Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ജെറ്റ് എയർവെയ്‌സിൽ ടിക്കറ്റെടുത്തവർ കുടുങ്ങുമോ? ഇന്നലെ മുടങ്ങിയത് പത്തു വിമാനങ്ങൾ; കമ്പനി ഗുരുതരമായ സാമ്പത്തിക കുഴപ്പത്തിൽ, ഇത്തിഹാദും ലുലു മുതലാളിയും സഹായിക്കുമെന്ന പ്രതീക്ഷയിൽ കുറഞ്ഞ നിരക്കിൽ പറക്കുന്ന ജെറ്റ് തകർച്ചയിലേക്ക്; പ്രവാസി മലയാളികളെ കാത്തിരിക്കുന്നത് വമ്പൻനഷ്ടം

ജെറ്റ് എയർവെയ്‌സിൽ ടിക്കറ്റെടുത്തവർ കുടുങ്ങുമോ? ഇന്നലെ മുടങ്ങിയത് പത്തു വിമാനങ്ങൾ; കമ്പനി ഗുരുതരമായ സാമ്പത്തിക കുഴപ്പത്തിൽ, ഇത്തിഹാദും ലുലു മുതലാളിയും സഹായിക്കുമെന്ന പ്രതീക്ഷയിൽ കുറഞ്ഞ നിരക്കിൽ പറക്കുന്ന ജെറ്റ് തകർച്ചയിലേക്ക്; പ്രവാസി മലയാളികളെ കാത്തിരിക്കുന്നത് വമ്പൻനഷ്ടം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന ബജറ്റ് എയർലൈൻ എന്നറിയപ്പെടുന്ന ജെറ്റ് എയർവെയ്സ് വൻ സാമ്പത്തിക കുഴപ്പത്തിൽ. കടുത്ത മത്സരം നടക്കുന്ന ഇന്ത്യൻ വ്യോമയാന രംഗത്ത് പലപ്പോഴും യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചിരുന്ന ജെറ്റ് എയർവേയ്സ് കഴിഞ്ഞ കുറെ കാലമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു എന്നാണ് സൂചന. ഇന്നലെ പത്തു വിമാനങ്ങൾ യാത്ര മുടങ്ങിയതിനെ തുടർന്നാണ് കമ്പനിയുടെ ഭാവി സംബന്ധിച്ച ആശങ്ക കൂടുതൽ ശക്തമായത്.

പ്രവാസി മലയാളികൾക്ക് താങ്ങായി നിന്നിരുന്ന ജെറ്റ് എയർവേയ്സ് കുഴപ്പത്തിലായതു മലയാളി യാത്രക്കാരെയും നേരിട്ട് ബാധിക്കുമെന്നുറപ്പാണ്. യുകെ മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ ലണ്ടൻ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നും പറക്കാൻ കഴിഞ്ഞിരുന്ന ജെറ്റ് വിമാനങ്ങൾ ഇല്ലാതായാൽ വീണ്ടും ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്തു യാത്ര ചെയ്യേണ്ട ഗതികേട് ഉണ്ടാകും എന്ന് വ്യക്തമാണ്.

എയർ ഇന്ത്യ സർവീസ് നടത്തുന്ന എയർപോർട്ടുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത് ജെറ്റ് എയർവേയ്സ് വിമാനങ്ങളിലാണ്. നിലവിൽ യുകെയിൽ ഹീത്രൂ, മാഞ്ചസ്റ്റർ എയർപോർട്ടുകളിലാണ് ജെറ്റിന്റെ സാന്നിധ്യമുള്ളത്. മറ്റു സ്ഥലങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് പറക്കാൻ ഇവിടെ നിന്നും ടിക്കറ്റ് ലഭിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നും ജെറ്റിന്റെ സാന്നിധ്യമാണ്.

എന്നാൽ വളരെ കാലങ്ങളായി സാമ്പത്തിക കുഴപ്പം നേരിടുന്ന ജെറ്റ് നിലനിൽപ്പിന്റെ ഭാഗമായി വിദേശ സർവീസുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആദ്യം നിർത്തലാക്കുക യൂറോപ്പിലേക്കും കാനഡയിലേക്കും ഉള്ള ദീർഘ ദൂര സർവീസുകൾ ആയിരിക്കും എന്നുറപ്പാണ്. ഇതോടെ വരും മാസങ്ങളിലെ യാത്രക്കായി ടിക്കറ്റ് എടുത്തവർക്കു അങ്കലാപ്പിനുള്ള കാരണമായി വളരുകയാണ് ജെറ്റിന്റെ പ്രതിസന്ധി.

വിമാനതാവളങ്ങളിൽ നൽകാൻ ഉള്ള പണം പോലും ഇല്ലാത്ത ഗുരുതര സാഹചര്യത്തിലാണ് ചൊവ്വാഴ്ച 19, ബുധനാഴ്ച 10 എന്ന ക്രമത്തിൽ സർവീസുകൾ കാൻസൽ ചെയ്യേണ്ടി വന്നത്. എന്നാൽ ജെറ്റ് എയർവേയ്സ് ഇത് നിക്ഷേധിക്കുകയാണ്. ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ അപര്യാപ്തയടക്കം ഉള്ള കാരണങ്ങളാണ് ഒറ്റയടിക്ക് അനേകം സർവീസുകൾ ക്യാൻസൽ ചെയ്യേണ്ടി വന്നതിനു കമ്പനി നൽകുന്ന മറുപടി.

നിലവിൽ 120 വിമാനങ്ങളും 21 വിദേശ എയർപോർട്ടുകളിൽ സാന്നിധ്യവും ഉള്ള ഇന്ത്യയിലെ വമ്പൻ കമ്പനികളിൽ ഒന്നാണ് ജെറ്റ്. കമ്പനിയുടെ പ്രവർത്തന പങ്കാളിയായ എത്തിഹാദ് ഐർവേയ്‌സും വായ്പ നൽകിയിരിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യവും ചേർന്ന് കമ്പനിയുടെ പ്രവർത്തനം വരുതിയിലാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതൊന്നും ഫലം ചെയ്തതായി തെളിയിക്കുന്നില്ല.

നിലവിൽ 8000 കോടിയിലേറെ രൂപയുടെ ബാങ്ക് വായ്പയിലാണ് ജെറ്റ് പ്രവർത്തിക്കുന്നത്. ഇതിനു തുല്യമായ കമ്പനി ആസ്തികൾ ബാങ്കുകൾക്ക് ഓഹരിയായി നൽകുന്ന കാര്യവും ഇപ്പോൾ പരിഗണനയിലാണ്. അടുത്തകാലത്ത് എത്തിഹാദിന്റെ ഓഹരി അവകാശം കൂടുതൽ വർദ്ധിപ്പിക്കുന്നതിനും മലയാളി വ്യവസായി യൂസഫലിയുടെ നിക്ഷേപം ജെറ്റിൽ എത്തിക്കുന്നതിനും ശ്രമം നടന്നിരുന്നു. എന്നാൽ ഒരു ഘട്ടം പിന്നിട്ടപ്പോൾ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് ഏവിയേഷൻ വൃത്തങ്ങൾ നൽകുന്ന സൂചനകൾ.

കമ്പനിയുടെ ഗുരുതരാവസ്ഥ ചർച്ച ചെയ്യാൻ അടുത്ത മാസം 21നു അസാധാരണ ജനറൽ ബോഡി വിളിച്ചിരിക്കുകയാണ്. എന്തെങ്കിലും പരിഹാരം ഈ യോഗത്തിൽ ഉണ്ടാകും എന്ന പ്രതീക്ഷയാണ് ജെറ്റിന്റെ ഉന്നത വൃത്തങ്ങൾ പങ്കിടുന്നത്. തുടർച്ചയായ മൂന്നു സാമ്പത്തിക പാദങ്ങളിൽ വൻനഷ്ടം രേഖപ്പെടുത്തിയ കമ്പനി പൈലറ്റുമാർ ഉൾപ്പെടെയുള്ളവരുടെ വേതനം വെട്ടിക്കുറയ്ക്കുന്നതിനെ പറ്റിയും ആലോചിച്ചിരുന്നു. കമ്പനി ആസ്തികൾ വിറ്റും നഷ്ടം നികത്താൻ ആലോചിച്ചെങ്കിലും ഇതൊന്നും ഫലപ്രദമായി കമ്പനിയെ സഹായിക്കുന്നില്ല എന്നതാണ് നിലവിലെ സാഹചര്യം.

വിജയ് മല്യയുടെ കിങ് ഫിഷർ പൊട്ടിയതിനു സമാനമാണ് ജെറ്റിന്റെ സാഹചര്യം എന്ന് പറയാനാകില്ലെങ്കിലും കമ്പനി കടുത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ് പറക്കുന്നത് എന്നുറപ്പിക്കാം. നിലവിൽ രണ്ടു മാസം പ്രവർത്തിക്കാൻ ഉള്ള വരുമാനം മാത്രമാണ് കയ്യിൽ ഉള്ളതെന്നും പൈലറ്റുമാർ 15 ശതമാനം വേതനം വെട്ടിക്കുറയ്ക്കാൻ സഹകരിക്കണമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ വാർത്ത ഏജൻസി പുറത്തുവിട്ട ഇക്കാര്യങ്ങൾ നിക്ഷേധിക്കുകയാണ് കമ്പനി സിഇഓ വിനയ് ദുബൈ. കമ്പനി പ്രവർത്തന ചെലവ് കുറയ്ക്കുക മാത്രമാണ് ഇപ്പോൾ മുന്നിൽ ഉള്ള മാർഗമെന്നാണ് ജീവനക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP