Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശത്തായതിനാൽ നോട്ട് മാറ്റിയെടുക്കാൻ കഴിയാത്ത പ്രവാസി മലയാളികൾ ഇനി നോട്ടുമാറ്റാൻ ചെന്നൈയിലോ മുംബൈയിലോ പോകേണ്ടിവരും; കേരളത്തിലെ ഓഫീസുകളിൽ നോട്ടുമാറ്റാൻ സൗകര്യമൊരുക്കാതെ റിസർവ് ബാങ്കിന്റെ ഇരുട്ടടി; 25000 രൂപവരെ മാറ്റിയെടുക്കാൻ യാത്രാച്ചെലവിന് പണം കണ്ടെത്തേണ്ട ഗതികേടിൽ മലയാളികൾ

വിദേശത്തായതിനാൽ നോട്ട് മാറ്റിയെടുക്കാൻ കഴിയാത്ത പ്രവാസി മലയാളികൾ ഇനി നോട്ടുമാറ്റാൻ ചെന്നൈയിലോ മുംബൈയിലോ പോകേണ്ടിവരും; കേരളത്തിലെ ഓഫീസുകളിൽ നോട്ടുമാറ്റാൻ സൗകര്യമൊരുക്കാതെ റിസർവ് ബാങ്കിന്റെ ഇരുട്ടടി; 25000 രൂപവരെ മാറ്റിയെടുക്കാൻ യാത്രാച്ചെലവിന് പണം കണ്ടെത്തേണ്ട ഗതികേടിൽ മലയാളികൾ

തിരുവനന്തപുരം: പ്രവാസികൾക്ക് കൈവശമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിക്കപ്പെട്ട നോട്ടുകൾ റിസർവ് ബാങ്കിലൂടെ മാറ്റിയെടുക്കാൻ ജൂൺ 30 വരെ സമയം നൽകിയെങ്കിലും അത് കേരളത്തിലെ ബാങ്കുകളിൽ മാറ്റാനാവില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ള കേരളത്തിലെ റിസർവ് ബാങ്ക് ശാഖകൡ നോട്ടുമാറ്റാൻ സൗകര്യം നൽകാത്തത് ഇതോടെ പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടിയാവുകയാണ്.

ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത സോണൽ ഓഫീസുകളിലും നാഗ്പൂരിലെ 
റീജിയണൽ ഓഫീസിലുമാണ് നോട്ട് മാറ്റിയെടുക്കാവുന്നതെന്ന് ആർ.ബി.ഐ വാർത്താക്കുറിപ്പിൽ പറയുന്നു. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ളത് റീജയണൽ ഓഫീസുകളാണെങ്കിലും ഇവ ലിസ്റ്റിൽ ഇല്ല. അതിനാൽ കേരളത്തിലെത്തുന്ന പ്രവാസികൾ നോട്ട് മാറ്റാൻ ഏറ്റവും അടുത്തുള്ള ചെന്നൈയിലെ സോണൽ ഓഫീസിൽ പോകണം.

പരമാവധി 25,000 രൂപവരെയാണ് മാറ്റിയെടുക്കാൻ അനുവദിച്ചിരിക്കുന്നത് എന്നതിനാൽ ഇതു മാറ്റാനായി ചെന്നൈ സോണൽ ഓഫീസിൽ പോകുകയെന്നത് പ്രായോഗികമല്ല. ഇതിനായി വേറെ പണച്ചെലവും ഉണ്ടാകുമെന്നതാണ് പ്രവാസികളെ അലട്ടുന്നത്. ചെറിയ തുകകൾ കൈവശമുള്ളവർ ചെന്നൈവരെയോ മുംബൈയിലോ പോയി നോട്ടുമാറ്റുകയെന്നത് വൻ നഷ്ടവുമായി മാറും

നവംബർ ഒമ്പതുമുതൽ ഡിസംബർ 30വരെയാണ് നോട്ടുമാറ്റിയെടുക്കാൻ സമയം നിശ്ചയിച്ചിരുന്നത്. ഈ കാലത്ത് വിദേശത്ത് ജോലിയിലിരുന്നവർക്ക് ജൂൺ 30വരെയും വിദേശങ്ങളിൽ യാത്രയിലായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെയും നോട്ടുകൾ മാറ്റിയെടുക്കാമെന്നായിരുന്നു സർക്കാർ ഓർഡിൻസിൽ വ്യക്തമാക്കിയിരുന്നത്. അസാധുവായ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനുള്ള അവസരം ഡിസംബർ 30ന് അവസാനിച്ച സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക ഓർഡിനൻസ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. നവംബർ 9 മുതൽ ഡിസംബർ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 30വരെയും പ്രവാസി ഇന്ത്യക്കാർക്ക് ജൂൺ 30വരെയുമാണ് നോട്ട് മാറ്റിയെടുക്കാവുന്നത്. ഇന്ന് മുതൽ ഈ അവസരം ഉപയോഗിക്കാം. അക്കൗണ്ട് ഉടമ നേരിട്ട് നേരിട്ട് ഹാജരാവണം. ആരെയും ചുമതലപ്പെടുത്താനാവില്ല.

അസാധുവാക്കിയ നോട്ടുകൾ മാർച്ച് 31ന് ശേഷം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥയുള്ള ഓർഡിനൻസാണ് കേന്ദ്രം പുറത്തിറക്കിയത്. ഇപ്പോൾ അനുവദിച്ച ഗ്രേസ് പിരിയഡിനു ശേഷവും അസാധുവാക്കിയ നോട്ട് ആരു കൈവശം വച്ചാലും ക്രിമനൽ കുറ്റമാകും. ഈ വ്യവസ്ഥയിലാണ് പ്രവാസികൾക്ക് ചെറിയ ഇളവ് നൽകുന്നത്.

പ്രവാസികൾക്ക് ഡിക്ലറേഷൻ എഴുതി നൽകിയശേഷം പരമാവധി 25,000 രൂപവരെയുള്ള പഴയ നോട്ടുകൾ നിക്ഷേപിക്കാനാണ് അനുമതിയുള്ളത്. ഡിസംബർ 30നകം പഴയ നോട്ടുകൾ ബാങ്കുകളിലൂടെ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്ക് മാർച്ച് 31 വരെ റിസർവ് ബാങ്ക് ഓഫീസുകളിൽ നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഇക്കാലയളവിൽ വിദേശത്തായിരുന്ന ഇന്ത്യൻ പൗരന്മാർക്കും ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നു.

പ്രവാസികൾക്ക് ജൂൺ 30 വരെയാണ് ഇതിനുള്ള അനുമതി. പരമാവധി 25000 രൂപ വരെ മാത്രം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഇന്ത്യയിലെത്തുമ്പോൾ വിമാനത്താവളത്തിലെ കസ്റ്റംസ് ഡെസ്‌കിൽ തന്റെ കൈവശം ഇത്രയും രൂപയ്ക്കുള്ള പഴയ ഇന്ത്യൻ നോട്ടുകളുണ്ടെന്ന് ഡിക്ലറേഷൻ നൽകുക. ഈ ഡിക്ലറേഷൻ നൽകിയ നോട്ടുകൾ മാത്രമേ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനാവൂ. ഡിക്ലറേഷന്റെ വിശദാംശങ്ങൾ റിസർവ് ബാങ്ക് അറിയിക്കും.

തെറ്റായ ഡിക്ലറേഷൻ നൽകി നോട്ടുകൾ മാറാൻ ശ്രമിക്കുന്നത് 50,000 രൂപവരെയോ മാറാൻ ശ്രമിച്ച തുകയുടെ അഞ്ചിരട്ടിവരെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇപ്പോൾ അനുവദിച്ചിട്ടുള്ള കാലയളവിന് ശേഷം പഴയ നോട്ടുകൾ കൈവശംവെക്കുന്നതും മാറാൻ ശ്രമിക്കുന്നതും കുറ്റകരമാണ്. പതിനായിരം രൂപയോ പിടിക്കപ്പെടുന്ന തുകയുടെ അഞ്ചിരട്ടിയോ പിഴലഭിക്കാവുന്ന കുറ്റമായാണ് അത് പരിഗണിക്കപ്പെടുക. നവംബർ എട്ടിന് കേന്ദ്ര സർക്കാർ കൈക്കൊണ്ട നോട്ടസാധുവാക്കൽ തീരുമാനത്തിന്റെ തുടർച്ചയാണ് സ്‌പെസിഫൈഡ് ബാങ്ക് നോട്‌സ് ഓർഡിനൻസ് പുറത്തിറക്കിയത്.

ഒറ്റത്തവണയായി മാത്രമേ നോട്ട് നിക്ഷേപിക്കാനാവൂ. നിക്ഷേപിക്കുന്ന നോട്ടിന് പകരം പുതിയ കറൻസി കെ.വൈ.സിയുള്ള അക്കൗണ്ടിലേക്കായിരിക്കും റിസർവ് ബാങ്ക് നിക്ഷേപിക്കുക. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഈ ഇളവുകൾ ലഭിക്കില്ല. നൽകുന്ന നോട്ടുകൾ മാറ്റി നൽകുന്നതിന് എന്തെങ്കിലും തടസ്സം ഉന്നയിക്കപ്പെട്ടാൽ അപ്പീൽ നൽകുന്നതിന് 14 ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

വേണ്ട രേഖകൾ

  • ഉത്തരവിൽ പറയുന്ന കാലയളവിൽ വിദേശത്തായിരുന്നുവെന്ന് തെളിയിക്കുന്നതിന് ഇമിഗ്രേഷൻ സീൽ പതിച്ച പോർട്ടിന്റെ കോപ്പി സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കണം.
  • അസൽ പാസ്‌പോർട്ട് പരിശോധനയ്ക്ക് വിധേയമാക്കണം.
  • നവംബർ 10നും ഡിസംബർ 30നുമിടയ്ക്ക് അസാധുവായ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഇന്ത്യയിലെ ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെയെല്ലാം നോട്ടുനിരോധന കാലയളവിലെ സ്റ്റേറ്റ്‌മെന്റുകൾ ഹാജരാക്കണം
  • തിരിച്ചയൽ രേഖയോ ആധാർ കാർഡോ കൈവശമുണ്ടാവണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP