Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുകെ മലയാളികൾ അടക്കമുള്ള എട്ടംഗ സംഘം പൊന്മുടിയിൽ എത്തിയത് ഇന്നലെ; കല്ലാറിൽ ഇറങ്ങിയപ്പോൾ ആദ്യം കാൽവഴുതി കയത്തിലേക്ക് വീണത് പ്രശോഭ് കുമാർ; വഴുക്കൻ പാറകളുള്ള കയത്തിൽ മുങ്ങിത്താണപ്പോൾ നിലവിളി കേട്ട് എത്തിയവർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല; ആത്മ സുഹൃത്തിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ പ്രവാസി മലയാളികൾ; കുളിക്കാനിറങ്ങുന്നതിടെ നൂറ്റാണ്ടിനുള്ളിൽ മരിച്ചത് നൂറിലധികം പേർ; സഞ്ചാരികൾക്ക് മരണക്കെണിയൊരുക്കി വീണ്ടും കല്ലാർ

യുകെ മലയാളികൾ അടക്കമുള്ള എട്ടംഗ സംഘം പൊന്മുടിയിൽ എത്തിയത് ഇന്നലെ; കല്ലാറിൽ ഇറങ്ങിയപ്പോൾ ആദ്യം കാൽവഴുതി കയത്തിലേക്ക് വീണത് പ്രശോഭ് കുമാർ; വഴുക്കൻ പാറകളുള്ള കയത്തിൽ മുങ്ങിത്താണപ്പോൾ നിലവിളി കേട്ട് എത്തിയവർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല; ആത്മ സുഹൃത്തിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ പ്രവാസി മലയാളികൾ; കുളിക്കാനിറങ്ങുന്നതിടെ നൂറ്റാണ്ടിനുള്ളിൽ മരിച്ചത് നൂറിലധികം പേർ; സഞ്ചാരികൾക്ക് മരണക്കെണിയൊരുക്കി വീണ്ടും കല്ലാർ

എം മനോജ് കുമാർ

വിതുര: സഞ്ചാരികൾക്ക് മരണക്കെണിയൊരുക്കി കല്ലാർ. ഇരുപത്തിയഞ്ചോളം സഞ്ചാരികളാണ് ഈ അടുത്ത കാലത്ത് മാത്രം കല്ലാർ ഒരുക്കിയ മരണക്കെണിയിൽ കുടുങ്ങി മൃത്യുവിനു കീഴടങ്ങിയത്. ഇന്നലെ കല്ലാർ തട്ടിയെടുത്തത് ബ്രിട്ടനിൽ നിന്നുള്ള പ്രശോഭ്കുമാറി (53) ന്റെ ജീവനാണ്. ബ്രിട്ടീഷ് മലയാളിയായ പ്രശോഭ്കുമാർ കൂട്ടുകാർക്കൊപ്പം പൊന്മുടി പോയി മടങ്ങിവരുമ്പോഴാണ് കല്ലാറിൽ കുളിക്കാനിറങ്ങിയത്. കല്ലാർ ടൗണിൽ തന്നെയുള്ള കല്ലാർ 27-ലാണ് ഈ അഞ്ചംഗ സംഘം ഉച്ചയോടെ കുളിക്കാനിറങ്ങിയത്. റോഡിനോട് ചേർന്ന് കല്ലാറിലുള്ള കയത്തിലാണ് ഇവർ ഇറങ്ങിയത്. പ്രശോഭ്കുമാറാണ് കാൽവഴുതി കയത്തിലേക്ക് വീണത്. നീന്തൽ അറിയില്ലായിരുന്നെന്നാണ് ലഭിക്കുന്ന സൂചന. ഒപ്പമുള്ളവർക്ക് രക്ഷിക്കാൻ കഴിഞ്ഞതുമില്ല. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കല്ലാറിൽ നിന്ന് പ്രശോഭിനെ മുങ്ങി എടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. പ്രശോഭിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

ഏതാനും ദിവസം മുൻപാണ് യുകെയിൽ നിന്നും എട്ടംഗ സംഘം കേരളത്തിൽ എത്തിയത്. ഇവരിൽ നാലുപേർ അടക്കമുള്ള എട്ടുപേരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കല്ലാറിൽ എത്തിയത്. വർക്കല നിന്നാണു ഇവർ നേരെ പൊന്മുടിയിൽ എത്തിയത്. പൊന്മുടി കണ്ടു മടങ്ങിപ്പോകുമ്പോഴാണ് ഇവർ കല്ലാറിൽ ഇറങ്ങിയത്. വെള്ളം കുറവാണെങ്കിലും ചിലയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ആഴമുള്ള കയങ്ങൾ ആണിത്. ചില കയങ്ങളിൽ ചുഴിയുമുണ്ട്. ഇവർ ഇറങ്ങിയ സ്ഥലത്ത് അപായ സൂചനയുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണു ലഭിക്കുന്ന വിവരം. ഇത് കണക്കാക്കാതെയാണ് സംഘം ഇറങ്ങിയത്. പ്രശോഭ് മരിച്ച കയത്തിൽ തന്നെ നാല് വർഷം മുൻപ് ഒരു ജീവൻ പൊലിഞ്ഞിരുന്നു. അന്നും നാട്ടുകാർ തന്നെയാണ് ശരീരം മുങ്ങിത്തപ്പി കയത്തിൽ നിന്നും കരകയറ്റിയത്.

പ്രശോഭിന്റെ ഭാര്യയും മക്കളും യുകെയിലാണ്. ഒരു മകനും മകളുമാണ് പ്രശോഭ് കുമാറിന്. ദുരന്തം ബ്രിട്ടീഷ് മലയാളികളെയും നടുക്കിയിട്ടുണ്ട്. കല്ലാറിന്റെ മനോഹാരിതയാണ് സഞ്ചാരികളെ കല്ലാറിലേക്ക് ആകർഷിക്കുന്നത്. പാറകളും മിനുസമാർന്ന കല്ലുകളും തെളിനീരും കാണുമ്പോൾ മനംമയങ്ങിയാണ് മൂന്നാറിൽ എത്തുന്നവർ കല്ലാറിലേക്കും കൂടി ഇറങ്ങുന്നത്. പക്ഷെ കല്ലാർ പലയിടങ്ങളിലും മരണക്കെണിപോലെയാണ് നിലകൊള്ളുന്നത്. കയങ്ങളുണ്ട്. ഒപ്പം ചുഴികളുണ്ട്. അതേസമയം മലവെള്ളം വന്നാൽ കല്ലാറിൽ വലിയ രീതിയിലാണ് വെള്ളം നിറയുന്നത്. മലവെള്ളത്തിന്റെ വരവുണ്ടായാൽ ഓടി മാറാൻ കഴിയുംമുൻപ് തന്നെ കുത്തൊഴുക്ക് വരും. പ്രദേശവാസികൾക്ക് അറിയാമെങ്കിലും ഇത് സഞ്ചാരികൾക്കറിയില്ല. കല്ലാർ കണ്ടാണ് ഇവർ വെള്ളത്തിൽ ഇറങ്ങുന്നത്. കയത്തിൽ പലയിടങ്ങളിലും ചുഴികൾ ഉള്ളതിനാൽ ഇതും സഞ്ചാരികളുടെ ജീവനെടുക്കുന്നു. മലവെള്ളം വരുമ്പോൾ കല്ലാർ പലപ്പോഴും സൂചനകൾ നൽകും. കരിയിലകളും കല്ലുമൊക്കെ വെള്ളത്തിനൊപ്പം അതിവേഗം ഒഴുകി വരും. ഈ സൂച്ചന കണ്ടു മനസിലാക്കിയാൽ ജീവൻ രക്ഷിക്കാൻ കഴിയും. പക്ഷെ കല്ലാറിൽ മുങ്ങിത്തിമർക്കുമ്പോൾ പലരും ഇത് ഗൗനിക്കാറുമില്ല. ഇത് പലരുടെയും ജീവൻ നഷ്ടമാക്കുകയും ചെയ്യുന്നു.

പ്രശോഭ്കുമാറും സംഘവും ഇറങ്ങിയ സ്ഥലത്ത് അപകടമുന്നറിയിപ്പ് നൽകുന്ന ബോർഡ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ അപകട സൂചന അവഗണിച്ച് ഇറങ്ങിയതാണ് സഞ്ചാരിയുടെ മരണത്തിനു കാരണമായത്. കഴിഞ്ഞ കാൽനൂറ്റാണ്ടു കണക്കെടുത്താൽ നൂറിലധികം പേർക്കാണ് കല്ലാറിൽ ജീവൻ നഷ്ടമായത്. ഇതിൽ ഭൂരിഭാഗവും യുവാക്കളാണ്. പൊന്മുടിവരുന്നവർ മിക്കവരും കല്ലാറിൽ ഇറങ്ങിക്കുളിച്ചാണ് മടങ്ങുന്നത്.

കല്ലാറിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ് മരണങ്ങൾ പെരുകുന്നത്. കല്ലാറിൽ കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴ്ന്ന അനവധി പേരെ പരിസരവാസികൾ രക്ഷിച്ചിട്ടുണ്ട്. പക്ഷെ പ്രശോഭ്കുമാറും സംഘവും ഇറങ്ങുമ്പോൾ ഇവർ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളൂ.

ഒപ്പമുള്ളവർക്ക് പ്രശോഭിനെ രക്ഷിക്കാൻ കഴിഞ്ഞതുമില്ല. വഴുക്കൻ പാറകളുള്ള നദിയിൽ നിറയെ മണൽക്കുഴികളാണ്. ഇത്തരം കയങ്ങളിൽ പതിച്ചാണ് യുവാക്കൾ പിടഞ്ഞുമരിക്കുന്നത്. കാൽനൂറ്റാണ്ട് മുൻപ് തിരുവനന്തപുരം ഡെന്റൽ കോളേജിലെ എട്ട് വിദ്യാർത്ഥികൾ കല്ലാറിൽ മുങ്ങി മരിച്ചിരുന്നു. ഇതാണ് നദിയിലുണ്ടായ ഏറ്റവും വലിയ ദുരന്തം. പിന്നീടിങ്ങോട്ട് എത്രയോ മരണങ്ങൾക്ക് കല്ലാർ കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP