യതകൾ ആയി മാത്രം തന്നെ ഇപ്പോഴും നിലനിൽക്കുകയാണ്.

എന്നാൽ പ്രധാന നഗരങ്ങളായ ചെന്നൈയ്ക്കും കൊൽക്കത്തക്കും ഹൈദരാബാദിലും അഹമ്മദാബാദിനും ഒന്നും ഇല്ലാത്ത വിധം തിരക്ക് കൊച്ചിക്ക് ഉണ്ടെന്നു തെളിയിക്കുകയാണ് വേനൽക്കാല ഷെഡ്യൂളിൽ കൊച്ചിയെ കൈവയ്ക്കാതായിരുന്ന എയർ ഇന്ത്യ തീരുമാനം. ഈ റൂട്ടിൽ വിമാനങ്ങൾ നിലനിർത്തണം എന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയ സമ്മർദ്ദവും എയർ ഇന്ത്യയിൽ എത്തിയിട്ടില്ല എന്നും വ്യക്തമാണ്. ബിസിനസ് ലാഭം തന്നെയാണ് എന്ന വിലയിരുത്തലിലാണ് ലണ്ടൻ കൊച്ചി സർവീസുകൾ അതേപടി തുടരട്ടെ എന്ന് എയർ ഇന്ത്യ തീരുമാനിക്കാൻ കാരണമായതും.

അഞ്ചിലേക്കുള്ള ദൂരം ഏറെ അകലെയാണ്, എയർ ഇന്ത്യ എടുത്തു ചാടുമോ?

യൂസഫലി പറയുന്നത് പോലെ കൊച്ചിയിലേക്ക് മൂന്നിൽ നിന്നും അഞ്ചാക്കുക എന്നത് അത്ര നിസാരമാണോ? കൂടുതൽ വിമാനങ്ങളെ ആകർഷിക്കാൻ സിയാൽ നൽകുന്ന ഓഫറുകളൊക്കെ വിമാനകമ്പനികളെ സംബന്ധിച്ച് ലാഭമുള്ള സർവീസ് ആണെങ്കിൽ മാത്രം സ്വീകരിക്കാവുന്ന സാഹചര്യമാണ്. യാത്രക്കാർ ഇല്ലെങ്കിൽ എയർപോർട്ട് നൽകുന്ന ഈ ഓഫറുകൾ ഒന്നും ഒരു വിമാനക്കമ്പനിയെയും ആകർഷിക്കില്ല. ലണ്ടനിൽ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹിക്കും മുംബൈക്കും ചെന്നൈയ്ക്കും ബാംഗ്‌ളൂരിനും കൊൽക്കത്തയ്ക്കും ഒക്കെ സർവീസുകൾ വെട്ടി ചുരുക്കുന്ന എയർ ഇന്ത്യ അത്ര വേഗത്തിൽ കൊച്ചിയിലേക്ക് കൂടുതൽ വിമാനങ്ങളുമായി എത്തും എന്ന് കരുതുക എളുപ്പമല്ല.

ഒരു പക്ഷെ അടുത്ത വേനൽക്കാല സർവീസിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിയാലും യാത്രക്കാർ കുറയുന്ന ഓഫ് സീസണിൽ വെട്ടിച്ചുരുക്കാനും സാധ്യത ഏറെയാണ്. ചുരുക്കത്തിൽ സ്ഥിരം സർവീസ് എന്നത് കയ്യാലപ്പുറത്തെ തേങ്ങയായി മാറും എന്ന് വ്യക്തം. യാത്രക്കാർ ഉണ്ടെങ്കിൽ വിമാനവുമുണ്ടാകും, അല്ലെങ്കിൽ മറ്റു തിരക്കുള്ള റൂട്ട് തേടി പോകാൻ ഒരു മടിയും ഉണ്ടാകില്ല എന്ന് കൂടിയാണ് എയർ ഇന്ത്യയുടെ വേനൽക്കാല ഷെഡ്യൂൾ തെളിയിക്കുന്നതും.

അപ്പോൾ യൂസഫലി പറഞ്ഞതോ? ചില ചർച്ചകൾ നടക്കുന്നു എന്നതിനാൽ ആ ആഗ്രഹങ്ങൾ അദ്ദേഹം വെളിപ്പെടുത്തി എന്ന് മാത്രമേ ഈ ഘട്ടത്തിൽ എയർ ഇന്ത്യയുടെ റൂട്ടുകൾ പരിശോധിക്കുമ്പോൾ പറയാനാകൂ. കൊച്ചിക്കും മലയാളിക്കും വേണ്ടി നഷ്ടത്തിൽ പറക്കാനൊന്നും എയർ ഇന്ത്യയെ കിട്ടില്ല എന്നും വ്യക്തമാണ്. യൂസഫലി പറയുമ്പോലെ ആഴ്ചയിൽ അഞ്ചു വിമാനങ്ങൾ ലഭിക്കണമെങ്കിൽ അത്രയും തിരക്ക് ലണ്ടൻ - കൊച്ചി റൂട്ടിൽ ഉണ്ടെന്ന് എയർ ഇന്ത്യക്കു മുൻപിൽ തെളിയിക്കേണ്ടതുണ്ട്. സ്‌കൂൾ അടയ്ക്കുന്നതോടെ വിമാനങ്ങൾ നിറഞ്ഞു പറക്കുമെങ്കിലും ഇപ്പോൾ ലണ്ടനിൽ നിന്നും ഡൽഹി, മുംബൈ വിമാനങ്ങൾ പലതും പറക്കുന്നത് പാതി യാത്രക്കാരെയും കൊണ്ടാണ്. ഈ കണക്കുകൾ മുൻപിൽ നിൽകുമ്പോൾ കൊച്ചിയിലേക്ക് എടുത്തു ചാടാൻ എയർ ഇന്ത്യ പലവട്ടം ആലോചിക്കും എന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP